ആരുടെ അവസാനത്തെ അഭയം?
എ.പി കുഞ്ഞാമു
ഒരു ഹൈപ്പോത്തറ്റിക്കല്‍ ചോദ്യം. പാര്‍ട്ടി പുനസ്സംഘടനയില്‍ അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ പാര്‍ട്ടി വിട്ട് എ.കെ.ജി സെന്ററില്‍ എത്തുന്നു എന്നുവയ്ക്കുക. എങ്ങനെയായിരിക്കും കോടിയേരി ബാലകൃഷ്ണനും എ. വിജയരാഘവനും സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയും അവരെ സ്വീകരിക്കുക? കെ.പി അനില്‍കുമാറിന്റെയും ജി. രതി കുമാറിന്റെയും കഴുത്തില്‍ വീണ രക്തഹാരങ്ങളുടെയും അവര്‍ക്കു ചുറ്റും ത്രസിച്ചുനിന്ന ചുകപ്പന്‍ അഭിവാദ്യങ്ങളുടെയും നൂറു നൂറിരട്ടി ആവുകയില്ലേ ഈ സമുന്നത നേതാക്കള്‍ക്ക് വിപ്ലവപ്പാര്‍ട്ടിയായ സി.പി.എം കൊടുക്കുക. അങ്ങനെ സംഭവിക്കുമോ എന്നൊന്നും ചോദിക്കരുത്. രാഷ്ട്രീയമാണ് എന്തും എങ്ങനെയും സംഭവിക്കാം. അത്ഭുതക്കുട്ടിയെന്ന് പാടി നടന്ന് സി.പി.എം ഉയര്‍ത്തിക്കൊണ്ടുവരികയും നിങ്ങളെന്നെ കോണ്‍ഗ്രസാക്കിയെന്ന ആത്മകഥ എഴുതുകയും ചെയ്ത എ.പി അബ്ദുല്ലക്കുട്ടി ഇപ്പോള്‍ ഏത് പാളയത്തിലാണെന്നാലോചിച്ചാല്‍ ആ സംശയം തീര്‍ന്നുകിട്ടും. കോണ്‍ഗ്രസിന്റെയും ഡി.ഐ.സിയുടെയും എന്‍.സി.പിയുടെയും സംസ്ഥാന പ്രസിഡന്റായ ആളാണല്ലോ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എന്നോര്‍ത്താലും മതി. രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കും. അതിന്റെ അര്‍ഥവും പൊരുളും തെരയേണ്ടതില്ല.
പക്ഷേ ഇത്തരം കൂടുവിട്ടു കൂടുമാറലുകളുടെ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങള്‍ ഗൗരവത്തിലുള്ള പഠനം അര്‍ഹിക്കുന്നു എന്നാണെനിക്കു തോന്നുന്നത്. കോണ്‍ഗ്രസ് വിട്ട പി.എസ് പ്രശാന്ത് പറഞ്ഞത് മനസ്സമാധാനം കിട്ടാന്‍ വേണ്ടിയാണ് താന്‍ സി.പി.എമ്മില്‍ പോയത് എന്നാണ്. വീണ്ടുമൊരു ഹൈപോത്തറ്റിക്കല്‍ ചോദ്യം കൂടി. നെടുമങ്ങാട് മണ്ഡലത്തില്‍ പ്രശാന്ത് ജയിച്ചിരുന്നു എന്നുവയ്ക്കുക. അപ്പോള്‍ സി.പി.എമ്മില്‍ ചേരുക എന്ന മനശ്ശാസ്ത്ര ചികിത്സയ്ക്ക് വിധേയനാകമായിരുന്നുവോ അദ്ദേഹം? തുടര്‍ന്നു നടന്ന സംഘടനാ അഴിച്ചുപണിയില്‍ ഏതെങ്കിലും പദവി ലഭിച്ചിരുന്നുവെങ്കിലോ. അതേപോലെ, കെ.പി അനില്‍കുമാറും ജി. രതി കുമാറും പറയുന്നത് കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല, ചര്‍ച്ചയില്ല എന്നൊക്കെയാണ്. അത് നാട്ടില്‍പ്പതിനായിരത്തിന് നന്നായറിയാവുന്ന കാര്യമാണ്. അതറിയാവുന്നത് കൊണ്ടാണ് ഇപ്പോള്‍ സി.പി.എമ്മില്‍ പോയ ഈ നേതാക്കള്‍ നേതൃത്വം നല്‍കിക്കൊണ്ടിരുന്ന കാലത്ത് തന്നെ നാട്ടുകാര്‍ പാര്‍ട്ടിയെ കൈവിട്ടത്. എന്തുകൊണ്ടാണ് ഈ നേതാക്കളും ഇനിയും പുറത്തുകടക്കാന്‍ വെമ്പുന്ന നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ട്ടി പുനസ്സംഘടനയും കഴിയുന്നതുവരെയും തങ്ങള്‍ക്ക് ലോട്ടറിയടിച്ചില്ലെന്ന് മനസ്സിലാക്കുന്നതുവരേയും ഇതൊന്നും മനസ്സിലാക്കാതെ പോയത്. ഇത്തരക്കാരെയാണോ സി.പി.എം മികച്ച നേതാക്കളെന്ന് പറഞ്ഞ് ആരതിയുഴിഞ്ഞ് അകത്തു കയറ്റുന്നത്. രക്തഹാരം കഴുത്തിലണിയിക്കുന്നത്. നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ കൊണ്ട് എതിരേറ്റാനയിക്കുന്നത്. അതിനാല്‍ അത്തരം വര്‍ത്തമാനങ്ങള്‍ ആരും പറയേണ്ട.
