താനൂരില്‍ സമാധാനശ്രമങ്ങള്‍ക്ക് സി.പി.എം തുരങ്കംവെക്കുന്നു: മുസ്‌ലിംലീഗ്
മലപ്പുറം: താനൂരിലെ തീരദേശ മേഖലകളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സി.പി.എം. നേതൃത്വം അടിയന്തിരമായി മുന്നോട്ടുവരണമെന്നു മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ ആവശ്യപ്പെട്ടു. 17ലധികം വീടുകള്‍ ക്രൂരമായ അക്രമത്തിനു വിധേയമായിട്ടുണ്ട്. വാഹനങ്ങള്‍ കത്തിക്കുകയും വീട്ടുപകരണങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഭരണങ്ങളും പണവും മറ്റു കൈയിലൊതുങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും അക്രമികകള്‍ കവര്‍ച്ച ചെയ്തു. പൊട്ടിക്കരയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരിഞ്ഞുനോക്കാത്ത പൊലിസിനെക്കുറിച്ച് പരാതികള്‍ മാത്രമേയുള്ളു. ഉണ്യാല്‍ പ്രദേശത്തു വര്‍ഷങ്ങളായി ഇത്തരം അക്രമങ്ങള്‍ നടന്നുവരികയാണ്. ഇപ്പോഴത്തെ അക്രമം ഉണ്യാലില്‍ അരങ്ങേറുമ്പോള്‍ ഒരു വിഭാഗം പൊലിസ് ഓഫിസര്‍മാര്‍ ആലിന്‍ചുവട്, ദേവദാര്‍ പ്രദേശങ്ങളില്‍ ലീഗ് പ്രവര്‍ത്തകരുടെ നേരെ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ആ പ്രദേശത്തും സംഘര്‍ഷത്തിന് വഴി തെളിയിച്ചു. അക്രമികളില്‍ പലരുടെയും വ്യക്തമായ ചിത്രങ്ങള്‍ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുള്ളതാണ്. അക്രമരാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും ബലപ്രയോഗംകൊണ്ട് എതിരാളികളെ ഒതുക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന ഒരു ചെറിയവിഭാഗം മാര്‍ക്‌സിസ്റ്റുകാരാണു സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നത്. അത്തരക്കാരെ നിയന്ത്രിക്കുന്നതിലും സമാധാനം പുന:സ്ഥാപിക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കേണ്ട സി.പി.എം നേതാക്കള്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടു സ്വീകരിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു കെ.എന്‍.എ ഖാദര്‍ പറഞ്ഞു.
യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുവാനും അറസ്റ്റ് ചെയ്യുവാനും നിഷ്പക്ഷമായ ഇടപെടല്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അക്രമത്തിനിരയായവരും സ്വത്തു നാശം സംഭവിച്ചവരും നല്‍കിയ പരാതികളില്‍ അന്വേഷണം ആരംഭിക്കുകയോ സംഭവസ്ഥലവും വീടുകളും സന്ദര്‍ശിച്ചു മഹസര്‍ തയാറാക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാന്‍ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന ജില്ലാ ഭരണാധികാരികള്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കുവാനും സുരക്ഷിതിമായ ജീവിതം പ്രദേശവാസികള്‍ക്ക് ഉറപ്പാക്കാനും തയാറാകണം. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഭരണകൂടം മുന്നോട്ടുവരണമെന്നും ഖാദര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."