എ.ടി.എം കവര്‍ച്ചാ ശ്രമം; പ്രതി അറസ്റ്റില്‍ പിടിയിലായത് ബംഗാള്‍ സ്വദേശി ഗോവിന്ദന്
കോട്ടക്കല്‍: ഒതുക്കുങ്ങലില്‍ കഴിഞ്ഞ ദിവസം എ.ടി.എം കവര്‍ച്ചാ ശ്രമം നടന്ന സംഭവത്തില്‍ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി ശ്വനാഥന്റെ മകന് ഗോവിന്ദന് (25) ആണ് അറസ്റ്റിലായത്. ഇന്നലെ ഒതുക്കുങ്ങലില്വെച്ചാണ് ഇയാളെ പൊലിസ് പിടികൂടിയത്.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം നടന്നത്. ഒതുക്കുങ്ങല്‍ ടൗണിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിലെ സി.സി.ടി.വിയും മെഷീനും തകര്‍ന്ന നിലയിലായിരുന്നു. പരിശോധനയില്‍ ഇയാളുടെ മുഖം വ്യക്തമായി കാമറയില്‍ പതിഞ്ഞതോടെയാണ് പ്രതിയെ പെട്ടെന്നു പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്.
പത്തു വര്‍ഷമായി ഇയാള്‍ കേരളത്തിലെത്തിയിട്ട്. സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് ജോലിചെയ്തു വരികയായിരുന്നു. ആഴ്ചകള്‍ക്കു മുമ്പാണ് ഇയാള്‍ ഒതുക്കുങ്ങലില്‍ എത്തുന്നത്. മോഷണ ശ്രമം നടന്ന കെട്ടിടത്തിന്റെ മുകളിലാണു താമസം. ഇടപാടുകാര്‍ എ.ടി.എമ്മിലെത്തി പണമെടുക്കുന്നത് ഇയാള്‍ മുകളിലിരുന്നു വീക്ഷിക്കുന്നതു പതിവാണ്. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിച്ച പ്രതി പുലര്‍ച്ചെ നാലു മണിയോടെ ചുറ്റികയുമായി എത്തി എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തുകയായിരുന്നു. എ.ടി.എമ്മില്‍ എട്ടു ലക്ഷത്തിലധികം രൂപയുണ്ടായിരുന്നെങ്കിലും പ്രതിക്ക് അവ കവര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നില്ല.
നിര്‍മാണ തൊഴിലാളിയായ ഇയാള്‍ ബംഗാളിലെ മാള്‍ഡ ജില്ലക്കാരനാണ്. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. ഇയാള്‍ മറ്റു കേസുകളിലൊന്നും പ്രതിയല്ലെന്നും പൊലിസ് പറഞ്ഞു. കോട്ടക്കല്‍ എസ്.ഐ ആര്. വിനോദ്, അനില്‍കുമാര്‍, നസീര്‍, ശരത്, സജു, ബെന്നി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി. പ്രതിയെ ഇന്ന് മലപ്പുറം ജില്ലാ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."