പൊലിസ് യൂനിഫോമും ഇന്ത്യൻ ഫെഡറലിസവും
അഡ്വ. ജി. സുഗുണൻ
ഇന്ത്യ ഒരു ഫെഡറൽ റിപ്പബ്ലിക്കാണ്. ഇത് യൂനിറ്ററി സ്റ്റേറ്റല്ല. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഭരണനിർവഹണത്തിൽ തുല്യാവകാശങ്ങളാണുള്ളത്. ഭരണനിർവഹണത്തിനുവേണ്ടി കേന്ദ്ര ലിസ്റ്റും സംസ്ഥാന ലിസ്റ്റും പ്രത്യേകം തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. അക്കാര്യത്തിൽ തർക്കങ്ങളുണ്ടാകേണ്ട കാര്യമില്ലെന്നാണ് ഭരണഘടനാ നിർമാതാക്കൾ തുറന്നുപറഞ്ഞിട്ടുള്ളത്. ഭരണഘടനയിലെ ആർട്ടിക്കിൾ 245, 246 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണ അവകാശങ്ങളെ സംബന്ധിച്ച് പറയുന്നു.
ഭരണഘടനയിലെ കേന്ദ്ര-സംസ്ഥാന നിയമനിർമാണ അവകാശങ്ങളെ സംബന്ധിച്ച് ഡോ. അംബേദ്കർ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്: 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ അവയെ സംബന്ധിക്കുന്ന അടിസ്ഥാന സംഗതികൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഫെഡറലസത്തിൻ്റെ അടിസ്ഥാന തത്വം തന്നെ കേന്ദ്രത്തിന്റെ ഏതെങ്കിലും ഒരു നിയമത്തിലൂടെയല്ലാതെ ഭരണഘടനയ്ക്ക് മാത്രം വിധേയമായ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമാണത്തിനും ഭരണനിർവഹണത്തിനും അധികാരങ്ങൾ വെവ്വേറെ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ്; ഇത് തന്നെയാണ് ഭരണഘടന ചെയ്യുന്നത്. നിയമനിർമാണപരവും നിർവഹണപരവുമായ അധികാരങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ ഒരിക്കലും കേന്ദ്രത്തെ ആശ്രയിക്കുന്നില്ല. സംസ്ഥാനങ്ങളും കേന്ദ്രവും ഇക്കാര്യത്തിൽ ഒരുപോലെയാണ്'.
നിർഭാഗ്യവശാൽ കേന്ദ്രഭരണകൂടം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് രാജ്യവ്യാപകമായി പൊലിസിന് ഒരു യൂനിഫോം ഏർപ്പെടുത്തണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തെയും കാണാൻ കഴിയുകയുള്ളൂ. ഒരു രാജ്യം ഒരു പൊലിസ് യൂനിഫോം എന്ന മുദ്രാവാക്യം ഫെഡറലിസത്തിന് നേരെയുള്ള നഗ്നമായ വെല്ലുവിളിയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന വഴിപിഴച്ച മനസ്സുകളുടെ സ്വാധീനത്തിന് എതിരെ ജാഗ്രത പാലിക്കാൻ ആഭ്യന്തരമന്ത്രിമാരോട് മോദി നിർദേശിച്ചു. പേനയേന്തിയതോ തോക്കെടുത്തതോ ആകട്ടെ നക്‌സലിസത്തിന്റെ എല്ലാ രൂപങ്ങളും തുടച്ച് നീക്കണം. ഐക്യവും അഖണ്ഡതയും കണക്കിലെടുത്ത് അത്തരം ശക്തികൾക്ക് രാജ്യത്ത് പച്ചപിടിക്കാൻ അവസരം നൽകരുതെന്ന് മോദി പറഞ്ഞു.
നക്‌സലിസം എന്ന പേര് ചാർത്തി എതിർശബ്ദങ്ങളെ ശക്തമായി അടിച്ചമർത്തണമെന്ന വ്യക്തമായ സൂചനയാണ് നരേന്ദ്രമോദി നൽകുന്നത്. നക്‌സലിസം എന്ന പേരിലാണ് എതിർശബ്ദങ്ങളെ നിയന്ത്രിക്കണമെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. എതിർശബ്ദങ്ങൾ ഉന്നയിച്ചതിന്റേയും സാഹിത്യ സൃഷ്ടി നടത്തിയതിന്റേ പേരിൽ നക്‌സൽ ബന്ധം ആരോപിച്ച് നിരവധി പേർ വർഷങ്ങളായി ജയിലിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി കൂടുതൽ ശക്തമായ നടപടികളുടെ സൂചന നൽകിയതെന്നത് പ്രാധാന്യമർഹിക്കുന്നു. എതിരാളികളെ ജയിലിലടക്കുന്നതിന് വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന യു.എ.പി.എ നിയമത്തെ പ്രകീർത്തിക്കുവാനും പ്രധാനമന്ത്രി മറന്നില്ല. കാടൻ നിയമമായ യു.എ.പി.എ എടുത്തുകളയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് അതിനെ പ്രധാനമന്ത്രി പ്രശംസിച്ചതെന്നതും നിലപാടുകൾ കടുപ്പിക്കുമെന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷകർ വിലയിരുത്തുന്നത്. യു.എ.പി.എ പോലുള്ള നിയമങ്ങൾ ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്ക് ഭരണകൂടങ്ങൾക്ക് ശക്തിപകരുന്നതാണെന്നും അഴിമതിയും ഭീകരതയും ഹവാല ഇടപാടുകളും ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങളിൽ വ്യവസ്ഥയുണ്ടെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.
