ഇംഗ്ലണ്ടിന് അമേരിക്കൻ കുരുക്ക്
ദോഹ • ലോകകപ്പിൽ താരനിരയുള്ള ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ കുരുക്കി അമേരിക്ക. ആദ്യ മത്സരത്തിൽ സമനിലയുമായെത്തിയ അമേരിക്ക, ഇംഗ്ലണ്ടിന്റെ ആധിപത്യത്തിന് കടിഞ്ഞാണിടുന്ന കാഴ്ചയാണ് അൽ ബെയ്ത് സ്റ്റേഡിയത്ത് കണ്ടത്. പന്ത് കൈക്കലാക്കുന്നതിലും എതിർ ഗോൾവലയിലേക്ക് ഷോട്ടുകൾ പായിക്കുന്നതിലും ഇംഗ്ലണ്ടിനെക്കാൾ ഒരു പടി മുന്നിലെത്തിയത് അമേരിക്കയായിരുന്നു. ഇറാനെതിരായ മത്സരത്തിൽ ടീമിന് വൻ വിജയം സമ്മാനിച്ച അതേ സ്‌ക്വാഡിനെയാണ് പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റ് അമേരിക്കക്കെതിരേയും ഇറക്കിയത്. എന്നാൽ പ്രതിരോധവും ആക്രമണവും കൈമുതലാക്കിയെത്തിയ അമേരിക്കയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് വിറച്ചു. ഇംഗ്ലണ്ട് പോസ്റ്റിലേക്ക് നിരന്തരം പന്തെത്തിച്ചും അമേരിക്ക ഭീതി വിതച്ചു.
33ാം മിനുട്ടിൽ പുലിസിച്ച് തൊടുത്ത ഷോട്ട് ഇംഗ്ലണ്ടിന്റെ ഗോൾ ബാറിൽ തട്ടി തെറിച്ചതിന് അമേരിക്ക വൻ വില നൽകേണ്ടി വന്നു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ മേസൻ മൗണ്ടിന്റെ ഷോട്ട് നേരെ പോസ്റ്റിലേക്ക് നീങ്ങിയെങ്കിലും അവസരോചിത ഇടപെടലിലൂടെ അമേരിക്കൻ ഗോളി ടർണർ ആ ശ്രമം നിഷ്ഫലമാക്കി. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് കൂടുതൽ ഊർജവുമായെത്തിയെങ്കിലും അമേരിക്കൻ പ്രതിരോധത്തിനു മുന്നിൽ വിലപ്പോയില്ല. ഗ്രൂപ്പ് ബിയിൽ അമേരിക്കയുടെ തുടർച്ചയായ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തിൽ വെയിൽസിനോട് സമനില പാലിച്ചിരുന്നു. അതേസമയം, നാലു പോയിന്റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."