പൈതൃക നഗരം
മലബാറിലെത്തിയ അറബികളധികവും ദക്ഷിണ അറേബ്യക്കാരായതിനാല്‍ പേര്‍ഷ്യന്‍ സംസ്‌കാരമാണ് മലബാറിലെത്തിച്ചത്. യഹൂദരും ക്രിസ്തീയരും അറബ് ദേശത്തുനിന്ന് തന്നെയാണ് മലബാറിലെത്തുന്നത്. എല്ലാവരും വ്യാപാരത്തോടൊപ്പം വിജ്ഞാനവും പരത്തി. അതിനാല്‍ ചരിത്രപരമായി തന്നെ കോഴിക്കോട് സാഹിത്യനഗരമാണ്.
ഹുസൈന്‍ രണ്ടത്താണി
പോര്‍ളാതിരി രാജാവുമായി അമ്പതു വര്‍ഷം യുദ്ധം ചെയ്താണ് നെടിയിരുപ്പിലെ മാനവിക്രമന്‍മാര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ കോഴിക്കോട് സ്വന്തമാക്കിയത്. അവിടന്നങ്ങോട്ട് കോഴിക്കോടിന്റെ പ്രതാപ കാലമാണ്. സാമൂതിരിക്ക് കോയില്‍കോട്ട, അറബികള്‍ക്ക് കാലികൂത്ത്, യൂറോപ്യന്‍മാര്‍ക്ക് കാലിക്കറ്റ്, ൈചനക്കാര്‍ക്ക് കൂലിഫോ, തമിഴില്‍ കല്ലിക്കോട്ട. ഉപ്പു നിറഞ്ഞ ഉപ്പളമായിരുന്ന കോഴിക്കോടിനെ സാമൂതിരിയും അറബിക്കച്ചവടക്കാരും ചേര്‍ന്ന് ലോക പ്രശസ്തമാക്കി. കുറ്റിച്ചിറയില്‍ പോര്‍ളാതിരിക്ക് കൊട്ടാരമുണ്ടായിരുന്നു. സാമൂതിരിമാര്‍ കുറ്റിച്ചിറക്ക് കിഴക്ക് ചരക്കുഗതാഗതത്തിനായി പുഴവെട്ടി പുഴവക്കത്ത് പള്ളിയും കടവുകളും (മരക്കടവ്, പണ്ടാരക്കടവ്, പട്ടുതെരുവ്, ചൈനാ ബസാര്‍) ഒരുക്കി പണ്ടികശാലകളും നിര്‍മിച്ച് കോഴിക്കോടിനെ വ്യാപാര നഗരമാക്കി.
കോഴിക്കോടിനു മുമ്പേ ചാലിയം പ്രസിദ്ധമാണ്. ചാലിയം മറ്റൊരു രാജാവിനു കീഴിലാണ്. ആദ്യം യഹൂദരും പിന്നീട് പേര്‍ഷ്യക്കാരും അറബികളും വന്ന് വസ്ത്ര വ്യാപാര കേന്ദ്രമാക്കിയ ചാലിയത്ത് മാലിക് ദീനാറിന്റെ കാലത്ത് പള്ളി പണിതു. തന്റെ പിന്‍ഗാമികള്‍ ഇവിടെ വിജ്ഞാന കേന്ദ്രമാക്കി. ചാലിയത്തെ എട്ട് വീട്ടുകാരെയും ഇല്ലക്കാരെയും കണ്ട്് പള്ളി വിപുലപ്പെടുത്തി. പള്ളിയിലെ ആദ്യ ഖാസി, സൈനുദ്ദീന്‍ ബ്‌നു മുഹമ്മദ്. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പിന്നീട് സാമൂതിരിയുടെ ക്ഷണം സ്വീകരിച്ച് കോഴിക്കോട്ടെത്തി. കുറ്റിച്ചിറയിലെ പോര്‍ളാതിരിയുടെ കൊട്ടാരം പള്ളിയാക്കി. കുരുമുളകില്‍ നിന്നാണ് സാമൂതിരിയും മലബാറിലെ രാജാക്കന്‍മാരും സമ്പന്നരാവുന്നത്. മലബാറിലെത്തിയ അറബികളധികം ദക്ഷിണ അറേബ്യക്കാരായതിനാല്‍ അവിടെയുള്ള പേര്‍ഷ്യന്‍ സംസ്‌കാരമാണ് മലബാറിലെത്തിച്ചത്. പേര്‍ഷ്യന്‍ സംസ്‌കാരം അറബികളില്‍ സമന്വയിച്ചിരുന്നു. യഹൂദരും ക്രിസ്തീയരും അറബ് ദേശത്തുനിന്ന് തന്നെയാണ് മലബാറിലെത്തുന്നത്. എല്ലാവരും വ്യാപാരത്തോടൊപ്പം വിജ്ഞാനവും പരത്തി. അതിനാല്‍ ചരിത്രപരമായി തന്നെ കോഴിക്കോട് സാഹിത്യനഗരമാണ്.
