HOME
DETAILS

കോഴിക്കോട് എഴുത്തിന്റെ പോറ്റമ്മ

  
backup
November 11 2023 | 18:11 PM

grandmother-of-kozhikode-writing

കോഴിക്കോട് നഗരം ഒരുപാട് എഴുത്തുകാരുടെയൊന്നും പെറ്റമ്മയല്ല. എന്നാല്‍ അരികെയും
അകലെയുമുള്ള നിരവധി എഴുത്തുകാരെ ഈ പട്ടണം സ്വന്തം ചിറകുകള്‍ക്കടിയിലേക്ക്
ചേര്‍ത്തുപിടിച്ചു. അവര്‍ക്ക് നഗരം പിരിയാന്‍ വിടാത്ത കാമുകിയായി. സാന്ത്വനമായി,
തണലായി… എന്തായിരിക്കാം കാരണം?

എ.പി കുഞ്ഞാമു

ആരാണ് ശരിയ്ക്കും കോഴിക്കോടിന്റെ എഴുത്തുകാരന്‍? തീര്‍ച്ചയായും അത് മിഠായിത്തെരുവിന്റെയും അതിരാണിപ്പാടത്തിന്റെയും കഥയെഴുതുകയും നഗരത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം കൊണ്ടുവരികയും ചെയ്ത എസ്.കെ പൊറ്റെക്കാട്ട് തന്നെ. ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചിയും കൃഷ്ണക്കുറുപ്പും വെളിച്ചപ്പാട് കുട്ടന്‍ നായരും ആയിശയും ആയിശയുടെ പുയ്യാപ്ല പോക്കര്‍ക്കുമെല്ലാം നഗരവീഥികളിലൂടെ നിരന്തരം നടന്നുപോയവര്‍. അതിരാണിപ്പാടത്തുവച്ച് ഇവനാരെടാ എന്ന മട്ടില്‍ തന്നെ നോക്കിയ പയ്യനോട് 'പുതിയ തലമുറയുടെ കാവല്‍ക്കാരാ , അതിക്രമിച്ചു കടന്നത് പൊറുക്കൂ - പഴയ കൗതുകവസ്തുക്കള്‍ തേടിനടക്കുന്ന പരദേശിയാണു ഞാന്‍' എന്ന ഉത്തരം മനസിലൊരുക്കി വച്ച ശ്രീധരന്‍ എസ്.കെയല്ലാതെ മറ്റാര്? 1980ലെ ജ്ഞാനപീഠ സമ്മാനമാണ് ഒരു ദേശത്തിന്റെ കഥക്ക് ലഭിച്ചത്. എസ്.കെ ഈ നോവല്‍ സമര്‍പ്പിക്കുന്നത് കോഴിക്കോട്ടെ മനുഷ്യര്‍ക്കാണ്. ശൈശവ- കൗമാര- യൗവനാരംഭ കാലങ്ങളില്‍ തനിക്കു ജീവിതത്തിലെ നാനാതരം നെറികേടുകളും നേരമ്പോക്കുകളും വിസ്മയങ്ങളും ധർമതത്ത്വങ്ങളും വിഡ്ഢിത്തങ്ങളും വിഷാദ സത്യങ്ങളും വെളിപ്പെടുത്തിത്തന്നവരും നോവലിനു വേണ്ടി ആത്മബലിയര്‍പ്പിച്ചവരുമായ ' അതിരാണിപ്പാട'ത്തെ മണ്‍മറഞ്ഞ മനുഷ്യര്‍ക്ക്. അതായത് സ്വന്തം നാട്ടുകാര്‍ക്ക്.


പതിനഞ്ചു കൊല്ലങ്ങള്‍ക്കുശേഷം മറ്റൊരു എഴുത്തുകാരന്‍ കോഴിക്കോട്ടേക്ക് ഈ പുരസ്കാരം കൊണ്ടുവന്നു. എം.ടി വാസുദേവന്‍ നായര്‍ ജന്മംകൊണ്ട് കോഴിക്കോട്ടുകാരനല്ല. പക്ഷേ, കൂടല്ലൂര്‍ എന്ന ജന്മദേശത്തിനെന്ന പോലെ തന്നെ തന്നിലെ എഴുത്തുകാരനെ പാകപ്പെടുത്തിയതില്‍ കോഴിക്കോട് എന്ന നഗരത്തിനും പങ്കുണ്ടെന്ന് അദ്ദേഹം അനുസ്മരിക്കുന്നു ( ഒരിക്കല്‍ കോഴിക്കോട്ടുകാരുടെ സിനിസിസത്തെ കളിയാക്കി ഒരു കഥയുമെഴുതി എം.ടി) ഇന്ന് കോഴിക്കോടിന്റെ സാംസ്‌കാരികാന്തരീക്ഷത്തിനുമേല്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന അപാര സാന്നിധ്യമാണ് എം.ടി. ഏതു സ്വര്‍ഗം വിളിച്ചാലും ഈ പട്ടണത്തിന്റെ ഹൃദയത്തില്‍ നിന്ന് അദ്ദേഹത്തിന് അടര്‍ന്നുപോകാന്‍ വയ്യ.


