നിയമസഭാ തെരഞ്ഞെടുപ്പ്: കാഹളം മുഴങ്ങുന്നത് 2024നെ ലക്ഷ്യമിട്ട്
പ്രൊഫ.റോണി.കെ.ബേബി
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പരി കൊള്ളുകയാണ്. മിസോറമിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. തെരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം സമ്മതിദായകരിലും എത്തിയെന്നാണ് ഒന്നാം ഘട്ടത്തിലെ ആവേശകരമായ പോളിങ് സൂചിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, സെമി ഫൈനലായി വിലയിരുത്തപ്പെടുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്കും പ്രതിപക്ഷ മുന്നണിയായ 'ഇൻഡ്യ'ക്കും ഒരുപോലെ നിർണായകമാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നതിനാൽ തെരഞ്ഞെടുപ്പു ഫലങ്ങൾ ഇരു പാർട്ടികൾക്കും നിർണായകമാണ്. അഞ്ച് സംസ്ഥാനങ്ങളിലായി 679 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ ആറിലൊന്ന് നിയമസഭാ മണ്ഡലങ്ങള്‍ വരുമിത്. 15 കോടിയോളം സമ്മതിദായകർ തെരഞ്ഞെടുപ്പിൽ പങ്കുചേരും.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രാതിനിധ്യ സ്വഭാവത്തിൽ നടക്കുന്ന ഈ അഞ്ച് സംസ്ഥാനങ്ങളുടെ ഫലം അറിഞ്ഞാല്‍ മതിയെന്ന് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ പറയാറുണ്ട്. വനിതാ സംവരണ ബിൽ പാസാക്കിയതും നരേന്ദ്ര മോദിയെന്ന ഇമേജും ഉയർത്തിക്കാട്ടിയുമാണ് ലോക്‌സഭാ ഫലത്തിലേക്കുള്ള സൂചനകൾ നൽകുന്ന തെരഞ്ഞെടുപ്പിന് ബി.ജെ.പി നീങ്ങുന്നത്.
എന്നാൽ ജാതി സെൻസസ് എന്ന തുറുപ്പുചീട്ട് പുറത്തെടുത്ത കോൺഗ്രസ് ബി.ജെ.പിക്കെതിരായി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ജാതി സെൻസസ്, കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയവ കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ മുന്നിട്ടുനിൽക്കുമ്പോൾ 'മോദി കി ഗ്യാരന്റി 2023' എന്ന് പേരിലാണ് ബി.ജെ.പിയുടെ പ്രകടനപത്രിക.
ബി.ജെ.പി.ക്കെതിരായ 'ഇൻഡ്യാ' സഖ്യത്തിന്റെ ആദ്യ പ്രധാന പരീക്ഷണംകൂടിയാവും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍. സഖ്യം രൂപംകൊണ്ടശേഷം ആറു സംസ്ഥാനങ്ങളിലെ ഏഴു സീറ്റിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലും 'ഇൻഡ്യാ' മുന്നണി നേടിയിരുന്നു. മുന്നണിയുടെ അനിഷേധ്യ നേതൃസ്ഥാനത്തിന് കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പുകളിൽ ആധികാരികമായ വിജയം അനിവാര്യമാണ്.
പഞ്ചയുദ്ധത്തിലെ സാധ്യതകൾ
ഹിന്ദി ഹൃദയഭൂമിയിലെ അഭിമാന പോരാട്ടമാണ് മധ്യപ്രദേശിൽ നടക്കുന്നത്. അഭിപ്രായ സർവേകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാൽ 22 എം.എൽ.എമാർ ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കൂറുമാറി ബി.ജെ.പിയിൽ ചേർന്നതോടെ കോൺഗ്രസിന് ഭരണം നഷ്ടമായി. ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെതിരായി കടുത്ത ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പി മധ്യപ്രദേശിൽ നേരിടുന്നത്.
പ്രവചനങ്ങൾ അനുകൂലമാണെങ്കിലും 2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകദേശം മുപ്പതോളം സീറ്റുകളിൽ കേവലം മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ജയപരാജയം മാറിമറിഞ്ഞത് എന്നത് കോൺഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്.
കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. 200 അംഗ നിയമസഭയിൽ 108 സീറ്റുമായി കോൺഗ്രസാണ് നിലവിലെ ഭരണകക്ഷി. ഇത്തവണ കോൺഗ്രസിനും ബി.ജെ.പിക്കും തുല്യസാധ്യതയാണ് അഭിപ്രായ സർവേകൾ കൽപ്പിക്കപ്പെടുന്നത്. രാജസ്ഥാനില്‍ നേതൃബാഹുല്യമാണ് ബി.ജെ.പി നേരിടുന്ന തലവേദന. ഭരണവിരുദ്ധ വികാരം ഗെലോട്ട് സർക്കാരിനെ വീഴ്ത്തുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
എന്നാൽ ഭരണം നിലനിർത്താൻ ക്ഷേമപദ്ധതികൾ വാരിക്കോരി നൽകിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിലെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പ്രവചനങ്ങൾ. ഛത്തീസ്ഗഡിൽ പാര്‍ട്ടിയുടെ മുഖങ്ങളായി നില്‍ക്കാന്‍ നേതാക്കളില്ല എന്നതാണ് ബി.ജെ.പിയുടെ ക്ഷീണം. തെരഞ്ഞെടുപ്പിനിടയിൽ ഇ.ഡി നടത്തുന്ന ഇടപെടലുകളാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നത്. ജനകീയനായ ഭൂപേഷ് ബാഗേലിനെതിരായി ഇ.ഡി അവസാന നിമിഷം നടത്തുന്ന അന്വേഷണങ്ങൾ തിരിച്ചടിക്കുമോ എന്ന ഭയവും ബി.ജെ.പിക്കുണ്ട്.
രാജ്യം ഏറെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ് നയിക്കുന്ന തെലങ്കാനയിലേത്. കുടുംബഭരണം, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ബി.ആർ.എസിനെതിരേ ഉയരുന്നു. തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമാണ് എല്ലാ സർവേകളും പ്രവചിക്കുന്നത്. വലിയ മുന്നേറ്റം നടത്തുമെന്ന് അവകാശവാദം മുഴക്കിയിരുന്ന ബി.ജെ.പി ഇപ്പോൾ പിൻവലിഞ്ഞ മട്ടാണ്.
എൻ.ഡി.എ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടാണ് മിസോറമിൽ നിലവിൽ അധികാരത്തിലുള്ളത്. ഏത് വിധേനെയും ഭരണം നിലനിർത്താൻ എം.എൻ.എഫും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അതേസമയം, പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി സോറം പീപ്പിൾസ് മൂവ്‌മെന്റ് മുന്നണിയും രംഗത്തുണ്ട്.
ഇതുവരെ മിസോറം നാഷനൽ ഫ്രണ്ടും കോൺഗ്രസുമായിരുന്നു മിസോറാമിൽ നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടിയും ഇത്തവണ രംഗത്ത് എത്തിയതോടെ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയുടെ സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. മണിപ്പുരില്‍ മാസങ്ങളായി നടക്കുന്ന സംഘര്‍ഷം മിസോറമില്‍ തെരഞ്ഞെടുപ്പു വിഷയമാകുമെന്നതില്‍ സംശയമില്ല. നരേന്ദ്ര മോദി പ്രചാരണത്തിനെത്താത്ത ഏക സംസ്ഥാനമാണ് മിസോറം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."