മാപ്പിളത്തനിമയുടെ താളത്തുടിപ്പ്
അറബിമലയാള സാഹിത്യശാഖയ്ക്കും
മാപ്പിളകലകൾക്കും മാത്രമായി
ജീവിതം ഉഴിഞ്ഞിട്ട ആസാദ് വണ്ടൂർ
വേദനകൾക്കിടയിൽ ചിലതു പറയുന്നു.
അശ്‌റഫ് കൊണ്ടോട്ടി
കട്ടിലിൽ വേദനകൊണ്ട് പുളയുമ്പോഴും മാപ്പിളത്തനിമയുടെ താളത്തുടിപ്പ് കൊട്ടുന്നുണ്ട് ആസാദ് വണ്ടൂരിന്റെ നെഞ്ചിനുള്ളിൽ. ജീവിതത്തിന്റെ യൗവന തീക്ഷ്ണതയിൽ പൂർവികരുടെ സർഗാത്മഗതയുടെ വേരുകൾ തേടിയായിരുന്നു ആസാദ് വണ്ടൂരിന്റെ അലച്ചിൽ. എഴുപതാം വയസിൽ രോഗം തളർത്തി ഓർമകളടക്കം നഷ്ടപ്പെട്ട് ഇന്ന് ജീവിതം തിരിച്ചുപിടിക്കുമ്പോഴും മാപ്പിളകലകളുടെ ചൂടും ചൂരും തന്നെയാണ് മുഖത്ത്. ഒരു കാലഘട്ടത്തിൽ ആരാലും അറിയപ്പെടാത്ത അറബിമലയാള സാഹിത്യശാഖയ്ക്കും മാപ്പിളകലകൾക്കും മാത്രമായി ജീവിതം ഉഴിഞ്ഞിട്ട ആസാദ് വേദനകൾക്കിടയിൽ ചിലതു പറയുന്നു. അവയ്ക്ക് മാപ്പിളപ്പാട്ടിന്റെ ഇശലുകളുടെ താളമുണ്ടായിരുന്നു.
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം, മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ കൃതികൾ, പുലിക്കോട്ടിൽ ഹൈദർ സ്മാരകം, വണ്ടൂരിന്റെ വികസനം, മുസ്‌ലിം ലീഗ് രാഷ്ട്രീയം, പെൻഷനേഴ്സ് ലീഗ് രൂപീകരണം.... സ്വന്തം ജീവിതം മറന്ന് പുതുതലമുറക്ക് അടയാളപ്പെടുത്തുന്നതിനായി ആസാദ് വണ്ടൂർ നെട്ടോട്ടമോടി നേടിയതിന്റെ ചാരിതാർഥ്യത്തിലാണ് ജീവിതം. വണ്ടൂരിലെ സുറുമ വീട്ടിലിരുന്ന് അനാരോഗ്യത്തിനിടയിലും അവ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ആസാദ് വണ്ടൂർ.
മാപ്പിളപ്പാട്ടുകളെ പ്രണയിച്ച ബാല്യം
മാപ്പിളപ്പാട്ടുകളോടായിരുന്നു എന്നും മുഹബ്ബത്ത്. ബീഡി തെറുപ്പുകാരുടെ ചുണ്ടിൽ നിന്നാണ് ബാല്യകാലത്ത് പാട്ടുകൾ കേട്ടിരുന്നത്. പ്രായത്തിനപ്പുറം പുലിക്കോട്ടിൽ ഹൈദർ, നാലകത്ത് ഖാസിം, പള്ളിയാളി മുഹമ്മദ് തുടങ്ങിയവരുമായുള്ള ചങ്ങാത്തം കൂടിയായതോടെ അതു വളർന്നു. മാപ്പിളപ്പാട്ടിൽ സുൽത്താൻ മോയിൻകുട്ടി വൈദ്യർ തന്നെയാണ്. എന്നാൽ വൈദ്യർകൃതികളുടെ ഏകോപനമോ വൈദ്യർക്ക് സ്മാരകമോ അതുവരെയും കണ്ടെത്തിയിരുന്നില്ല. മാപ്പിളപ്പാട്ടുകൾ രചിക്കപ്പെട്ടത് അറബിമലയാളത്തിലായിരുന്നു. ആറായിരത്തിലേറെ ഗദ്യപദ്യങ്ങളാൽ സമ്പുഷ്ടമായ അറബിമലയാള സാഹിത്യശാഖ പക്ഷേ, മലയാള സാഹിത്യത്തിന് എന്നും അന്യമായിരുന്നു.
ഇതര കലകൾക്കും കവികൾക്കും അംഗീകാരങ്ങളും സ്മാരകങ്ങളും ഉയരുമ്പോൾ മാപ്പിളപ്പാട്ടിന്റെ ആചാര്യനായ മോയിൻകുട്ടി വൈദ്യർ ആരാലും അറിയപ്പെടാതെ കിടക്കുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ കേരളീയ കലകൾ അരങ്ങിലും കവിതകളും കവികളും പാഠഭാഗങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഈ അവഗണനയ്ക്കെതിരേയാണ് പ്രതികരിച്ചത്. പിന്നീട് അതിനുവേണ്ടിയായിരുന്നു പരിശ്രമം.
മോയിൻകുട്ടി വൈദ്യരുടെ കൃതികൾ
ഒരു ജനവിഭാഗത്തിന്റെ ചരിത്രവും സംസ്‌കാരവും ജീവിതരീതികളുമൊക്കെ പഠിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ തനത് സാഹിത്യസൃഷ്ടി പഠിക്കുക എന്നതാണ്. 19ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ മലപ്പുറം കൊണ്ടോട്ടിയിൽ ജീവിച്ച പണ്ഡിതനും വൈദ്യരും അതിലുപരി മഹാകവിയുമായിരുന്നു മോയിൻകുട്ടി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും വേറിട്ട സംഭാവന നൽകിയ യുഗപുരുഷൻ. അറബിമലയാളത്തിൽ കാവ്യങ്ങൾ എഴുതിയെന്ന ഒറ്റക്കാരണത്താലാണ് വൈദ്യരെ പൊതുസമൂഹത്തിൽനിന്ന് മാറ്റിനിർത്തിയത്. സംസ്‌കൃതം, അറബി, ഹിന്ദുസ്ഥാനി, കന്നഡ, പാർസി തുടങ്ങി സങ്കര ഭാഷാപ്രയോഗത്തിൽ വൈദ്യർ ഉണ്ണായി വാര്യരെ അനുസ്മരിപ്പിക്കുന്നുണ്ട്. വൈദ്യരുടെ കാവ്യങ്ങൾ മലബാറിൽ വൈദേശികാധിപത്യത്തിനെതിരേയുള്ള സമരത്തെ പ്രചോദിപ്പിക്കുന്നതുകൂടിയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഓർമയിൽ ഒരു സ്മാരകം ഉയരാൻ കാത്തിരിപ്പ് ഏറെയാണ്.
മദിരാശി നിയമസഭാ അംഗവും പിന്നീട് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടിയുടെയും പി.എം അഹമ്മദ് കുരിക്കളുടെയും നേതൃത്വത്തിൽ 1955ൽ മഞ്ചേരിയിൽ യോഗം ചേർന്നിരുന്നു. കവികളായ പുലിക്കോട്ടിൽ ഹൈദർ, പി.ടി ബീരാൻകുട്ടി മൗലവി തുടങ്ങിയവരും പൊതുപ്രവർത്തകരും സംബന്ധിച്ചു. യോഗത്തിൽ ഒരു കമ്മിറ്റിയും നിലവിൽ വന്നു. മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ കൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പ്രധാന തീരുമാനം. ഇതിന്റെ മിനുട്‌സിന്റെ കോപ്പിയിൽ നിന്നാണ് ഇവ വ്യക്തമാവുന്നത്. എന്നാൽ അത് സഫലീകരിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു.
