കൈക്കൂലി: റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍
13,000 രൂപയാണ്
കൈക്കൂലി വാങ്ങിയത്
തൊടുപുഴ: വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് 13,000 രൂപ കൈക്കൂലി വാങ്ങിയ കട്ടപ്പന നഗരസഭ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഷിഫ ഹൗസ് ഷിജു എ. അസീസ് (47) ആണ് പിടിയിലായത്. കട്ടപ്പനയിലെ വ്യാപാരിയായ വള്ളിയാംതടം ജോഷിയുടെ പക്കല്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.
35 വര്‍ഷം മുന്‍പ് ജോഷിയുടെ അമ്മയുടെ പേരില്‍ വാങ്ങിയ സ്ഥലത്തെ വീടിന്റെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. ഉടമസ്ഥാവകാശം മാറ്റുന്നതിന് കഴിഞ്ഞ ഫെബ്രുവരി 16 ന് നഗരസഭയില്‍ അപേക്ഷ നല്കി.
എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. രണ്ടാഴ്ച മുന്‍പ് ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് സ്ഥലം മാറി ഷിജു കട്ടപ്പനയില്‍ ചുമതലയേറ്റു. കഴിഞ്ഞ 12 ന് ഉടമസ്ഥാവകാശം മാറ്റി നല്കാന് ജോഷി വീണ്ടും അപേക്ഷ നല്കി.
ഷിജുവിന്റെ നേതൃത്വത്തില്‍ വീടും സ്ഥലവും അളന്ന ശേഷം 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അത്രയും പണം നല്കാന് കഴിയില്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥന് വഴങ്ങിയില്ല. തുടര്‍ന്ന് ജോഷി കോട്ടയം വിജിലന്‍സ് എസ്.പി വി.ജി. വിനോദ്കുമാറിനെ വിവരമറിയിക്കുകയായിരുന്നു. വിജിലന്‍സ് നിര്‍ദേശപ്രകാരം ജോഷി നഗരസഭ ഓഫിസില്‍ റവന്യൂ ഇന്‍സ്പെക്ടറുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ക്യാമറയില്‍ പകര്‍ത്തി. സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചതോടെ കൈക്കൂലി തുക പലതവണയായി കുറച്ച് ഒടുവില്‍ 13,000 രൂപ നല്‍കണമെന്ന് ശഠിച്ചു.
ഇന്നലെ നഗരസഭയിലെ ഓണാഘോഷത്തിനിടെ ഉച്ചയ്ക്ക് 12.45 ഓടെ ഉദ്യോഗസ്ഥര്‍ നല്കിയ പണവുമായി ജോഷി ഓഫിസിലെത്തി ഷിജുവിന് കൈമാറി. പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്. രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."