HOME
DETAILS

അറുപത്തിയാറിൽ കേരളം കിതക്കുന്നു

  
backup
November 01 2022 | 04:11 AM

kerala-2022-uk-kumaran-todays-article

യു.കെ കുമാരൻ

കേരളം പിറന്നുവീണിട്ട് ആറരദശാബ്ദം പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ നാം എന്തെല്ലാം നേടി? ഇത്രയും നീണ്ട വർഷങ്ങൾ ഒരു സംസ്ഥാനത്തിന്റെ ഭൗതികമായ വളർച്ചക്ക് എല്ലാവിധ സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടേണ്ടതാണ്. കേരളം പോലെ ഭൂമിശാസ്ത്രപരമായി എല്ലാ അനുകൂല ഘടകങ്ങളുമുള്ള സംസ്ഥാനത്തിന് മറ്റൊന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിട്ടും കേരളത്തിൻ്റെ പുരോഗതിക്ക് എന്താണ് സംഭവിച്ചത്? ഇത്രയും വർഷങ്ങൾക്കിടയിൽ നാം ഏറെ മാറി എന്നത് നേരാണ്. വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത രംഗങ്ങളിൽ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ ആന്തരികമായി എന്തുമാത്രം വളർച്ച നേടി? അപഗ്രഥിക്കപ്പെടേണ്ടതാണ്.


സാക്ഷരതയിലും പുരോഗമന പ്രവർത്തനങ്ങളിലും അഭൂതപൂർവമായ വളർച്ച നാം കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രാമങ്ങൾ ഇന്ന് മൺമറഞ്ഞുകൊണ്ടിരിക്കുന്നു. ഒരൊറ്റ നഗരമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇവയെ പുരോഗതിയുടെ അടയാളമായി എടുക്കാമെങ്കിലും കേരളം പിറന്നിട്ട് അറുപത്തിയാറ് വർഷം പിന്നിടുമ്പോഴും ഭാവിയെക്കുറിച്ച് നാം ഉത്കണ്ഠപ്പെടുന്നതെന്തുകൊണ്ട്? സാമൂഹ്യ പരിഷ്‌കർത്താക്കളും സാംസ്‌കാരിക പ്രവർത്തകരും രാഷ്ട്രീയ ചിന്തകരും ഒന്നിച്ചുചേർന്നതിന്റെ ഫലമായിട്ടാണ് പ്രബുദ്ധകേരളം പിറവിയെടുത്തത്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒരുപരിധിവരെ അകറ്റിനിർത്താൻ നമുക്ക് കഴിഞ്ഞു. സാമൂഹ്യജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. കേരളപ്പിറവിക്ക് മുമ്പ് മൂന്നു ഭാഗങ്ങളായി കിടന്നിരുന്ന പ്രവിശ്യകൾ ഒരു സംസ്ഥാനമായി രൂപപ്പെട്ടതോടെ വലിയ മാറ്റങ്ങളാണ് എല്ലാവരും വിഭാവനം ചെയ്തിരുന്നത്. അതിനുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും പുതുതായി പിറവിയെടുത്ത സംസ്ഥാനത്തിനുണ്ടായിരുന്നു. എന്നാൽ അറുപത്തിയാറു വർഷത്തിനു ശേഷം, അതിന്റെ ബാക്കിപത്രമായി നിലകൊള്ളുന്നത് സംസ്ഥാനത്തിന് താങ്ങാൻ കഴിയാത്ത കടബാധ്യതയും വലിയ ആശങ്കകളുമാണ്. സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങൾ ശോഷിച്ചു വരുന്നു. അതുകൊണ്ടുതന്നെ വികസന പദ്ധതികളും സ്തംഭിച്ചുകൊണ്ടിരിക്കുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഏറെ മുൻപന്തിയിലായിരുന്നു. കേരളത്തിലെ ഒരു സർവകലാശാലയുടെ അധിപനായി ലോക പ്രശസ്ത ശാസ്ത്രജ്ഞനെ നിയമിക്കാൻ പോലും തയാറെടുത്ത ചരിത്രമുണ്ട്. സംസ്ഥാനം രൂപീകരിച്ച ശേഷം പിറന്ന സർവകലാശാലകളും അക്കാദമിക് രംഗത്ത് മികച്ച പാരമ്പര്യമാണ് കാഴ്ചവച്ചത്. ഇതിന്റെ കാരണം സർവകലാശാലകൾക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചുവെന്നതാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നാൽ കേരളത്തിലെ സർവകലാശാലകളിലെ വർത്തമാനകാല സാഹചര്യ അങ്ങനെയല്ലെന്ന് വെളിപ്പെടുത്തുന്നു. രാഷ്ട്രീയത്തിന്റെ സ്വാധീനം സർവകലാശാലകളിൽ ആധിപത്യം ഉറപ്പിക്കാൻ തുടങ്ങിയതോടെ അതിന്റെ അക്കാദമിക് മികവ് ഒരു പാഴ് കഥയായി മാറിയിരിക്കുന്നു. സർവകലാശാലകളിലെ എല്ലാ കാര്യങ്ങളും ഇന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഭരണകാര്യങ്ങളിലും അക്കാദമിക കാര്യങ്ങളിലും രാഷ്ട്രീയം വിവേചന രഹിതമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. അടുത്ത കാലത്തുണ്ടായ വിവാദമായ പല നിയമനങ്ങളും രാഷ്ട്രീയ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. സർവകലാശാലകളുടെ അക്കാദമിക് നിയമനങ്ങൾ തൊട്ട് എല്ലാറ്റിലും രാഷ്ട്രീയം മാത്രമാണ് മേധാവിത്വം പുലർത്തിവരുന്നത്. അടുത്ത കാലത്ത് ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വീകരിച്ച ചില നടപടികൾ ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. കേരളത്തിലോ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ സർവകലാശാലകളിലോ ഇത്തരം അനുഭവങ്ങൾ മുമ്പുണ്ടായിട്ടില്ല.
കഴിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നിയമനവും ലഭിക്കാൻ കഴിയാത്ത സാഹചര്യം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വ്യാപകമായിവരുന്നു. അതിനു പുറമെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ അച്ചടക്കരഹിതമായ ഇടപെടലും ഉന്നതവിദ്യാഭ്യാസമടക്കമുള്ള എല്ലാ മേഖലയെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതീക്ഷ നശിച്ച വിദ്യാർഥി സമൂഹം പുറം നാടുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നു.


ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ആരോഗ്യമേഖല മുൻപന്തിയിലായിരുന്നു. പകർച്ച വ്യാധികൾക്കെതിരേ ഇന്ത്യയിലാദ്യമായി പ്രതിരോധ നടപടികൾ സ്വീകരിച്ച മേഖല പഴയ കേരളമായിരുന്നു. പ്രാഥമിക ചികിത്സകൾ നൽകുന്നതിലും കേരളം മുൻപന്തിയിലായിരുന്നു. എന്നാലിപ്പോൾ, ഉന്നതമായ ധാരാളം ആതുരാലയങ്ങൾ ഉണ്ടായിട്ടു പോലും കേരളീയർക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പലയിടത്തു നിന്നും വ്യാപകമായ പരാതികൾ ഉയർന്നുവരുന്നുണ്ട്.
അട്ടപ്പാടി അടക്കമുള്ള മേഖലകളിലെ നവജാത ശിശുക്കളുടെ മരണം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനും പുറമെ ചികിത്സാ സംവിധാനങ്ങളുടെ മറവിൽ നടക്കുന്ന കൊള്ളയും മുമ്പത്തെക്കാളും വ്യാപകമായിട്ടുണ്ട്. കൊവിഡ് കാലത്ത് കിറ്റ് വാങ്ങിയതിന്റെ മറവിൽ നടന്ന കൊള്ള ഇവിടെ ഓർക്കേണ്ടതാണ്. പരിശീലനം ലഭിച്ച ധാരാളം ഡോക്ടർമാരുണ്ടായിട്ടും പല ആശുപത്രികളിലും വേണ്ടത്ര ഡോക്ടർമാർ ഇപ്പോഴും ഇല്ലെന്നതാണ് യാഥാർഥ്യം. ഒഴിവുകളുണ്ടായിട്ടും സമയാസമയങ്ങളിൽ നിയമനം നടത്താത്തതാണ് പല ആശുപത്രികളിലും ഡോക്ടർമാർ ഇല്ലാതെവരാൻ കാരണം. കേരളത്തിന്റെ സാമ്പത്തിക അടിത്തറ അത്ര ഭദ്രമല്ല എന്നതിന്റെ പേരിൽ ഡോക്ടർമാരുടെ നിയമനങ്ങൾക്ക് ധനകാര്യവകുപ്പ് അനുവാദം കൊടുക്കുന്നില്ല എന്നാണറിയുന്നത്. ഇതു കാരണം കേരളത്തിന്റെ ആരോഗ്യരംഗം പിറകോട്ടടിക്കപ്പെടുകയാണ്.


