മരിച്ചു പോയവന്റെ മേശപ്പുറം
കഥ
മുഹമ്മദ് ശരീഫ് സി.പി
അയാൾക്ക് അങ്ങനെ മരിക്കണമെന്ന ഉദ്ദേശമൊന്നുമില്ലായിരുന്നു. ആ പഴയ മേശപ്പുറത്തു തലയുംവച്ച് ഒറ്റയുറക്കം. നിവരാത്തയുറക്കം. മരണവുമായി ഒരു സംഘട്ടനത്തിലേർപ്പെടാൻ അയാൾ നിന്നില്ല. അതിനാൽതന്നെ വെപ്രാളമോ അവസാനവേദനയുടെ രോദനമോ ഉണ്ടായില്ല. എന്നും എഴുതാറുള്ള ഡയറിയിൽ മൂന്നോ നാലോ വരികൾ കുറിച്ചിട്ടു. പിറന്നാളിനു വാങ്ങിയ മുണ്ടും ഷർട്ടും തന്നെയാണ് ധരിച്ചിരുന്നത്. അത് മഞ്ഞക്കളറായിരിക്കുന്നു. ചെളിയായതു കൊണ്ടാണോ, അവളുടെ അശ്രദ്ധമായ കഴുകൽ കൊണ്ടാണോ എന്നറിയില്ല. രാവിലെ അവൾ വന്നുവിളിക്കുമ്പോൾ വിറങ്ങലിച്ച ഒരു ശരീരമായിപ്പോയിരുന്നു അയാൾ. തട്ടിനോക്കിയപ്പോൾ തറയിലേക്ക് മറിഞ്ഞുവീണു. ഞങ്ങൾ വന്നപ്പോൾ അവൾ സ്വയം നഷ്ടപ്പെട്ട് കരയുകയാണ്. ‘ബാലേട്ടാ എനിക്കിനി ആരുണ്ട്...’- കണ്ണീർ വറ്റിയിട്ടുണ്ട്. മകളാണ് ഞങ്ങളെ മരണവിവരം അറിയിച്ചത്. വിരഹമുളവാക്കിയ കടുത്ത ശൂന്യത അവളുടെ മനസിനെ നീറിപ്പിക്കുന്നു. ആരൊക്കയോ അയാളെ കട്ടിലിൽ കിടത്തിയിരിക്കുന്നു.
ഏതോ വിലപിടിപ്പുള്ള വാച്ച് കൈത്തണ്ടയിൽ തൂങ്ങിക്കിടപ്പുണ്ട്. ആരെങ്കിലും സമ്മാനിച്ചതാകാനേ വഴിയുള്ളൂ. സാമ്പ്രദായികമായ ചില ധാരണകളും മുൻവിധികളും അയാളുടെ ധൈഷണികാന്തരീക്ഷത്തിൽ നിലനിൽപ്പുള്ളതിനാൽ സാമ്പത്തിക വിചാരങ്ങൾക്കപ്പുറം ആഡംബത്തിൽ ആശ്വാസം കാണുന്നവനല്ല അയാൾ. സമ്പന്നവർഗത്തിന്റെ ജീവിതാസ്വാദന ശീലങ്ങൾ വെറും കേട്ടുകേൾവി മാത്രമാണയാൾക്ക്. വിരലിലെണ്ണാവുന്ന പരിചയക്കാരെ അയാൾക്കാ നഗരത്തിൽ ഉണ്ടായിരുന്നുള്ളൂ. ചിരപരിചിത ഇടങ്ങളിലും അന്യനെപോലെ, അന്തർമുഖത്വം അയാളെ തന്നിലേക്ക് തന്നെ ഉൾവലിച്ചു കളഞ്ഞിരുന്നു.
