ഹജ്ജ് ക്യാംപിന്റെ വാത്സല്യം ഏറ്റുവാങ്ങി ഐദിനും ആഇശയും പുണ്യഭൂമിയിലേക്ക്
നെടുമ്പാശ്ശേരി: മാതാപിതാക്കള്‍ക്കൊപ്പം വിശുദ്ധഗേഹത്തിലേയ്ക്ക് യാത്രയാകുന്നതിനുള്ള സൗഭാഗ്യത്തിലാണ് കുഞ്ഞുതീര്‍ഥാടകരായ മുഹമ്മദ് ഐദിനും ആഇശ ജന്നയും. ഹജ്ജ് ക്യാംപിലെ വാളന്റിയര്‍മാരുടെയും തീര്‍ഥാടകരുടെയും സ്‌നേഹലാളനകള്‍ ഏറ്റുകൊണ്ടാണ് ഇരുവരും കൊച്ചിയില്‍ നിന്ന് പരിശുദ്ധഹജ്ജ് കര്‍മത്തിനായി പുറപ്പെടുന്നത്. കൊച്ചി വഴി പുറപ്പെടുന്ന ഹജ്ജ് തീര്‍ഥാടകരില്‍ ഏറ്റവും പ്രായംകുറഞ്ഞത് മുഹമ്മദ് ഐദിനാണ്. ആറ്മാസം മാത്രം പ്രായമുള്ള ഐദിന്‍ മാതാപിതാക്കള്‍ക്കും ഉമ്മുമ്മയ്ക്കും ഒപ്പമാണ് ഹജ്ജിന് പോകുന്നത്.ആയിഷ ഇന്നലെ രാത്രി പുറപ്പെട്ടപ്പോള്‍ ഐദിന്‍ ഇന്നാണ് പുറപ്പെടുന്നത്. കൊല്ലം കൊയിലാണ്ടി പരപ്പില്‍ പ്രിയം വീട്ടില്‍ ജംനീഷിന്റെയും ഷംനയുടെയും രണ്ടാമത്തെ മകനാണ് ഐദിന്‍. ജംനീഷിന്റെ ഉമ്മ 55 വയസുകാരിയായ കുഞ്ഞാമിനയും പേരക്കുട്ടിക്ക് ഒപ്പം പുണ്യഭൂമിയിലേക്കുണ്ട്.
നാലാംവര്‍ഷ അപേക്ഷകരായ ഇവര്‍ക്ക് ഇത്തവണ നേരിട്ട് പോകാനുള്ള അവസരം ലഭിക്കുകയായിരുന്നു. മൂത്തകൂട്ടി ആറ് വയസുകാരാനായ മുഹമ്മദ് അയാനെ പെങ്ങള്‍ ഷംജിദയുടെ സംരംക്ഷണയിലാക്കിയശേഷമാണ് ഇവര്‍ തീര്‍ഥയാത്രയ്ക്ക് തിരിക്കുന്നത്. സഊദിയിലെ റിയാദില്‍ ബിസിനസ് നടത്തുന്ന ജംനീഷ് ഉള്‍പ്പടെയുള്ളവര്‍ നേരത്തെ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ഹജ്ജിന് അവസരം ലഭിക്കുന്നത് ആദ്യമായിട്ടാണ്.
കോഴിക്കോട് മാത്തോട്ടം സോജക്‌സില്‍ മുഹമ്മദ് ഷാഫിയുടെയും മുംതാസിന്റെയും മകളായ ആഇശ ജന്നയ്ക്ക് പത്ത് മാസമാകുന്നതേയുള്ളു. ഉമ്മ മുതാംസിനൊപ്പം ഹജ്ജ് ക്യാംപിലെത്തിയ ആഇശ എല്ലാവരുടെയും സ്‌നേഹവാത്സല്യത്തിന് പാത്രമായി ക്യാംപിന്റെ ശ്രദ്ധപിടിച്ചുപറ്റി. ഇവര്‍ക്കൊപ്പം മുതാംസിന്റെ സഹോദരി റുക്കിയയും ഭര്‍ത്താവ് ഹംസയും ഷാഫിയുടെ സഹോദരി റസിയാ ബീവിയും ഹജ്ജിന് അവസരം ലഭിച്ചു കൂടെയുണ്ട്. ആയിഷയുടെ പിതാവ് ഷാഫി ജിദ്ദയിലാണ് ജോലിചെയ്യുന്നത്. ഇവര്‍ ജിദ്ദയില്‍ ഇന്ന് എത്തുമ്പോള്‍ ഷാഫിയും ഇവര്‍ക്കൊപ്പം ഹജ്ജ് കര്‍മത്തിനായി ഇവരെ സ്വീകരിക്കാന്‍ അവിടെയുണ്ട്. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് സൗജന്യമായി മാതാപിതാക്കള്‍ക്കൊപ്പം ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ തളിപറമ്പ് സ്വദേശി മുജീബ് റഹ് മാന്റെയും-സഫീറയുടെയും എട്ടുമാസം പ്രായമുള്ള അസ്ഹര്‍ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. നെടുമ്പാശ്ശേരിയിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ ഈ വിഭാഗത്തില്‍ ഒന്‍പത് കുട്ടികളാണ് പുറപ്പെടുന്നത്. മറ്റുള്ള കുഞ്ഞുങ്ങള്‍ വരുംദിവസങ്ങളിലായിട്ടാണ് പുറപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."