രണ്ടുവര്‍ഷം കഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ ധനവിഹിതത്തില്‍ 32,000 കോടി നഷ്ടമാകും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വികലമായ സാമ്പത്തിക നയം തുടര്‍ന്നാല്‍ രണ്ടുവര്‍ഷം കൊണ്ട് കേരളത്തിന് ലഭിക്കേണ്ട വിഹിതത്തില്‍ 32,000 കോടിയുടെ കുറവുണ്ടായേക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ല. എത്രകാലം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമെന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തികമേഖലയിലെ സ്ഥിതി വളരെ ഗുരുതരമാണ്. സാമ്പത്തികസ്ഥിതി ചര്‍ച്ച ചെയ്യാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. സംസ്ഥാനങ്ങളെ സംരക്ഷിക്കേണ്ട ചുമതല കേന്ദ്രസര്‍ക്കാരിനുണ്ട്. കേന്ദ്രത്തിന്റെ കൈയില്‍ പണമില്ലാതായത് തെറ്റായ സാമ്പത്തിക നയങ്ങളിലൂടെയാണ്. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് വാരിക്കോരി നല്‍കുന്നത് കൂടാതെ, പൊന്മുട്ടയിടുന്ന താറാവുകളെ വില്‍ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്. വിത്തെടുത്ത് കുത്തുമ്പോള്‍ അടുത്തതവണ വിതയ്ക്കാന്‍ വിത്ത് പോലുമില്ലാത്ത സ്ഥിതിയിലേക്ക് കൂപ്പുകുത്തുമെന്ന് അവര്‍ ചിന്തിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഒറ്റയടിക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ധനവിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഡിവിസീവ് പൂള്‍ കുറയ്ക്കുകയും സെസ് കൂട്ടുകയുമാണ്. കടമെടുക്കാനുള്ള പരിധിയും വര്‍ധിപ്പിക്കുന്നില്ല. സബ്‌സിഡികള്‍ ഇല്ലാതാക്കിയും കൊള്ള തുടരുകയാണ്. എന്നാല്‍ എത്രയൊക്കെ പ്രതിസന്ധി നേരിട്ടാലും സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമ നടപടികളില്‍ നിന്നു പിന്നോട്ടുപോകില്ല. ആഭ്യന്തര വരുമാനം കൂട്ടി സാമ്പത്തികരംഗത്തെ സജീവമാക്കി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 15ന് ജി.എസ്.ടി കൗണ്‍സില്‍ ചേരുമെന്നാണ് വിവരം. സംസ്ഥാനങ്ങളുടെ നികുതി ഉറപ്പാക്കാന്‍ കോമ്പന്‍സേഷന്‍ ഗ്രാന്റ് അഞ്ച് വര്‍ഷം കൂടി നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."