പട്ടികജാതി/വർഗ ഫണ്ടുകൾ ഒഴുകുന്നത് എങ്ങോട്ട്?
അബ്ദുൾ ലത്തീഫ് മാറഞ്ചേരി
കേരള സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരാണ് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ. ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയമാകുന്നതും ഇവരാണ്. സാമ്പത്തികമായും സാമൂഹികമായും ശാരീരികമായും ഈ ചൂഷണം തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഇൗ വിഭാഗങ്ങളുടെ ഉന്നമനത്തിന് സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് വർഷംതോറും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത വകുപ്പുകൾ, കോർപറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ വഴിയാണ് പട്ടികജാതി/വർഗ വിഭാഗങ്ങൾക്കുവേണ്ടി ഫണ്ടുകൾ ചെലവഴിക്കുന്നത്. ഇവർക്കുവേണ്ടി ചെലവഴിച്ച കോടിക്കണക്കിന് രൂപ ഓരോ പട്ടിക ജാതി/വർഗ വിഭാഗങ്ങൾക്കും നേരിട്ട് കൊടുക്കുകയാണെങ്കിൽ ഈ വിഭാഗം ഇന്ന് സമ്പന്നരായി മാറിയേനെ!
പട്ടിക ജാതി/വർഗത്തിനുവേണ്ടി പദ്ധതി ആവിഷ്കരിച്ചവരും അവ നിർവഹണം നടത്തിയവരും സമ്പന്നരാവുകയാണ് ചെയ്തത്. മന്ത്രിയും വകുപ്പുമെല്ലാം ഉണ്ടെങ്കിലും ഈ മേഖലയിൽ ചെലവഴിക്കുന്ന ഫണ്ടുകൾക്ക് ശക്തമായ മോണിറ്ററിങ്ങും കോ-ഓർഡിനേഷനും ഇല്ല. ചെലവഴിക്കുന്ന ഫണ്ടുകളുടെ ദുരുപയോഗം സംബന്ധിച്ച് നിരന്തരമായി മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടും ഓഡിറ്റ് വിഭാഗങ്ങൾ വെട്ടിപ്പ് ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് അഴിമതിക്ക് അറുതിയാവാത്തത്.
വിവിധ ഏജൻസികളാണ് സമൂഹത്തിലെ ഈ അവശവിഭാഗങ്ങൾക്കുവേണ്ടി പദ്ധതി ആവിഷ്കരിക്കുന്നത്. അതിൽ വലിയൊരു വിഹിതം ഇവർക്കായി ചെലവഴിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. കൃഷി കഴിഞ്ഞാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നത് ഈ മേഖലയിലാണ്. പദ്ധതി രൂപീകരിക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ 22.5 ശതമാനം ഫണ്ട് നിർബന്ധമായും പട്ടികജാതി/വർഗ വിഭാഗത്തിന് നീക്കിവയ്ക്കണം. ഈ ഫണ്ട് ഒരു കാരണവശാലും വകമാറ്റി ചെലവഴിക്കാൻ പാടില്ല. പദ്ധതി കണ്ടെത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചേടത്തോളം വലിയൊരു തലവേദനയാണ്.
കുറെ തട്ടിക്കൂട്ട് പദ്ധതികളായിരിക്കും മിക്കപ്പോഴും ആവിഷ്കരിക്കുക. കോളനികളുടെ ശാക്തീകരണം എന്ന് പറഞ്ഞ് സൈഡ് കെട്ടൽ, ടൈൽ പതിക്കൽ തുടങ്ങിയവക്ക് ലക്ഷക്കണക്കിന് രൂപ നീക്കിവയ്ക്കും. എൻജിനീയറിങ് വിഭാഗം ബോഗസ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കും. ഇത് അംഗീകരിച്ചാൽ നീക്കിവച്ച ഫണ്ടിന്റെ പകുതിപോലും ചെലവഴിക്കാതെ ബിൽ എഴുതി പണം തട്ടും.