അച്ഛന്റെ ബന്ധത്തിലുള്ള കേശുവേട്ടന്റെ തടിമില്ലിൽ കണക്കപ്പിള്ളയായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ബാക്കിസമയം വീടിന്റെ കോലായിൽ വെളിച്ചവും കാറ്റും കിട്ടുന്ന ഭാഗത്ത് ചാരുകസേരയിൽ വിശ്രമിക്കും. തന്നിൽ സ്വന്തമായി കുറേ ന്യൂനതകൾ കണ്ടെത്തി അപകർഷതാബോധത്തിലേക്ക് വഴുതിവീഴും. ആളുകളെ അഭിമുഖീകരിക്കാൻ ഭയന്നിരുന്നില്ലെങ്കിലും വെറുതെ വായിട്ടലക്കുന്നത് വെറുത്തിരുന്നു. ആ പട്ടണത്തിൽ തന്നെപ്പോലെ മറ്റൊരു ബാലചന്ദ്രനും ഉണ്ടായിരിക്കില്ല. പണ്ടെന്നോ ജീവിച്ചുമരിച്ചു പോകേണ്ടവനായിരുന്നു അയാൾ. കൈകൾ കൊണ്ട് മാത്രം കോതിവയ്ക്കുന്ന മുടി. ഇറങ്ങി നിൽക്കുന്ന കൃതാവ്. ചുണ്ടുകളെ മൂടിപ്പൊതിഞ്ഞിരിക്കുന്ന വാലൻമീശ. വിഷാദം തുളുമ്പിനിൽക്കുന്ന കണ്ണും കവിളുകളും... ചുരുക്കത്തിൽ 'ഉൾക്കടലിൽ' ബസിറങ്ങി വരുന്ന വേണുവിനെ അനുസ്മരിപ്പിക്കും ഈ ബാലൻ.
‘അല്ല ബാലാ.. ശ്രീധരേട്ടൻ കൊണ്ടുവന്ന ആ കല്യാണക്കാര്യത്തെ കുറിച്ച് നീ ഒന്നും പറഞ്ഞില്ലല്ലോ...’
സുലു അമ്മായി (സുലോചന എന്നായിരിക്കും അമ്മായിയുടെ പേര്) ബാലനെ തടഞ്ഞുനിർത്തി ചോദിച്ചു. എന്തിനും ബാലന്റെ പിന്നാലെ കൂടിയാലേ കാര്യം നടക്കൂ എന്നവർക്കറിയാം. അച്ഛനും അമ്മയും നേരത്തെ മണ്മറഞ്ഞു പോയിരുന്നതിനാൽ, അമ്മായിയായിരുന്നു അയാൾക്ക് എല്ലാമെല്ലാം. മക്കളില്ലാത്ത സുലു അമ്മായിക്ക് ഇങ്ങനെ നോക്കിവളർത്താൻ വേറെ ആരുണ്ട്.
‘നാളെ പോയ് നോക്കാം, നല്ലൊരു തുണിയില്ല എന്റെ കയ്യിൽ. നാളെ പുത്യൊരണ്ണം വാങ്ങട്ടെ’.
അയാൾ കസേരയിൽനിന്ന് എണീറ്റു. ഗ്രാമീണ വനയശാലയിലെ പഴയൊരു പുസ്തകം കൈയിലുണ്ട്.
‘എന്നാ അക്കാര്യം അമ്മാവനോടുംകൂടി ഒന്ന് പറഞ്ഞേക്ക്...’- അമ്മായി പുറത്തേക്കിറങ്ങി
‘ഉം’
അമ്മാവന്റെ ആശീർവാദത്തോടെ ശ്രീധരേട്ടന്റെ കൂടെ കുന്നുംപുറം പാലവും കടന്ന് ഒതായിയിലെ ആ പഴയവീട്ടിലേക്ക് പെണ്ണുകാണാൻ പോയി. ഒരു പെണ്ണിനെ മാത്രമേ ജീവിതത്തിൽ കാണാൻ പോയിട്ടുള്ളൂ. തന്നെത്തന്നെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒറ്റക്കൊരു ജീവിതം വേണമെന്ന് അയാൾ വിശ്വസിച്ചിരുന്നു. ഒറ്റക്ക് എവിടെവരെ പോകും? അമ്മാവനെന്ന തണൽമരം വാടിത്തുടങ്ങിയിരിക്കുന്നു. അങ്ങനെയാണ് ലളിത എന്ന മരത്തിലേക്ക് അയാൾ പടർന്നുകയറിയത്. അവൾക്കയാളെ മാറ്റാൻ കഴിഞ്ഞാലോ.
