കരകയറാനാവാത്ത കേരളീയ നഗരങ്ങൾ
ഒരു അതിവൃഷ്ടിൽ ഒലിച്ചുപോകാവുന്ന ആസൂത്രണ മികവും നഗര സുരക്ഷയുമൊക്കെയേ നമുക്കുള്ളൂവെന്നതിന് ഇനി മറ്റൊരു തെളിവിന്റെ ആവശ്യമില്ല. തലസ്ഥാന നഗരിയിലെ ജനങ്ങൾ അത് നേരിട്ട് അനുഭവിച്ചു. അപ്രതീക്ഷിത മഴ തകർത്തുപെയ്ത രാത്രി വെളുത്തപ്പോൾ റോഡും മുറ്റവും കടന്ന് വെള്ളം വീട്ടകങ്ങളിലെത്തി. രണ്ട് മഹാപ്രളയത്തിന്റെ അതിജീവനത്തിലും നമ്മുടെ അധികൃതർ പഠിക്കാത്ത മഴപ്പാഠമായി വേറിട്ടുനിൽക്കുന്നു അത്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ പെയ്ത മഴയിൽ തിരുവനന്തപുരം നഗരം ഉൾപ്പെടുന്ന മൂന്നു താലൂക്കുകളിലാണ് ദുരിതം വിതച്ച വെള്ളക്കെട്ടുണ്ടായത്.
ടെക്‌നോപാർക്കിലും കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലുമൊക്കെ വെള്ളം കയറി. ഗൗരീശപട്ടം, കണ്ണമൂല, ജഗതി മേഖലകളാണ് രൂക്ഷമായ വെള്ളക്കെട്ടിന്റെ പിടിയിലമർന്നത്. മഴ തോർന്നതോടെ പലയിടങ്ങളിലും വെള്ളമിറങ്ങി. എങ്കിലും മൂന്നാം നാളിലും മുട്ടൊപ്പം വെള്ളത്തിൽ വീടുകളിൽ കഴിയുകയാണ് നഗരവാസികളിൽ പലരും.നെഞ്ചൊപ്പം വെള്ളത്തിലൂടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് തുഴഞ്ഞു നീങ്ങിയ ജനതയോട് മന്ത്രിമാർ ഇനിയും വികസനത്തെക്കുറിച്ച് അവകാശവാദമുന്നയിക്കും. വൻ പദ്ധതികളെക്കുറിച്ച് സംസാരിക്കും.
എന്നാൽ ഒരു വലിയ മഴപെയ്താൽ തിരുവനന്തപുരം മാത്രമല്ല, കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള വൻ നഗരങ്ങളും പല ജില്ലാ ആസ്ഥാനങ്ങളും വെള്ളത്തിനടിയിലാകും എന്നാണ് ഇപ്പോഴത്തെ അവസ്ഥ. ശുചിയാക്കാത്ത ഓടകളും മഴക്കാല മുന്നൊരുക്കങ്ങളില്ലാത്തതുമാണ് ഈ വെള്ളക്കെട്ടിന് കാരണമെന്ന് ആരും ഒാർക്കുന്നില്ല. പ്രജകളെ ഇങ്ങനെ വെള്ളത്തിൽ നിരന്തരം മുക്കുന്ന സർക്കാരും തദ്ദേശ ഭരണകൂടവും ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റുതന്നെയാണ്.
നേരവും കാലവും നോക്കാതെ പെയ്യുന്ന മഴ, മനുഷ്യജീവിതത്തെ അതിദുരിതത്തിലാക്കാതിരിക്കാൻ ഭരണകൂട ജാഗ്രത അനിവാര്യമാണ്.
അശാസ്ത്രീയമായ കെട്ടിട നിർമാണത്തിന് തടയിടേണ്ടതും നഗരാസൂത്രണത്തിന്റെ കാര്യക്ഷമത കൂട്ടലുമൊക്കെ വെള്ളക്കെട്ട് തടയാനുള്ള ദീർഘകാല പദ്ധതികളാണ്. ഓടകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്ത് കഴിയുന്നത്ര മഴവെള്ളത്തിന് ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലും നേരാംവണ്ണം ചെയ്യാതെയാണ് നമ്മൾ ഇപ്പോഴും മഴക്കാലത്തെ വരവേൽക്കുന്നത്.
കൃത്യമായ മഴ മുന്നറിയിപ്പ് നൽകുന്നതിൽ ഭരണകൂടത്തിന് പിഴവ് പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ മുക്കിയ അതിശക്ത മഴയുടെ മുന്നറിയിപ്പായി നൽകേണ്ടിയിരുന്ന ഓറഞ്ച് അലർട്ട് കൃത്യസമയത്ത് നൽകാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കോ കഴിഞ്ഞില്ലത്രെ. ശനിയാഴ്ച രാത്രി മുതൽ അതിശക്ത മഴ പെയ്തിട്ടും ഞായറാഴ്ച ഉച്ചയോടെയാണ് ഓറഞ്ച് അലർട്ട് നിർദേശം നൽകുന്നത്. അതുവരെ യെല്ലോ അലർട്ടിന്റെ ആശ്വാസത്തിൽ ഉറങ്ങിയ നഗരവാസികളാണ് വെള്ളക്കെട്ടിലേക്ക് കാലെടുത്തുവച്ച് ഉറക്കമുണർന്നത്.
