ചുവപ്പിന് ചോട്ടിലെ കാവി
വിനോദ് രവി
ഹിന്ദുദേശീയതയുടെ രൂപപ്പെടലും പരുവപ്പെടലും വളര്‍ച്ചയുമൊക്കെ സ്വാതന്ത്ര്യ സമര കാലത്തായിരുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍പോലെ സ്വാതന്ത്ര്യസമര ദേശീയതയും പല അടരുകള്‍ ചേര്‍ന്നതായിരുന്നു. അതിലൊന്നായിരുന്നു ഹിന്ദുദേശീയത. ഹിന്ദുദേശീയതയും തീവ്രഹിന്ദുത്വവും തമ്മില്‍ അന്ന് ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരും ചിന്തകരും രാഷ്ട്രീയപ്രസ്ഥാനങ്ങളുണ്ട്. എന്നാല്‍ ഇവ തമ്മില്‍ അന്നും വലിയ അകലങ്ങള്‍ ഇല്ലായിരുന്നു. തീവ്ര ഹിന്ദുത്വത്തെ അന്ന് സംഘടന സംവിധാനമെന്ന നിലയിലല്ല വിലയിരുത്തുന്നത്, ആശയം എന്ന കാഴ്ചപ്പാടിലാണ്. ആശയം രാജ്യത്തെ സംഘ്പരിവാര്‍ അല്ലെങ്കില്‍ ആര്‍.എസ്.എസ് മാത്രമായിരുന്നില്ല പ്രചരിപ്പിച്ചിരുന്നത്. ഇതര സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും രാഷ്ട്രീയഭൂമികയിലും അതിന്റെ നിഴലുകള്‍ നീളത്തില്‍ നിലനിന്നിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം സ്ഥാപിക്കപ്പെട്ട ദേശീയ ജനാധിപത്യ അധികാരത്തില്‍ നെഹ്‌റുവിന് പകരം മറ്റൊരാള്‍ വന്നെത്തിയിരുന്നുവെങ്കില്‍ തീവ്ര ഹിന്ദുദേശീയത പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ദേശീയ രാഷ്ട്രീയ അധികാരത്തില്‍ പരിപൂര്‍ണാധികാരം സ്ഥാപിക്കുമായിരുന്നു. തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായിരുന്ന നെഹ്‌റുപോലും ചിലപ്പോൾ തീവ്ര ഹിന്ദു ദേശീയതയുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതായി വന്നിട്ടുണ്ട്. ആദ്യമായി അധികാരത്തിലെത്തിയ സര്‍ക്കാരിലേക്ക് ഹിന്ദു മഹാസഭ നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയായി ഉള്‍പ്പെടുത്തിയിരുന്നു. അന്ന് ആ ചെയ്തിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് വേണമെങ്കില്‍ പറയാം. സര്‍ക്കാര്‍ കോണ്‍ഗ്രസിൻ്റേതായിരുന്നില്ല. ബഹുജന ദേശീയ സര്‍ക്കാരായിരുന്നു. തുടർന്നാണ് ഗാന്ധി വെടിയേറ്റ് മരിക്കുന്നത്. നാഥുറാം വിനായക ഗോഡ്‌സെയായിരുന്നു ഗാന്ധിയെ വെടിവച്ച് കൊന്നത്. സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരതയായിരുന്നു ഗാന്ധിവധം. ആ ഭീകരത നടന്നിട്ടും മന്ത്രിസഭയില്‍നിന്ന് മുഖര്‍ജിക്ക് പുറത്ത് പോകേണ്ടിവന്നില്ല. ഇതിനര്‍ഥം നെഹ്‌റു ഹിന്ദുത്വരാഷ്ട്രീയത്തെ പിന്തുണച്ചുവെന്നല്ല. നെഹ്‌റുവും അംബേദ്കറും അടക്കമുണ്ടായിരുന്ന ആദ്യ സര്‍ക്കാരിലും തീവ്ര ഹിന്ദുത്വ രാഷ്ട്രീയം അദൃശ്യസാന്നിധ്യം നിലനിര്‍ത്തിയിരുന്നെന്നു വേണം മനസിലാക്കാന്‍. രാജ്യത്തെ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക, സാംസ്‌കാരിക മുന്നേറ്റങ്ങളില്‍ മിക്കതിലും അറിഞ്ഞോ അറിയാതെയോ അധികാര ലഭ്യതക്കും മറ്റുമായി തീവ്രഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തിട്ടുണ്ട്. തീവ്ര ഹിന്ദുത്വശക്തികള്‍ സൂക്ഷ്മമായി നടത്തിയ ഇത്തരം ഇടപെടലുകളുടെ പൂര്‍ണരൂപമാണ് ഇന്നു കാണുന്ന സംഘ്പരിവാർ ഭരണകൂടങ്ങള്‍.