ദീപസ്തംഭം മഹാശ്ചര്യം
കോണ്‍ഗ്രസ് വിട്ടു സി.പി.എമ്മില്‍ ചേരുന്ന നേതാക്കന്മാരുടെ നില്‍ക്കക്കള്ളിയില്ലായ്മ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ അങ്ങനെയാണോ അവര്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്ന സി.പി.എമ്മിന്റെ സ്ഥിതി. മറ്റു പാര്‍ട്ടികളില്‍ നിന്ന് മികച്ചവരും ജനകീയരുമായ നേതാക്കള്‍ പാര്‍ട്ടിയിലേക്കു വരുമ്പോള്‍ തങ്ങള്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നു കരുതി അതിനു പാരവയ്ക്കരുതെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് പോല്‍ പാര്‍ട്ടി. കോണ്‍ഗ്രസില്‍ നിന്ന് വന്‍തോതില്‍ നേതാക്കന്മാരുടെ ഒഴുക്കുണ്ടാവും പാര്‍ട്ടിയിലേക്ക് എന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതവര്‍ മറച്ചുവയ്ക്കുന്നുമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയിലേക്കും പശ്ചിമ ബംഗാളില്‍ തൃണമൂലിലേക്കമുള്ള ഒഴുക്കു പോലെയൊരു ഒഴുക്കാണ് സി.പി.എം കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിനു മുമ്പു സീറ്റുവിഭജനകാലത്ത് തന്നെ പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു. സീറ്റുമോഹികള്‍ സീറ്റുകിട്ടാതെ വരുമ്പോള്‍ മറുകണ്ടം ചാടുമെന്ന് തങ്ങള്‍ക്ക് തോന്നിയ കോണ്‍ഗ്രസ് നേതാക്കളുടെ ഗുണഗണങ്ങള്‍ വാഴ്ത്തലായിരുന്നു അന്നു സി.പി.എം നേതാക്കളുടെ പ്രധാന പണി. കെ.വി തോമസും പി.ജെ കുര്യനുമൊക്കെ തല്‍ക്കാലത്തേക്ക് സി.പി.എമ്മിന്റെ ഗുഡ് ബുക്കിലായത് അങ്ങനെയാണ്. അവരൊക്കെ കോണ്‍ഗ്രസിലിരുന്നാല്‍ സ്‌പെന്റ് ഫോഴ്‌സ്. തങ്ങള്‍ക്കൊപ്പം വന്നാല്‍ പരിണിതപ്രജ്ഞര്‍. ഈ ദീപസ്തംഭ മഹാശ്ചര്യ മനശ്ശാസ്ത്രം വച്ചുപുലര്‍ത്തുന്ന ഒരു പാര്‍ട്ടിയിലാണ് കേരളത്തിലെ സമ്മതിദായകര്‍ പ്രതീക്ഷവച്ചു പുലര്‍ത്തുന്നത് എന്ന തിരിച്ചറിവാണ് എന്നില്‍ നിരാശ നിറയ്ക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇങ്ങനെയാവാമായിരിക്കും. അവിടെയാണ് ലേഖനത്തിന്റെ തുടക്കത്തിലെ ഹൈപ്പോത്തറ്റിക്കല്‍ ചോദ്യത്തിന്റെ ഉത്തരം പ്രസക്തമാവുന്നത്. രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പിണക്കത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടു വന്നാല്‍ വിജയരാഘവനും കോടിയേരിയും സ്ഥാനമൊഴിഞ്ഞു കൊടുക്കുമോ? ഇനി സാക്ഷാല്‍ സുധാകരന്‍ തന്നെ വന്നാല്‍ അദ്ദേഹത്തിനു രക്തഹാരം ചാര്‍ത്തുമോ? പാര്‍ട്ടി ഇപ്പോള്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദേശപ്രകാരം അങ്ങനെയാണ് സംഭവിക്കേണ്ടത്. അത് വച്ചുനോക്കുമ്പോള്‍ ഗ്രൂപ്പ് വൈരം മൂത്ത് കൂടൊഴിഞ്ഞു പോകുന്ന നേതാക്കന്മാര്‍ അടിഞ്ഞുകൂടിയ കോണ്‍ഗ്രസാണോ കൂടുതല്‍ ജീര്‍ണം അത്തരക്കാരെ വാഴ്ത്തുന്ന സി.പി.എമ്മോ?
