' പ്ലാവില' യുമായി ഒരു പോരാളി
താഹിറ അബ്ദുല്‍ ഖാദര്‍
മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത് വളവന്നൂര്‍ പഞ്ചായത്തിലെ കന്മനം തെക്കുമുറിയിലുള്ള അന്‍വര്‍ ബാബുവിനോട് പത്തുമിനിറ്റ് നേരം സംസാരിച്ചാല്‍ മതി, നമ്മള്‍ ജീവിതത്തില്‍ അനുഭവിച്ച സകല പ്രയാസങ്ങളും പമ്പ കടക്കാന്‍. ഈ 47 വയസിനിടക്ക് അയാള്‍ അനുഭവിക്കാന്‍ ഇനിയൊന്നും ബാക്കിയില്ല. കണ്ണു നിറയാതെ അയാളുടെ ജീവിതകഥ കേട്ടിരിക്കാനാവില്ല. ഏതു വെല്ലുവിളിയെയും നേരിടാനുറച്ച് ചങ്കൂറ്റത്തോടെ നിന്നാല്‍ ലോകം മുഴുവന്‍ കൂടെയുണ്ടാകുമെന്നാണ് അന്‍വര്‍ ബാബുവിന്റെ ജീവിതം തെളിയിക്കുന്നത്.
ജീവിതത്തിന്റെ തുടക്കം
വായില്‍ വെള്ളിക്കരണ്ടിയുമായാണ് അന്‍വര്‍ ബാബുവിന്റെ ജനനം. ഏക്കറുകളോളം വിശാലമായ പറമ്പില്‍ പടിപ്പുരയുള്ള ഇല്ലം കണക്കേയുള്ള വലിയ തറവാട്. വീട്ടിനകത്തും പുറത്തുമെല്ലാം നിറയെ ജോലിക്കാര്‍. നിറഞ്ഞ തൊഴുത്തും കൃഷിസ്ഥലങ്ങളും. മലേഷ്യയില്‍ വ്യാപാരിയായിരുന്ന ഉപ്പ തയ്യില്‍ ചീരക്കുഴിയില്‍ കമ്മക്കുട്ടി കുരിക്കള്‍ കൊടുത്തയക്കുന്ന പണവും സ്വര്‍ണവും വെള്ളിപ്പാത്രങ്ങളുമെല്ലാം അന്‍വര്‍ ബാബുവിന്റെ ഓര്‍മയിലുണ്ട്. ഉമ്മ റുഖിയ ഇരുപത്തിരണ്ട് ആങ്ങളമാര്‍ ഉള്ള വലിയ തറവാട്ടുകാരി. സമ്പന്നതയുടെ മടിത്തട്ടില്‍ അന്‍വര്‍ ബാബുവും ജ്യേഷ്ഠന്‍ അഷ്‌റഫും സഹോദരി നസീറയും വളര്‍ന്നുതുടങ്ങി. എന്നാല്‍ സന്തോഷ നാളുകള്‍ക്ക് അധികം ആയുസില്ലായിരുന്നു.
ഉപ്പയ്ക്ക് നാല്‍പ്പത്തിയഞ്ചു വയസുള്ളപ്പോള്‍ മലായില്‍ നിന്ന് കാന്‍സര്‍ പിടിപെട്ടു. നാട്ടില്‍ വന്നു ചികിത്സ തുടങ്ങി. കുടയും ബാഗും പിടിക്കാന്‍ ഒരു ജോലിക്കാരനുമായി കാളവണ്ടിയില്‍ ഉപ്പ ആശുപത്രിയിലേക്ക് പോകുന്ന രൂപം അന്‍വര്‍ ബാബു ഓര്‍ക്കുന്നുണ്ട്. ഉപ്പയുടെ മരണം കുടുംബത്തെ വളരെ പെട്ടെന്ന് അനാഥമാക്കി. ഇരുപതുവയസ് മാത്രം പ്രായമുള്ള യുവതിയായ ഉമ്മയ്ക്ക് ആ വലിയ വീട്ടില്‍ തനിച്ചു താമസിക്കാന്‍ പ്രയാസമായി. അനാവശ്യം പറയുന്നവര്‍, കള്ളന്മാര്‍.. വീട് പൂട്ടിയിട്ട് ഉമ്മ അമ്മാവന്മാരുടെ വീട്ടിലേക്ക് താമസം മാറി.