ഇബ്‌നു ബത്തൂത്ത
പതിനാലാം നൂറ്റാണ്ടില്‍ വന്ന ഇബ്‌നു ബത്തൂത്ത ലോകത്തെ ഏറ്റവും വലിയ തുറമുഖം എന്ന് കോഴിക്കോടിനെ വിശേഷിപ്പിക്കുന്നു. അറേബ്യ, സിലോണ്‍, ജാവ, മഹല്‍ ദ്വീപ്, യമന്‍, പേര്‍ഷ്യ, ചൈന, റോം എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളെ അദ്ദേഹം കോഴിക്കോട് കണ്ടുമുട്ടി. തുറമുഖാധിപന്‍ (ഷാ ബന്ദര്‍) ബഹ്‌റൈനിയായ ഇബ്രാഹിം. ഖാസി ഫഖ്‌റുദ്ദീന്‍ ഉസ്മാന്‍ ശിഹാബുദ്ദീന്‍ ഗാസറൂനി എന്ന സൂഫീഗുരുവും തന്റെ പര്‍ണശാലയും സജീവം. കപ്പലുടമ (നാഖൂദാ) മിസ്ഖാല്‍ മഹാപ്രഭുവാണ്. അദ്ദേഹത്തിന് പേര്‍ഷ്യ, ചൈന, യമന്‍ തുടങ്ങി മിക്ക രാജ്യങ്ങളുമായും വ്യാപാരബന്ധമുണ്ട്. പതിമൂന്ന് ചൈനീസ് കപ്പലുകള്‍ കോഴിക്കോട് തുറമുഖത്ത് നങ്കൂരമിട്ടത് ഇബ്‌നു ബത്തൂത്ത നേരില്‍ കണ്ടു. ഒരു ചൈനാ കപ്പലില്‍ (ജങ്ക്) ആയിരം പേര്‍ക്കെങ്കിലും യാത്ര ചെയ്യാം. കോഴിക്കോട്ടെ സാമൂതിരി ലോകത്തെ ഏറ്റവും സത്യസന്ധനായ രാജാവാണെന്നും കോഴിക്കോടിനെപ്പോലെ നിര്‍ഭയം ജീവിക്കാന്‍ കഴിയുന്ന മറ്റൊരു നാട് ലോകത്തില്ലെന്നും ഇബ്‌നു ബത്തൂത്ത.
മതവൈജാത്യങ്ങളോടൊപ്പം തന്നെ മതനിരപേക്ഷമായ സംസ്‌കാരം നിലനിർത്തിയ സാമൂതിരി നാടിനെ ഇസ്‌ലാം രാജ്യമായാണ് ശൈഖ് സൈനുദ്ദീന്‍ വിലയിരുത്തിയത്. സാമൂതിരിമാര്‍ മുസ്‌ലിം പണ്ഡിതന്‍മാരെയും സൂഫീ ഗുരുക്കളെയും മലബാറിലേക്ക് ക്ഷണിച്ചു. പൊന്നാനിയിലെത്തിയ സൈനുദ്ദീന്‍ മഖ്ദൂമും കോഴിക്കോട്് ഇടിയങ്ങരയിലെ അബുല്‍ വഫാ മാമുക്കോയയും കുറ്റിച്ചറയിലെ െൈശഖ് ജിഫ്‌രിയും പ്രധാനികൾ. 1324 മുതല്‍ 1722 കാലത്ത് പതിനഞ്ചോളം വിദേശ സഞ്ചാരികള്‍ മലബാറിലെത്തി. ഇവരുടെ വിവരണങ്ങളിലൂടെ കോഴിക്കോടിന്റെ കീര്‍ത്തി ലോകമെമ്പാടുമെത്തി. പള്ളികള്‍ വിജ്ഞാന കേന്ദ്രങ്ങളായി. ശൈഖ് മാമുക്കോയയുടെ ഇടിയങ്ങര പള്ളി സാമൂതിരിയുടെ സഹായത്തോടെ നിര്‍മിച്ചതാണ്. പിന്നീട് ഗുജറാത്തികള്‍ക്കായി മുതാക്കര പള്ളി, ലക്ഷദീപുകാര്‍ക്ക് തോപ്പിലകത്ത് തറവാട്ടുകാരുടെ സഹായത്താല്‍ മുഹ്‌യിദ്ദീന്‍ പള്ളി. വര്‍ത്തകനായ നാഖുദാ മിസ്ഖാല്‍ പണിത പള്ളി. സിന്ധികളും പാര്‍സികളും ബോറമാരും ദഖ്‌നികളും അലായികളും ചൈനക്കാരും വെവ്വേറെ പള്ളികള്‍ നിര്‍മിച്ചു. ടിപ്പു സുല്‍താന്റെ കാലത്ത് പട്ടാളത്തിന്റെ ആരാധനാ സൗകര്യത്തിനു വേണ്ടി പണിത പട്ടാളപ്പള്ളി. കൂടാതെ സൂഫികളുടെ സാന്നിധ്യവും അവരുടെ ഗാസറൂനി, ഷാദിലി, ഖാദിരി, ബാ അലവി, ചിഷ്തി തുടങ്ങിയ മാര്‍ഗങ്ങളും സജീവം. എല്ലാ മതക്കാര്‍ക്കുമുള്ള ആരാധനാലയങ്ങള്‍ തൊട്ടുരുമ്മി നിൽക്കുന്ന നഗരം. ആരാധനാ വൈജാത്യങ്ങള്‍ക്കപ്പുറം ഇവരുടെ മനസുകളൊന്നിച്ചു. ഇത് വ്യാപാര സംസ്‌കാരത്തിന്റെ ഭാഗമാണെന്നു പറയുന്നുണ്ടെങ്കിലും മതങ്ങളുടെ ആധ്യാത്മികത പ്രദാനം ചെയ്യുന്ന സ്‌നേഹവും ഭക്തിയും വലിയ പങ്കുവഹിച്ചു.
അറബി മലയാളം
മലയാളത്തിലെ വലിയൊരു പങ്ക് അറബി-പേര്‍ഷ്യ പദങ്ങളായത് പരസ്പര സമ്പര്‍ക്കത്തിലൂടെയാണ്. അറബി-പേര്‍ഷ്യന്‍ പദങ്ങള്‍ പലതും മലയാളീകരിച്ചു. തുറമുഖത്തിനുപയോഗിക്കുന്ന ഖല്‍ആഅ് കല്ലായിയായി. താംബൂലം, സുപ്ര, ശിര്‍വ, കഹ്‌വ, ഉറുമാല്‍ തുടങ്ങി ബലാലും മുസീബത്തും പഹയനും ഹംക്കും ഹുക്മും അനാമതും വാങ്കും വരെ നൂറുകണക്കിന് അറബി-പേര്‍ഷ്യന്‍ പദങ്ങളാണ് മലയാളപ്പട്ടുടുത്തത്. വറകതും വകീലും താലൂക്കും ജില്ലയുമില്ലാത്ത മലയാളമില്ല. ഹാജറും ബാക്കിയും ഹരജിയും കാപ്പിയും ചപ്പാത്തിയുമെല്ലാം അങ്ങനെതന്നെ. അറബിമലയാളം എന്ന് ഇപ്പോള്‍ വിളിക്കുന്ന അറബിമലബാരി ഭാഷ മലയാളം എന്ന പേരുപോലുമില്ലാത്ത കാലത്താണ് വരുന്നത്. ആദ്യത്തെ അറബിമലയാള കാവ്യമെന്നറിയപ്പെട്ട മുഹ്‌യിദ്ദീന്‍ മാല എഴുതിയത് കോഴിക്കോട്ടെ ഖാസി മുഹമ്മദ്. ഖാസി കില്‍സിങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞി മഹാപണ്ഡിതനും ഗ്രന്ഥകര്‍ത്താവുമാണ്. അദ്ദേഹത്തിന്റെ ശിഷ്യനാണ് സമസ്തയെന്ന മുസ്‌ലിം പണ്ഡിത സഭയുടെ സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍.