കോണ്‍ഗ്രസ് എന്ന ആള്‍ക്കൂട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജീര്‍ണത നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെയാണോ സി.പി.എം? കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി വരുന്ന ഗ്രൂപ്പ് രാഷ്ട്രീയക്കാരെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പാര്‍ട്ടി ഓഫിസ് വരെ ആനയിച്ചു വരുന്ന രാഷ്ട്രീയ സംസ്‌കാരത്തിലേക്കാണ് സി.പി.എമ്മിന്റെ മാറ്റമെങ്കില്‍ അതുണ്ടാക്കുന്ന അപകടം ചെറുതായിരിക്കുകയില്ല. ഈ ലൈനിലേക്ക് പാര്‍ട്ടി നീങ്ങിക്കഴിഞ്ഞു എന്നതിന്റെ പ്രകടസൂചനയാണ് എറണാകുളം ജില്ലയില്‍ സംഘടന കൈക്കൊള്ളുന്ന അച്ചടക്ക നടപടികള്‍, ആലപ്പുഴയില്‍ നടത്തുന്ന അന്വേഷണങ്ങള്‍, തിരുവനന്തപുരത്തെ തരം താഴ്ത്തല്‍. കൂറുമാറി വരുന്നവരെക്കൊണ്ട് പാര്‍ട്ടി നിറക്കാനും അതുവഴി കോണ്‍ഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യപൂര്‍ത്തി കൈവരിക്കാനുമുള്ള അത്യാവേശം മറ്റൊരു ഹിമാലയന്‍ ബ്ലണ്ടറായിരിക്കും. അത് സി.പി.എം പോലെയുള്ള ഒരു ഇടതുപക്ഷ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും, ദീര്‍ഘകാലാടിസ്ഥാനത്തില്‍.ബംഗാളില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണം താല്‍ക്കാലിക ലാഭം നോക്കിയുള്ള ഇത്തരം ചില 'വെളവു 'കളാണ്.