ആറോ ഏഴോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ രേവതി പട്ടത്താനമെന്ന വിദ്വല്‍ സദസിന്റെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഭാഗമായ പട്ടണമാണ് കോഴിക്കോട്. കോഴിക്കോടിന്റെ കീര്‍ത്തി വാനോളമുയര്‍ത്തിയ നിരവധി എഴുത്തുകാരുണ്ട്. ബഷീറും ഉറൂബും എന്‍.വി കൃഷ്ണവാരിയരും എന്‍.പി മുഹമ്മദുമൊക്കെ. എന്നാല്‍ പെറ്റമ്മയെപ്പോലെ തന്നെ തങ്ങള്‍ക്ക് തണലേകിയ ഭൂതലമാണ് അവര്‍ക്ക് ഈ നഗരം. തിക്കോടിയന്‍, യു.എ ഖാദര്‍, കുഞ്ഞുണ്ണി മാഷ്, കെ.എ കൊടുങ്ങല്ലൂര്‍, ആര്‍. രാമചന്ദ്രന്‍, കുട്ടികൃഷ്ണമാരാര്‍, എന്‍.എന്‍ കക്കാട്, കെ.ടി മുഹമ്മദ് , എം.എന്‍ പാലൂര്‍ തുടങ്ങി നിരവധി പേര്‍. തൊട്ടുപിന്നാലെ കെ.പി രാമനുണ്ണി, യു.കെ കുമാരന്‍, ജമാല്‍ കൊച്ചങ്ങാടി, എം.എന്‍ കാരശ്ശേരി, പി.കെ പാറക്കടവ്, കെ.ഇ.എൻ, ഡോ. പി.കെ പോക്കർ, എം.എം ബഷീര്‍, പി.എം നാരായണന്‍, പോള്‍ കല്ലാനോട്, ബി.എം സുഹ്‌റ, ഡോ. ഖദീജാ മുംതസ്, സിവിക് ചന്ദ്രന്‍, വി.ആര്‍ സുധീഷ്, കാനേഷ് പൂനൂര്‍ തുടങ്ങിയവര്‍.


പതിനാലാം നൂറ്റാണ്ടിലാണ് രേവതി പട്ടത്താനത്തിന്റെ തുടക്കമെന്നാണ് സാമൂതിരി രാജവംശത്തിന്റെ ചരിത്രകാരനായ കെ.വി കൃഷ്ണയ്യര്‍ പറയുന്നത്. ഡോ. എം.ജി.എസ് നാരായണന്‍ ഇത് പതിനഞ്ചാം നൂറ്റാണ്ടിലേക്ക് നീട്ടുന്നു. ഏതായാലും പുനം നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികള്‍, കാക്കശ്ശേരി ഭട്ടതിരി തുടങ്ങിയ സംസ്‌കൃത പണ്ഡിതരുടെ സാന്നിധ്യം കോഴിക്കോട്ടെ ഈ വിദ്വല്‍ സദസിനെ സജീവമാക്കി. ആദ്യമായി കോഴിക്കോട് സാഹിത്യനഗരമായത് പട്ടത്താനത്തിലൂടെ ആയിരിക്കണം. ഇതിനു സമാന്തരമായിത്തന്നെ മുസ്‌ലിംകളുടെ സാഹിത്യപരിശ്രമങ്ങളും സഞ്ചരിക്കുന്നതു കാണാം. കണ്ടുകിട്ടിയവയില്‍ വച്ച് ഏറ്റവും പഴയ മാപ്പിളപ്പാട്ടു കൃതിയായ മുഹ്‌യിദ്ദീന്‍ മാല രചിച്ചത് 'കോഴിക്കോട്ടത്തു റ തന്നില്‍ പിറന്ന' ഖാസി മുഹമ്മദാണ്. പതിനേഴാം നൂറ്റാണ്ടിലാണ് ഈ കൃതി രചിക്കപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഫത്ഹുല്‍ മുബീന്‍ എന്ന അറബി കാവ്യത്തിന്റെയും രചയിതാവ്. കേരള ചരിത്രമാണ് കാവ്യത്തിന്റെ പ്രമേയം. പാട്ടുപാരമ്പര്യം കൈമുട്ടിക്കളിയുടെയും ഒപ്പനയുടെയും മറ്റും പാട്ടുകളിലൂടെ തുടര്‍ന്നുപോവുകയായിരുന്നു കോഴിക്കോടന്‍ മാപ്പിളമാര്‍ക്കിടയില്‍. കോഴിക്കോട്ടുകാരനായ കോട്ടപ്പറമ്പത്ത് കുഞ്ഞി കാക്കയുടെ തശ്‌രീഫ് എന്ന പാട്ടാണ് ഒപ്പനപ്പാട്ടുകളില്‍ ആദ്യത്തേതായി അറിയപ്പെടുന്നതെന്ന് ഒ. ആബു രേഖപ്പെടുത്തിയിട്ടുണ്ട്. നാടകങ്ങളിലെ മാപ്പിളപ്പാട്ടുകളിലൂടെയും അല്ലാതെയും ഈ പാട്ടുപാരമ്പര്യം തുടര്‍ന്നു. നല്ലളം ബീരാന്‍, പി.എം കാസിം തുടങ്ങിയവര്‍ ഈ ശാഖയെ സമ്പന്നമാക്കിയവരാണ്. തൊള്ളായിരത്തി രൂപത്തിയൊന്നില്‍ മാപ്പിളമാര്‍ / വെള്ളക്കാരോടേറ്റുമുട്ടിയേ എന്ന പ്രശസ്തമായ രാഷ്ട്രീയ ഗാനത്തിന്റെ രചയിതാവായ പി.എം കാസിം ചിറയിന്‍കീഴില്‍ നിന്ന് കോഴിക്കോട്ടെത്തി ഈ നഗരത്തിന്റെ ഭാഗമായി മാറിയ ആളാണ്. പ്രശസ്ത നാടകകൃത്ത് കെ.ടി മുഹമ്മദ് മഞ്ചേരിയില്‍ നിന്നെത്തി കോഴിക്കോട്ടുകാരനായി. ഇത് ഭൂമിയാണ് എന്ന സ്വന്തംനാടകത്തിനു വേണ്ടി കെ.ടിയും അതി മനോഹരമായ പാട്ടുകളെഴുതിയിട്ടുണ്ട്. കോഴിക്കോടിന്റെ മതേതരമനസിനെ ബലപ്പെടുത്തുകയായിരുന്നു സാഹിത്യത്തിലെ ഈ രണ്ടു സമാന്തരധാരകളും.


