നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം; എറണാകുളത്തെ നേതാക്കള്‍ക്കെതിരേ നടപടിക്കൊരുങ്ങി സി.പി.എം
സ്വന്തം ലേഖകന്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇടതു തരംഗമുണ്ടായിട്ടും കനത്ത തോല്‍വി സമ്മാനിച്ച എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്കെതിരേ നടപടിക്കൊരുങ്ങി സി.പി.എം. ഈ മാസം തുടങ്ങുന്ന സമ്മേളനങ്ങള്‍ക്ക് മുമ്പ് തന്നെ നടപടി എടുക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടി വിശദീകരണം തേടി. തൃപ്പൂണിത്തുറയടക്കമുളള മണ്ഡലങ്ങളില്‍ കനത്ത വോട്ടുചേര്‍ച്ചയുണ്ടായെന്നും പരാജയം തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചില്ലെന്നുമാണ് അന്വേഷണ കമ്മിഷനുകളുടെ കണ്ടെത്തല്‍.
സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിച്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം പിന്നെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി മത്സരിച്ച പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചായിരുന്നു ഏറ്റവുമധികം പരാതികള്‍ ഉയര്‍ന്നത്. പിറവം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ പരാതി സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.എം ദിനേശ് മണി, പി.എം ഇസ്‌മേയേല്‍ എന്നിവരും, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ പരാതി ഗോപി കോട്ടമുറിക്കല്‍, കെ.ജെ ജേക്കബ് എന്നിവരുമാണ് അന്വേഷിച്ചത്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ മണിശങ്കര്‍, എന്‍.സി മോഹനന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എന്‍ സുന്ദരന്‍, വി.പി ശശീന്ദ്രന്‍, പി.കെ സോമന്‍, ഏരിയാ സെക്രട്ടറിമാരായ പി. വാസുദേവന്‍, പി.എം സലീം, ഷാജു ജേക്കബ്, കെ.ഡി വിന്‍സന്റ്, പെരുമ്പാവൂരിലെ മുതിര്‍ന്ന നേതാക്കളായ വി.പി ശശീന്ദ്രന്‍, എം.ഐ ബീരാസ്, സാജു പോള്‍, കൂത്താട്ടുകുളം ഓഫിസ് സെക്രട്ടറി അരുണ്‍ എന്നിവരോട് വിശദീകരണം തേടാന്‍ പാര്‍ടി തീരുമാനിച്ചത്. ഈ മാസം 15ന് പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങും മുമ്പേ തന്നെ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനാണ് നീക്കം. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന് വേണ്ടി പാര്‍ട്ടി നേതൃത്വം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെന്നും ഏരൂരിലടക്കം വന്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് അന്വേഷണ കമ്മിഷനുകളുടെ കണ്ടെത്തല്‍.
തൃക്കാക്കരയില്‍ പാര്‍ട്ടിക്കായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.ജോ ജേക്കബിനും കാര്യമായ പിന്തുണ കിട്ടിയില്ല. പിറവത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. സിന്ധുമോള്‍ ജേക്കബിനെതിരേ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത് ഗുരുതര വീഴ്ചയായും കണ്ടെത്തി. കൂടാതെ 51 ലക്ഷം രൂപയോളം വിവിധ നേതാക്കള്‍ വാങ്ങിയിരുന്നെന്നും ഇത് പാര്‍ട്ടി ശൈലിക്ക് നിരക്കാത്താണെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പണം വാങ്ങിയിട്ടും തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി ഉന്നയിച്ചിരുന്നത്.
സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗമുണ്ടായിട്ടും എറണാകുളം ജില്ലയില്‍ അത് പ്രതിഫലിക്കാതിരുന്നത് പാര്‍ട്ടി വീഴ്ചയെന്നാണ് കണ്ടെത്തല്‍. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിന് ശേഷമാണ് വിശദീകരണം തേടി നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."