ഭൂമിക്ക് ഭാരം തൂങ്ങാതെ നടന്നു നീങ്ങി
നാസര്‍ ഫൈസി കൂടത്തായി
ഒരു പുല്‍ക്കൊടിയും നോവേറ്റിട്ടുണ്ടാവില്ല. മണല്‍ത്തരിയും ചപ്പിയിട്ടുണ്ടാവില്ല. ഉറുമ്പും വേദനയേറ്റിട്ടുണ്ടാവില്ല. ഭൂമിക്ക് ഭാരം തൂങ്ങാതെ നടന്നുപോയ തേജസിയാണദ്ദേഹം. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍.
പ്രവാചകന്റെ അനന്തരാവകാശികളുടെ നാള്‍വഴിയില്‍ കാലം കരുതിവച്ച റോള്‍ മോഡല്‍. മതം എന്താണെന്നും എന്താകണമെന്നും ജീവിതംകൊണ്ട് അടയാളപ്പെടുത്തി. വാവാട് ഉസ്താദിനെ അനുകരിക്കുന്നതും അനുധാവനം ചെയ്യുന്നതും ജീവിതവിജയത്തിന്റെ അകംപൊരുളായി ഏറ്റെടുത്തത് ആയിരങ്ങള്‍. മുറ്റത്തെ മുല്ലക്ക് മണവും അകലത്തെ പനിനീരിന് സൗരഭ്യവും ഉണ്ടെന്ന് തിരുത്തിക്കാണുകയായിരുന്നു. അറിവിന്റെ ആഴം തൊട്ടും തഖ്‌വയുടെ കാമ്പറിഞ്ഞും വിനയത്തിന്റെ പൊരുളറിയിച്ചും ലാളിത്യത്തിന്റെ കാതലില്‍ തൊട്ടും വേറിട്ട മനുഷ്യനായി അദ്ദേഹം ജീവിതത്തെ അടയാളപ്പെടുത്തി.
കുഞ്ഞിക്കോയ മുസ്‌ലിയാര്‍ എന്ന പേരിനെ അന്വര്‍ഥമാക്കുംവിധം കുഞ്ഞുശബ്ദത്തിലൂടെ നസ്വീഹത്ത് നടത്തുമ്പോഴും നാഥനോട് കേണുപറയുമ്പോഴും കുഞ്ഞുങ്ങളെ പോലെ തേങ്ങിക്കരയുമായിരുന്നു. കൈയ്യില്‍ കരുതിയ ബാഗില്‍ ഒരു പൊതിമിഠായിയായിരിക്കും. വഴിയിലും വീട്ടിലും കണ്ടുമുട്ടുന്ന കുട്ടികള്‍ക്കെല്ലാം അതെടുത്ത് കൊടുക്കും. റബിഉല്‍ അവ്വല്‍ 12ന് ധാരാളം മിഠായികള്‍ വാങ്ങി കരുതി താമരശ്ശേരി മുതല്‍ സ്വന്തം വീട്ടില്‍ എത്തുന്നത് വരേ വഴിയിലും കടയിലും കാണുന്നവര്‍ക്കൊക്കെ മിഠായി നല്‍കുമായിരുന്നു.
നല്ലൊരു സല്‍ക്കാരപ്രിയനായിരുന്നു ശൈഖുനാ.
വീട്ടിലെത്തുന്നവര്‍ക്കെല്ലാം വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുമെന്നതിലുപരി പലരേയും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ഭക്ഷിപ്പിക്കുന്നത് ശീലമായിരുന്നു. നല്ല ഭക്ഷണം നല്‍കുന്നത് ഇസ്‌റാഫല്ലെന്നും ഇക്‌റാമാണെന്നും മുന്‍ഗാമികളെ ഉദ്ധരിച്ച് ശൈഖുനാ സമര്‍ഥിക്കുമായിരുന്നു.