ഇത്രയും സൂചിപ്പിച്ചത് പശ്ചിമബംഗാളില്‍ ഇപ്പോള്‍ രൂപപ്പെട്ട രാഷ്ട്രീയ സംഖ്യത്തിന്റെ അപകടകരമായ ഭാവിയെക്കുറിച്ച് പറയാനാണ്. പശ്ചിമബംഗാളിലെ നന്ദകുമാർ ബ്ലോക്കിലെ സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ മാതൃകയാണ് അപകടകരമായ രാഷ്ട്രീയസഖ്യം. ഇവിടെ പശ്ചിമബംഗാള്‍ സമവായ ബച്ചാവോ സമിതി എന്ന സഖ്യം 52 സീറ്റ് നേടിയപ്പോള്‍ തൃണമൂലിന് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. വെറും പതിനൊന്ന് സീറ്റിലേക്ക് മത്സരിച്ചിട്ടും സീറ്റ് നേടാൻ കഴിഞ്ഞില്ലെന്നത് തൃണമൂലിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബഹ്റാംപൂര്‍ അഗ്രിക്കള്‍ച്ചര്‍ ക്രഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണം നേരത്തെ തൃണമൂലിനായിരുന്നു എന്നു മാത്രമല്ല അവര്‍ക്ക് സ്വാധീനമുള്ള പ്രദേശം കൂടിയായിരുന്നു ഇത്. ഇവിടെയാണ് റാം-ബാം (ബി.ജെ.പി-സി.പി.എം) സഖ്യമെന്ന് മമത വിമര്‍ശിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന് വിജയം ഉണ്ടായിരിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പലയിടത്തും ഇത്തരം പ്രാദേശിക സഖ്യങ്ങള്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തിവന്നിരുന്നു. ചുവരുകളില്‍ രണ്ടു കൂട്ടരുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഐക്യപ്പെട്ട് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറമാണ് ഈ സൊസൈറ്റി തെരഞ്ഞെടുപ്പിനുള്ള അപകടകരമായ സഖ്യസമവാക്യത്തിനുള്ളത്.