സിനിമാക്കഥയെ വെല്ലുന്ന
ജീവിത കഥ
അമ്മാവന്റെ വീട്ടിലെ ജീവിതത്തിലും കരിനിഴലുകള്‍ അവരെ പിന്തുടര്‍ന്നു. ആണ്‍മക്കളില്ലെന്ന ന്യായം പറഞ്ഞ് ജ്യേഷ്ഠനെ ഉമ്മയുടെ സഹോദരിമാരിലൊരാളെ നോക്കാനേല്‍പ്പിച്ചു. അധികം വൈകാതെ നിവൃത്തികേടിനാല്‍ അന്‍വര്‍ ബാബുവും ഉമ്മയില്‍ നിന്നു പറിച്ചുമാറ്റപ്പെട്ട് മറ്റൊരു അമ്മാവന്റെ വീട്ടിലെത്തി. അന്ന് ആറാം തരത്തിലായിരുന്നു. ആകാശദൂത് എന്ന സിനിമ തന്റെ ജീവിത കഥയാണെന്ന് ഇടറുന്ന കണ്ഠത്തോടെ അയാള്‍ പറയുന്നു. ഇടക്കിടെ, ഉമ്മയും മക്കളും തമ്മിലുള്ള സമാഗമങ്ങളെല്ലാം കണ്ണീരില്‍ കുതിര്‍ന്നു. ഉമ്മയും സഹോദരിയും ഓരോ വീടുകള്‍ മാറി മാറി താമസിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ സ്വത്തുഭാഗങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടു, വീടും ഒന്നര ഏക്കറും മാത്രം ബാക്കിയാകുന്നതുവരെ.
ഒടുവില്‍ അടഞ്ഞുകിടന്ന ആ വീട്ടില്‍ ഉമ്മയെയും സഹോദരിയെയും അമ്മാവന്മാര്‍ വീണ്ടും താമസിപ്പിച്ചു. ഉമ്മയ്‌ക്കൊപ്പം താമസിക്കാനുള്ള കൊതികൊണ്ട്, അമ്മാവന്റെ വീട്ടില്‍ സുഖമായിരുന്നുവെങ്കിലും, അന്‍വര്‍ ബാബുവും ഇറങ്ങിപ്പോന്നു.
പ്രതാപം ക്ഷയിച്ചു മെലിഞ്ഞുപോയ വീട്ടില്‍ നിന്ന് അല്‍പ്പം അരിക്കും പണത്തിനും വേണ്ടി വീണ്ടും പലരുടെയും അടുക്കളപ്പുറത്തു പോയി നിന്ന് വഴക്കുകേട്ട് കണ്ണീരൊഴുക്കിയതൊന്നും അന്‍വര്‍ ബാബു മറന്നിട്ടില്ല. അയല്‍ക്കാര്‍ ആയിരുന്നു മിക്കപ്പോഴും അവര്‍ക്ക് ആശ്വാസം. രാത്രിയുറക്കം സ്ഥിരമായി അയല്‍ വീട്ടിലായിരുന്നു.
