ഫലസ്തീന്‍: ശാശ്വത സമാധാനം വേണം
ഫലസ്തീന്‍: ശാശ്വത സമാധാനം വേണം
ഇസ്‌റാഈലിലേക്ക് കടന്നുകയറി ഹമാസ് ആക്രമണം നടത്തിയിരിക്കുന്നു. പിന്നാലെ ഗസ്സയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ബോംബാക്രമണവുമാരംഭിച്ചു. രാജ്യം യുദ്ധത്തിലാണെന്നാണ് ഈസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. വൈകാതെ വലിയ തോതിലുള്ള കരയാക്രമണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസ് അടക്കമുള്ള ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ കരയാക്രമണത്തെ നേരിടാന്‍ തയാറായിരിക്കുന്നുമുണ്ട്. ഗസ്സ വീണ്ടും കനത്ത പോരാട്ടത്തിന് വേദിയാകുമെന്നുറപ്പാണ്.
1973ലെ യോംകിപൂര്‍ ആക്രമണത്തിനുശേഷം ഇസ്‌റാഈല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആക്രമണമാണ് നേരിട്ടത്. ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ 600ലധികമാണ് മരണം. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 370 പേര്‍ മരിച്ചു. ഇതില്‍ 32 പേര്‍ കുട്ടികളാണ്. രണ്ടിടത്തും മരണസംഖ്യ ഉയരും. ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേരെ വധിച്ചു. കുറെപ്പേരെ ബന്ദിയാക്കി. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയും ഈസ്‌റാഈലിനെതിരായ ആക്രമണവുമായി രംഗത്തുണ്ട്. സുരക്ഷയ്ക്കായി കോടികള്‍ ചെലവിടുന്ന ഇസ്‌റാഈലികള്‍ അവരുടെ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ സുരക്ഷിതരാണെന്ന മിത്ത് തകര്‍ത്തുവെന്നതാണ് ഈ ആക്രമണത്തിന്റെ പ്രധാന വശങ്ങളിലൊന്ന്.
കരയാക്രമണത്തിനുമുമ്പ് ഗസ്സയെ ഉപരോധിക്കാനാണ് ഇസ്‌റാഈല്‍ നീക്കം. ഗസ്സയിലേക്കുള്ള വൈദ്യുതി ബന്ധം ഇസ്‌റാഈല്‍ വിച്ഛേദിച്ചു. ഇന്ധനമടക്കമുള്ള ചരക്ക് നീക്കം പൂര്‍ണമായും തടയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ അഖ്‌സ പള്ളിയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇസ്‌റാഈല്‍ സൈന്യം കടന്നുകയറിയതിനെത്തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷമാണ് നേര്‍ക്കുനേര്‍ യുദ്ധമായി മാറിയത്. അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണ്.
കുറച്ചുകാലങ്ങളായി അമേരിക്കന്‍ ഇടപെടല്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയ ചിത്രത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. യു.എ.ഇ ഇസ്‌റാഈലുമായി കരാറുണ്ടാക്കി. സഊദി അറേബ്യയുമായി ഇസ്‌റാഈല്‍ ബന്ധം മെച്ചപ്പെടുത്തി. ഖത്തറൊഴികെയുള്ള അറബ് രാജ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇസ്‌റാഈലുമായി ബന്ധത്തിലാണ്. എന്നാല്‍, ഈ ചര്‍ച്ചകളിലൊന്നും ഫലസ്തീന്‍ പ്രശ്‌നപരിഹാരം സുപ്രധാന വിഷയമായി ഉയര്‍ന്നുവന്നില്ല. അതായത് അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അതിനു മുകളില്‍ നയതന്ത്രത്തിന്റെ പാലം പണിഞ്ഞത് ഗുണം ചെയ്തില്ല. അറബ് രാഷ്ട്രങ്ങളെ ഇസ്‌റാഈലുമായി അടുപ്പിക്കുന്നതില്‍ അമേരിക്കയുടെ ലക്ഷ്യം മേഖലയിലെ പ്രധാന സൈനിക ശക്തിയായ ഇറാനെ ഒറ്റപ്പെടുത്തുകയാണ്. എന്നാല്‍ ഖത്തറാകട്ടെ അതിന് വഴങ്ങിയില്ല. മാറിയ അന്താരാഷ്ട്ര സാഹചര്യങ്ങളും ഗസ്സയിലെ ഞെരിച്ചമര്‍ത്തലുകളും കഴിഞ്ഞ കാലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതുമെല്ലാം ഹമാസിന്റെ പോരാട്ടശേഷിയെ കാര്യമായി ബാധിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള വിലയിരുത്തല്‍. ഇത് തെറ്റാണെന്ന് ഇപ്പോഴത്തെ ആക്രമണം തെളിയിച്ചു. അടുത്ത കാലംവരെ വിള്ളലുള്ളതായിരുന്നു ഹമാസും സഊദിയും തമ്മിലുള്ള ബന്ധം. എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അത് ഊഷ്മളമായി. ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഹമാസ് പ്രതിനിധി സംഘം റിയാദ് സന്ദര്‍ശിക്കുകയും ചെയ്തു. സിറിയയിലെ ബഷാറുല്‍ അസദുമായും ചൈനയുമായും സഊദി ബന്ധം മെച്ചപ്പെടുത്തിയത് ഇതിനൊരു കാരണമാണ്. എന്നാല്‍, സഊദി ബന്ധം തങ്ങളുടെ അടിസ്ഥാന നിലപാടില്‍ നിന്നുള്ള മാറ്റത്തിന് കാരണമായി ഹമാസ് കണ്ടില്ലെന്നാണ് ഈ ആക്രമണം തെളിയിക്കുന്നത്.
