പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി
ബാസിത് ഹസൻ
തൊടുപുഴ • പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യത സംബന്ധിച്ച് വിശദമായ പഠനം നടത്താൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി.
കരട് സാധ്യതാ പഠന റിപ്പോർട്ട്, വിശദമായ പ്രൊജക്ട് റിപ്പോർട്ട് തുടങ്ങിയവ തയാറാക്കാൻ കേന്ദ്ര ഏജൻസികളെ ചുമതലപ്പെടുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള നിർദേശം കെ.എസ്.ഇ.ബി ഫുൾ ബോർഡ് യോഗം സിവിൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് കൺസ്ട്രക്ഷൻ സെൻട്രൽ ചീഫ് എൻജിനീയർക്ക് നൽകി. കേന്ദ്ര സർക്കാർ ഏജൻസികളായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻ.എച്ച്.പി.സി), നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) എന്നിവ പ്രീ ഫീസിബിലിറ്റി റിപ്പോർട്ട്, ഡി.പി.ആർ തയാറാക്കൽ, അനുബന്ധ ജോലികൾ എന്നിവ ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധത വൈദ്യുതി ബോർഡിനെ അറിയിച്ചിട്ടുണ്ട്.
ശബരിഗിരി, കുറ്റ്യാടി, ഇടമലയാർ തുടങ്ങിയ വലിയ പദ്ധതികളിലും പ്രാഥമിക നടപടി തുടങ്ങിയ 240 മെഗാവാട്ടിന്റെ ലക്ഷ്മി പദ്ധതിയിലുമടക്കം പമ്പ്ഡ് സ്റ്റോറേജ് പദ്ധതി പരിഗണിക്കുന്നുണ്ട്. പ്രിഫീസിബിലിറ്റി, പ്രൊജക്ട് റിപ്പോർട്ടുകൾ എന്നിവ രണ്ടുഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കാൻ സാധിക്കുമെന്ന് കണ്ടെത്തുന്ന സൈറ്റുകളിൽ മാത്രം ഡി.പി.ആർ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.
വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പുചെയ്ത് റിസർവോയറിൽ എത്തിക്കുന്ന പദ്ധതിയാണിത്. വിദേശരാജ്യങ്ങളിലും തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ലാഭത്തിൽ പ്രവർത്തിക്കുന്നുണ്ട്. കോയമ്പത്തൂരിന് സമീപം കാടമ്പാറയിൽ 400 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് നിലയം 1987 മുതൽ പ്രവർത്തിക്കുന്നു.
വെള്ളം പമ്പ് ചെയ്യുന്നതിന് ഭാരിച്ച തുക വേണ്ടിവരുന്നതോടെ പദ്ധതി ലാഭകരമാകില്ലെന്നതായിരുന്നു മുമ്പത്തെ വിലയിരുത്തൽ. എന്നാൽ, കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുന്ന സമയത്ത് മാത്രമായി പമ്പിങ് പരിമിതപ്പെടുത്തുന്നതിലൂടെ ഈ പ്രശ്‌നം മറികടക്കാമെന്നാണ് പുതിയ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."