ഖത്തര്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു; 10-15 ബന്ദികളെ മോചിപ്പിക്കും
ഖത്തര്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു; 10-15 ബന്ദികളെ മോചിപ്പിക്കും
ഗസ്സ: ഫലസ്തീനില്‍ ഒരുമാസം പിന്നിട്ട വ്യോമാക്രമണത്തിനിടെ ഖത്തര്‍ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു കളമൊരുങ്ങുന്നു. വെടിനിര്‍ത്തലിനായി 1015 ഇസ്‌റാഈലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇതോടെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ വഴങ്ങുമെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. യു.എസിന്റെ കൂടി സഹായത്തോടെയാണ് ഖത്തറിന്റെ മധ്യസ്ഥ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ദശലക്ഷത്തോളം പേര്‍ ഭവനഹിതരാകുകയും ചെയ്തിനുശേഷമാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നത്.
ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയ സമയത്തുതന്നെ വെടിനിര്‍ത്തലിന് ഏറ്റവും സജീവമായി ഇടപെട്ട രാജ്യമാണ് ഖത്തര്‍. നേരത്തെ നാലു ബന്ദികളുടെ മോചനത്തിനടയാക്കിയതും ഖത്തറിന്റെ ഇടപെടലുകളായിരുന്നു. ഫലസ്തീനുപുറത്ത് ഹമാസിന് ഓഫിസ് തുറക്കാന്‍ സൗകര്യം ഒരുക്കിയ ഖത്തര്‍, സംഘടനയുടെ നിലവിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ഇസ്മാഈല്‍ ഹനിയ്യക്ക് അഭയംനല്‍കുകയും ചെയ്തു.
ആക്രമണം 34 ദിവസമെത്തുമ്പോള്‍ ഗസ്സയിലെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെയും സയണിസ്റ്റ് സൈന്യം ലക്ഷ്യംവയ്ക്കുകയാണ്. റെഡ്‌ക്രോസ് സംഘത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. മരുന്നുകളും അവശ്യ സാധനങ്ങളുമായി ഗസ്സ സിറ്റിയിലേക്ക് വരികയായിരുന്ന അഞ്ച് ട്രക്കുകള്‍ക്കും രണ്ട് റെഡ്‌ക്രോസ് വാഹനങ്ങള്‍ക്കും നേരെയും ആക്രമണമുണ്ടായി. രണ്ട് ട്രക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതു തങ്ങളുടെ കടമയാണെന്നും ആക്രമണം കൊണ്ട് പിന്തിരിയില്ലെന്നും ഫലസ്തീന്‍ റെഡ്‌ക്രോസ് സൊസൈറ്റി അറിയിച്ചു.
ഒരുമാസത്തിനിടെ ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന 89 ജീവനക്കാരെയാണ് യു.എന്നിന് നഷ്ടമായത്. 10,733 പേരാണ് ഇതുവരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 4,368 കുട്ടികളാണ്. ഇതോടൊപ്പം കരയാക്രമണവും നടത്തുന്നുണ്ട്. ഇന്നലെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടു.
കരയിലൂടെയും ആകാശത്തിലൂടെയുമുള്ള ആക്രമണം കടുപ്പിക്കുമെന്ന് ഇസ്‌റാഈല്‍ ഭീഷണിപ്പെടുത്തിയതോടെ ഗസ്സയില്‍നിന്നുള്ള കുടിയേറ്റം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയതോതില്‍ വര്‍ധിച്ചു. കുട്ടികളെയും ചുമന്ന് അവശ്യസാധനങ്ങളുമായി നൂറുകണക്കിനാളുകള്‍ പൊരിവെയിലില്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഫലസ്തീന്‍ ആസ്ഥാനമായ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."