'സ്ത്രീലമ്പടൻ' എന്ന് വിളിച്ചാൽ വിവാഹമോചനം അനുവദിക്കാം
മുംബൈ • ഭർത്താവിനെ സ്ത്രീലമ്പടൻ, മുഴുക്കുടിയൻ എന്നിങ്ങനെ വിളിക്കുന്നത് വിവാഹമോചനം അനുവദിക്കാവുന്ന കാരണങ്ങളാണെന്ന് ബോംബെ ഹൈക്കോടതി.
പുരുഷൻ അത്തരത്തിലുള്ള ആളാണെന്നതിന് വ്യക്തമായ തെളിവുകളും സാക്ഷികളുമില്ലാതെ അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്നും ജസ്റ്റിസുമാരായ നിതിൻ ജാംദർ, ശർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൂനെ സ്വദേശികളായ ദമ്പതികൾക്ക് വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചാണ് കോടതിയുടെ നടപടി.
വിവാഹ മോചനം അനുവദിച്ച മഹാരാഷ്ട്ര കുടുംബ കോടതി ഉത്തരവ് ചോദ്യംചെയ്ത് 50 കാരിയായ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യ തന്നെയും മക്കളെയും വിട്ടുപോയെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ ഹരജി പരിഗണിച്ചാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. ഭർത്താവിന്റെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് 50 കാരി അവരുടെ വീട്ടിലേക്ക് പോയത്. ഭർത്താവ് സ്ത്രീലമ്പടനും മുഴുക്കുടിയനും ആണെന്നും അതിനാൽ തനിക്ക് ദാമ്പത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇക്കാരണത്താലാണ് വിട്ടുപോയതെന്നും ഭാര്യ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഭർത്താവ് മരിച്ചിരുന്നു.
എന്നാൽ ഭർത്താവിനെതിരേ ആരോപണങ്ങൾ ഉയർത്തുകയല്ലാതെ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സൈന്യത്തിൽനിന്ന് മേജർ റാങ്കിൽ വിരമിച്ച ഭർത്താവിന് സമൂഹത്തിൽ ഉന്നത പദവിയുണ്ട്. അദ്ദേഹത്തിന്റെ അന്തസ് ഇകഴ്ത്തുന്നതാണ് ഹരജിക്കാരിയുടെ പെരുമാറ്റം.
തെളിവുകളും സാക്ഷിയുമില്ലാതെ കടുത്ത ആരോപണം ഉന്നയിക്കുന്നത് ക്രൂരതയാണ്. അതിനാൽ ഭാര്യയുടെ നടപടി വിവാഹ ബന്ധത്തിലെ ക്രൂരതയായി കണക്കാക്കുന്നു. ഹിന്ദു വിവാഹ നിയമത്തിലെ 13(1)പ്രകാരം വിവാഹ മോചനം അനുവദിച്ച കുടുംബകോടതി നടപടി ശരിവയ്ക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."