രക്ഷാപ്രവർത്തനത്തിൽ വകുപ്പുകൾക്ക് പിഴവുപറ്റിയതിനെ വിമർശിച്ച് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും രംഗത്തുവന്നതും കണ്ടു. പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സർക്കാരിനോ മന്ത്രിമാർക്കോ ജനങ്ങൾ സഹിക്കുന്ന ഈ ദുരിതത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. മന്ത്രിമാർ തിരുവനന്തപുരത്ത് ഇനിയും വെള്ളക്കെട്ടൊഴിയാത്ത പ്രദേശങ്ങളിൽ ഒരു ദിവസം തങ്ങണം. മനുഷ്യർ എങ്ങനെയാണ് ഇവിടെ കഴിച്ചൂകൂട്ടുന്നതെന്ന് നേരിട്ട് അറിയണം. 2018ലെ പ്രളയത്തിനുശേഷം വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡച്ച് മോഡൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞത് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓർമിപ്പിച്ചതു കണ്ടു. ശുചിയാകാത്ത ഓടകൾ ഇനിയുമേറെയുണ്ട് നമ്മുടെ നഗരവീഥിക്കരികിൽ എന്നത് യാഥാർഥ്യമാണ്. ചെറിയ മഴ പെയ്താൽ പോലും വെള്ളം റോഡിലൂടെയാണ് ഒഴുകുക.
അതിവേഗമുള്ള അശാസ്ത്രീയ നഗരവൽക്കരണവും വെള്ളക്കെട്ടിനുള്ള പ്രധാന കാരണങ്ങളിലെന്നാണ്. കൊച്ചിയാണ് ഇടയ്ക്കിടെ വെള്ളക്കെട്ടിന്റെ ദുരിതംപേറുന്ന നഗരത്തിലൊന്ന്. എറണാകുളത്തെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനും കായൽവെള്ളം കനാലുകളിൽ കയറുന്നത് തടയാനും കനാൽവെള്ളം പുഴയിലേക്ക് തിരിക്കാനും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചുവെങ്കിലും മഴയൊന്ന് കനത്താൽ കൊച്ചി വെള്ളത്തിനടിയിലാകുമിപ്പോഴും. കോഴിക്കോടിന്റെ സ്ഥിതിയും ഭിന്നമല്ല. മഴ കനത്താൽ പുതിയ സ്റ്റാൻഡു പരിസരവും മറ്റ് പ്രധാന നഗരകേന്ദ്രങ്ങളിലുമൊക്കെ വെള്ളക്കെട്ടാകും.
തുടർച്ചയായ രണ്ടു പ്രളയങ്ങൾ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് നിർമാണപ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്തായി! എവിടെയും കൂണുപോലെ കെട്ടിടങ്ങൾ പൊങ്ങി, കൂടുതൽ കുന്നുകൾ ഇടിച്ചു നിരത്തി. മഹാപ്രളയങ്ങളെ തുടർന്ന് പുഴകളുടെ ആഴവും പരപ്പും വർധിപ്പിക്കാനായി അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഓരോ പ്രദേശത്തും ഇത് എത്ര നടന്നുവെന്ന പരിശോധന ആരെങ്കിലും പിന്നീട് നടത്തിയോ?
മഴക്കാല മുന്നൊരുക്കങ്ങൾക്കായുള്ള പരിപാടികൾ പോലും ഇപ്പോൾ വഴിപാടായി. മാലിന്യം നീക്കം ചെയ്യാനുള്ള പരിപാടികൾ ആരോഗ്യവകുപ്പും തദ്ദേശവകുപ്പും പ്രഖ്യാപിക്കും. ഇതെല്ലാം പേരിലൊതുങ്ങുന്നതിന്റെ നേർചിത്രമാണ് പനി കണക്കുകൾ. കാലം തെറ്റിയുള്ള മഴ ഇപ്പോൾ കേരളത്തിലും നിത്യസംഭവമാണ്. കാലാവസ്ഥാവ്യതിയാനവും ന്യൂനമർദവുമൊക്കെ അതിതീവ്ര മഴക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ നാം ഇപ്പോഴും മഴക്കാല മുന്നൊരുക്കമെന്ന പതിവ് ആചാരത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്.
ജൂൺ മാസത്തിലെ മഴയെ വരവേൽക്കാനല്ലാതെ മറ്റൊരു ഒരുക്കവും കേരളത്തിലില്ല. കാലം തെറ്റുന്ന മഴയെക്കുറിച്ച് മുന്നറിയിപ്പുകൾ നേരത്തെയുണ്ടായിട്ടും നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീണ്ടും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം മഴ കോരിച്ചൊരിഞ്ഞാൽ ഏത് നഗരവും വെള്ളക്കെട്ടിലാകും. ഇതിനുള്ള പരിഹാരത്തിന് താമസമരുത്. എങ്കിലേ വികസനം എന്തെന്ന് ജനമറിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."