സര്‍ക്കാരിന് തിരിച്ചടി; കേന്ദ്രഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യന്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ
തിരുവനന്തപുരം:കേന്ദ്രഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ.എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കി. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു. മറ്റ് കക്ഷികള്‍ക്കും നോട്ടീസ് അയക്കും.
ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹര്‍ജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇഡി വാദം.
'കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ്. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷന്‍ നിയമന ഉത്തരവിറക്കിയത്. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്'. ആയതിനാല്‍ ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍കക്ഷിയാക്കിയായിരുന്നു ഇ ഡി ഹര്‍ജി നല്‍കിയിരുന്നത്.
എന്നാല്‍ ജൂഡിഷ്യല്‍ കമ്മിഷന് എതിരായ ഇഡി ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇഡി, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിന് എതിരെ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പ്രതികളുടെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡിക്ക് ഇത്തരമൊരു ഹര്‍ജി നല്‍കാന് അധികാരമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."