അലി അക്ബര്‍ദി ഗ്രേറ്റ്
എന്‍.പി അബ്ദുല്‍ അസീസ് മാന്നാര്‍
ഈ യൂനിഫോം ഇനി നീ ഇടില്ല... അലിഅക്ബര്‍ യുഗം അവസാനിച്ചു, ഓര്‍ത്തിരുന്നോ...'- സ്പിരിറ്റ് മാഫിയകളെ കൈയാമംവച്ചു കല്‍ത്തുറുങ്കിലടക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടതിന്റെ പേരില്‍ മദ്യലോബികളുടെ ഇഷ്്ടതോഴരിലൊരാള്‍, മേലുദ്യോഗസ്ഥന്‍ ഭീഷണി സ്വരത്തില്‍ മുഖത്തുനോക്കി ഇങ്ങനെ പറഞ്ഞിട്ടും ആ സബ് ഇന്‍സ്‌പെക്ടര്‍ ഭാവവ്യത്യാസമില്ലാതെ കൃത്യനിര്‍വഹണത്തിലേക്ക് പ്രവേശിച്ചു. ഈ പോരാട്ടം സമൂഹത്തോടുള്ള കടമയാണെന്ന തിരിച്ചറിഞ്ഞ അദ്ദേഹം ഏതാനും മാസംമുമ്പ് മുപ്പതോളം ഗുഡ് സര്‍വിസ് എന്‍ട്രികളും കൈയിലൊതുക്കി സര്‍വിസിനോട് സലാംപറയുമ്പോള്‍ മുന്നിലും പിന്നിലുമായി കുറെ കള്ളക്കേസുകളും സമാധാനം കെടുത്തിയ സംഭവങ്ങളും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ഏറെ ആഗ്രഹിച്ചു വച്ച വീടും സ്‌നേഹിച്ച ഇഷ്ടവാഹനവും തീവച്ചു നശിപ്പിച്ചതും ഗുണ്ടാ അക്രമണവുമൊക്കെ നിരന്തരം തീയായി വന്നപ്പോള്‍ അതെല്ലാം മനക്കരുത്തുകൊണ്ട് നേരിട്ട ആ പൊലിസിനെ നോക്കി അടുത്തറിയാവുന്ന സഹപ്രവര്‍ത്തകരും നാട്ടുകാരുമൊക്കെ ഒരേ സ്വരത്തില്‍ പറഞ്ഞു ' അലി അക്ബര്‍ ദി ഗ്രേറ്റ്' എന്ന്. എന്നാല്‍ അദ്ദേഹത്തിനു സമൂഹത്തോടു പറയാനുണ്ട് അൽപം ചില പൊലിസ് കാര്യങ്ങള്‍...
പൊലിസിലെ മാഫിയകള്‍
എല്ലാവിഭാഗം മാഫിയകളെയും സഹായിക്കുന്ന വലിയ സംഘം പൊലിസിലുണ്ടെന്ന് നിസ്സംശയം പറയാം. മാറിവരുന്ന സര്‍ക്കാരുകള്‍ അവരെ കണ്ടെത്താനും നിലക്കുനിര്‍ത്താനും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. കാരണം ആ ഉദ്യോഗസ്ഥ-മാഫിയകളുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളും ഏറെയാണ്. അവര്‍ക്കു ആവശ്യത്തിലേറെ പണം നല്‍കി സഹായിക്കുന്നതും ഇവരായതിനാഷ ആ ബന്ധം തകര്‍ക്കാനുമാകില്ല.
ഒരുദാഹരണത്തിലേക്ക്; ഒരു രാഷ്ട്രീയ നേതാവിന്റെ മകനെ സ്പിരിറ്റും വാഹനവുമായി പൊലിസ് പിടിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മേലുദ്യോഗസ്ഥനില്‍നിന്നു മാത്രമല്ല, ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍നിന്നും വിളിവരുന്നു. എല്ലാവർക്കും ഇവിടെ ഒരേ സ്വരം. ആവശ്യം ഒന്നുതന്നെ. 'അയാള്‍ക്കെതിരേ കേസെടുക്കരുത്, വാഹനവും സ്പിരിറ്റും വിട്ടയക്കണം'. ഇതാണ് മാഫിയകളും പൊലിസും രാഷ്ടീയക്കാരും തമ്മിലുള്ള പരസ്യമായ രഹസ്യബന്ധം.
ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം ആലപ്പുഴ മാവേലിക്കര പൊലിസ് സ്‌റ്റേഷനില്‍നിന്ന് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച ആലപ്പുഴ പല്ലന ചക്കാല വടക്കേതില്‍ അലി അക്ബര്‍ ഇതുപറയുമ്പോള്‍ മുഖത്ത് കടുത്ത നിരാശയും ഒപ്പം മാഫിയകള്‍ക്കു പിന്നാലെ പോയതിന്റെ പേരില്‍ ചില മേലുദ്യോഗസ്ഥരില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പീഡനകഥകളും മിന്നിമറയുന്നതു കാണാം. 'തികച്ചും സത്യസന്ധത മുറുകെപ്പിടിച്ചു കൊണ്ടായിരുന്നു പൊലിസില്‍ എന്റെ സേവനം. അറിയപ്പെട്ട ഒട്ടേറെ കേസുകള്‍ അന്വേഷിക്കാന്‍ മേലുദ്യോഗസ്ഥര്‍ എന്നെ ഏല്‍പ്പിച്ചത് തികഞ്ഞ ചാരിതാര്‍ഥ്യത്തോടയാണ് ഞാന്‍ സ്മരിക്കുന്നത്. അതേസമയം ഡിവൈ.എസ്.പിയെ ചീത്തപറഞ്ഞു എന്ന വസ്തുതാവിരുദ്ധ റിപ്പോര്‍ട്ട് അയച്ച് എന്റെ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞ ഉദ്യേഗസ്ഥനുമുണ്ട്. അര്‍ഹമായ വന്‍തുകയാണ് അതുകാരണം എനിക്കു നഷ്ടമായത്. അത് പെന്‍ഷനെയും സാരമായി ബാധിച്ചു. തീര്‍ന്നില്ല, ജയിലിലടച്ചും പീഡിപ്പിച്ചു.
കള്ളക്കേസില്‍ സ്ഥലംമാറ്റം
1999ല്‍ സ്പരിറ്റ് നിറച്ച ടാങ്കര്‍ ലോറി പിടിച്ചെടുത്തതു മുതലാണ് അലി അക്ബറിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. ഒറ്റനോട്ടത്തില്‍ ടാര്‍ കയറ്റിവന്ന ലോറിയാണെന്നു തോന്നുമെങ്കിലും അതില്‍ സ്പിരിറ്റായിരുന്നു. കൃത്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറിക്കു രണ്ടു പൊലിസുകാരുടെ അകമ്പടിയുള്ളതായും വിവരം ലഭിച്ചിരുന്നു. അന്നത്തെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് ഈ വിവരമറിയുന്നത്. ഉടന്‍തന്നെ കായംകുളം കൊറ്റുകുളങ്ങരയിലെത്തി താന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കു കുറുകെവച്ചു. അന്നു ക്രൈം സ്‌ക്വാഡിലായിരുന്നതിനാല്‍ എപ്പോഴും മഫ്തിയിലായിരുന്നു. സത്യസന്ധനും മാന്യനുമായിരുന്നു മേലുദ്യോഗസ്ഥന്‍ സി.ഐ പി.കെ ഗോപിനാഥ്. അദ്ദേഹം വരുന്നതുവരെ ലോറി അവിടെയിട്ടു. എന്നാല്‍ ഡിവൈ.എസ്.പി പറഞ്ഞത്, 'കൂടുതല്‍ പരിശോധനയ്‌ക്കൊന്നും പോകേണ്ട, ലോറി വിട്ടുകൊടുക്കണം' എന്നായിരുന്നു. 'തങ്ങളോടൊപ്പം നിന്നാല്‍ നിങ്ങള്‍ക്കു ഗുണമുണ്ടാകുമെന്നും കളിക്കാനാണ് ഭാവമെങ്കില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ തയാറായിക്കൊള്ളണ'മെന്നുമായിരുന്നു അദ്ദേഹത്തിന്റെ താക്കീത്.
