ഗുജറാത്ത്: തൂക്കുപാലം തകർന്ന് മരണം 130 കവിഞ്ഞു
അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 130 കവിഞ്ഞു. തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിൽ മാച്ഛു നദിക്കു കുറുകെയുള്ള പാലമാണ് ഇന്നലെ വൈകീട്ടോടെ തകർന്നുവീണത്. അവധിദിനത്തിലെ വൈകുന്നേരസമയമായതിനാൽ 400നും അഞ്ഞൂറിനും ഇടയിൽ ആളുകളാണ് പാലത്തിലുണ്ടായിരുന്നത്. ഇതിൽ കൂടുതലും കുട്ടികളും സ്ത്രീകളും ആയിരുന്നു. പാലത്തിന്റെ ഒരുഭാഗം തകർന്ന് നദിയിലേക്ക് കുത്തിവീഴുകയായിരുന്നു. കുറേ പേരെ രക്ഷപ്പെടുത്തിയെന്നും അപകടത്തിന്റെ യഥാർത്ഥ വിവരം അറിഞ്ഞുവരുന്നതേയുള്ളൂവെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും മൊർബി എം.എൽ.എയും മന്ത്രിയുമായ ബ്രിജേഷ് മെർജ പറഞ്ഞു. നദിയിൽ നിന്ന് ആളുകൾ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിധിയിലും കൂടുതൽ ആളുകൾ പാലത്തിൽ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
അപകടമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു. മരിവ്വരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപവീതവും പരുക്കേറ്റവർക്ക് അരലക്ഷം രൂപവീതവും അദ്ദേഹം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. അപകടമറിഞ്ഞയുടൻ ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളെ വിളിച്ച രാഹുൽഗാന്ധി, സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരോട് രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."