കബാലി ഇന്നും റോഡിലിറങ്ങി
തൃശൂര്‍: കഴിഞ്ഞ ദിവസം യാത്രക്കാരുമായി പോവുകയായിരുന്ന ബസിനെ എട്ടു കിലോമീറ്റര്‍ പുറകോട്ടോടിച്ച അതിരപ്പളളിയിലെ കാട്ടാന ഒറ്റയാന്‍ കബാലി ഇന്നും റോഡിലിറങ്ങി. മലക്കപ്പാറയില്‍ നിന്ന് തേയില കയറ്റിക്കൊണ്ടുവന്ന ലോറി ഉള്‍പെടെ തടഞ്ഞു. കാറും ലോറിയും ഉള്‍പെടെ പുറകോട്ടെടുത്തു. ഷോളയാര്‍ പവര്‍ഹൗസ് റോഡിലേക്ക് ആന പിന്നെ വഴിമാറിപ്പോയി.
കഴിഞ്ഞ ദിവസം സ്വകാര്യ ബസിനു മുന്നിലേക്കു പാഞ്ഞടുത്ത ഒറ്റയാന്‍ കബാലിയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഡ്രൈവര്‍ ബസ് 8 കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്. ചാലക്കുടി - വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ഇന്നലെ രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയില്‍ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. പിന്നിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ വഴിമാറ്റി വിട്ടു. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാന്‍ ആനക്കയം ഭാഗത്തെത്തിയപ്പോള്‍ കാട്ടിലേക്കു കടന്നതോടെയാണ് യാത്രക്കാര്‍ക്കു ശ്വാസം നേരെവീണത്.
ആഴ്ചകളായി ആനമല പാതയില്‍ ഈ ഒറ്റയാന്റെ ഭീഷണി ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചു. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ആക്രമണമുണ്ടായി. 2 വര്‍ഷമായി ഇടയ്ക്കിടെ മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന കബാലി ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതുകൊണ്ടാണ് അക്രമവാസന കാണിക്കുന്നതെന്നും വനം ജീവനക്കാര്‍ പറയുന്നു. ശല്യക്കാരനായ ഒറ്റയാന് കബാലിയെന്നു പേരിട്ടത് വനം ജീവനക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."