എന്നാല്‍ അതൊന്നും മുഖവിലക്കെടുത്തില്ല, വാഹനം വിട്ടുകൊടുക്കാന്‍ തയാറുമായില്ല. കാലിവാഹനമാണെന്ന് ഡ്രൈവര്‍ പറഞ്ഞ ലോറി തൂക്കിനോക്കാനായി വെയിങ് ബ്രിഡ്ജിലേക്കു കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോള്‍ ഡിവൈ.എസ്.പി വീണ്ടും തടസം പറഞ്ഞു. ഒടുവില്‍ ഡി.ഐ.ജിയുടെ അനുമതി വാങ്ങി വാഹനത്തിന്റെ ഭാരം എടുത്തപ്പോള്‍ രേഖകളില്‍ കാണുന്നതിനേക്കാള്‍ 8,000 കിലോ കൂടുതല്‍ ലോറിക്കുള്ളതായി കണ്ടെത്തി. വാഹനം തിരികെ കൊണ്ടുവന്നു ഡ്രൈവറെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ രഹസ്യഅറയും അതില്‍ സ്പരിറ്റ് ഉള്ളതായും സമ്മതിച്ചു. എന്നാല്‍ ഇത് ആര്‍ക്കുള്ളതാണെന്നു പറയാന്‍ ഡ്രൈവര്‍ തയാറായില്ല. സ്പിരിറ്റ് കയറ്റിയ ലോറി ഏല്‍പ്പിച്ചയാള്‍ പത്തുരൂപ നോട്ട് തന്നെന്നു പറഞ്ഞു. അയാള്‍ പറഞ്ഞ സ്ഥലത്ത് ലോറിയെത്തുമ്പോള്‍ മറ്റൊരാള്‍ വന്ന് പത്തുരൂപ നോട്ടിന്റെ നമ്പര്‍ പറയുകയും അതു ശരിയാണോ എന്നുനോക്കി അയാള്‍ക്കു ലോറി കൈമാറണം എന്നുമായിരുന്നു നിര്‍ദേശം. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡുമെല്ലാം.
എന്നാല്‍, ആ പരിശോധനയുടെ ഭവിഷ്യത്ത്, ഡിവൈ.എസ്.പി പറഞ്ഞുവച്ചതിന്റെ ബാക്കിപത്രം പിന്നീടാണ് മനസിലാക്കാന്‍ സാധിച്ചത്. കള്ളക്കേസില്‍ അകത്താക്കി ജോലിതെറിപ്പിക്കാന്‍ പാകമായത്രയും കുറ്റങ്ങള്‍ എന്റെമേല്‍ കെട്ടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായി.
സ്പിരിറ്റ് ലോറി ഡിപ്പാര്‍ട്ട്മെന്റിനു പുറത്തുള്ള ഡ്രൈവറെ ഉപയോഗിച്ച് എക്‌സൈസിനു കൈമാറാന്‍ പോകുമ്പോഴാണ് അതിന്റെ മൂന്നു ടയറുകള്‍ അഴിച്ചുമാറ്റി വിറ്റതായി കണ്ടെത്തിയതും ആ കുറ്റം തന്റെ തലയില്‍വച്ചു കള്ളക്കേസെടുക്കുകയും ചെയ്യുന്നത്. ഇതേതുടര്‍ന്ന്് ഇടുക്കിയിലേക്കു സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് കുറ്റം ചെയ്തയാളെ കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നു താന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ കോടതി സ്ഥലംമാറ്റം റദ്ദാക്കി. ദിവസങ്ങള്‍ക്കു ശേഷം 12,000 ലിറ്റര്‍ സ്പിരിറ്റുമായി മറ്റൊരു ലോറിയും പിടിച്ചതോടെ എനിക്കെതിരേയുള്ള നീക്കം ചില മേലുദ്യോഗസ്ഥര്‍ ശക്തമാക്കി. അതോടെ അഞ്ചു കള്ളപ്പരാതികള്‍ എനിക്കെതിരേ രജിസ്റ്റര്‍ ചെയ്തു. കൈക്കൂലി ചോദിച്ചു, സഹപ്രവര്‍ത്തകനെ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നെല്ലാമായിരുന്നു ആ പരാതികള്‍.