അന്ധവിശ്വാസങ്ങൾക്കെതിരേയും അനാചാരങ്ങൾക്കെതിരേയും നിരന്തരം പോരാടിക്കൊണ്ടാണ് പുരോഗമന കേരളം ഏറെക്കുറെ സാക്ഷാൽക്കരിക്കപ്പെട്ടത്. എന്നാൽ ആറര ദശാബ്ദം പിന്നിടുമ്പോൾ കേരളത്തിൽ കാണുന്ന കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പതുക്കെ പലതരം പ്രച്ഛന്ന രൂപത്തിൽ പൊതുസമൂഹത്തിൽ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ധനസമ്പാദനത്തിന്റെ മറവിൽ കേരളത്തിൽ ഈയിടെ നടന്ന നരബലിയും അന്ധവിശ്വാസത്തിന്റെ പേരിലുള്ള മറ്റു അനാചാരങ്ങളും എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. കേരളീയ പൊതുസമൂഹത്തിൽ കാണുന്ന ധൂർത്തും ആഡംബര ഭ്രമവും മുമ്പില്ലാത്ത വിധം വർധിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഇത്തരം പ്രവണതകൾക്കെതിരേ വലിയ ജനമുന്നേറ്റങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ബോധവൽക്കരണ ശ്രമങ്ങൾ കേരളത്തിൽ പ്രായേണ കുറവാണ്.


ഇന്ത്യയിലെ ഏറ്റവും നല്ല പൊലിസ് സേനയാണ് കേരളത്തിന്റേതെന്ന് അധികൃതർ പലപ്പോഴും അവകാശപ്പെടാറുണ്ട്. എന്നാൽ കേരളത്തിലെ പൊലിസ് അത്രത്തോളം മാതൃകാപരമായിട്ടാണോ ഇടപെടുന്നത്? പൊലിസും വ്യാപകമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നത് യാഥാർഥ്യമാണ്. ഭരണകക്ഷിയിൽ ഉൾപ്പെട്ടവർ നടത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരേ നടപടിയെടുക്കാൻ പൊലിസുകാർ മടിക്കുന്ന കാഴ്ച പലപ്പോഴും കണ്ടുവരുന്നുണ്ട്. പൊലിസിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനാണ് ഇത് ഇടയാക്കുന്നത്. അതിനും പുറമെ പൊലിസ് തന്നെ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. ഇതൊക്കെ കേരളത്തിൽ അടുത്തകാലത്ത് കണ്ടുവരുന്ന ചില പ്രവണതകളാണ്. ഏറെക്കുറെ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന പൊലിസ് സേന മുമ്പു കേരളത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി ഞെട്ടിപ്പിക്കുന്ന രീതിയിൽ മാറിയിരിക്കുന്നു.


കേരളം അറുപത്തിയാറിലെത്തുമ്പോൾ പുതുക്കിപ്പണിയേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാറ്റിലും വിശ്വാസം നശിക്കുന്ന ഒരു ജനത സമൂഹത്തിന്റെ ഭാരമായി മാറാനാണ് സാധ്യത. കേരളം അത്തരമൊരവസ്ഥയിലേക്ക് പോവുകയാണോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago