ഹിമാചൽ, ഗുജറാത്ത് വിധി പറയുന്നതെന്ത്?
പ്രൊഫ. റോണി കെ. ബേബി
സമ്മിശ്ര പ്രതികരണങ്ങളുമായി ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി ദേശീയ രാഷ്ട്രീയവും ദേശീയ മാധ്യമങ്ങളും ഈ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വാർത്തകളിൽ ചുറ്റിക്കറങ്ങുകയായിരുന്നു. സാധാരണ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടക്കുക പതിവെങ്കിലും ഇത്തവണ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി നേതാക്കൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അധികസമയം ലഭിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന വിമർശനം തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉയരുകയും ചെയ്തു. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിക്ക് ഉൾപ്പെടെ ഗുജറാത്തിൽ പ്രചാരണം നടത്തുന്നതിന് ആവശ്യത്തിലേറെ സമയം ലഭിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബി.ജെ.പിയായിരുന്നു ഭരണത്തിൽ ഉണ്ടായിരുന്നത്. ഗുജറാത്തിൽ കഴിഞ്ഞ 27 വർഷമായി ഭരണത്തിൽ തുടരുന്ന ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാമെന്ന വിദൂര സാധ്യതപോലും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണഭൂമിയായ ഗുജറാത്തിൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ധ്രുവീകരണരാഷ്ട്രീയം കൂടുതൽ തീവ്രമായി ശക്തിപ്പെട്ടുവരുന്നതും ബി.ജെ.പി അതിൻ്റെ നേട്ടം കൊയ്‌തെടുക്കുന്നതുമാണ് 2002 മുതൽ ഓരോ തെരഞ്ഞെടുപ്പിലും കണ്ടുവരുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ഇതിന് അപവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജീവൻമരണ പോരാട്ടമാണ് കോൺഗ്രസ് ഗുജറാത്തിൽ കാഴ്ചവച്ചത്. സംവരണ ആവശ്യം ഉന്നയിച്ചു നടന്ന പാട്ടിദാർ പ്രക്ഷോഭവും സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ടു നടന്ന താക്കൂർ സമരവും ദലിത് അതിക്രമങ്ങൾക്കെതിരായ മുന്നേറ്റവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ്‌നേഷ് മേവാനി എന്ന യുവതുർക്കികളെ മുന്നിൽനിർത്തി കോൺഗ്രസ് നടത്തിയ പ്രചാരണം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. പരമ്പരാഗത ബി.ജെ.പി കോട്ടകളിലെല്ലാം പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ ഈ പ്രചാരണത്തിന് കഴിഞ്ഞു. ബി.ജെ.പിയുടെ ശക്തിദുർഗമായ സൗരാഷ്ട്ര മേഖലയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായി. ഇഞ്ചോടിഞ്ച് മത്സരത്തിൽ വർഗീയത ആളിക്കത്തിച്ചു ബി.ജെ.പി ജയിച്ചുകയറിയെങ്കിലും നിറം മങ്ങിയ വിജയം പാർട്ടിയുടെയും ഗുജറാത്തിന്റെ രാഷ്ട്രീയ തട്ടകത്തിൽ നിന്ന് ഉയർന്നുവന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രതിച്ഛായക്ക് വലിയ കോട്ടം തട്ടുന്നതിന് കാരണമായി. ഇതിൻ്റെ പ്രതിഫലനങ്ങളായിരുന്നു പിന്നീട് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ അട്ടിമറിച്ച് കോൺഗ്രസ് അധികാരത്തിൽ എത്തി.
2017 ൽ ഉണ്ടായ പാഠങ്ങൾ ഇനി ആവർത്തിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് 2022 ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുങ്ങിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനവും പോലെയല്ല ബി.ജെ.പിക്ക് ഗുജറാത്ത്. ഒന്നാമതായി ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ ഭൂമിയാണ് ഗുജറാത്ത്. ഇവിടെ ഏൽക്കുന്ന നേരിയ പോറൽപോലും രാജ്യമെമ്പാടും പടർന്നു പന്തലിച്ച് വേരൂന്നാൻ കാത്തുനിൽക്കുന്ന ഹിന്ദുത്വ എന്ന ആശയധാരയ്ക്ക് വിശ്വാസ്യത നഷ്ടപ്പെടുത്തും. രണ്ടാമതായി, 2024 ലെ പൊതുതെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ കച്ചമുറുക്കി നിൽക്കുന്ന മോദി-ഷാ സഖ്യത്തിന് അത് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും. അതിനുള്ള നേരിയ സാധ്യതകളെപ്പോലും ഏതുവിധേനയും മറികടക്കാനുള്ള കൃത്യമായ ആസൂത്രണവുമായാണ് ബി.ജെ.പി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയത്. പാട്ടിദാർ സമുദായ നേതാവും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എതിരാളിയുമായിരുന്ന ഹാർദിക് പട്ടേലിനെയും താക്കൂർ സമുദായ നേതാവായിരുന്നു അൽപേഷ് താക്കൂറിനെയും പാർട്ടിയിൽ എത്തിച്ച ബി.ജെ.പി ഒരു ഡസനിൽപരം കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റിക്കുന്നതിൽ വിജയിച്ചു. പരമ്പരാഗതമായി ഒ.ബി.സി വിഭാഗങ്ങളിൽ കോൺഗ്രസിനുള്ള സ്വാധീനം മറികടക്കുന്നതിന് നിരവധി ഒ.ബി.സി നേതാക്കളെയാണ് ബി.ജെ.പി സ്വാധീനിച്ച് കൂറുമാറ്റിയത്.
അതോടൊപ്പം, ഗുജറാത്തിൽ ശക്തമായ പ്രചാരണവുമായി എത്തിയ ആം ആദ്മി പാർട്ടിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ബി.ജെ.പി ആദ്യം മുതൽ സ്വീകരിച്ചത്. സൂറത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മറികടന്ന് രണ്ടാമതെത്തിയ ആം ആദ്മി പാർട്ടിയെ ആദ്യം മുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിച്ചത്. പാട്ടിദാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സൗരാഷ്ട്ര മേഖലയിലുള്ള നേതാക്കന്മാർ ആം ആദ്മി പാർട്ടിയിൽ എത്തിയതിന്റെ പിന്നിലെ ചരടുവലികൾ ഇപ്പോഴും സംശയാസ്പദമാണ്. ആപ്പിനെ വളർത്തി കോൺഗ്രസിനെ ദുർബലപ്പെടുത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി ഗുജറാത്തിൽ സ്വീകരിച്ചത്.
ബി.ജെ.പിയുടെ ഭിന്നിപ്പിച്ചു വിജയിക്കുകയെന്ന തന്ത്രം ഗുജറാത്തിൽ വൻ വിജയം നേടി എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അധികാരത്തിന് പുറത്തായി രണ്ടര പതിറ്റാണ്ടോളം നിന്നിട്ടും കോൺഗ്രസിന് വലിയ സ്വാധീനം ഉണ്ടായിരുന്ന പ്രദേശങ്ങളിലൊക്കെ ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നൽകിയത്. കോൺഗ്രസിന്റെ ശക്തിദുർഗങ്ങളായിരുന്ന വടക്കൻ ഗുജറാത്തിലെ ആദിവാസി മേഖലകളിലൊക്കെ ആപ്പ് നേടിയ വോട്ട് ബി.ജെ.പിയെ സഹായിക്കുകയാണ് ഉണ്ടായത്. ഗുജറാത്തിൽ ബി.ജെ.പി നേടിയ വലിയ വിജയത്തിൻ്റെ പിന്നിലെ ഏറ്റവും പ്രധാനഘടകം മോദി ഫാക്ടർ തന്നെയാണെന്ന് നിസംശയം പറയാം. ഭരണവിരുദ്ധ വികാരത്തെ ഗുജറാത്തിൽ ബി.ജെ.പി മറികടന്നത് മോദിയെ മുന്നിൽ നിർത്തിയാണ്. ഗുജറാത്തിന്റെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളായും ഉദ്ഘാടന മാമാങ്കളായും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളായും റോഡ് ഷോകളായും നിറഞ്ഞുനിന്നത് മോദിയാണ്. ഗുജറാത്തിന്റെ സ്വാഭിമാനം, മണ്ണിൻ്റെ മകൻ വികാരം ആളിക്കത്തിച്ചുകൊണ്ട് മറ്റ് എല്ലാത്തരം വിമർശനങ്ങളെയും പരാജയപ്പെട്ട ഗുജറാത്ത് വികസന മാതൃകകളെയും ഭരണവിരുദ്ധ വികാരത്തെ തന്നെയും മറികടക്കുവാൻ ബി.ജെ.പിക്ക് കഴിഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ 64 ശതമാനം വോട്ട് വിഹിതത്തിനോട് അടുത്തെത്തിയില്ലെങ്കിലും 50 ശതമാനത്തിനു മുകളിൽ വോട്ട് നേടി ചരിത്ര വിജയം കരസ്ഥമാക്കാൻ ബി.ജെ.പിയെ സഹായിച്ചത് മോദി തരംഗം മാത്രമാണ്.
മോദി എന്ന വികാരത്തിന് പുറകിലേക്ക് മറ്റു വിവാദ വിഷയങ്ങളും തള്ളിമാറ്റപ്പെട്ടു. ഓരോ ഗുജറാത്തിയുടെയും അഭിമാനത്തിന്റെ പ്രതീകമായി അദ്ദേഹം വാഴ്ത്തപ്പെട്ടു. മോദിയുടെ മുൻപിൽ മറ്റെല്ലാം നിഷ്പ്രഭമായി. ഇൗ തരംഗം ആഞ്ഞുവീശിയപ്പോൾ സംസ്ഥാനം എമ്പാടും സ്വാധീനമുള്ള നേതാവിൻ്റെ അഭാവത്തിൽ കോൺഗ്രസ് തകർന്നുവീണു. ആം ആദ്മി പാർട്ടി ഏൽപ്പിച്ച ആഘാതം കൂടിയായപ്പോൾ കോൺഗ്രസിന്റെ പതനം പൂർണമായി.
ഗുജറാത്തിൽ തകർന്നുവീണപ്പോൾ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുന്ന ചിത്രവും രാജ്യം കണ്ടു. 2018ന് ശേഷം കോൺഗ്രസ് വിജയിക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഹിമാചൽ പ്രദേശ് എന്നതും ഈ വിജയത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഗുജറാത്തുപോലെ മോദിയെ മുന്നിൽനിർത്തി ഭരണവിരുദ്ധ വികാരം മറികടക്കാമെന്നായിരുന്നു ഹിമാചൽ പ്രദേശിലെ ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതിനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. നിരവധി യോഗങ്ങളിലാണ് വലിയ പദ്ധതി പ്രഖ്യാപനവുമായി മോദി നേരിട്ട് എത്തിയത്. ഏക സിവിൽ കോഡ് നടപ്പാക്കുമെന്നുള്ള വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രഖ്യാപനവും ഹിമാചൽ പ്രദേശിൽ ഉണ്ടായി. എന്നാൽ പ്രതീക്ഷിച്ചത് പോലെ മോദി തരംഗം ഹിമാചൽ പ്രദേശിൽ ഉണ്ടായില്ലെന്നു മാത്രമല്ല ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് കോൺഗ്രസ് നടത്തിയ താഴേത്തട്ടിലുള്ള പ്രചാരണം ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചു.
അഗ്‌നിപഥിനെതിരായ പ്രതിഷേധം, പെൻഷൻ സ്‌കീമിനെതിരേയുള്ള ജനങ്ങളുടെ എതിർപ്പ്, ആപ്പിൾ കർഷകരുടെ നിരാശ തുടങ്ങിയവയെല്ലാം വോട്ടായി മാറിയപ്പോൾ കോൺഗ്രസിന് ശ്വസിക്കുവാനുള്ള ഓക്‌സിജനായി ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം മാറി. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഹിമാചൽ പ്രദേശിലേത് എന്നതും ശ്രദ്ധേയമാണ്. പ്രിയങ്ക ഗാന്ധിയും സജീവമായി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടായിരുന്നു. ഭാരത് ജോഡോ യാത്രയുടെ തിരക്കുകളായിരുന്നതിനാൽ രാഹുൽ ഗാന്ധി ഹിമാചൽ പ്രദേശിലെ പ്രചാരണ രംഗത്തേക്ക് എത്തിയതുമില്ല.
ആം ആദ്മി പാർട്ടി ചരിത്ര വിജയം നേടിയ പഞ്ചാബ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന സംസ്ഥാനമായിട്ടുകൂടി ഹിമാചൽപ്രദേശിൽ കാര്യമായ ചലനം ആപ്പിന് സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. പഞ്ചാബിലുള്ള നിരവധി മന്ത്രിമാരും നേതാക്കന്മാരും ആണ് ആപ്പിനു വേണ്ടി ഹിമാചൽപ്രദേശിൽ തമ്പടിച്ച് പ്രചാരണം നടത്തിയത്.
നിരവധി പ്രതികൂല സാഹചര്യങ്ങളിലും ഹിമാചൽപ്രദേശിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത് കോൺഗ്രസിനെ അത്ര എളുപ്പം ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിയിൽനിന്ന് തുടച്ചുനീക്കുവാൻ കഴിയില്ല എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയിലെ രണ്ട് പ്രധാന ദേശീയ പാർട്ടികളായ ബി.ജെ.പിക്കും കോൺഗ്രസിനും ഒരേപോലെ പ്രതീക്ഷയും നിരാശയും നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."