എസ്.കെ പൊറ്റെക്കാട്ട് കഴിഞ്ഞാല്‍ കോഴിക്കോടിന്റെ എഴുത്തുകാരന്‍ എന്ന് കൃത്യമായി പറയാവുന്നത് പി.എ മുഹമ്മദ് കോയയെ ആണ്. കോഴിക്കോട്ടെ മുസ്‌ലിംകള്‍ പ്രത്യേകമായ ആചാരരീതികളും ജീവിത സമ്പ്രദായങ്ങളും വച്ചുപുലര്‍ത്തുന്നവരുമാണ്. തെക്കേപ്പുറത്തെ കോയമാരുടെ ഇതിഹാസകഥനമാണ് പി.എയുടെ സുല്‍ത്താന്‍ വീട്. 'മലയാളത്തിലെ ഏറ്റവും നല്ല പത്തു നോവലുകള്‍ തിരഞ്ഞെടുക്കാന്‍ ഇന്നു പറഞ്ഞാലും അതില്‍ ഉള്‍പ്പെടുമെന്നു തീര്‍ച്ചയുള്ള സുല്‍ത്താന്‍ വീടിന്റെ കര്‍ത്താവായിട്ടും പി.എക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതിനെപ്പറ്റി പ്രശസ്ത മാധ്യമപ്രവര്‍ത്തകൻ തോമസ് ജേക്കബ് എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌പോലും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. ഒരുകാലത്ത് കോഴിക്കോട്ട് നിലവിലുണ്ടായിരുന്ന അറബിക്കല്യാണമാണ് അദ്ദേഹത്തിന്റെ സുറുമയിട്ട കണ്ണുകള്‍ എന്ന നോവലിലെ പ്രമേയം. പി.എയുടെ കഥകളിലും കാണാം കോഴിക്കോട്ടെ ആംഗ്ലോ- ഇന്ത്യന്‍, അന്യ ദേശസമൂഹക്കാരുടെ ജീവിതത്തുടിപ്പുകള്‍ (മിസ്റ്റര്‍ ജോര്‍ജ് പെരേര, തേങ്ങല്‍ തുടങ്ങിയ കഥകള്‍). എന്‍.പി മുഹമ്മദിന്റെ എണ്ണപ്പാടവും തെക്കേപ്പുറത്തിന്റെ കഥയാണ്. എണ്ണപ്പാടം എന്‍.പിയുടെ മക്കാണ്ടോ ആണ്. മരം എന്ന നോവലിലും നിരവധി കഥകളിലും എന്‍.പി കോഴിക്കോടന്‍ ജീവിതത്തെ അതിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ നിര്‍ത്തി വിശകലനം ചെയ്യുന്നു. അദ്ദേഹം പൂർണമായും കോഴിക്കോട്ടുകാരനല്ല. പരപ്പനങ്ങാടിയിലാണ് കുടുംബ വേരുകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ എന്‍.പി ഹാഫിസ് മുഹമ്മദ്, കോയമാരുടെ ജീവിതം പശ്ചാത്തലമാക്കി മികച്ച കഥകളും നോവലുകളുമെഴുതിയിട്ടുണ്ട്. എസ്പതിനായിരം ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട കൃതിയാണ്.


ബാബുരാജിന്റെ ജീവിതം ആസ്പദമാക്കി രചിച്ച പുതിയ നോവലിലും കോഴിക്കോട് നിറഞ്ഞുനില്‍ക്കുന്നു. ഈ കോഴിക്കോടന്‍ മാപ്പിളജീവിതം തന്നെയാണ് പി.എന്‍.എം ആലിക്കോയയുടെയും നഹാരിയുടെയും ബി.മുഹമ്മദിന്റെയുമൊക്കെ നാടകങ്ങളുടെ പ്രമേയ പശ്ചാത്തലങ്ങള്‍. ബി. മുഹമ്മദ്, നഹാരി എന്നിവര്‍ ചേര്‍ന്നു രചിച്ച വമ്പത്തി നീയാണ് പെണ്ണ്, പി.എന്‍.എം ആലിക്കോയയുടെ തറവാടും മടിശ്ശീലയും തുടങ്ങിയവ സാഹിത്യകൃതികളെന്ന നിലയിലും ശ്രദ്ധേയമായി. ടി. മുഹമ്മദ് യൂസുഫിന്റെ കണ്ടം ബെച്ച കോട്ടും എ.കെ പുതിയങ്ങാടിയുടെ പ്രഭാതം ചുവന്ന തെരുവിലും കെ.ടിയുടെ നാടകങ്ങളും ഈ സാംസ്‌കാരിക ഭൂമികകളില്‍ നിന്ന് മുളപൊട്ടി സാർവജനീനതയിലേക്ക് പടര്‍ന്നു പന്തലിച്ച രചനകളാണ്. അതിന്റെ തുടര്‍ച്ചയായാണ് പി.എം താജ് കോഴിക്കോടന്‍ നാടകവേദിയില്‍ ഉദിച്ചുയര്‍ന്നത്.


