സൗജന്യ കൈത്തറി സ്കൂള്‍ യൂനിഫോം പദ്ധതിക്ക് തിരിച്ചടി അനുമതി നിഷേധിച്ച് സര്‍വശിക്ഷാ കേരള
തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ കൈത്തറി സ്കൂള്‍ യൂനിഫോം പദ്ധതിക്ക് തിരിച്ചടി. പദ്ധതി പരിഗണിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ലെന്ന് സര്‍വ ശിക്ഷാ കേരളയുടെ സ്പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം തീരുമാനിച്ചതോടെയാണ് പദ്ധതിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഈ വര്‍ഷത്തേക്ക് 120 കോടിയുടെ പദ്ധതിയാണ് കൈത്തറി ഡയരക്ടര്‍ നല്‍കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരവും നല്‍കിയിരുന്നു. അതിനിടെയാണ് സ്പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പിന്റെ തീരുമാനം.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 124 ലക്ഷം മീറ്റര്‍ തുണി സൗജന്യ സ്കൂള്‍ യൂനിഫോം പദ്ധതികള്‍ക്കായി നെയ്തെടുത്തിരുന്നു. 2017-18 വര്‍ഷം 2,689 സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലുള്ള 2.2 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 9.6 ലക്ഷം മീറ്റര്‍ യൂനിഫോം തുണി വിതരണം ചെയ്തു.
2018-19ല്‍ 3,578 സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ 4.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 23 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്തത്.
2019- 20ല്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെയും എയ്ഡഡ് മേഖലയിലെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെയും 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 41.56 ലക്ഷം മീറ്റര്‍ യൂനിഫോം തുണിയും വിതരണം ചെയ്തിരുന്നു.
കൊവിഡ് കാലത്ത് പദ്ധതിക്ക് അനുമതി നിഷേധിച്ചതിനു പിന്നിലെ കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."