1987ല്‍ സ്ഥാപിതമായ ഫലസ്തീന്‍ സംഘടനയാണ് ഹര്‍കത്തുല്‍ മുഖാവമത്തുല്‍ ഇസ്‌ലാമിയ്യ(ഹമാസ്). ഹമാസിന്റെ സായുധവിഭാഗമാണ് ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡ്. 2006ല്‍ ഫലസ്തീന്‍ നിയമനിര്‍മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടി ഗസ്സയുടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
അറബ്ഇസ്‌റാഈല്‍ സംഘര്‍ഷം പൗരാണിക പ്രശ്‌നമല്ല. യഥാര്‍ഥത്തില്‍ അതൊരു ആധുനിക രാഷ്ട്രീയ പ്രശ്‌നമാണ്. 1948ല്‍ ഇസ്‌റാഈലിന്റെ സ്ഥാപനത്തോടെയാണ് അത് തുടങ്ങുന്നത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ജൂതര്‍ക്കായി രാഷ്ട്രം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന് ഫലസ്തീന്‍ തന്നെ കണ്ടെത്തിയതാണ് ഇതിലെ ആദ്യത്തെ അനീതി. ഇസ്‌റൗഈല്‍ സ്ഥാപനത്തിനുശേഷം ഫലസ്തീന്റെ ഭാഗമായ കിഴക്കന്‍ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ഇസ്‌റാഈല്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിന്റെ പ്രധാനവശം. ഇസ്‌റാഈലിന്റെ കൈവശമുള്ള ഗോലാന്‍ കുന്നുകളും അവരുടേതല്ല. അതും സിറിയയില്‍ നിന്ന് കൈവശപ്പെടുത്തിയതാണ്. ഈജിപ്തിലെ സീനായ് പ്രദേശവും ഇസ്‌റാഈല്‍ കൈവശത്തിലാണ്.
ഇസ്‌റാഈലായി മാറിയ ഫലസ്തീന്‍ പ്രദേശത്ത് 1948ല്‍ 9 ലക്ഷം ജനത വസിച്ചിരുന്നു. അതില്‍ 7,20,000ഓളം വരുന്ന ഫലസ്തീന്‍ ജനതയെ പുറത്താക്കിയാണ് ജൂതരാഷ്ട്ര സ്ഥാപനം നടക്കുന്നത്. നഖ്ബ എന്നാണ് ഈ പലായനത്തെ ഫലസ്തീനികള്‍ വിളിക്കുന്നത്. യു.എന്‍ രക്ഷാസമിതി 242ാം നമ്പര്‍ പ്രമേയത്തിലൂടെ അധിനിവിഷ്ട പ്രദേശങ്ങളില്‍നിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇസ്‌റാഈല്‍ തയാറായില്ല. 1973ലെ യുദ്ധത്തിനുശേഷം യു.എന്‍ രക്ഷാസമിതിയില്‍ 338ാം പ്രമേയത്തിലൂടെ അറബ്ഇസ്‌റാഈല്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണം എന്ന് ആഹ്വാനം ചെയ്തു. പക്ഷേ, അന്തരാഷ്ട്ര നിയമവ്യവസ്ഥയെ അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ തയാറായില്ല, ഇന്നും തയാറല്ല. നൂറിലധികം പേര്‍ കൊല്ലപ്പെട്ട ദെറെ യാസീന്‍ കൂട്ടക്കൊല, 500ലധികം പേരെ കൊന്ന സബ്‌റ ഷത്തീല കൂട്ടക്കൊല തുടങ്ങി നിരവധി സംഭവങ്ങളുണ്ട് ഇസ്‌റാഈലിന്റെ ക്രൂരതയുടെ തെളിവായി ചരിത്രത്തില്‍.
2008 മുതല്‍ ഇന്നുവരെ ഇസ്‌റാഈല്‍ കൊന്ന ഫലസ്തീനികളുടെ എണ്ണം 6407 ആണ്. ഒരു സംഘര്‍ഷവും ഇല്ലാത്ത കാലത്തുപോലും ഇസ്‌റാഈല്‍ വിനോദത്തിനെന്നപോലെ ഫലസ്തീനികളെ കൊന്നു. ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയി തടവുകാരാക്കി മരുന്നു പരീക്ഷണം നടത്തുകയും അത് ഔദ്യോഗിക നയപരിപാടിയാക്കുകയും ചെയ്യുന്ന രാജ്യമാണ് ഇസ്‌റാഈല്‍. കസ്റ്റഡി പീഡനം രാജ്യത്ത് നിയമവിധേയമാണ്. അതായത് ഫലസ്തീനില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് യുദ്ധകാലത്ത് മാത്രമല്ല, എല്ലാ കാലത്തും സംഭവിക്കുന്നതാണ്. ഫലസ്തീന്‍, ഇസ്‌റൗഈല്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങള്‍ സ്ഥാപിക്കുക, ഇസ്‌റാഈല്‍ പിടിച്ചുവച്ച പ്രദേശങ്ങള്‍ വിട്ടുകൊടുക്കുക, സ്വന്തം രാജ്യത്ത് ഇസ്‌റാഈല്‍ വിവേചനം അവസാനിപ്പിക്കുക എന്നിവയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം. ഈ പരിഹാര മാര്‍ഗത്തെ ഹമാസ് നേരത്തെ അംഗീകരിച്ചതാണ്. ഇസ്‌റാഈലിനെയും ഈ പരിഹാര മാര്‍ഗത്തിലെത്തിക്കാന്‍ അന്താരാഷ്ട്രസമൂഹം തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."