1989ല്‍ കേരള സംഗീത നാടക അക്കാദമി നടത്തിയ മത്സരത്തില്‍ താജിന്റെ 'പാവത്താന്‍ നാട്' രചനയ്ക്കുള്ള ഒന്നാം സമ്മാനം നേടി. കൂടുക്ക , മേരി ലോറന്‍സ്, കുടിപ്പക തുടങ്ങിയ നാടകങ്ങളിലൂടെ താജ് നാടക രംഗത്ത് തന്റേതായ ഇടം സ്ഥാപിച്ചു. താജിനു പിന്നാലെ കോഴിക്കോടന്‍ നാടകവേദിയെ സമ്പന്നമാക്കിയ രചയിതാക്കളാണ് മധു മാസ്റ്റര്‍,ജോയ് മാത്യു, എ. ശാന്തകുമാര്‍, ജയപ്രകാശ് കുളൂര്‍, സതീഷ് കെ. സതീഷ്, ജയപ്രകാശ് കുളൂര്‍ പുതിയൊരു രചനയിലും അവതരണത്തിലും പ്രത്യേക കോഴിക്കോടന്‍ രീതി സ്വീകരിച്ച നാടകകൃത്താണ്. മൃത്യോര്‍ മാ എന്ന നാടകത്തിലൂടെ സർവകലശാലാ നാടകോത്സവ വേദിയെ അമ്പരപ്പിച്ച നിസാര്‍ അഹമ്മദ് പിന്നീട് അധ്യാപനത്തിന്റെയും തത്വചിന്തയുടെയും മറ്റും മണ്ഡലങ്ങളിലേക്ക് കളം മാറിച്ചവിട്ടി.


അറബിക്കല്യാണത്തെപ്പറ്റി മാത്രമല്ല, അറബിപ്പൊന്നിനെപ്പറ്റിയും മലയാളത്തില്‍ നോവലുകളുണ്ടായിട്ടുണ്ട്. എം.ടിയും എന്‍.പിയും ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് ഒരു കാലത്ത് സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട കോഴിക്കോടിന്റെ മറ്റൊരു ജീവിതത്തിലേക്കിറങ്ങിച്ചെല്ലുന്ന നോവലാണ്. ഈ കള്ളക്കച്ചവടവുമായി ബന്ധപ്പെട്ട പുതിയ കാലത്തെ അധോതലവ്യവഹാരങ്ങള്‍ ചിത്രീകരിക്കുന്ന നോവലാണ് വി. മുഹമ്മദ് കോയയുടെ സ്വർണ്ണ വല.


കോഴിക്കോടിന്റെ എഴുത്തുകാരിയാണ് പി. വത്സല. നെല്ല്, ആഗ്‌നേയം തുടങ്ങിയ രചനകളില്‍ വത്സല വയനാടും തീവ്രവാദരാഷ്ട്രീയവും മറ്റും പ്രമേയങ്ങളാക്കിയെങ്കിലും കോഴിക്കോട്ടും പരിസരങ്ങളിലുമൊതുങ്ങിനിന്ന സ്വന്തം അധ്യാപന ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവലാണ് പാളയം. വത്സലയുടെ ചില കഥകളിലും ഈ ജീവിതം കടന്നുവരുന്നുണ്ട്. ഇ. വാസുവാണ് കോഴിക്കോടിന്റെ മറ്റൊരു എഴുത്തുകാരന്‍. ചുവപ്പുനാടയിലൂടെ ശ്രദ്ധേയനായ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ എഴുത്തില്‍ കോഴിക്കോടന്‍ ജീവിതം പ്രതിഫലിക്കുന്നു. ടി. ദാമോദരന്റെ തിരക്കഥകളിലും കോഴിക്കോട് എന്ന നഗരം കഥാപശ്ചാത്തലമാണ് പലപ്പോഴും.


കോഴിക്കോടിന്റെ പുതിയാപ്പിളമാരാണ് വൈക്കം മുഹമ്മദ് ബഷീറും ജമാല്‍ കൊച്ചങ്ങാടിയും എം.എം ബഷീറും. എം.എം ബഷീറിന്റെ ഭാര്യ ബി.എം സുഹ്‌റയുടെ കുടുംബ വേരുകള്‍ തലശ്ശേരിയിലും തിക്കോടിയിലുമാണെങ്കിലും കോഴിക്കോട്ടാണ് ദീര്‍ഘകാലമായി അവരുടെ താമസം.


വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാളത്തിന്റെ ഏറ്റവും വലിയ എഴുത്തുകാരന്റെ സാന്നിധ്യമാണ് കോഴിക്കോടിന് സാഹിത്യരംഗത്തെ അഭിമാനാര്‍ഹമായ കൈമുതല്‍. ബേപ്പൂരിനെ അദ്ദേഹം ലോക സാഹിത്യത്തില്‍ പ്രതിഷ്ഠിച്ചു. ലോക സാഹിത്യത്തെ ബേപ്പൂരിലേക്ക് കൊണ്ടുവരികയും ചെയ്തു. കോഴിക്കോട്ടു നിന്നാണ് ബഷീറിന്റെ ജീവിത സമരങ്ങളുടെ സഞ്ചാരമാരംഭിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍ അമീന്‍ ലോഡ്ജിലെത്തിയ ബഷീര്‍ ഒടുവില്‍ കോഴിക്കോട്ട് വന്നു വിവാഹിതനും കുടുംബനാഥനുമായി ഈ ദേശത്തിന്റെ ഭാഗമായി. ഇതേ അല്‍ അമീന്‍ ലോഡ്ജിന്റെ തണലില്‍ തന്നെയായിരുന്നു എന്‍.പി മുഹമ്മദിന്റെയും കെ.എ കൊടുങ്ങല്ലൂരിന്റെയും എം. റഷീദിന്റെയും ജീവിതം വളര്‍ന്നു തിടംവച്ചത്. കൊടുങ്ങല്ലൂരിനും അബ്ദുറഹിമാന്‍ സാഹിബിനും ഒരേ വീട്ടുപേരാണ് - കറുകപ്പാടത്ത്. അബ്ദുല്ല എന്ന അനാഥ ബാല്യത്തെ കൊടുങ്ങല്ലൂരില്‍നിന്ന് എടുത്തുകൊണ്ടുവന്ന് കോഴിക്കോട്ട് കുടിയിരുത്തുകയായിരുന്നു അബ്ദുറഹിമാന്‍. അബ്ദുല്ല പിന്നീട് നാടകകൃത്തും വിവര്‍ത്തകനും സാമൂഹ്യ ചിന്തകനുമായി മാറി. കമ്യൂണിസത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന 'മിഥ്യകള്‍ സങ്കൽപങ്ങള്‍' എന്ന പ്രവാചക സ്വഭാവമുള്ള പുസ്തകമെഴുതി. സ്വാതന്ത്ര്യസമര ഭടനായ എന്‍.പി അബുവിന്റെ മകന്‍ എന്‍.പി മുഹമ്മദ് നോവലിസ്റ്റും ചിന്തകനുമായി. ഇ. മൊയ്തു മൗലവിയുടെ മകന്‍ എം. റഷീദ് വിപ്ലവസോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലൂടെ സഞ്ചരിച്ച് എഴുത്തുകാരനും കോളമിസ്റ്റുമായി.


കൊയിലാണ്ടിയില്‍ നിന്നു കോഴിക്കോട്ട് കുടിയേറി നഗരത്തിന്റെ ഭാഗമായ എഴുത്തുകാരനാണ് യു.എ ഖാദര്‍. പുനത്തില്‍ കുഞ്ഞബ്ദുല്ല വടകരയില്‍നിന്നു വന്നു. ഉറൂബ് പൊന്നാനിയില്‍ നിന്നും കുഞ്ഞുണ്ണി മാസ്റ്റര്‍ വലപ്പാട്ടുനിന്നും വന്നു. എന്‍.വി കൃഷ്ണവാരിയര്‍ ദീര്‍ഘകാലം കോഴിക്കോട്ടുണ്ടായിരുന്നു. ഇവരുടെയൊക്കെ രചനകളില്‍ സൂക്ഷ്മ വിശകലനത്തില്‍ കോഴിക്കോടന്‍ മുദ്രകള്‍ കാണാവുന്നതാണ്.


കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യത്തെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സ്ഥാപനമാണ് ആകാശവാണി. തിക്കോടിയന്‍, അക്കിത്തം, എന്‍.എന്‍ കക്കാട്, ഉറൂബ്,പി. ഭാസ്‌കരന്‍, കെ.എ കൊടുങ്ങല്ലൂര്‍ തുടങ്ങിയ മുന്‍നിര എഴുത്തുകാരുടെ കേന്ദ്രമായിരുന്നു അവിടം. തിക്കോടിയന്‍ പില്‍ക്കാലത്ത് കോഴിക്കോട്ടെ സാഹിത്യ തറവാട്ടിലെ കാരണവരായി. കക്കാടും കോഴിക്കോട്ട് താമസമുറപ്പിച്ചു. നഗര ജീവിതത്തെക്കുറിച്ചുള്ള കക്കാടിന്റെ തീക്ഷ്ണസ്വഭാവമുള്ള കവിതകളുടെ ഉറവിടം കോഴിക്കോട്ടെ തെരുവുകളാണ്. ഈ തുടര്‍ച്ച എ.പി മെഹറലി, പി.പി ശ്രീധരനുണ്ണി, അബ്ദുല്ല നന്മണ്ട, കെ.എം നരേന്ദ്രന്‍ തുടങ്ങിയവരിലൂടെ മുന്നോട്ടുപോയി. പലരും പില്‍ക്കാലത്ത് കോഴിക്കോട്ടുകാരായി. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തുകയും ഇവിടെ താമസമുറപ്പിക്കുകയും ചെയ്ത നിരവധി പേരുണ്ട്. ദീര്‍ഘകാലം കോഴിക്കോട്ട് താമസിച്ചശേഷം തിരിച്ചു പോയവരുണ്ട്. ഡോ. എം.ജി.എസ് നാരായണന്‍, ആര്‍. രാമചന്ദ്രന്‍, ഡോ. ആര്‍. വിശ്വനാഥന്‍, എ.പി.പി നമ്പൂതിരി, പി.എം നാരായണന്‍, വി.എ കേശവൻ നമ്പൂതിരി, കടവനാട് കുട്ടികൃഷ്ണന്‍, പട്ടത്തു വിള കരുണാകരന്‍, കെ.പി രാമനുണ്ണി, വി.ആര്‍ സുധീഷ് , ഡോ. ഖദീജാ മുംതസ് , കെ.സി നാരായണന്‍ , പൂനൂര്‍ കെ. കരുണാകരന്‍, പി.ആര്‍ നാഥന്‍ , സലാം കാരശ്ശേരി, മലയത്ത് അപ്പുണ്ണി, പി.എ നാസിമുദ്ദീന്‍, പോള്‍ കല്ലാനോട് , വി.എ കബീര്‍ തുടങ്ങിയ നിരവധി പേര്‍.