ആദ്യ വൈദ്യർ കമ്മിറ്റി
മോയിൻകുട്ടി വൈദ്യർക്ക് സ്മാരകം, വൈദ്യരുടെ സമ്പൂർണ കവിതകൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കവികളായ ടി. ഉബൈദ്, പുന്നിയൂർക്കുളം വി. ബാപ്പു, ഒ.ആബു തുടങ്ങിയവർ 1960-70 കാലഘട്ടത്തിൽ നിരന്തരം സർക്കാരിനു നിവേദനങ്ങൾ നൽകി. പുന്നിയൂർക്കുളം വി. ബാപ്പു വൈദ്യരുടെ ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ മലയാളത്തിൽ വ്യാഖ്യാന സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു. 1971ലെ തിരൂരങ്ങാടി സാഹിത്യ സെമിനാറിലെ മുഖ്യവിഷയവും ഇതുതന്നെയായിരുന്നു.
1972 ഡിസംബറിലാണ് മോയിൻകുട്ടി വൈദ്യർക്ക് ഒരു സ്മാരകം നിർമിക്കാൻ കമ്മിറ്റി രൂപീകരിക്കുന്നത്. സി.എച്ച് മുഹമ്മദ് കോയയായിരുന്നു അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി. കൊണ്ടോട്ടി എം.എൽ.എ ഉമർ ബാഫഖി തങ്ങളായിരുന്നു പ്രഥമ ചെയർമാൻ. പിന്നീട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചെയർമാനും യു.എ ബീരാൻ സെക്രട്ടറിയുമായി കമ്മിറ്റി പുനഃസംഘടിപ്പിച്ചു.1977ൽ വണ്ടൂരിൽ നടന്ന മോയിൻകുട്ടി വൈദ്യരുടെ 125ാം ജന്മവാർഷികത്തിലും 1979ൽ നടന്ന പുലിക്കോട്ടിൽ ജന്മവാർഷികത്തിലും പ്രധാന അജൻഡകൾ വൈദ്യർ സ്മാരകവും സമ്പൂർണ കൃതികളുടെ പ്രസിദ്ധീകരണവും തന്നെയായിരുന്നു. ഇൗ പരിപാടികളുടെ സംഘാടകരിൽ ഒരാളായിരുന്നു ഞാനും.
വൈക്കം മുഹമ്മദ് ബഷീറിന്റെ
യാചനയാത്രാ പ്രഖ്യാപനം
1987 അവസാനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഇപ്പോൾ സുപ്രഭാതം മാനേജിങ് എഡിറ്ററുമായ ടി.പി ചെറൂപ്പയുടെ നേതൃത്വത്തിൽ ഗായകൻ വി.എം കുട്ടിയുടെ വീട്ടിൽവച്ച് യോഗം ചേർന്നു. വൈക്കം മുഹമ്മദ് ബഷീർ, ചാക്കീരി അഹമ്മദ് കുട്ടി, കെ.എ കൊടുങ്ങല്ലൂർ, വി.പി മുഹമ്മദ്, സി.കെ താനൂർ തുടങ്ങിയവരും ഞാനും യോഗത്തിൽ സംബന്ധിച്ചിരുന്നു. സർക്കാരിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് വൈക്കം മുഹമ്മദ് ബഷീർ വികാരഭരിതനായി സംസാരിച്ചത് ഇന്നും ഓർമയിലുണ്ട്. സർക്കാർ കനിഞ്ഞിട്ടില്ലെങ്കിൽ ഒരു ഭിക്ഷപ്പാത്രവുമെടുത്ത് ഞാനും ചാക്കീരിയും കാസർകോട് മുതൽ തിരുവനന്തപുരം വരെ യാചനയാത്ര നടത്തിയിട്ടെങ്കിലും മോയിൻകുട്ടി വൈദ്യർക്ക് സ്മാരകം പണിയാനും സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കാനും ശ്രമിക്കുമെന്നായിരുന്നു ബഷീറിന്റെ പ്രസംഗം. ഈ യോഗത്തിലാണ് ചാക്കീരി അഹമ്മദ് കുട്ടി ചെയർമാനും ടി.പി ചെറൂപ്പ കൺവീനറുമായി മാപ്പിള ഗാനകലാ അക്കാദമി രൂപീകരിച്ചത്.
