രാജ്യാന്തര രത്‌ന, ആഭരണ പ്രദര്‍ശനം: മൂന്നാം എഡിഷന് തുടക്കമായി; 32 രാജ്യങ്ങളില്‍ നിന്നും 500 പ്രദര്‍ശകര്‍
ദുബായ്: ഇന്ത്യന്‍ രത്‌ന-ആഭരണ കയറ്റുമതി പ്രോല്‍സാഹനത്തിനായുള്ള ഉന്നത വ്യാപാര സമിതിയുടെ (ജിജെഇപിസി -ദി ജെം & ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍) രാജ്യാന്തര രത്‌ന, ആഭരണ പ്രദര്‍ശനത്തിന്റെ (ഐജിജെഎസ്) മൂന്നാം എഡിഷന്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ആരംഭിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയ പിന്തുണയിലും യുഎഇ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തിലുമാണ് ഈ മാസം 12 വരെ നീളുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഐജിജെഎസില്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 500 പ്രദര്‍ശകര്‍ പങ്കെടുക്കും. ഇത്തവണത്തെ പങ്കാളിത്തം റെക്കോര്‍ഡാണ്.
വജ്ര-രത്‌നങ്ങള്‍ കൊണ്ടുള്ള സ്റ്റഡഡ് ആഭരണങ്ങളുടെയും സ്വര്‍ണാഭരണങ്ങളുടെയും ആകര്‍ഷക നിരകളൊരുക്കിയ 45 പ്രദര്‍ശകര്‍ ഇവിടെയുണ്ട്. 50ലധികം ബൂത്തുകളിലായി വൈവിധ്യമാര്‍ന്നതും ആഡംബര ഇനത്തിലുള്ളതുമായ ആഭരണങ്ങളും പ്രദര്‍ശനത്തില്‍ കാണാം. ആഗോള ശ്രദ്ധയുള്ള ഈ ക്യുറേറ്റഡ് എക്‌സിബിഷന്‍ ഇന്റര്‍നാഷണല്‍ ബയര്‍മാര്‍ക്ക് ഉന്നത നിലവാരമുള്ള ആഭരണങ്ങളാണ് സവിശേഷമായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല, ജിജെഇപിസി വൈസ് ചെയര്‍മാന്‍ കിരിത് ഭന്‍സാലി, ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍സ് കണ്‍വീനര്‍ നിലേഷ് കോത്താരി, കോ-കണ്‍വീനര്‍ മിലന്‍ ചോക്ഷി, നാഷണല്‍ എക്‌സിബിഷന്‍സ് കണ്‍വീനര്‍ നീരവ് ഭന്‍സാലി, ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ രമേശ് വോറ, ജിജെഇപിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഭ്യസാചി റേ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ബയര്‍ സെല്ലര്‍ മീറ്‌സ്, ഇന്ത്യാ ഗ്‌ളോബല്‍ കണക്റ്റ്, ഇന്ത്യാ പവലിയന്‍സ്, ഐജിജെഎസ് ദുബായ് തുടങ്ങിയ നിരവധി പ്രമോഷണല്‍ പരിപാടികള്‍ ജിജെഇപിസി ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ജെം ആന്റ് ജ്വല്ലറി വ്യവസായത്തിന് മിഡില്‍ ഈസ്റ്റ് വിപണി വളരെ പ്രധാനപ്പെട്ടതാണെന്ന് ജിജെഇപിസി ചെയര്‍മാന്‍ വിപുല്‍ ഷാ പറഞ്ഞു. ഒരു വിതരണ കേന്ദ്രമായതിനാല്‍, ജിസിസി, സിഐഎസ്, ഫാര്‍ ഈസ്റ്റ്, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവയിലുടനീളമുള്ള ആഭരണ വ്യാപാരത്തിന്റെ കേന്ദ്രമായി ദുബായ് വര്‍ത്തിക്കുന്നു. ഇത് ആഗോള ജ്വല്ലറി ഇക്കോ സിസ്റ്റത്തില്‍ തന്ത്രപരമായ പ്രാധാന്യവും സ്വാധീനവും വര്‍ധിപ്പിക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള രത്‌ന-ആഭരണ വ്യാപാരം വളര്‍ന്ന് വിജയകരമായി മുന്നേറുന്നു, ഇന്ത്യാ-യുഎഇ സിഇപിഎ കരാറിനെ തുടര്‍ന്ന് വിശേഷിച്ചും. ലോകമെമ്പാടുമുള്ള 10.48 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഭരണങ്ങള്‍ യുഎഇ ഇറക്കുമതി ചെയ്യുന്നു. ഇതിലെ പ്രധാന ഭാഗം, ഏകദേശം 3.12 ബില്യണ്‍ ഡോളറിനുള്ള 30% ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
അള്‍ജീരിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബംഗ്‌ളാദേശ്, ബെലാറസ്, ബെല്‍ജിയം, ബൊളീവിയ, ബ്രസീല്‍, കാനഡ, ഡൊമിനിക്കന്‍ റിപ്പബ്‌ളിക്, ഈജിപ്ത്, ഫ്രാന്‍സ്, ഇറാന്‍, ജോര്‍ദാന്‍, ഖസാക്കിസ്താന്‍, കുവൈത്ത്, ലബനാന്‍, മലേഷ്യ, ഒമാന്‍, ഫലസ്തീന്‍, ഖത്തര്‍, റഷ്യന്‍ ഫെഡറേഷന്‍, സൗദി, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, ശ്രീലങ്ക, യുഎഇ, യുകെ, ഉറുഗ്വേ, യുഎസ്എ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിങ്ങനെ 32 രാജ്യങ്ങളില്‍ നിന്നുള്ള 500ലധികം ബയര്‍മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
യുഎഇയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള കൗണ്‍സിലിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ജിജെഇപിസി ദുബായില്‍ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷന്‍ (ഐജെഇഎക്‌സ്) കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഒരു സമര്‍പ്പിത ബി2ബി പ്‌ളാറ്റ്‌ഫോമായി ഇത് നിലകൊള്ളുന്നു. ജിജെഇപിസി അംഗങ്ങള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വര്‍ഷം മുഴുവനും യുഎഇ വിപണിയില്‍ ഓര്‍ഡറുകള്‍ സുരക്ഷിതമാക്കാനുമുള്ള അവസരം ഇത് നല്‍കുന്നു. ഐജെഇഎക്‌സ് ഇതു വരെ 3.3 ദശലക്ഷം ഡോളറിന്റെ വ്യാപാരം സുഗമമാക്കിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ദുബായിലെ ജിജെഇപിസിയുടെ ഈ സ്ഥാപനം പ്രയോജനപ്പെടുത്താനും അത് വഴി തങ്ങുടെ ബിസിനസ് ത്വരിതപ്പെടുത്താനും എല്ലാ അംഗങ്ങളോടും വിപുല്‍ ഷാ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."