വിവിധ ഘടകങ്ങളില്‍
സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കേരള ആംഡ് പൊലിസ്, സി.ബി.സി.ഐ.ഡി സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്, നാര്‍കോട്ടിക് സെല്‍, ആലപ്പുഴ ജില്ലാ പൊലിസ്, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലയിലെ വിവിധ ലോക്കല്‍ പൊലിസ് സ്‌റ്റേഷനുകള്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, സംസ്ഥാന അടിസ്ഥാനത്തില്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡ്, കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച സിബി മാത്യൂവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷല്‍ ടീം, നിധിന്‍ അഗര്‍വാളിന്റെയും എസ്. ശ്രീജിത്തിന്റെയും നേതൃത്വത്തിലുള്ള വിവിധ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുകള്‍, സംസ്ഥാന ലഹരിവിരുദ്ധ സ്‌ക്വാഡ്, പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് അന്വേഷിച്ച എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം, പാലക്കാട് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണസംഘം, വിവിധ വിഗ്രഹ മോഷണക്കേസ് അന്വേഷണ സംഘം, ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അബ്കാരി സ്‌ക്വാഡ് തുടങ്ങിയ നിരവധി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അലി അക്ബറിനു അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ, തന്നെ ജയിലിലടച്ച അതേ വകുപ്പില്‍തന്നെ പിന്നീട് ജോലിചെയ്യാനുള്ള അപൂര്‍വ അവസരവും ലഭിച്ചു.
തീരാത്ത പക, വധിശ്രമവും
മാഫിയകള്‍ക്കെതിരേ രംഗത്തിറങ്ങിയതിനു പിന്നാലെ ചില മേലധികാരികളില്‍നിന്ന് തീരാത്ത പകയും അനുഭവിച്ചിട്ടുണ്ടെന്ന് അലി അക്ബര്‍ പറയുന്നു. പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ ഓപറേഷനുവേണ്ടി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച സമയം. രക്തം നല്‍കാന്‍ സുഹൃത്തിന്റെ കൂടെ നില്‍ക്കുമ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. ചെയ്ത തെറ്റ് എന്താണെന്നറിയാതെ ഒരുനിമിഷം പകച്ചുനിന്നു. തുടര്‍ന്ന് ജയിലില്‍ അടച്ചു. ഗുണ്ടയുടെ നീക്കങ്ങള്‍ സി.ഐയോടു പറയുന്നത് കേട്ട ഡിവൈ.എസ്.പി തന്നെ തല്ലാനൊരുങ്ങിയതും ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്. വിരമിച്ചതിനു ശേഷം അഞ്ഞൂറോളം കേസുകളില്‍ സാക്ഷിയായി പോകേണ്ടതായി വന്നിട്ടുണ്ട്. അതിനാല്‍തന്നെ നിരവധി ഭീഷണികളുമുണ്ട്.
മൂന്നു അബ്കാരികള്‍ ചേര്‍ന്ന് ഗുണ്ടകളെ ഉപയോഗിച്ച് വീടും വാഹനവും കത്തിച്ച് തോട്ടപ്പള്ളിയില്‍വച്ച് ലോറിയിടിപ്പിച്ചു കൊല്ലാന്‍ വരെ ശ്രമം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ ആദ്യം പിടിച്ച സമയത്ത് മേലുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്തതായും അലി അക്ബര്‍ പറയുന്നു. പത്തുകോടി രൂപയോളം തട്ടിയെടുത്ത ആ കേസില്‍ നാലുകോടി രൂപയുടെ കേസുകള്‍ മാത്രമാണ് എടുക്കാനായതെന്നും അദ്ദേഹം ഓര്‍ക്കുന്നു. ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നതിന്റെ പേരില്‍ തനിക്കെതിരേ കേസെടുത്ത സി.ഐ അദ്ദേഹത്തോടു പറഞ്ഞത് ഇങ്ങനെയാണ്: 'ഞാനൊരു പാപമാണ് ചെയ്യുന്നതെന്നറിയാം.. നിങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ വലിയ സമ്മര്‍ദമാണ് വരുന്നത'.