പതുക്കെ അയാൾ നടന്നുതുടങ്ങി. അമ്മാവൻ മരിച്ചതോടെ പഴയവീട്ടിലേക്ക് തന്നെ താമസം മാറ്റി. പരിചിത ചുറ്റുപാടിൽനിന്ന് ഒരു മാറ്റം അയാളും കൊതിച്ചിരുന്നു. അന്ന് അച്ഛനും അമ്മയും മരിച്ച സമയത്ത് അമ്മാവന്റെ കൂടെപ്പോരുമ്പോൾ ചോലക്കുണ്ട് പ്രദേശത്ത് ആ വീടടക്കം നാലോ അഞ്ചോ വീടുകളെ ഉണ്ടായിന്നുള്ളൂ. പിന്നെ സുലൈമാൻക്കയുടെ ചെറിയൊരു ചായക്കടയും. ഇന്ന് അതൊരു നഗരമായി മാറിയിരിക്കുന്നു. റോഡ് വന്നു, പാലം വന്നു, ബസുകൾ വന്നു, കടകമ്പോളങ്ങൾ ഉയർന്നു, ആളുകൾ കൂടി അങ്ങനെ ചോലക്കുണ്ട് മുനിസിപ്പാലിറ്റിയായി മാറി. ബാലചന്ദ്രൻ- ലളിത ദമ്പതികൾക്ക് വൈകാതെ ഒരു പെൺകുഞ്ഞ് പിറന്നു, ‘രശ്മി’. രശ്മി ഒരു പഴഞ്ചൻ പേരായതിനാൽ ‘ഷെമി’ എന്ന അനൗദ്യോഗിക പേരിലാണ് അവൾ പിന്നീട് വിളിക്കപ്പെട്ടത്.
ഗ്രാമം വിട്ടു നഗരത്തിലെത്തിയെങ്കിലും പരിചയിച്ച നടപ്പുശീലങ്ങളെ ജീവിതത്തിൽനിന്ന് മുറിച്ചുമാറ്റാൻ അയാൾക്കായില്ല. ഒരൊഴുക്കിനൊത്ത് ജീവിച്ചുപോന്നു.
മരണവൃത്താന്തം അറിഞ്ഞെത്തിയവരിൽ ആരൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു
‘ഇനി ആരെങ്കിലും വരാനുണ്ടോ?’
‘ആരുവരാൻ, ലളിതയുടെ വീട്ടുകാരൊക്കെ എത്തീട്ടുണ്ട് ’.
‘ഇനി ആരുമില്ല് ’.
സത്യത്തിൽ ഒരാളുംകൂടി വരാനുണ്ട്. ഇവിടുത്തെ പബ്ലിക് ലൈബ്രറിയിൽനിന്ന് പെൻഷൻപറ്റിയ മജീദ് മാഷ്. അൽപം ഗൗരവമുള്ള ഒരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നതും വായിച്ച പുസ്തകങ്ങളെ കുറിച്ച് ബാലൻ സംസാരിച്ചിരുന്നതും അദ്ദേഹത്തോടായിരുന്നു.
ചുറ്റും കൂടിയിരിക്കുന്നവർക്ക് ഈ ആകസ്മികമരണം ഒരു ബാധ്യതയായോ?
‘ഇനി ആരുമില്ലെങ്കിൽ വേഗം ശവമെടുക്കാനുള്ള ഏർപ്പാട് ചെയ്യാ’- കണ്ണടവച്ചൊരു കാരണവർ ഉച്ചത്തിൽ പറയുന്നുണ്ട്. എല്ലാവരും ഉത്സാഹിക്കുന്നു. നഗരത്തിലെ പൊതുശ്മശാനത്തിലേക്ക് ഉടനെ മാറ്റണം. വന്നവരുടെ ഇന്നത്തെ സായാഹ്നം അവർക്ക് പാഴായിരിക്കുന്നു.
നെഞ്ചിൽ റീത്തില്ല, വിലാപയാത്രയില്ല, പൊതു ദർശനമില്ല, ആചാരവെടികളില്ല. മൂകനായി ഈ നഗരം പോലുമറിയാതെ ബാലചന്ദ്രൻ യാത്രയായി.
‘അച്ഛൻ എന്നത് ഒരോർമ മാത്രമായി ഷെമിക്ക്. വീടാകെ മ്ലാനമായിരിക്കുന്നു. കലങ്ങിയ കണ്ണുകളോടെ ജനവാതിലിനു പുറത്തേക്ക് നോക്കിനിന്നു. ലളിത അമ്മയുടെ ചുമലിലേക്ക് ചാഞ്ഞിരിക്കുന്നു.
മേശപ്പുറത്തെ മങ്ങിയ പുസ്തകങ്ങൾക്കിടയിൽ ആ ഡയറി അവൾ മറിച്ചുനോക്കി. അച്ഛൻ അവസാനമായി എഴുതിവച്ച മഷിയുടെ ഈറൻ മാറാത്ത രണ്ടു വരികൾ. :മരണം നമ്മോട് ഒരു ദിവസം ഒഴിച്ചിടാൻ ആവശ്യപ്പെട്ടിട്ടില്ല’. സാമുവൽ ബക്കറ്റ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."