വൈദ്യർ സ്മാരക സാക്ഷാത്കാരം
1972 മുതൽ 1990 വരെ സർക്കാർ നിയോഗിച്ച നാല് കമ്മിറ്റികളും നിരന്തരം പരിശ്രമിച്ചെങ്കിലും മോയിൻകുട്ടി വൈദ്യർ സ്മരക സാക്ഷാത്കരിക്കാനായില്ല.1992ൽ കൊരമ്പയിൽ അഹമ്മദ് ഹാജി എം.പി ചെയർമാനും സെക്രട്ടറിയായി എന്നെയും തിരഞ്ഞെടുത്തു. കമ്മിറ്റി കൊണ്ടോട്ടി പാണ്ടിക്കാട് 87 സെന്റ് പുറംപോക്ക് സ്ഥലം സർക്കാരിൽനിന്ന് സൗജന്യമായി ലഭ്യമാക്കി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ സ്മാരകത്തിന്റെ ശിലാസ്ഥാപനവും നടത്തി.
എം.എൻ കാരശ്ശേരി ചെയർമാനായി രൂപീകരിച്ച ഉപസമിതിയാണ് സ്മാരകത്തിന്റെ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാരിന് പിന്നീട് കൈമാറിയത്. 1997ൽ സ്മാരകത്തിന്റെ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. 1999ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
നിവേദനങ്ങളുടെ ആസാദ്
ഫോറസ്റ്റ് ജീവനക്കാരനായാണ് ആസാദ് വണ്ടൂർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാൽ എന്നും ഒരു കെട്ട് നിവേദനങ്ങളുമായി തിരുവനന്തപുരത്ത് മന്ത്രിമാരുടെ ഓഫിസ് കയറിയിറങ്ങി അവകാശങ്ങളത്രയും നേടിക്കൊണ്ടുവരികയായിരുന്നു. അന്ന് മന്ത്രിമാർ തന്നെ ഇങ്ങനെ പറയും. 'ആസാദിനെ കണ്ടാൽ ഓടാൻ തോന്നും'. ഒരു നിവേദനം നൽകി തിരിച്ചുപോരുക മാത്രമല്ല, അവ സാക്ഷാത്കരിച്ച് മടങ്ങുക എന്നതായിരുന്നു തന്റെ ലക്ഷ്യം.
1992-98 കാലത്ത് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി പ്രവർത്തിച്ച ആസാദ് പിന്നീട് 2001, 2006, 2011, 2016 കാലഘട്ടത്തിൽ വീണ്ടും വൈദ്യർ സ്മാരക സെക്രട്ടറിയായി. വൈദ്യർ സമ്പൂർണ കൃതികൾ പ്രസിദ്ധീകരണം, സ്മാരകം മാപ്പിളകലാ അക്കാദമിയായി ഉയർത്തൽ, ഗ്രാന്റ് വർധിപ്പിക്കൽ, വൈദ്യരുടെ രചനകൾ, പുലിക്കോട്ടിൽ ഹൈദറിന്റെ രചനകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, സ്‌കൂൾ കലോത്സവങ്ങളിൽ മാപ്പിളകലകളുടെ ഉൾപ്പെടുത്തൽ തുടങ്ങി നിരവധി കാര്യങ്ങൾ ആസാദിന്റെ നിവേദനങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും വിജയം കണ്ടവയാണ്.