നിരവധി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതി ഉറവിടങ്ങള്‍ കണ്ടെത്തി സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ അയച്ചതിനാല്‍, തന്നെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമവും ശക്തമായി രൂപപ്പെട്ടു. ഞാന്‍ കൈക്കൂലി വാങ്ങുന്നു എന്നുവരുത്താന്‍ ചില ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമത്തില്‍ അകപ്പെട്ടു. ദേഹത്തും വസ്ത്രത്തിലും ഫിനോഫ്തിലിന്‍ പുരട്ടി കേസില്‍ കുടുക്കി ജീപ്പില്‍ കയറ്റുക വരെയുണ്ടായി. ആ സമയം പൊലിസ് ഉദ്യോഗസ്ഥന്‍ തികഞ്ഞ വര്‍ഗീയപരാമര്‍ശം നടത്തിയാതായും അലി അക്ബര്‍ പറയുന്നു. മറ്റൊരു കേസില്‍ രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഷനിലായിരുന്നെങ്കിലും നിരപരാധിയാണെന്നു തെളിഞ്ഞതിനെ തത്തുടര്‍ന്നു എല്ലാ ആനുകൂല്യങ്ങളും തിരികെതന്ന് ജോലിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി കുറിച്ചി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷണംപോയ സംഭവം അന്വേഷിക്കാനുള്ള സംഘത്തില്‍ അലി അക്ബറും ഉള്‍പ്പെട്ടിരുന്നു. പിടിയിലായ ആള്‍ യഥാര്‍ഥ പ്രതിയല്ലെന്നു സ്ഥാപിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു മറികടന്ന് കുറ്റം തെളിയിക്കാന്‍ അന്നത്തെ ഇടുക്കി എസ.പി വിജയന്‍, കോട്ടയം എസ്.പി അബ്ദുല്‍ വഹാബ് എന്നിവരുടെ വലിയ പിന്തുണയാണ് തനിക്കു ലഭിച്ചതെന്ന് നന്ദിയോടെ ഓര്‍ക്കുന്നു.
മേലുദ്യോഗസ്ഥരുടെ വിശ്വസ്ഥന്‍
പൊലിസ് വകുപ്പിനു തന്നോടുള്ള വിശ്വാസ്യത മുന്‍നിര്‍ത്തി പല കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും പറഞ്ഞയച്ചിട്ടുണ്ടെന്ന് അലി അക്ബര്‍ പറയുന്നു. ആലപ്പുഴയില്‍ സ്‌പെഷല്‍ ബ്രാഞ്ചില്‍ ജോലിചെയ്ത കാലയളവില്‍ നിരവധി വിഷയങ്ങളില്‍ മുന്‍കൂട്ടി റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി. അതിന്റെ ഫലമായി യൂനിറ്റില്‍നിന്ന് അഭിനന്ദനങ്ങളും നേടാനായി. അതേസമയം മുഖ്യമന്ത്രിയുടെയോ രാഷ്ട്രപതിയുടെയോ പൊലിസ് മെഡല്‍ ലഭിക്കേണ്ട നിരവധി സേവനങ്ങള്‍ ചെയ്‌തെങ്കിലും തനിക്കു കിട്ടിയത് കള്ളക്കേസുകളും ജയിലും സസ്‌പെന്‍ഷനും മറ്റുമായിരുന്നു.
പീഡനങ്ങള്‍ അധികരിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. കേസെടുത്ത കമ്മിഷന്‍ പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ജേക്കബ് തോമസിനെ നിയോഗിക്കുകയും ചെയ്തു. 'അലി അക്ബര്‍ പൊലിസ് സേനക്കു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹത്തിനെതിരായ കേസുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണ'മെന്നുമായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.