അസുഖത്തിന്റെ തുടക്കം
1987ല്‍, എട്ടാംക്ലാസില്‍ വച്ചാണ് അന്‍വര്‍ ബാബുവിന് ഇടതുകാലിന്റെ തുടയ്ക്കു താഴെ വേദന തുടങ്ങുന്നത്. ക്ലാസ് റൂമിലിരിക്കുമ്പോള്‍ വേദനകൊണ്ട് തുടക്കടിയില്‍ കൈപ്പത്തി വച്ചിരിക്കും. ക്രമേണ തുടക്കടിയില്‍ ഒരു മുഴ പുറത്തേക്ക് ചാടി. നടക്കുമ്പോള്‍ അസഹ്യമായ വേദനയോടെ അത് ആടിക്കളിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ രോഗം തിരിച്ചറിഞ്ഞു; എവി മാല്‍ഫോര്‍മേഷന്‍. ശുദ്ധ രക്തവും അശുദ്ധരക്തവും ഇടകലരുന്ന അപൂര്‍വ്വ രോഗം. എപ്പോള്‍ വേണമെങ്കിലും ധമനികള്‍ പൊട്ടാം. ആദ്യശസ്ത്രക്രിയ അവിടെ നിന്നു കഴിഞ്ഞു. അവിടുന്നിങ്ങോട്ട് അന്‍വര്‍ ബാബു ആശുപത്രിക്കിടക്കകളിലൂടെ ഓടുകയാണ്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, വെല്ലൂര്‍, പെരിന്തല്‍മണ്ണ, ഗുജറാത്തിലെ വഡോദര തുടങ്ങി പലയിടങ്ങളിലെ ആശുപത്രികളില്‍ നിന്നുമായി ഇതുവരെ 37 സര്‍ജറികളാണ് ഈ നാല്‍പത്തിയെഴുകാരന്റെ ശരീരത്തില്‍ ചെയ്തിട്ടുള്ളത്. മുപ്പത്തിയെട്ടാമത്തെ സര്‍ജറി ഈ മാസം നടക്കാന്‍ പോകുന്നു.
തളരാതെ, തകരാതെ
അസുഖബാധിതനെങ്കിലും ജീവിതമാര്‍ഗമായി ഒരു ചെറിയ പെട്ടിക്കട തുടങ്ങി. ജ്യേഷ്ഠന്‍ പഠനം നിര്‍ത്തി ഗള്‍ഫിലേക്ക് ചേക്കേറി. ഒരുവിധം നിവര്‍ന്നു നില്‍ക്കാനാവുമ്പോഴേക്ക് വിധി വീണ്ടും പല്ലിളിച്ചുകാട്ടി മുന്നില്‍ നിന്നു. ഇത്തവണ ഉമ്മയുടെ മുകളിലായിരുന്നു ബ്രെസ്റ്റ് ക്യാന്‍സര്‍. ദാരിദ്യത്തിനിടയില്‍ വേദനയുടെ യഥാര്‍ഥ കാരണം തിരിച്ചറിയാന്‍ അവര്‍ വൈകിപ്പോയി. ഒരു സ്തനം നീക്കം ചെയ്‌തെങ്കിലും അസുഖം അവരുടെ അവശേഷിക്കുന്ന പറമ്പിനൊപ്പം ഉമ്മയെക്കൂടെ കൊണ്ടുപോയി.
അന്‍വര്‍ ബാബു തോറ്റുകൊടുത്തില്ല. സുര്‍ക്ക കമ്പനിയില്‍ കുപ്പികള്‍ കഴുകി, ഹോട്ടലില്‍ പാത്രം കഴുകി, കല്ലും മണലും ചുമന്നു, പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എല്ലാമറിഞ്ഞ് അന്‍വര്‍ ബാബുവിനു കൂട്ടായി ആതവനാട് സ്വദേശിനിയായ സുബൈദയും എത്തി.