ഒ.വി വിജയന്‍ തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായാണ്. അയ്യപ്പപ്പണിക്കരും കെ. വേണുവും ( മികച്ച എഴുത്തുകാരന്‍ കൂടിയാണല്ലോ കെ. വേണു) മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിച്ചവരാണ്. ഡോ. എന്‍.എ കരീമും കെ.എ ജയശീലനും ഫാറൂഖ് കോളജിലും വിഷ്ണു നാരായണന്‍ നമ്പൂതിരിയും ഡോ. ടി.കെ രാമചന്ദ്രനും ദേവഗിരി കോളജിലും പഠിച്ചു. ആറ്റൂര്‍ രാമവര്‍മ്മയുടെ പഠനവും കോഴിക്കോട്ടായിരുന്നു. സുകുമാര്‍ അഴീക്കോടും ഡോ. എം. ഗംഗാധരനും എം.എന്‍ കാരശ്ശേരിയും കൃത്യമായി പറഞ്ഞാല്‍ കോഴിക്കോട്ടുകാരല്ലെങ്കിലും പഠിക്കലും പഠിപ്പിക്കലും പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടലുമൊക്കെയായി അവര്‍ നഗരത്തില്‍ തന്നെയായിരുന്നു. വിശാലമായ അർഥത്തില്‍ ഇപ്പോഴും ആണ്. കൽപറ്റ നാരായണന്‍ പഠനത്തിനു കോഴിക്കോട്ടേക്കും പൊറുതിക്ക് കൊയിലാണ്ടിയിലേക്കുമാണ് ചുരമിറങ്ങിയത്. പക്ഷേ കൽപറ്റ കോഴിക്കോടിന്റെ ഭാഗമാണിപ്പോള്‍, എല്ലാ അർഥത്തിലും.


കോഴിക്കോടിന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചതില്‍ പത്രങ്ങള്‍ക്ക് നല്ല പങ്കുണ്ട്. വടക്കന്‍ കേരളത്തില്‍നിന്ന് ആദ്യമായി ഇറങ്ങിയ പത്രം കേരളപത്രികയാണ്. ചെങ്ങളത്ത് കുഞ്ഞിരാമമേനോന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു 1878ല്‍. അതിനു മുമ്പ് പൂവാടന്‍ രാമന്‍ 1873ല്‍ മലബാര്‍ സ്‌പെക്ടേറ്റര്‍ എന്ന പേരില്‍ ഇംഗ്ലീഷ് പത്രം തുടങ്ങി. 1874ല്‍ അത് വെസ്റ്റ് കോസ്റ്റ് സ്‌പെക്ടേറ്ററായി. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ കേരള സഞ്ചാരിയും മിതവാദി കൃഷ്ണന്റെ മിതവാദിയും കെ. ഗോപാലന്റെ ചൈതന്യവും തെരുവത്ത് രാമന്റെ പ്രദീപും സുകുമാര്‍ അഴീക്കോടിന്റെ ദിനപ്രഭയും തായാട്ടു ശങ്കരന്റെ വിപ്ലവവുമൊക്കെ ഓര്‍ക്കപ്പെടേണ്ട പത്രങ്ങളാണ്. 1923 ലാണ് മാതൃഭൂമിയും അല്‍ അമീനും ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടു ധാരകളായി രംഗത്തുവന്നത്. 1942 ല്‍ ദേശാഭിമാനി വാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. 1948 ല്‍ അത് പ്രഭാതപത്രമായി. തലശ്ശേരി നിന്നു വന്ന ചന്ദ്രിക 1946 മുതല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഈ പത്രങ്ങള്‍ പ്രസരിപ്പിച്ച ഊർജമാണ് കോഴിക്കോടിന്റെ സാഹിത്യ ജീവിതത്തെ വലിയൊരളവില്‍ ഉത്തേജിപ്പിച്ചത്. ഇന്ന് മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെയും പുസ്തക പ്രസിദ്ധീകരണത്തിന്റെയും കേന്ദ്രസ്ഥാനമാണ് കോഴിക്കോട്. അതിന്റെ ചൈതന്യം നഗരത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ട്.


കോഴിക്കോടന്‍ പത്രങ്ങളില്‍ പത്രാധിപച്ചുമതല വഹിച്ച മൂന്നുപേരെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി പദമലങ്കരിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രാധിപന്മാരായ ഇ.എം.എസും ഇ.കെ നായനാരും. ചന്ദ്രിക പത്രാധിപരായ സി.എച്ച് മുഹമ്മദ് കോയയാണ് മറ്റൊരാള്‍. പത്രമുടമ എം.പി വീരേന്ദ്രകുമാര്‍ എം.എല്‍.എയും എം.പിയും കേന്ദ്രമന്ത്രിയുമായി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരനുമായി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവര്‍ഡുമൊക്കെ നേടിയ എഴുത്തുകാര്‍ കോഴിക്കോട്ടുണ്ട്. കെ.പി കേശവമേനോന്‍, ഉറൂബ്, കുട്ടിക്കൃഷ്ണമാരാര്‍, എം.ടി വാസുദേവന്‍ നായര്‍,എസ്.കെ.പൊറ്റെക്കാട്ട്, എന്‍.വി കൃഷ്ണവാരിയര്‍, എം.പി മുഹമ്മദ്, തിക്കോടിയന്‍, കെ.പി രാമനുണ്ണി, യു.കെ കുമാരന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയവരാണ് ഡോ. എം. ഗംഗാധരനും കെ.എസ് വെങ്കിടാചലവും. ബാലസാഹിത്യത്തിന് മലയത്ത് അപ്പുണ്ണിയും സമ്മാനാര്‍ഹനായി.

ഇംഗ്ലിഷില്‍നിന്നും ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാളത്തിലേക്കും മലയാളത്തില്‍നിന്നു ഇംഗ്ലിഷിലേക്കുമുള്ള തർജമകളുടെ മേഖലകളില്‍ കോഴിക്കോട് അതിന്റേതായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ബംഗാളിയിലെ പ്രഖ്യാത കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ എം.എന്‍ സത്യാര്‍ത്ഥി കോഴിക്കോടിന്റെ പോറ്റുമകനാണ്. കെ.എ കൊടുങ്ങല്ലൂര്‍ മികച്ച വിവര്‍ത്തകനായിരുന്നു. ആര്‍സുവും പി.കെ രാധാമണിയും ഹിന്ദിയില്‍ നിന്നും തിരിച്ചും മൊഴിമാറ്റം ചെയ്തു. എം.എന്‍ കാരശ്ശേരിയാണ് മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത'യുടെ വിവര്‍ത്തകന്‍. എന്‍. ഗോപാലകൃഷ്ണന്‍, പി.വി നരസിംഹറാവുവിന്റെ 'ഇന്‍സൈഡര്‍' മലയാളത്തിലേക്കും കെ.പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ ഇംഗ്ലിഷിലേക്കും തർജമ ചെയ്തു. എന്‍. ഗോപാലകൃഷ്ണനും പി.എം നാരായണനും ചേര്‍ന്ന് തർജമ ചെയ്ത ജയന്ത് മഹാപത്രയുടെ 'ശ്രീരാധ'യും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. രണ്ടുപേരും കോഴിക്കോട്ട് താമസമാക്കിയവരാണ്. ബഷീറിന്റെ കൃതികള്‍ ഇംഗ്ലിഷിലേക്ക് തർജമ ചെയ്ത വി. അബ്ദുല്ലയും കർമബന്ധങ്ങള്‍ കൊണ്ട് കോഴിക്കോട്ടുകാരനാണ്. ഇംഗ്ലിഷിലേക്കുള്ള ഏറ്റവും മികച്ച മലയാളി വിവര്‍ത്തകരില്‍ ഉള്‍പ്പെടുന്ന പി.ജെ മാത്യുവും ഡോ. യാസീന്‍ അശ്‌റഫും കോഴിക്കോട്ടേക്ക് പറിച്ചുനടപ്പെട്ടവരാണ്. ഇംഗ്ലിഷിലേക്ക് ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാവുന്നതും ഡോ. ഖദീജാ മുംതസിന്റെ ബര്‍സയും മൊഴിമാറ്റം ചെയ്ത ഡോ. കെ.എം ഷരീഫ്, സേതുവിന്റെയും രാമനുണ്ണിയുടെയും കഥകള്‍ തർജമ ചെയ്ത ഡോ. അബൂബക്കര്‍ കാപ്പാട് എന്നിവരെയും ഓര്‍ക്കണം.


എഴുത്തുകാര്‍ ആക്ടിവിസ്റ്റുകളുടെ വേഷമണിയുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ കോഴിക്കോടിന്റെ ചരിത്രത്തിലുണ്ട്. തൃശൂരില്‍ നിന്നിറങ്ങിയ പാഠഭേദത്തിന്റെ വിടവാങ്ങല്‍ പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടത് കോഴിക്കോട്ടു വച്ചാണ്. പിന്നീട് മാസിക കോഴിക്കോട്ടേക്ക് പറിച്ചു നടപ്പെട്ടു. പി.എന്‍ ദാസി ന്റെ 'വൈദ്യശാസ്ത്രം' കോഴിക്കോട്ട് പിറന്ന് കോഴിക്കോട്ട് തന്നെ മരിച്ച മാസികയാണ്. സമാന്തര സംരംഭങ്ങളോട് എക്കാലത്തും ആഭിമുഖ്യം പുലര്‍ത്തിയ ദേശമാണ് ഈ നഗരം. മനശ്ശാസ്ത്ര മാസിക 'സൈക്കോ', വനിതാ മാസിക 'രൂപകല', നഗരത്തിന്റെ മാസിക 'സിറ്റി മാഗസിന്‍' തുടങ്ങിയവയുടെ പ്രസാധകൻ ചെലവൂര്‍ വേണുവിനോടൊപ്പം എക്കാലത്തും സിനിമയുമായി ബന്ധപ്പെട്ട കുറേ പേരുണ്ടായിരുന്നു. ചിന്ത രവി എന്ന രവീന്ദ്രന്‍, മന്ത്രിയായിരുന്ന എ.സുജനപാല്‍ തുടങ്ങിയവര്‍ മികച്ച എഴുത്തുകാരുമായിരുന്നുവല്ലോ. മലയാളത്തിലെ പേരുകേട്ട ചലച്ചിത്ര നിരൂപകരായ സിനിക്ക് , കോഴിക്കോടന്‍, നാദിര്‍ഷാ എന്നിവരും ഈ നഗരത്തില്‍ കാലുറപ്പിച്ചവര്‍.