സങ്കീര്‍ണവും തീക്ഷ്ണമായ പ്രതിസന്ധികളും ജീവിതവഴിത്താരയില്‍ കുടുക്കിടപ്പെട്ടവര്‍ വാവാട് വീട്ടിലെത്തി ശൈഖുനക്ക് മുമ്പില്‍ നിരത്തിയാല്‍ തന്നെ ആശ്വാസത്തിന്റെ തളിര് കിളിര്‍ത്തിട്ടുണ്ടാവും. ഉസ്താദ് നല്‍കുന്ന വാക്കുകളും പ്രതിവിധികളും സാന്ത്വനമായി തീര്‍ന്നിരിക്കും. ആത്മശാന്തിയുടെ തൂവല്‍സ്പര്‍ശം കൊണ്ട് പതിനായിരങ്ങള്‍ക്ക് ആത്മീയ ചൈതന്യവും ജീവിതസ്ഥൈര്യവും പകര്‍ന്നുനല്‍കി.
പ്രാര്‍ഥനാ സദസുകളില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. വലിയ നേതാക്കള്‍ക്കു മുമ്പിലും ലക്ഷങ്ങള്‍ പങ്കെടുത്ത സദസില്‍ ദുആ ചെയ്യുന്നതിന് സദസും സമൂഹവും നിര്‍ബന്ധിക്കുന്നതു ശൈഖുനായെയാണ്. അര്‍ഥംവച്ചും സാഹചര്യം തേടുന്നതും കൃത്യമായി ബോധ്യപ്പെട്ടുമാണ് പ്രാര്‍ഥന നടത്തുന്നത്. അദ്ദേഹത്തിന്റെ ദുആ 'ശൈലി' ആത്മീയകരുത്തിന്റെയും ആര്‍ദ്ര മനസിന്റെയും ബഹിസ്ഫുരണമാണ്.
പ്രമുഖ പണ്ഡിതന്‍മാരുടെ ശിഷ്യത്വത്തില്‍ പൂര്‍ണതയുടെ ചന്ദ്രശോഭ പോലെ തിളങ്ങി. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, നാലകശ്ശേരി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രധാന ഗുരുവര്യന്‍മാരില്‍ നിന്ന് അറിവും ആത്മീയ പരിരക്ഷയും നേടിയതിന്റെ ഗുണമേന്‍മ ജീവിതത്തിലുടനീളം പ്രകടമായി.
പുറമെ ഭീരുവും അകം ധീരനുമായിരുന്നു. ഒറ്റക്ക് നില്‍ക്കാന്‍ പോലും ഭയപ്പാടോടെ കാണുമ്പോഴും ആത്മീയ വിഷയത്തില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുമായിരുന്നു ശൈഖുനാ. കേരളത്തിലെ ഒരു പത്രം പ്രവാചകനെ വ്യക്തിഹത്യ നടത്തുന്ന ലേഖനം ഒരിക്കല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെതിരെ പത്രാപ്പീസിന് മുമ്പില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ഒരു പ്രതിഷേധ വേദിയില്‍ ശക്തമായ ഭാഷയില്‍ ഈ കുറിപ്പുകാരന്‍ പ്രതികരിച്ചിരുന്നു. പ്രസംഗം അന്നുതന്നെ വാവാട് ഉസ്താദ് അറിഞ്ഞു. പിറ്റേദിവസം എന്നെ കണ്ടു കുറച്ച് പഴംതരികയും 'ങ്ങളപ്പറഞ്ഞത് വല്ലാത്ത വാക്കാണ്. അങ്ങനെ പറയണം. റസൂലുള്ളാനെ കുറ്റം പറയുന്നവരോട് ഒരു വിട്ടുവീഴ്ചയും വേണ്ട, നല്ലണം കൊടുക്കണം. ഞാന്‍ ങ്ങക്ക് വേണ്ടി എപ്പളും ദുആ ഇരക്കു ട്ടോ', എന്ന് പറഞ്ഞു. അത് കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന മനസിന്റെ അനുഭൂതിയും അത് പകര്‍ന്നുനല്‍കുന്ന സ്ഥൈര്യവുമുണ്ട്. വിവരണാതീതമാണത്.
ധനാഢ്യരുമായി നല്ല ബന്ധമാണ്. അവര്‍ പലരും ശൈഖുനാക്ക് ഹദിയ നല്‍കും. എന്നാല്‍ അതിനപ്പുറം ധര്‍മം ചെയ്യുമായിരുന്നു. നബി(സ)യുടെ ദാനധര്‍മ്മത്തെ കുറിച്ചു ഹദീസില്‍ പറയുന്നത്, 'കാറ്റടിച്ചുവീശുന്ന പോലെ നബി (സ) തങ്ങള്‍ ധര്‍മം ചെയ്യുമായിരുന്നു'. അപ്രകാരം പ്രയോഗവല്‍ക്കരിച്ച അനന്തരാവകാശിയാണ് മഹാനുഭാവന്‍.
ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ പെരുമാറ്റം, വര്‍ത്തമാനത്തിലും പ്രവൃത്തിയിലും കൃത്യമായ സൂക്ഷ്മത, മാനവികവും ആദര്‍ശാധിഷ്ഠിതവുമായ നിലപാട്, പൊതുസമ്മതനായ വ്യക്തിത്വം കാരണം ജാതിമത ഭേദമന്യേ എല്ലാവരും ആദരിച്ചു. എല്ലാ രാഷ്ട്രീയക്കാരും അനുഗ്രഹം തേടി അദ്ദേഹത്തിന്റെ പടിക്കലെത്തും.
ഒരിക്കല്‍ ഒരു രാഷ്ട്രീയ മുന്നണി സ്ഥാനാര്‍ഥി അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് അനുഗ്രഹം നേടി മടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു 'മറ്റേ സ്ഥാനാര്‍ഥിക്ക് നമ്മളോട് എന്തെങ്കിലും വെറുപ്പുണ്ടാകുമോ?'
പിറ്റേന്നാള്‍ അദ്ദേഹവും എത്തി 'ഹാവൂ ഇപ്പോഴാണ് എനിക്ക് സമാധാനം വന്നത്'
സ്വന്തമായി രാഷ്ട്രീയ നിലപാടുള്ളപ്പോള്‍ തന്നെ എല്ലാവരോടും സമവായം കാണിച്ചിരുന്നു ശൈഖുനാ.
സല്‍ക്കര്‍മങ്ങള്‍ പൂത്തുലഞ്ഞ, ദിക്‌റ് കായ്ക്കുന്ന മരമായിരുന്നു അദ്ദേഹം. സദാ ആരാധനയില്‍ കഴിച്ചുകൂട്ടും. എപ്പോഴും ദിക്‌റിലായി നാവും ചുണ്ടും കൈവിരലമര്‍ന്ന് തസ്ബീഹ് മാലയിലെ മണികളും പച്ചയായി നിലകൊണ്ടിരുന്നു. ഹൃദയം നനവാര്‍ന്നതായ ഔറാദുകള്‍. ഇബാദത്തിന് തടസമാകുന്നതൊന്നും പൊറുപ്പിക്കുമായിരുന്നില്ല. മരണപ്പെടുന്നതിന്റെ തലേന്നാള്‍ മമ്പുറത്ത് പോവുകയും ധാരാളം സമയം അവിടെ ചെലവഴിക്കപ്പെടുകയും ചെയ്തു. സാദാത്തുക്കളോടുള്ള ബന്ധം ആരെയും അത്ഭുതപ്പെടുത്തുമായിരുന്നു. സയ്യിദ് പരമ്പരയിലെ ഏതൊരു കൊച്ചുകുട്ടിയോടും ആദരവ് പ്രകടിപ്പിക്കും. പാണക്കാട് സാദാത്തുക്കളെ അളവറ്റ് ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ശൈഖുന വിടപറഞ്ഞപ്പോള്‍ പാണക്കാട് സാദാത്തുക്കളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ശൈഖുനയുടെ വസിയ്യത്ത് പ്രകാരം അവസാന നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത് സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ്. അവസാന നിസ്‌കാരം കഴിഞ്ഞ് രണ്ടു വാക്ക് പറയാന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: 'നമ്മള്‍ ശൈഖുനായെ കുളിപ്പിച്ചു, പുത്തന്‍ ഉടുപ്പിട്ടു, ശുപാര്‍ശയായി നിസ്‌കരിച്ചുകഴിഞ്ഞു. ഇനി അദ്ദേഹം സ്വര്‍ഗത്തിലേക്കുള്ള യാത്രയിലാണ്. നാമായി ഇനി തടസം നില്‍ക്കരുത്. നമുക്ക് അദ്ദേഹത്തെ വേഗത്തില്‍ ഖബറിലേക്ക് വയ്ക്കാം, അവിടെ മലക്കുകള്‍ കാത്തിരിപ്പാണ്'.
ഖബറില്‍ അദ്ദേഹത്തിന് കൂട്ടായി സല്‍കര്‍മങ്ങള്‍ ചെന്നിരിപ്പാണെന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."