പട്ടികജാതി/വർഗ വിഭാഗങ്ങൾക്കുള്ള തൊഴിൽ പരിശീലനമാണ് മറ്റൊരു തട്ടിപ്പ്. നല്ലൊരു സംഖ്യ ഇതിനുവേണ്ടി വർഷംതോറും തദ്ദേശസ്ഥാപനങ്ങൾ നീക്കിവയ്ക്കും. പേരിന് ഒരു പരിശീലനം നൽകും. ലക്ഷങ്ങൾ അതിൽനിന്ന് വിവിധ ഏജൻസികൾ തട്ടിയെടുക്കും. വീട് നിർമാണത്തിനാണ് പണം നൽകുന്നതാണ് മറ്റൊരു സ്കീം. ഇതാണ് ഈ ഏറ്റവും പ്രയോജനമുള്ള പദ്ധതി. ഒരു വീടിന് 4 ലക്ഷം രൂപ മാത്രമാണ് നൽകുക. ഇപ്പോഴത്തെ അവസ്ഥയിൽ 4 ലക്ഷം കൊണ്ട് വീടിന്റെ പകുതി പണിപോലും നടക്കുകയില്ല.
ഒറ്റമുറി വെയ്റ്റിങ് ഷെഡ് നിർമാണത്തിന് പത്ത് ലക്ഷം ചെലവഴിക്കുന്ന സർക്കാർ, വീട് നിർമാണത്തിനുമാത്രം മതിയായ ഫണ്ട് നൽകുന്നില്ല. ഇവരുടെ ഫണ്ട് അനാവശ്യമായി മറ്റ് മേഖലകളിൽ ചെലവഴിക്കുന്നത് ഒഴിവാക്കി ഭവന നിർമാണത്തിന് ആ സംഖ്യ കൂടി നീക്കിവച്ച് ഒരു വീടിന് ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും നൽകണം. 4 ലക്ഷം കൊടുത്താൽ ബാക്കി സംഖ്യ പലിശയ്ക്ക് കടമെടുത്ത് കുത്തുപാളയെടുക്കും.
പുരോഗതിയാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് പ്രത്യേക കോളനികൾ നിർമിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.
കോളനിവൽകരണത്തിലൂടെ അവർ ഒറ്റപ്പെടുകയാണ് ചെയ്യുക. സാമൂഹിക അസമത്വങ്ങൾക്കും കോളനിവത്കരണം ഇടയാകുന്നു. സമൂഹത്തിൽ രണ്ടാംകിട പൗരന്മാരാക്കി മാറ്റുന്നതാണ് ഈ സമ്പ്രദായം. മറ്റുവിഭാഗങ്ങളുമായി ഇടകലർന്ന് ജീവിക്കാനുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കേണ്ടത്.
വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതുകൊണ്ട് ഇൗ വിഭാഗങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന പല പദ്ധതികളിലും ഇരട്ടിപ്പ് കാണാൻ കഴിയും. ഉദാഹരണത്തിന് വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കുള്ള ലാപ് ടോപ് വിതരണ പദ്ധതി പട്ടികജാതി വകുപ്പും പട്ടികജാതി വികസന കോർപ്പറേഷനും ഒരേ വർഷംതന്നെ നടപ്പാക്കിയിട്ടുണ്ട്. പലർക്കും ഒന്നിൽ കൂടുതൽ ലാപ്ടോപുകൾ ഒരേ വർഷം ലഭിക്കുകയുണ്ടായി. ഈ ഇരട്ടിപ്പ് പല പദ്ധതികളിലും കാണാൻ കഴിയും. ഇത് കണ്ടെത്തുന്ന ഉദ്യോഗസ്ഥർ ബില്ലുകൾ മാറിയെടുത്ത് ഉപകരണങ്ങൾ വിതരണം ചെയ്യാതെ ലക്ഷങ്ങൾ തട്ടിയെടുക്കും. ഉപഭോക്താക്കൾ ഇത് അറിയുന്നില്ലല്ലോ? ഓഡിറ്റ് ചെയ്യുന്ന ഏജൻസികൾക്ക് ബിൽ ഉണ്ടായാൽ മതി.
പട്ടികവർഗ വിഭാഗത്തിന് നടപ്പാക്കുന്ന പദ്ധതികളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ അരങ്ങേറുന്നത്. കാടുകളോടനുബന്ധിച്ച വിദൂര കോളനികളിൽ കഴിയുന്ന വിവിധ ആദിവാസികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികവർഗ വകുപ്പും പട്ടികവർഗ കോർപറേഷനും മറ്റ് ധാരാളം എൻ.ജി.ഒകളും വർഷംതോറും കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അധികവും കടലാസ് പദ്ധതികളാവും. കോളനികളിൽ വൈദ്യുതി എത്തിക്കാൻ പ്രയാസമായതുകൊണ്ട് സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി വ്യാപകമായി നടപ്പാക്കുന്നുണ്ട്.