കോണ്‍ഗ്രസിനും പാഠം
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൂറുമാറ്റങ്ങളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ഒട്ടും യാഥാര്‍ഥ്യബോധമില്ലാത്തതാണ്. ഞാന്‍ പോയാലും അതിനു പുല്ലുവിലയെന്ന മട്ടിലാണ് വി.ഡി സതീശനടക്കമുള്ള നേതാക്കന്മാരുടെ പ്രതികരണം. അങ്ങനെ ആദര്‍ശധീരത പുലര്‍ത്താനുള്ള കോപ്പ് പാര്‍ട്ടിക്കില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുക തന്നെ വേണം. അടിമുടി കുത്തഴിഞ്ഞ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ നേതാക്കന്മാരും അവര്‍ക്കു ചുറ്റുമുള്ള സേവക വൃന്ദങ്ങളും അവഗണിക്കാവുന്ന ഘടകങ്ങളല്ല. പാര്‍ട്ടിയിലെ അത്യുന്നത സ്ഥാനങ്ങളിലവരോധിക്കപ്പെട്ടവര്‍ മറുകണ്ടം ചാടുമ്പോള്‍ അത് പാര്‍ട്ടിയിലുണ്ടാക്കുന്ന ശൈഥില്യവും അണികളില്‍ സൃഷ്ടിക്കുന്ന ആത്മവിശ്വാസക്കുറവും അതിവൈകാരികത കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല. കൃത്യമായിപ്പറഞ്ഞാല്‍ സ്ഥാനമോഹം പാര്‍ട്ടി ഉണ്ടാക്കിവച്ച അര്‍ബുദ രോഗമാണ്. ജംബോ കമ്മിറ്റികള്‍ ആ രോഗത്തിന്റെ ലക്ഷണമാണ്. നാലക്ഷരം മൈക്കിനുമുമ്പില്‍ പറയാനറിയാവുന്നവരെല്ലാം ഡി.സി.സി പ്രസിഡന്റോ കെ.പി.സി.സി ഭാരവാഹിയോ ആയേ തീരൂ എന്ന മട്ടിലുള്ള സംസ്‌കാരമാണ് പാര്‍ട്ടി വളര്‍ത്തിയെടുത്തത്. പെട്ടെന്നൊരു ദിവസം അച്ചടക്കത്തിന്റെ വാള്‍ വീശിയതുകൊണ്ടോ സെമി കേഡര്‍ പാര്‍ട്ടിയെന്ന് വിളിച്ചു പറഞ്ഞതുകൊണ്ടോ തീരാവുന്നതല്ല കോണ്‍ഗ്രസിന്റെ രോഗം. കൃത്യമായ ഗൃഹപാഠം ചെയ്തു വേണം അതിനുള്ള ചികിത്സ. അതല്ല ഇപ്പോള്‍ കാണുന്നത്. പാര്‍ട്ടി വിടുന്നവരെയൊക്കെ സ്വീകരിക്കാന്‍ തയാര്‍ എന്ന ആസൂത്രിത സ്ട്രാറ്റജി സി.പി.എം സ്വീകരിച്ച അവസ്ഥയില്‍ പാര്‍ട്ടിയില്‍ ജനാധിപത്യം സ്ഥാപിക്കുക തന്നെയാണ് പ്രധാനം. അതിന് എന്തു വില കൊടുത്താലും. സെമികേഡര്‍ എന്ന മന്ത്രം ചികിത്സയേയല്ല. ആട്ടെ, അതിന്റെ അര്‍ഥം മനസിലാക്കിയവര്‍ എത്ര പേരുണ്ട് പാര്‍ട്ടിയില്‍?
നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നടക്കുന്ന കൂറുമാറ്റങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴത്തെ നേതാക്കള്‍ അതിനെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നും ആലോചിക്കണം. സീറ്റു കിട്ടാഞ്ഞപ്പോള്‍ മൊട്ടയടിക്കുന്നതിലെ പരിഹാസ്യത പോലും മറ്റൊരര്‍ഥത്തില്‍ ആഘോഷിക്കപ്പെടുന്ന കാലം. അബ്ദുല്ലക്കുട്ടിയുടെ കൂറുമാറ്റങ്ങളെക്കുറിച്ചൊന്നോര്‍ക്കുക. ഒറ്റപ്പാലത്ത് സി.പി.എം മഹാഘോഷത്തോടെ കൊണ്ടുവന്ന് അതിഗംഭീര വിജയവുമായി എം.പിയായ എസ്. ശിവരാമന് പിന്നീടെന്ത് സംഭവിച്ചു എന്നോര്‍ക്കുക. ആലപ്പുഴയില്‍ സി.പി.എം സ്വതന്ത്രനായി വി.എം സുധീരനെ തോല്‍പ്പിച്ച ഡോ. കെ.എസ് മനോജ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. ചവറയിലെ വിജയന്‍ പിള്ള എന്ന മുന്‍ എം.എല്‍.എയുടെ (അദ്ദേഹം മരിച്ചു) രാഷ്ട്രീയ കൂറുമാറ്റങ്ങളെക്കുറിച്ചാലോചിക്കുക. വിപ്രോയില്‍ നിന്ന് ടി.സി.എസ്സിലേക്കും അതു കഴിഞ്ഞ് ആക്‌സെന്‍ചറിലേക്കും ജോലി മാറുന്ന ചെറുപ്പക്കാരെപ്പോലെ കുടുതല്‍ മെച്ചപ്പെട്ട അവസരവും സൗഭാഗ്യവും തേടുക മാത്രമാണോ നേതാക്കന്മാര്‍? രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയമാണെന്ന് ഡോ. ജോണ്‍സണ്‍ പറഞ്ഞിട്ടുമുണ്ടല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."