രാജ്യത്തിനാകെ ഏകീകൃത ക്രമസമാധാന നയമെന്ന നിർദേശം ആഭ്യന്തരമന്ത്രി അമിത്ഷാ മുന്നോട്ടുവച്ചിരുന്നു. ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ഭാഷ തുടങ്ങിയ സംഘ്പരിവാർ അജൻഡയുടെ തുടർച്ചയാണ് ഏകീകൃത ക്രമസമാധാന നയവും ഏകീകൃത പൊലിസ് യൂനിഫോം നിർദേശവും. ഒരു രാജ്യം ഒരു ഭാഷ എന്ന അജൻഡയിൽ ഒതുങ്ങി രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം വിവാദമായതിന് പിന്നാലെയാണ് പൊലിസിന്റെ ഒറ്റ യൂനിഫോം നിർദേശം.
ഒരു രാജ്യം ഒരു നേതാവ് എന്നതിൽ തുടങ്ങി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ ഒരു സംസ്‌കാരം എന്നതടക്കമുള്ള സംഘ്പരിവാർ അജൻഡകളിൽപ്പെട്ടതാണ് രാജ്യത്തൊട്ടാകെ പൊലിസിന് ഒരു യൂനിഫോം എന്നതും. ഫലത്തിൽ സംസ്ഥാന വിഷയമായ പൊലിസും നീതിന്യായ പരിപാലനവും കാലക്രമേണ കേന്ദ്രത്തിന്റെ ഹസ്തങ്ങളിലേക്ക് ഒതുക്കുന്നതിന്റെ ഭാഗമായിട്ട് തന്നെയാണ് മോദിയുടെ ഈ പ്രസ്താവന എന്ന കാര്യത്തിലും തർക്കമില്ല. ഫെഡറൽ ഭരണഘടനയുടെ അടിത്തറ തന്നെ തകർക്കുന്നതാണ് ഭരണാധികാരികളുടെ ഇത്തരം അഭിപ്രായങ്ങൾ. ഭരണഘടനയിലെ ഫെഡറൽ ഘടനയിൽ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള ഉന്നതമായ സ്ഥാനം കവർന്നെടുക്കാനുള്ള ഹീനവും ഗൂഢവുമായ നീക്കങ്ങളാണ് കേന്ദ്രഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫെഡറലിസത്തെ വെറും നോക്കുകുത്തിയാക്കി മാറ്റുകയാണ് നരേന്ദ്രമോദിയും കൂട്ടരും ഇതിൽക്കൂടി ചെയ്യുന്നത്.
ഇന്ത്യ മഹാരാജ്യത്തെ ജനകീയ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിമരണങ്ങളും മറ്റ് കെടുതികളും വർധിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ പട്ടിണി രാജ്യങ്ങളിൽ 111 ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പട്ടിണിയുടെ കാര്യത്തിൽ ബംഗ്ലാദേശിനും പാകിസ്താനും നേപ്പാളിനും മ്യാൻമറിനും പിറകിലാണ് ലോകത്തെ വൻ സായുധ ശക്തിയായി വളർന്നു എന്നഭിമാനിക്കുന്ന ഇന്ത്യ മഹാരാജ്യം. ഏറ്റവും സജീവമായ ഇത്തരം ജനകീയ പ്രശ്‌നങ്ങളെപ്പറ്റി ഗൗരവമായ ആലോചനയും ചർച്ചയും നടത്താൻ തയാറാകാത്ത ഭരണാധികാരികൾ പൊലിസ് യൂനിഫോം ഏകീകരണത്തെ പോലുള്ള വിഷയങ്ങൾ ഉന്നയിച്ചും ഭരണഘടനയുടെ ഫെഡറൽഘടനയുടെ സ്പിരിറ്റിനെ തന്നെ അവഗണിച്ചും മുന്നോട്ടുപോകുന്നതിൽ യാതൊരു നീതീകരണവുമില്ല. രാജ്യത്തെ നഗ്നമായ യാഥാർഥ്യങ്ങൾക്ക് നേരെ കൊഞ്ഞനം കാട്ടുന്ന ഭരണാധികാരികൾ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."