ആലപ്പുഴയില്‍ ഡിവൈ.എസ്.പി മുതല്‍ താഴെയുള്ള ഭൂരിപക്ഷം പൊലിസുകാര്‍ക്കും അലി അക്ബറിനെയും അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയേക്കുറിച്ചുമറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഏറെ വേട്ടയാടപ്പെട്ടതെന്നും അവര്‍ കരുതുന്നു. ഡിപാര്‍ട്ട്‌മെന്റിലെ സേവനവും നിരപരാധിത്വവും തിരിച്ചറിഞ്ഞ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തന്നെ അഭിനന്ദിച്ച് കത്തുകള്‍ എഴുതിയിരുന്നതായി അദ്ദേഹം പറയുന്നു. ഒട്ടേറെ സ്്കൂളുകളിലും സാംസ്‌കാരിക വേദികളിലും മദ്യത്തിനെതിരേ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ച അലി അക്ബര്‍ 'കരുതല്‍ നല്ല നാളേക്കും തലമുറക്കും' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഒടുവില്‍ സത്യസന്ധമായി സേവനം പൂര്‍ത്തിയാക്കി പടികളിറങ്ങുമ്പോള്‍ അലി അക്ബറിനും ജില്ലാ പൊലിസ് മേധാവി ഒരു കത്തെഴുതി.
' പ്രിയപ്പെട്ട അലി അക്ബര്‍,
സ്്തുത്യര്‍ഹമായ സേവനം പൊലിസ് വകുപ്പിനു വേണ്ടി സമര്‍പ്പിച്ചുകൊണ്ട് സര്‍വിസില്‍നിന്ന് വിരമിക്കുന്ന താങ്കളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. സന്തോഷത്തോടും സമാധാനത്തോടും കൂടിയുള്ള ഒരു ഭാവിജീവിതം താങ്കള്‍ക്കുണ്ടാകട്ടെയെന്ന് പൊലിസ് വകുപ്പിന്റെ പേരിലും എന്റെ സ്വന്തം പേരിലും ഞാന്‍ ആശംസിക്കുന്നു. നമ്മുടെ വകുപ്പിന്റെ അധികാരപരിധിയില്‍പ്പെട്ട, ഏതൊരു ഉദ്യോഗസ്ഥന്റെയും അധികാരപരിധിയില്‍പ്പെട്ട ന്യായമായ ഏതു സഹായത്തിനും എന്നെ സമീപിക്കുന്നതിനു താങ്കള്‍ വൈമുഖ്യം കാണിക്കേണ്ടതില്ല. താങ്കളുടെ പെന്‍ഷന്‍ കാര്യത്തിലും മറ്റും ഏതെങ്കിലും വിധത്തിലുള്ള തടസം നേരിടുകയാണെങ്കില്‍ താങ്കള്‍ക്ക് എന്റെ ശ്രദ്ധയില്‍ ഏതവസരത്തിലും കൊണ്ടുവരാവുന്നതാണ്. സുദീര്‍ഘമായ പൊലിസ് ജീവിതത്തില്‍നിന്ന് ലഭിച്ച അനുഭവപരിജ്ഞാനവും കര്‍മശേഷിയും വിരമിച്ച ശേഷവും താങ്കള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുത്തുമല്ലോ. താങ്കള്‍ക്ക് ഈ അവസരത്തില്‍ സര്‍വവിധ സൗഭാഗ്യങ്ങളും നേരുന്നു.'
ഏറെ സന്തോഷത്തോടും ബഹുമാനത്തോടും അലി അക്ബര്‍ ആ കത്ത് സ്വീകരിച്ചു മടങ്ങുമ്പോഴും തന്നോടൊപ്പം ചേര്‍ന്നുനിന്നു മദ്യമാഫിയകള്‍ക്കെതിരേ പോരാടി ആഭ്യന്തരവകുപ്പിനു അന്തസു ചാര്‍ത്തിക്കൊടുത്ത പൊലിസ് ഉദ്യോഗസ്ഥരുടെയും തന്നെ ദ്രോഹിച്ച മേലുദ്യോഗസ്ഥരുടെ മുഖവുമായിരുന്നു മനസില്‍. ഒപ്പം സമൂഹത്തോടായി ഒരു ചോദ്യവും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."