കാനഡ കുടിയേറ്റം; പ്രതിസന്ധികള്‍ക്കിടയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത; വിസ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ സംവിധാനം
കാനഡ കുടിയേറ്റം; പ്രതിസന്ധികള്‍ക്കിടയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത; വിസ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ സംവിധാനം
ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി, പാര്‍പ്പിട ലഭ്യതക്കുറവ്, തൊഴില്‍ നഷ്ടം എന്നിവയൊക്കെ കാനഡയിലെ മലയാളികളടക്കമുള്ള കുടിയേറ്റക്കാരെ വലിയ രീതിയില്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളല്‍ കാനഡയിലുള്ള ഇന്ത്യക്കാരെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ ആരംഭിച്ചത് മലയാളികള്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈ പ്രതിസന്ധികളൊന്നും തന്നെ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കനേഡിയന്‍ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2022ല്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1,18,245 പുതിയ സ്ഥിര താമസക്കാരാണ് കാനഡയിലെത്തിയത്. അതായത് ആ കാലയളവില്‍ ആകെയുണ്ടായ 4,37,610 പുതിയ സ്ഥിര താമസക്കാരില്‍ 27% വും ഇന്ത്യക്കാരായിരുന്നു. 2023 അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ആദ്യ ഏഴ് മാസങ്ങളില്‍, 96,085 ഇന്ത്യക്കാര്‍ കാനഡയിലേക്ക് പി.ആര്‍ ലഭിക്കാനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഈ കാലയളവില്‍ മൊത്തം 3,03,955 പുതിയ സ്ഥിരതാമസക്കാരില്‍ 31.6 ശതമാനം അപേക്ഷയും ഇന്ത്യക്കാരുടേതാണ്.
ഇപ്പോഴിതാ കാനഡ കുടിയേറ്റം സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു നടപടിക്ക് കൂടി കനേഡിയന്‍ വിദേശ കാര്യ വകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇനിമുതല്‍ കാനഡയിലേക്കുള്ള വിസ നടപടിക്രമങ്ങള്‍ പതിവിലും നേരത്തെ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുക്കുന്നത്. ഇതിനായി വിസ നടപടിക്രമങ്ങളുടെ പ്രൊസസിങ്ങില്‍ പുതിയ ഓട്ടോമേഷന്‍ സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
പുതിയ സംവിധാനം
ഇമിഗ്രേഷന്‍, പൗരത്വം, ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റുകള്‍, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ പ്രൊസസിങ്ങില്‍ കാലതാമസം നേരിടുന്നുവെന്ന വ്യാപക പരാതിക്ക് പരിഹാരമായാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി എല്ലാ വിസ നടപടിക്രമങ്ങളിലും ഓട്ടോമാറ്റിക് സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സാധ്യതകള്‍ പരിശോധിച്ച് വരികയാണ്.
വിദേശകാര്യ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം അപേക്ഷയുമായി ബന്ധപ്പെട്ട മിക്ക ക്ലറിക്കല്‍ ജോലികളും ഇനി പ്രത്യേക സോഫ്റ്റ് വെയറുകളായിരിക്കും ചെയ്യുക. അപേക്ഷകള്‍ വിലയിരുത്തുന്നതിലും അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതിലും ഉദ്യോഗസ്ഥരെ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. വരുന്ന അപേക്ഷ ഫയലുകള്‍ തുടക്കത്തിലെ ക്ലറിക്കല്‍ വര്‍ക്കുകള്‍ക്ക് ശേഷം കൂടുതല്‍ പ്രോസസിങ്ങിനായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതാണ് പുതിയ സംവിധാനം. ഇതിലൂടെ അപേക്ഷകളുടെ ആദ്യ ഘട്ടത്തില്‍ നേരിടുന്ന കാലതാമസം ഒഴിവായി കിട്ടും.
അതേസമയം പുതിയ സംവിധാനത്തിലൂടെ അപേക്ഷകള്‍ നിരസിക്കപ്പെടുമോയെന്ന ആശങ്ക പരിഹരിക്കാനായി സംവിധാനം ഏര്‍പ്പെടുത്തുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി ഓട്ടോമേറ്റഡ് ടൂളുകള്‍ക്ക് അപേക്ഷകള്‍ നേരിട്ട് നിരസിക്കാനോ, നിരസിക്കാന്‍ ശിപാര്‍ശ ചെയ്യാനോ അവസരമൊരുക്കില്ലെന്നാണ് തീരുമാനം. ഒരു ഐ.ആര്‍.സി ഉദ്യോഗസ്ഥന് മാത്രമേ അപേക്ഷകള്‍ നിരസിക്കാനുള്ള അനുവാദമുണ്ടായിരിക്കുകയുള്ളൂ എന്നും ഇമിഗ്രേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."