യാചകനില്‍ നിന്ന് സംരംഭകനിലേക്ക്
കഠിനാധ്വാനം അസുഖം മൂര്‍ച്ചിപ്പിച്ചു. വയറിനുള്ളിലുണ്ടായ മുഴ പൊട്ടി. രക്തം ഛര്‍ദിച്ചു. മൂത്രമൊഴിക്കുന്നയിടത്തു നിന്നു രക്തംവരാന്‍ തുടങ്ങി. ജ്യേഷ്ഠന്‍ അയാളുടെ ഭാര്യയുടെ ആഭരണം വിറ്റുവരെ ചികിത്സിച്ചു. മറ്റുവഴിയില്ലാതെ അന്‍വര്‍ ബാബു യാചനക്കിറങ്ങി. അയാള്‍ക്ക് ചികിത്സ നടത്തേണ്ടതുണ്ട്. ഭാര്യയും കുഞ്ഞുങ്ങളും ഉണ്ട്. ഏക സഹോദരിയും വിവാഹമോചിതയായി വീട്ടിലുണ്ട്. വീടുകളും ബസുകളും റെയില്‍വേ സ്റ്റേഷനുകളും അദ്ദേഹം കയറിയിറങ്ങി. കൂടെ ഉണ്ടായിരുന്ന പലരും അകലാന്‍ തുടങ്ങി. അയാള്‍ കേറിച്ചെല്ലുന്ന സദസുകളില്‍ സംസാരങ്ങള്‍ നിലച്ചു. ബന്ധു വിവാഹങ്ങളില്‍ പോലും ക്ഷണിക്കപ്പെടാതായി. അയാള്‍ക്കൊപ്പം ഭാര്യയും മക്കളും പോലും അപമാനിതരായി.
ഒരു പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന ഫീച്ചറാണ് അന്‍വര്‍ ബാബുവിന്റെ ജീവിതം മാറ്റിമറിക്കുന്നത്. ചക്ക കൊണ്ട് വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന മഞ്ചേരിയിലെ ഒരു സ്ത്രീയെക്കുറിച്ചായിരുന്നു അത്. സുഹൃത്ത് മുജീബിനൊപ്പം അവരെ തേടിപ്പിടിച്ചു തന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി. സുഹൃത്ത് കടം നല്‍കിയ 2300 രൂപ കൊണ്ട് ചക്ക വിഭവങ്ങള്‍ വാങ്ങി തന്റെ നാട്ടില്‍ തിരിച്ചെത്തി.
ഒരു ചെറിയ പരീക്ഷണമായിരുന്നു. തന്റെ ജീവിത ചുറ്റുപാടുകള്‍ക്കൊപ്പം ചക്ക വിഭവങ്ങള്‍ വില്‍പ്പനക്കുണ്ടെന്ന വിവരം ഫേസ്ബുക്ക് പോസ്റ്റായി ഇട്ടു. മറുപടി അപ്രതീക്ഷിതമായിരുന്നു. വളരെ പെട്ടെന്നു തന്നെ എല്ലാം വിറ്റുപോയി. വിലയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാല്‍ ആദ്യ കച്ചവടത്തില്‍ നഷ്ടം വന്നു. എങ്കിലും വീണ്ടും വിഭവങ്ങള്‍ വാങ്ങി. ഫേസ്ബുക്ക് പോസ്റ്റുകള്‍ പല സുഹൃത്തുക്കളും ഷെയര്‍ ചെയ്തു സഹായിച്ചു.
കൂടെ നിന്ന് ഫേസ്ബുക്ക് സൗഹൃദങ്ങള്‍
മുഖപുസ്തകം ഹൃദയമുള്ള അനേകരുടെ ഇടമാണ്. അന്‍വര്‍ ബാബു തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റുകളെഴുതി. പലയിടത്തു നിന്നും സഹായങ്ങള്‍ വന്നു. നൂറു രൂപ വാടകക്ക് പുത്തനത്താണിയില്‍ ഒരു കടമുറി ഒരാള്‍ ശരിയാക്കി നല്‍കി. ഫര്‍ണിച്ചറില്ലാതെ ടാര്‍പായ വിരിച്ച കടയിലേക്ക് ഓരോരുത്തരായി മേശയും കസേരയും വാങ്ങി നല്‍കി. ചക്ക വിഭവങ്ങള്‍ വിറ്റു കിട്ടിയ 3000 രൂപ ലാഭം കൊണ്ട് അയാള്‍ സ്വന്തമായി ഒരു അലമാര വാങ്ങി.
