യു.എസില്‍ ഇന്ത്യക്കാരനെതിരേ 80 ലക്ഷം ഡോറിന്റെ കൊവിഡ് ഫണ്ട് തട്ടിപ്പ് കേസ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യക്കാരനെതിരേ 80 ലക്ഷം ഡോറിന്റെ കൊവിഡ് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. നോര്‍ത്ത് കരോലിനയില്‍ താമസിച്ചിരുന്ന 40 കാരനായ അഭിഷേക് കൃഷ്ണനെതിരേയാണ് കേസ്. രണ്ട് വഞ്ചനാ കേസുകള്‍, രണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍, രണ്ട് ഐഡന്റിറ്റി മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കുറ്റം തെളിഞ്ഞാല്‍ ഓരോ കേസിലും പരമാവധി 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
കൊറോണ വൈറസ് എയ്ഡ്, റിലീഫ് ആന്റ് ഇക്കണോമിക് സെക്യൂരിറ്റി (കെയര്‍സ്) സ്‌കീം പ്രകാരം ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് (എസ്.ബി.എ) നല്‍കുന്ന പെ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിലൂടെ (പി.പി.പി) കോടികള്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
കോടതി രേഖകള്‍ അനുസരിച്ച്, ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം, ബിസിനസ്സ് സ്ഥാപനങ്ങള്‍ അല്ലാത്ത കമ്പനികളുടെ പേരില്‍ ഉള്‍പ്പെടെ വ്യാജമായി പി.പി.പി വായ്പാ അപേക്ഷകള്‍ സമര്‍പ്പിച്ചതായാണ് ആരോപണം. അപേക്ഷകളില്‍ കമ്പനികളുടെ ജീവനക്കാരെയും ശമ്പളച്ചെലവിനെയും കുറിച്ചുള്ള വ്യാജമായ പ്രസ്താവനകളും തെറ്റായ നികുതി ഫയലിംഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്താനായി കൃഷ്ണന്‍ മറ്റൊരാളുടെ പേര് ആ വ്യക്തിയുടെ അധികാരമില്ലാതെ ഉപയോഗിച്ചു. 8.2 മില്യണ്‍ ഡോളറിന് മുകളില്‍ ആവശ്യപ്പെട്ട് കുറഞ്ഞത് 17 ലോണ്‍ അപേക്ഷകളെങ്കിലും അദ്ദേഹം സമര്‍പ്പിച്ചതായും 3.3 മില്യണ്‍ ഡോളറിലധികം ലോണ്‍ ലഭിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ഫണ്ട് ലഭിച്ചതോടെ കൃഷ്ണന്‍ തട്ടിപ്പിലൂടെ പണം വെളുപ്പിച്ചതായും പരാതില്‍ ആരോപിക്കുന്നു.
അഭിഷേക് കൃഷ്ണനെതിരേ നോര്‍ത്ത് കരോലിനയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റില്‍ സര്‍ക്കാര്‍ സ്വത്ത് മോഷണം നടത്തിയതിനും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഭാഗമായി ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്തതിനും കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."