ബംഗാളിലെ സാമൂഹിക ജീവിതത്തില്‍ ഇത്തരം സൊസൈറ്റികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കേരളത്തെ പോലെ മധ്യവര്‍ഗ സാമ്പത്തിക ഇടപാടുകളെ തൃപ്തിപ്പെടുത്തുന്ന മാതൃകയല്ല അവിടെയുള്ള സഹകരണമേഖലക്കുള്ളത്. അത് കാര്‍ഷികമേഖലയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നതാണ്. വലിയ ഭൂരിപക്ഷത്തില്‍ സി.പി.എം അധികാരം നിലനിര്‍ത്തിയിട്ടും അടുത്ത തെരഞ്ഞെടുപ്പില്‍ തകര്‍ന്നു തരിപ്പണമായത് സിങ്കൂരിലെയും നന്ദിഗ്രാമിലെയും കാര്‍ഷിക, ഭൂപ്രശ്‌നങ്ങളാലായിരുന്നല്ലോ? ഇത് കൃത്യമായി അറിഞ്ഞിട്ടാണ് മമത ശക്തമായി രംഗത്തുവന്നത്. എന്നാല്‍ മമതയുടെ വിമര്‍ശനങ്ങള്‍ക്ക് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുന്‍പ് ഇത്തരത്തില്‍ സി.പി.എമ്മിന് ചരിത്രപരമായ മണ്ടത്തരം പറ്റിയിട്ടുണ്ട്. അതിന്റെ പേരില്‍ ഇന്നും അവര്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
അടിയന്തിരാവസ്ഥക്ക് ശേഷമുള്ള ജനതാ സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്നുവരെ അകറ്റിനിര്‍ത്തിയിരുന്ന ജനതാപാർട്ടിയെ മതേതര ചേരിയിലേക്ക് നടത്തിച്ച് മാന്യത നല്‍കി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ പങ്കുണ്ടായിരുന്നു. അതിനേക്കാള്‍ അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴുള്ള ഈ സഖ്യം ബി.ജെ.പിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യന്‍ ഇടതുപക്ഷത്തെ വല്ലാതെ ദുര്‍ബലപ്പെടുത്തുകയുമായിരിക്കും ചെയ്യുക. അധികാരത്തിനായി ആരുമായും കൂട്ടുകൂടാന്‍ ബി.ജെ.പിക്ക് മടിയില്ല. അതിന്റെ ഉദാഹരണമാണ് കശ്മിരിലെ പി.ഡി.പിയുമായുണ്ടായിരുന്ന അധികാര പങ്കാളിത്വം. സി.പി.എം-ബി.ജെ.പി സഖ്യം പലപേരുകളില്‍ ബംഗാളില്‍ തുടര്‍ന്നാല്‍ ഒരുപക്ഷേ അത് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് പോലും വഴിവച്ചേക്കാം. സി.പി.എം ദേശീയ നേതൃത്വവുമായി ബംഗാള്‍ ഘടകം അത്ര രമ്യതയിലല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മുന്‍ തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സഖ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതിനു കാരണമാണ്. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പൊളിറ്റ് ബ്യൂറോയില്‍ പതിവായി പങ്കെടുക്കാത്തതൊക്കെ ഈ കാഴ്ചപ്പാടോടെ നിരീക്ഷിക്കണം.
സി.പി.എമ്മിനുള്ളില്‍ പിളര്‍പ്പുകള്‍ നേരത്തേയും നടന്നിട്ടുണ്ട്. 1964ൽ പാർട്ടിയിൽ പിളർപ്പുണ്ടായി. കേരളത്തില്‍പോലും എം.വി.ആറും ഗൗരിയമ്മയും പിണങ്ങിപ്പിരിഞ്ഞ് പുതിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ അധികാരം നിര്‍ണായകഘടകമാണ്. നിരന്തര അധികാരമില്ലാതെ പാര്‍ട്ടികള്‍ക്കും പിടിച്ചുനില്‍ക്കുവാന്‍ കഴിയുകയില്ല. സി.പി.എം പതിറ്റാണ്ടുകൾ തുടര്‍ച്ചയായി ഭരിച്ച സ്ഥലമാണ് ബംഗാൾ. പാർട്ടിയുടെ സംഘടനാസംവിധാനം ദുര്‍ബലപ്പെടുമ്പോള്‍ ബി.ജെ.പിയെ വാരിപ്പുണരുന്നത് വലതുപക്ഷ രാഷ്ട്രീയമാണ്. ഇതിനെ നിരന്തരം വിമര്‍ശിക്കുന്ന ഇടതുപക്ഷം നിലവിലെ ബംഗാൾ സഖ്യത്തിൽനിന്ന് പിന്നോട്ട് നടക്കണം. രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ ഐക്യത്തെയും പോരാട്ടങ്ങളെ കൂടിയാകും ബി.ജെ.പിയുമായുള്ള സഖ്യം ദുര്‍ബലപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."