പുലിക്കോട്ടിൽ സ്മാരകം
മോയിൻകുട്ടി വൈദ്യർ സ്മാരകത്തോടൊപ്പം തന്നെ ആസാദിന്റെ മറ്റൊരു അക്ഷീണ പ്രയത്‌നമായിരുന്നു വണ്ടൂരിലെ പുലിക്കോട്ടിൽ ഹൈദർ സ്മാരകം. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തായംകോട് ജീവിച്ചിരുന്ന പുലിക്കോട്ടിൽ ഹൈദറുമായി വലിയ അടുപ്പമായിരുന്നു. വണ്ടൂരിൽ പുലിക്കോട്ടിൽ ഹൈദർ ജന്മവാർഷികം ആഘോഷിച്ചപ്പോൾതന്നെ സ്മരകം തന്നെയായിരുന്നു ലക്ഷ്യം. ഡോ. എം.എൻ കാരശ്ശേരി എഡിറ്ററായി വണ്ടൂർ മാപ്പിളകലാ സാഹിത്യവേദി പ്രസിദ്ധീകരിച്ച പുലിക്കോട്ടിൽ ഹൈദറിന്റെ സമ്പൂർണ കൃതികളുടെ പ്രകാശനത്തിനുശേഷമാണ് ഈ കവിക്ക് സാഹിത്യ ചരിത്രത്തിലുള്ള സ്ഥാനം പുറംലോകമറിയുന്നത്.
വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, നായാട്ട്, ഉത്സവങ്ങൾ, തെരഞ്ഞെടുപ്പ് തുടങ്ങി പുലിക്കോട്ടിലിന്റെ കാലഘട്ടത്തിലുണ്ടായ ആനുകാലിക സംഭവങ്ങൾ മുഴുവനും അദ്ദേഹം കാവ്യങ്ങളാക്കിയിരുന്നു. വർഷങ്ങൾക്കു മുമ്പുതന്നെ വണ്ടൂരിൽ പുലിക്കോട്ടിൽ സ്മാരകത്തിന് സ്ഥലം കണ്ടെത്തിയെങ്കിലും ഇത് സാക്ഷാത്കരിക്കപ്പെടുന്നത് 2020ലാണ്.
ഓർമ മങ്ങിയ കാലം
നാലു വർഷമായി ആസാദ് വണ്ടൂരിനെ വിവിധ രോഗങ്ങളാൽ ശരീരം തളർത്തയിട്ട്. ഓർമ മങ്ങിയ മാസങ്ങൾ. ഓർമയിലേക്ക് തിരിച്ചെത്തുമ്പോഴും ആസാദിന് ചേദിക്കാനും പറയാനുമുള്ളത് ഇന്നും മാപ്പിളപ്പാട്ടിന്റെ താളത്തെക്കുറിച്ചും കലകളുടെ താളച്ചുവടുകളെ കുറിച്ചുമാണ്. 1973 വണ്ടൂർ സർവിസ് സഹകരണ ബാങ്കിൽ ക്ലാർക്കായിരുന്ന ആസാദ് 1975 വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 2008 ജൂനിയർ സൂപ്രണ്ടായാണ് വിരമിച്ചത്.
കലാപാലക രത്നം പുരസ്‌കാരം, അബ്ബാസ് സേട്ട് പുരസ്‌കാരം, എ.എ മലയാളി പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. എന്നും മുസ്‌ലിം ലീഗിനൊപ്പം നിന്ന് അദ്ദേഹം പഴയകാല നേതാക്കൾക്കും ഇന്നത്തെ തലമുറക്കും സുപരിചതനുമാണ്. 2010ൽ പെൻഷനേഴ്സ് ലീഗ് രൂപീകരിച്ചതു മുതൽ 2021 വരെ പെൻഷനേഴ്സ് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. വണ്ടൂർ ബൈപ്പാസ്, വണ്ടൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ വികസനമടക്കം നാടിന്റെ വളർച്ചയിലും ആസാദിന്റ അക്ഷീണ പ്രയത്‌നങ്ങളുണ്ട്. 1953 ജൂൺ ഒന്നിന് പരേതരായ ചാത്തോലി ആലി ഹസ്സൻ-പാലക്ക പള്ളിയാളി മറിയക്കുട്ടി ദമ്പതികളുടെ എട്ടുമക്കളിൽ രണ്ടാമതായാണ് ആസാദിൻ്റെ ജനനം. റിട്ട. അധ്യാപികയും കഥാകാരിയുമായ സക്കീന ആസാദാണ് ഭാര്യ. മക്കൾ: യാഷിൻ മുഹമ്മദ്, നഷീദ, ഷാദിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."