കാട്ടാനകളുടെ ഉപദ്രവങ്ങളിൽ നിന്ന് ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയായിരുന്നു സോളാർ ഫെൻസിങ്. സർക്കാർ ഏജൻസിയായ അനർട്ടിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. തദ്ദേശസ്ഥാപനങ്ങൾ പദ്ധതിവച്ച ഉടനെ ഫണ്ട് അനർട്ടിന് കൈമാറും. പണം കൈമാറുന്നതോടെ പദ്ധതി പണം ചെലവായതായി കണക്കാക്കും. വർഷങ്ങൾ കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോഴാണ് അങ്ങനെ ഒരു പദ്ധതി പോലും നടന്നിട്ടില്ലന്ന് മനസ്സിലാവുക.
പിന്നെ തട്ടിക്കൂട്ട് പ്രൊജക്റ്റ് അനർട്ടിൽ അക്രഡിറ്റ് ചെയ്ത ഏജൻസികൾ വഴി നടപ്പാക്കുന്നു. ഒരു കാട്ടാനയെപ്പോലും തടഞ്ഞിട്ടില്ലാത്ത സോളാർ കമ്പിവേലി പേരിന് സ്ഥാപിച്ച് തദ്ദേശ സ്ഥാപനങ്ങൾ അനർട്ടിൽ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ പരസ്പര ധാരണയോടെ തട്ടിയെടുക്കുന്നു. ഇങ്ങനെ എത്ര പദ്ധതികൾ വഴിയാണ് ആദിവാസി ഫണ്ട് തട്ടിപ്പ് അരങ്ങേറുന്നത്!
ആദിവാസി വിഭാഗങ്ങൾക്കുള്ള ഭവനനിർമാണമാണ് ഇതിൽ തട്ടിപ്പ് നടക്കുന്ന മറ്റൊരു മേഖല. കോടികൾ ചെലവഴിച്ച് ഭവനങ്ങൾ പണിതിട്ടും നല്ല രീതിയിൽ താമസിക്കാൻ പറ്റുന്ന ഒരു വീടും അവരുടെ ഊരുകളിൽ കാണാൻ സാധിക്കുകയില്ല. ഓലമേഞ്ഞ കുടിലുകൾക്കിടയിലുള്ള സ്ഥലം കട്ടവിരിച്ചും ടൈലിട്ടും സൗന്ദര്യ വത്കരണം നടത്തും. ആ മിനുസമുള്ള ടൈലുകൾ ചവുട്ടിക്കയറുന്ന വീടുകൾ പൊട്ടിപ്പൊളിഞ്ഞ നിലവും നിലംപൊത്താറായ മേൽക്കുരയും ഉള്ളതായിരിക്കും.
ഇങ്ങനെ വൈരുധ്യങ്ങളിലുടെയാണ് ഇവർക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഈ പച്ചയായ കൊള്ളയെ സംബന്ധിച്ച് പത്ര- ദൃശ്യ മാധ്യമങ്ങൾ വ്യക്തമായ രേഖകളോടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടും സർക്കാരിനോ വകുപ്പുകൾക്കോ ഒരു കുലുക്കവുമില്ല. പേരിന് ചിലത് അന്വേഷിക്കും. വീണ്ടും ഇതുപോലുള്ള പദ്ധതികൾ യാതൊരു ഉളുപ്പുമില്ലാതെ ആവർത്തിക്കും. വർഷംതോറും ഒഴുക്കുന്ന കോടികൾ ആദിവാസികൾക്ക് നേരിട്ട് നൽകിയിരുന്നുവെങ്കിൽ അവർ ഇപ്പോൾ ലക്ഷപ്രഭുക്കളായി മാറിയേനെ.
പൊതുഫണ്ടിൽനിന്ന് വർഷങ്ങളായി ഫണ്ട് ചോരുന്നതിൽ ആർക്കും പരിഭവം കാണുന്നില്ല. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽ വിവിധ വകുപ്പുകളും ഏജൻസികളും നാളിതുവരെയായി ചെലവഴിച്ച സംഖ്യകളും അവ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികളും പ്രയോജനങ്ങളും വിശദ പഠനത്തിന് വിധേയമാക്കി ധവളപത്രം ഇറക്കാൻ അധികാരികൾ തയാറായാൽ, ഇതിന്റെയൊക്കെ ഉള്ളുകള്ളികൾ വ്യക്തമാവും. ഈ കൊള്ളയിലെ പങ്കുവയ്പ്പുകാരാണ് മുകൾതട്ട് മുതൽ താഴെവരെയുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇടനിലക്കാരും അടക്കമുള്ളവർ.
(റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."