ജില്ലയില്‍ തെരുവു നായയുടെ ആക്രമണം; എട്ടു മാസത്തിനിടെ കടിയേറ്റത് 4748 പേര്‍ക്ക്
പൊന്നാനി: ജില്ലയില്‍ തെരുവുനായയുടെ ആക്രമണം വര്‍ധിക്കുന്നു. നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനവുണ്ട്. എന്നാല്‍ നായ ശല്യത്തിനെതിരേ നടപടിയെടുക്കുന്നതില്‍ അധികൃതര്‍ക്കു ഗുരുതര വീഴ്ചയാണ് ഉണ്ടാകുന്നത്. പല നടപടികളും കടലാസിലൊതുക്കുകയാണു തദ്ദേശ ഭരണ പഞ്ചായത്തുകള്‍. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എഴുമാസത്തിനിടയില്‍ ജില്ലയില്‍ നായയുടെ ആക്രമണത്തിനിരയായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്നു പറയുന്നു
തെരുവു നായ ശല്യം രൂക്ഷമായ ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ കടിയേറ്റത് 4748 പേര്‍ക്കാണ്. വിദ്യാര്‍ഥികള്‍ക്കും വൃദ്ധര്‍ക്കും പുറമേ നൂറുകണക്കിനു വളര്‍ത്തുമൃഗങ്ങള്‍ക്കും ജില്ലയില്‍ തെരുവു നായയുടെ കടിയേറ്റു. കഴിഞ്ഞ മാസത്തില്‍ മാത്രം ജില്ലയില്‍ 701 പേര്‍ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഈ മാസം ഇതുവരെ 58 പേരാണു തെരുവുനായയുടെ കടിയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയത്. 2014 ല്‍ ആണ് തെരുവു നായ കടിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത്. 7200 പേര്‍ക്കാണ് കടിയേറ്റത്. 2013 ല്‍ 3841 പേര്‍ക്കും കഴിഞ്ഞ വര്‍ഷം 4878 പേര്‍ക്കും തെരുവ് നായയുടെ കടിയേറ്റു.
തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഫലപ്രദമല്ല. ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന കോഡൂര്‍, പൊന്മള പഞ്ചായത്തുകളില്‍ പേ ബാധയേറ്റ ഒരു തെരുവു നായയുടെ കടിയേറ്റ് ഇരുപതോളം പേര്‍ ചികിത്സ തേടിയത് ആഴ്ചകള്‍ക്കു മുമ്പാണ്. ഈ മാസം 12 നു നാലും 16 ന് അഞ്ചും 17നു മൂന്നും ആളുകള്‍ നായയുടെ കടിയേറ്റു ചികിത്സ തേടി. ജില്ലാ ആസ്ഥാനത്തിനു പുറമേ ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം രാത്രിയോ പകലോ എന്നു വ്യത്യാസമില്ലാതെ നായ ശല്യം രൂക്ഷമാണ്. രാവിലെ മദ്രസകളിലേക്കു പോകുന്ന കുട്ടികളാണു കൂടുതലും തെരുവുനായ ശല്യത്തിന് ഇരയാകുന്നത്.
പൊതുനിരത്തുകളില്‍ മാലിന്യം വലിച്ചെറിയുന്നതാണു നായയുടെ ശല്യം വര്‍ധിക്കുന്നതിനു പ്രധാന കാരണം. നായയുടെ ശല്യം തടയാനും വംശവര്‍ധനവു കുറക്കാനും 2001 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആനിമല്‍ ബര്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ജില്ലയില്‍ അതു കാര്യക്ഷമമായി ഇനിയും നടപ്പില്‍ വരുത്തിയിട്ടില്ല. വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അതിനെ ഏകോപിച്ചു നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവുന്നില്ല. നായകളെ പിടികൂടി കൊല്ലുന്ന സംഘം ജില്ലയില്‍ സജീവമാണെങ്കിലും മതിയായ വേതനം ലഭിക്കാത്തതിനാല്‍ ഇവര്‍ കര്‍ണാടകയെ ആശ്രയിക്കുകയാണ്. ഇവിടെ ഒരു നായയെ കൊന്നാല്‍ നൂറു രൂപയാണെങ്കില്‍ കര്‍ണാടകയില്‍ 300 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."