ഒരുതവണ ഓപ്പറേഷനു പോയി മടങ്ങി വന്നപ്പോഴേക്ക് കടയിലെ അലുവയെല്ലാം കേടുവന്നുപോയിരുന്നു. ആ സങ്കടം പോസ്റ്റ് ചെയ്തതോടെ അഞ്ചാറു പേര്‍ ഫ്രിഡ്ജ് വാങ്ങിത്തരാമെന്നു പറഞ്ഞ് മുന്നോട്ടുവന്നു. 23,000 രൂപയുടെ ഒരു ഫ്രിഡ്ജ് അവരിലൊരാള്‍ വാങ്ങി നല്‍കുകയും ചെയ്തു.
ഫേസ്ബുക്ക് സഹായങ്ങള്‍ ഇവിടെ നിലക്കുന്നില്ല. ഫേസ്ബുക്കിലെ 'ദി റൈറ്റ് തിങ്കേര്‍സ് കൂട്ടായ്മ' ഒരു വീടു നിര്‍മിച്ചുനല്‍കി. യൂട്യൂബര്‍മാരും വ്‌ലോഗര്‍മാരും അവര്‍ക്കാവും വിധം പരസ്യം നല്‍കി സഹായിച്ചു. ഉംറക്ക് പോകാനുള്ള ആഗ്രഹവും സഹൃദനായ ഒരു വ്യക്തി സാധിപ്പിച്ചു കൊടുത്തു. കാനഡയിലെ മലയാളികള്‍ ചേര്‍ന്ന് മൂന്നുലക്ഷം രൂപ അയച്ചു. അതുവഴി കട വിപുലീകരിച്ചു. കെ.ടി ജലീല്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവര്‍ കടയില്‍ വന്നിരുന്നു. സിനിമാ നടന്‍ മോഹന്‍ ലാലിനും ചക്ക വിഭവങ്ങള്‍ നേരിട്ട് കൈമാറാന്‍ സാധിച്ചിട്ടുണ്ട്.
'പ്ലാവില'യില്‍ വിളമ്പുന്നത്
അന്‍വര്‍ ബാബുവിന്റെ സംരംഭത്തിനു 'പ്ലാവില' എന്ന പേര് നിര്‍ദേശിച്ചത് എഴുത്തുകാരിയായ ജുബൈരിയ സലാം ആണ്. ജാം, സ്‌ക്വാഷ്, അലുവ, ചിപ്‌സ്, പുട്ടുപൊടി, അട, അച്ചാര്‍ തുടങ്ങിയ ചക്ക വിഭവങ്ങളാണ് പ്രധാന ഇനങ്ങള്‍. ഇതോടൊപ്പം കപ്പ പുട്ടുപൊടി, ഇന്‍സ്റ്റന്റ് റവ ഉപ്പുമാവ്, വിവിധയിനം നട്‌സ്, തേന്‍ തുടങ്ങി അന്‍പതിലധികം വിഭവങ്ങള്‍ ഇദ്ദേഹം വില്‍പ്പന നടത്തുന്നുണ്ട്. പേരുകളും വില വിവരങ്ങളും അദ്ദേഹത്തിന്റെ അിംമൃ ആമയൗ ജൗവേമിമവേമിശ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ ലഭ്യമാണ്. 9746019558 എന്ന നമ്പറില്‍ വാട്ട്‌സാപ് ചെയ്ത് ഓര്‍ഡര്‍ നല്‍കാന്‍ സാധിക്കും. ഓര്‍ഡറുകള്‍ക്കനുസരിച്ച് പലയിടങ്ങളില്‍ നിന്നായി വിഭവങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈനായിട്ടാണ് വില്‍പ്പന. കൊറിയറായോ തപാലായോ വീട്ടിലെത്തും. ആളുകള്‍ക്ക് മുന്നില്‍ ഇനിയും കൈനീട്ടാതെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അയാള്‍ക്കവശേഷിക്കുന്ന അവസാന കച്ചിത്തുരുമ്പാണിത്.