പൊന്നാനിയില്‍ നിന്നുള്ളതടക്കം നിരവധി അറബി കൃതികള്‍ കോഴിക്കോട്ടിനെ സമൃദ്ധമാക്കിയിട്ടുണ്ട്. അഹ്മദ് കോയ ശാലിയാത്തി മതപണ്ഡിതനും എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ലൈബ്രറി ഇപ്പോഴും നിലനിൽക്കുന്നു. പറങ്കികള്‍ നൂറുവർഷം വെട്ടിയും കൊന്നും ഭരിച്ചെങ്കിലും പറങ്കിയണ്ടിയും പറങ്കി മുളകും മേശയും കസേരയും ബിസ്‌ക്കറ്റും അലമാരയും ആശുപത്രിയും കുരിശും അവരുടേതാണ്. നമ്മള്‍ ടോയ്‌ലറ്റ് ഉപയോഗിക്കാത്ത കാലത്ത്് അവരാണ് തണ്ടാസുമായി വന്നത്. ചൈനക്കാരുടെ വലയും ഭരണിയും മുളകും മുണ്ടും ചീനവലയും ഇപ്പോഴുമുണ്ട് നമുക്ക്. ഡച്ചുകാരുടെ കക്കൂസും തപാലും ഇപ്പോഴും അങ്ങനെത്തന്നെ.
രേവതി പട്ടത്താനം
ഗോതങ്ങ്രളും അവരുടെ കാവുകളും വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞതാണ് കോഴിക്കോട്. ക്ഷേത്രങ്ങള്‍ വരുന്നത് എട്ടാം നൂറ്റാണ്ടോടെയെന്ന് വില്യം ലോഗന്‍. വേദങ്ങളും സ്മൃതികളും ഇതിഹാസങ്ങളും എല്ലാം ഇവിടെ വിജ്ഞാനത്തിന് മുതൽക്കൂട്ടി. പോര്‍ളാതിരിമാര്‍ സ്ഥാപിച്ചതാണ് തളിക്ഷേത്രവും വളയനാട് ക്ഷേത്രവും. പോര്‍ളാതിരി-സാമൂതിരി യുദ്ധ കാലത്ത് ചില ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. സാമൂതിരിമാരും നിര്‍മിച്ചു, കുറേ ക്ഷേത്രങ്ങള്‍. പതിനഞ്ചാം നൂറ്റാണ്ടിലെ മാനവിക്രമ രാജാവിന്റെ കാലത്ത് ആരംഭിച്ച രേവതി പട്ടത്താനം (ഭട്ടര്‍ സ്ഥാനം) കോഴിക്കോട്ട് സാഹിത്യ വിസ്‌ഫോടനമുണ്ടാക്കി. രാജ സദസിലെ പതിനെട്ട് രാജകവികള്‍ അതി പ്രശസ്തര്‍. പയ്യൂര്‍ ഭട്ടതിരി, കാക്കശ്ലേരി ദാമോദര ഭട്ടതിരി, ചേനാസ് നാരായണന്‍ നമ്പൂതിരി, പുനം നമ്പൂതിരി, ഉദ്ദണ്ഡ ശാസ്ത്രികള്‍ എന്നിവര്‍ കവികളും ഗ്രന്ഥകര്‍ത്താക്കുളമാണ്. പുനം നമ്പൂതിരിയുടെ രാമായണം ചമ്പു, പാര്‍വതീ സ്വയം വരം ചമ്പു എന്നിവ പ്രധാനം. മാനവിക്രമന് ശേഷം വന്ന മാനവേദ രാജാവും സാഹിത്യകാരന്‍ തന്നെ. പതിനാറാം നൂറ്റാണ്ടിലാണ് മേൽപത്തൂര്‍ നാരായണ ഭട്ടതിരി നാരയണീയം രചിച്ചത്. പതിനേഴാം നൂറ്റാണ്ടിലെ വിക്രമശക്തന്‍ തമ്പുരാന്റെ കാലത്ത് മാനവേദന്‍ കൃഷ്ണഗീതി രചിച്ചു. അദ്ദേഹം തന്നെയാണ് കൃഷ്ണനാട്ടത്തിന്റെയും കര്‍ത്താവ്. പതിനെട്ടാം നൂറ്റാണ്ടില്‍ തിളങ്ങിയവരാണ് ചേലപ്പറമ്പന്‍ നമ്പൂതിരിയും മനോരമത്തമ്പുരാട്ടിയും. സാമൂതിരി ഏട്ടന്‍ തമ്പുരാന്‍ നിരവധി കഥകളും കവിതകളും എഴുതി.
ഇരുപതാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യ സമരവും ഒപ്പം ദാരിദ്ര്യവും ഉള്ളപ്പോള്‍ പല സാഹിത്യകാരന്‍മാരും കൂടുതേടി കോഴിക്കോട്ടെത്തി. ഊരകത്തെ വി.സി ബാലകൃഷ്ണപ്പണിക്കര്‍, ഹിന്ദു പരിഷ്‌കര്‍ത്താവ് വാഗ്ഭടാനന്ദന്‍, കമ്യൂണിസ്റ്റുകാരന്‍ സുബ്രമണ്യന്‍ തിരുമുമ്പ്, കവി ഭാസ്‌കരന്‍ മാഷ്, മണ്ണാലത്ത് ശ്രീധരന്‍, ചന്ദ്രപാലന്‍ , പി.എം കാസിം, കുഞ്ഞിരാമന്‍ നമ്പ്യാര്‍, നരിക്കുനി ഉണ്ണീരിക്കുട്ടി വൈദ്യര്‍, പി. ഗോപാലന്‍ നായര്‍, വലിയ കുഞ്ഞിരാമ മേനോന്‍, അപ്പു നെടുങ്ങാടി, മലയത്ത് അപ്പുണ്ണി, ശങ്കുണ്ണി മേനോന്‍, കല്യാണിയമ്മ, ടി. മുഹമ്മദ് യൂസുഫ്, പി.സി രാജ, പുതിയേടത്ത് വാസു ദേവന്‍, എ. വാസുദേവന്‍, സി.വി.കെ അഹ്മദ് കുട്ടി, അബുസ്സബാഹ് അഹ്മദ് മൗലവി എന്നിവര്‍ സാഹിത്യ രംഗത്ത് കോഴിക്കോട്ടിനെ ധന്യമാക്കി.
പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തന രംഗത്ത് വലിയ സംഭാവനകള്‍ കോഴിക്കോട് നൽകി. കേരള സഞ്ചാരി, മലബാര്‍ ഡെയ്‌ലി ന്യൂസ്, സ്‌പെക്‌ടേറ്റര്‍, ചാമ്പ്യന്‍, കേരള പത്രിക, മുഹമ്മദീയ മിത്രം, ഖിലാഫത്ത് പത്രിക, ഹിദായത്ത്, മാതൃഭൂമി, അല്‍ അമീന്‍, ചന്ദ്രിക, പ്രദീപം, ലീഗ് ടൈംസ്, സുപ്രഭാതം, ദേശാഭിമാനി, സിറാജ്, വര്‍ത്തമാനം സത്യധാര, സുന്നി അഫ്കാർ, അല്‍മനാര്‍, നിസാഉല്‍ ഇസ്‌ലാം, മാപ്പിള റിവ്യൂ, സുന്നത്ത്, പ്രബോധനം, സഹകാരി, ചിന്തകന്‍, പുഞ്ചിരി, പുരോഗതി, പുടവ, പൂങ്കാവനം, സന്തുഷ്ട കുടുംബം, താലോലം, ഗജ കേസരി, പൗര കാഹളം, ഭാരതി, പൗര ശക്തി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിധം പത്രമാസികകള്‍. കോഴിക്കോട്ടുകാരുടെ വായനാപ്രിയത്തിന് തെളിവാണ് നാടെങ്ങും നിറഞ്ഞു നിന്ന ലൈബ്രറികള്‍. ഓരോ സംഘടനക്കാരും ആദ്യം നിര്‍മിക്കുക ലൈബ്രറിയാണ്. പുതിയറയിലെ സെന്റ് ഗുപ്ത ലൈബ്രറി, കുതിരവട്ടത്തെ ദേശപോഷിണി, മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറി, മാങ്കാവിലെ വളയനാട് വായന ശാല, രാമനാട്ടുകര വായന ശാല, മൂഴിക്കല്‍ ആഴ്ചവട്ടം, പിലാശേരി, ഏരഞ്ഞിപ്പാലം തിരുത്തിയാട് ഗോവിന്ദപുരം, കല്ലായി, എരഞ്ഞിക്കല്‍, പയിമ്പ്ര, ചെലവൂർ, ചാലിയം, കയലം, ഗാന്ധി റോഡ്, കോവൂര്‍, കണ്ണങ്കര, വെങ്ങേരി എന്നിവിടങ്ങളിലെ ലൈബ്രറികളും കാഴിക്കോട്ടെ സാഹിത്യ പ്രഭാവത്തിന് വലിയ സംഭാവനകളര്‍പ്പിച്ചു. യുനെസ്‌കോയുടെ സാഹിത്യനഗരം എന്ന പദവിക്ക് തികച്ചും അര്‍ഹമാണ് ഈ മഹാനഗരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."