മലയാളത്തിലെ രണ്ടു പ്രശസ്ത എഴുത്തുകാര്‍ കോഴിക്കോട് കലക്ടര്‍മാരായിട്ടുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണനും കെ.വി മോഹന്‍ കുമാറും. മോഹന്‍ കുമാര്‍ മുന്‍കൈയെടുത്ത് കോഴിക്കോട്ട് എഴുത്തുകാരുടെ സംഘടനയുമുണ്ടാക്കി. യു.കെ.എസ് ചൗഹാന്‍ എന്ന കലക്ടര്‍ മലയാള കവിതകള്‍ ഹിന്ദിയിലേക്ക് തർജമ ചെയ്തിട്ടുണ്ട്.


വി.കെ.എന്നിന്റെ നഗരമല്ല കോഴിക്കോട്. പക്ഷേ, പല കഥകളിലും അദ്ദേഹം കോഴിക്കോടിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കൊട്ടാരം ജോത്സ്യനും മറ്റും ഇങ്ങനെ രൂപപ്പെട്ട കഥാപാത്രങ്ങളാണ്. രാമദാസ് വൈദ്യര്‍ക്കയച്ച കത്തുവിലാസത്തിലെ കോഴിക്കോട് ഒന്ന്, ഏറിയാല്‍ രണ്ട് എന്ന പ്രയോഗത്തിലൂടെ നമ്മുടെ നഗരത്തെ അനശ്വരനാക്കിയ എഴുത്തുകാരനാണല്ലോ വി.കെ.എന്‍.


രാമദാസ് വൈദ്യരെയും വടേരി ഹസ്സനെയും മുല്ലവീട്ടില്‍ അബ്ദുറഹിമാനെയും പോലെയുള്ള സാഹിത്യകാരന്മാരെയും കലാകാരന്മാരെയും സ്‌നേഹ ബഹുമാനങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിക്കുന്ന സഹൃദയരെക്കുറിച്ചുകൂടി പറയാതെ ഈ കുറിപ്പ് പൂർണമാവുകയില്ല. കോഴിക്കോട് നഗരം ഒരുപാട് എഴുത്തുകാരുടെയൊന്നും പെറ്റമ്മയല്ല. എന്നാല്‍ അരികെയും അകലെയുമുള്ള നിരവധി എഴുത്തുകാരെ ഈ ചെറുപട്ടണം സ്വന്തം ചിറകുകള്‍ക്കടിയിലേക്ക് ചേര്‍ത്തുപിടിച്ചു. അവര്‍ക്ക് നഗരം പിരിയാന്‍ വിടാത്ത കാമുകിയായി. സാന്ത്വനമായി, തണലായി... എന്തായിരിക്കാം കാരണം ? അങ്ങനെ ആലോചിക്കുമ്പോഴാണ് പഴയ സത്യത്തിന്റെ തുറമുഖമെന്ന കഥ വീണ്ടും ഉയര്‍ന്നുവരുന്നത്. കച്ചവടം ചെയ്യാന്‍ പറ്റിയ, സത്യമുള്ള സ്ഥലം തേടിയെത്തിയ സഞ്ചാരി കോഴിക്കോട്ട് പാണ്ട്യാല കെട്ടിയത് നഗരത്തിന്റെ ഹൃദയവിശുദ്ധി കണ്ടാണ്. ഈ വിശുദ്ധിയായിരുന്നു അന്യദേശക്കാരെ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചത്. അവരെ കൈനീട്ടി സ്വീകരിക്കാന്‍ കോഴിക്കോട്ടുകാര്‍ക്ക് ബലം നല്‍കിയത് ഈ വിശുദ്ധി തന്നെയാവണം. സാഹിത്യവും കലയും സത്യത്തിന്റെ ആവിഷ്‌കാരങ്ങള്‍ തന്നെയാണ്. കോഴിക്കോട് നഗരം സത്യം കൈവിടാതിരിക്കട്ടെ....


മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററായിരുന്നു വി.എം നായര്‍. അദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത കവി ബാലാമണിയമ്മ. അവര്‍ ദീര്‍ഘകാലം ജീവിച്ചത് കോഴിക്കോട്ടാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി ഈ അർഥത്തില്‍ കോഴിക്കോട്ടുകാരിയാണ്. മാധവിക്കുട്ടി (കമലാ സുരയ്യ )യുടെ സഹോദരി ഡോ. സുവർണ നാലാപ്പാട്ടും എഴുത്തുകാരിയാണ്. മലയാളത്തിലെ കളിയെഴുത്തിന്റെ ആചാര്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വിംസി (വി.എം ബാലചന്ദ്രന്‍ ) മുഷ്ത്താഖ് (പി.എ മുഹമ്മദ് കോയ) എന്നിവരെക്കുറിച്ചും കോഴിക്കോടിന് അഭിമാനിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  17 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  17 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  17 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  18 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  18 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  18 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  19 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  19 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  19 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  20 hours ago