കൊവിഡ് ബാധിച്ച കച്ചവട രംഗം
ജീവിതം തളര്‍ത്താന്‍ ശ്രമിക്കുമ്പോഴെല്ലാം പൂര്‍വ്വാധികം ശക്തിയോടെ എണീറ്റുനില്‍ക്കാന്‍ നോക്കുകയാണ് അന്‍വര്‍ ബാബു. ലോക്ക്ഡൗണ്‍ കച്ചവടത്തെ ബാധിച്ചു. ഓര്‍ഡറുകള്‍ക്കനുസരിച്ച് വിഭവങ്ങള്‍ ശേഖരിക്കാനോ വിതരണം ചെയ്യാനോ സാധിക്കുന്നില്ല. ഭക്ഷ്യവിഭവങ്ങള്‍ ഒരു പരിധിക്കപ്പുറം സൂക്ഷിച്ചുവയ്ക്കാനുമാവില്ല. ജ്യേഷ്ഠന്റെ വിദേശത്തുള്ള ജോലി കൊവിഡ് കാരണം നഷ്ടപ്പെട്ടു. കടത്തില്‍ മുങ്ങിയ ജ്യേഷ്ഠനും വിവാഹമോചിതയായ സഹോദരിയുമടക്കം മൂന്നു കുടുംബങ്ങള്‍ ഇന്ന് ഒരൊറ്റ 'പ്ലാവില'യുടെ കീഴില്‍ തണല്‍ തേടുകയാണ്. സുമനസുകളായ സൗഹൃദങ്ങളുടെ സഹായത്തോടെ മൂത്ത മകന്‍ ജസീന്‍ ഡെന്റല്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്നു. ഇളയവന്‍ മുഹമ്മദ് മുസ്തഫ മൂന്നാം ക്ലാസിലാണ്.
രോഗവും ദാരിദ്ര്യവും ആഞ്ഞാഞ്ഞു പരീക്ഷിക്കുമ്പോഴും അന്‍വര്‍ ബാബുവിനു നിരാശയില്ല. രോഗം കാരണം കേള്‍വിശക്തി ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്. കാഴ്ച മങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആത്മാഭിമാനത്തിന് ഇനി പോറലേല്‍പ്പിക്കില്ലെന്ന്, ഇനിയും യാചനക്കിറങ്ങില്ലയെന്ന് അയാള്‍ തറപ്പിച്ചു പറയുന്നു.
'പ്ലാവില'യുമായി അയാള്‍ ജീവിതത്തോട് പോരാടുകയാണ്. വിശക്കുന്ന വയറുള്ള മൂന്നു കുടുംബങ്ങളുണ്ട്. വേദനിക്കുന്ന ശരീരത്തിന് ഇനിയും അനേകം ഓപ്പറേഷനുകള്‍ നടത്തേണ്ടതുണ്ട്. അടുത്ത ഓപ്പറേഷന്‍ ഈ മാസം 21 നാണ്.
ഇടക്കിടെ അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പ്ലാവിലയിലെ വിലവിവരപ്പട്ടികക്കൊപ്പം നിങ്ങള്‍ക്കിങ്ങനെ വായിക്കാം. 'ഞാന്‍ അന്‍വര്‍ ബാബു, രോഗത്തെ പ്രണയിച്ചവന്‍. ഒരവസ്ഥയും സ്ഥിരമല്ല. ജീവിതത്തില്‍ എല്ലാ വഴികളും അടഞ്ഞെന്നു വിശ്വസിക്കുമ്പോഴും രക്ഷപ്പെടുത്താന്‍ എവിടെ നിന്നെങ്കിലും ആരെങ്കിലും നമ്മെ തേടിയെത്താതിരിക്കില്ല'. തോറ്റുകൊടുക്കാന്‍ തയാറില്ലായ്മയുടെ പേരുകൂടിയാണ് അന്‍വര്‍ ബാബു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."