ഒറ്റക്കെട്ടിൻ്റെ ബലം
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തിൽ കംഗാരുപ്പടയുടെ വിക്കറ്റുകൾക്ക് നേരെ മുഹമ്മദ് ഷമി പന്തെറിയുമ്പോൾ ഒപ്പം ലോകത്തെങ്ങുമുള്ള നല്ല മനുഷ്യരുടെ പ്രാർഥനയുണ്ട്. ആസ്‌ത്രേലിയക്കാർ പന്തടിച്ചകറ്റുന്നതിനിടെ ഷമിയിൽ നിന്ന് ഒരു പിടി വിട്ടുപോയി അതിർത്തിവര കടക്കരുതേ, ഉയർന്ന ഒരു പന്തുപോലും കൈയിൽ നിന്ന് ഊർന്നു പോകരുതേ എന്ന പ്രാർഥന. ഇന്ത്യ ജയിക്കാനും ആസ്‌ത്രേലിയ തോൽക്കാനും ആഗ്രഹിക്കുന്നവരുടെ മാത്രം പ്രാർഥനയല്ലിത്. ജാതി മതങ്ങളുടെ പേരിൽ വിദ്വേഷത്തിന്റെ നെരിപ്പോടിൽ അടയിരിക്കുന്നവർക്ക് ഒരവസരം കൊടുക്കരുതേ എന്നതാണ് ഈ പ്രാർഥനയുടെ പൊരുൾ.
2021ൽ ടീം ഇന്ത്യ തോറ്റ പാകിസ്താനെതിരായ മത്സരത്തെ തുടർന്ന് ഷമിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചപ്പോൾ വിരാട് കോഹ്‌ലിയും ടീമും ഷമിക്ക് ഒപ്പം നിന്ന് പ്രതിരോധിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബൗളിങ് നായകനായ ഷമിയെ മതത്തിന്റെ പേരിൽ ആക്രമിക്കാൻ വിട്ടുനൽകാനാവില്ലെന്ന് കോഹ്‌ലി പറഞ്ഞു. 'എത്രയോ കളി ഷമി മുന്നിൽ നിന്ന് നയിക്കുകയും വിജയിപ്പിക്കുകയും ചെയ്തു. കളി തോൽക്കുന്നതിന് ടീം മൊത്തത്തിൽ ഉത്തരവാദിയാണ്. മതത്തിന്റെ പേരിൽ ഒരാളെ ആക്രമിക്കുകയെന്നാൽ വൃത്തികെട്ട പരിപാടിയാണ്. ടീം ഇന്ത്യ ഒറ്റക്കെട്ടാണ്, ഞങ്ങൾക്കിടയിൽ സാഹോദര്യവും സ്‌നേഹവുമാണുള്ളത്. വംശീയ വിദ്വേഷത്തെ തരിമ്പും ഇതിൽ അനുവദിക്കില്ല'- കോഹ്‌ലിയുടെ വാക്കുകൾ ഈ രാജ്യത്ത് ഒറ്റപ്പെട്ടതല്ല. പക്ഷെ...
ലോക ബാറ്റ്‌സ്മാൻമാർ ഭയക്കുന്ന പേരാണ് മുഹമ്മദ് ഷമി. ഏത് പിച്ചിലും അതിവേഗ തിരിപ്പൻ പന്തുകൾ ഷമിയുടെ ആവനാഴിയിലുണ്ട്. ശരാശരി മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ വരുന്ന പന്തിന് നേരെ ബാറ്റ് വീശിയില്ലെങ്കിൽ സ്റ്റമ്പ് തെറിക്കുക തന്നെ ചെയ്യും. ബാറ്റ് വീശിയാലോ തെന്നിത്തെറിച്ച് പന്ത് കാത്തിരിക്കുന്നവരുടെ ഗ്ലൗസിൽ. പന്ത് സ്റ്റമ്പ് തട്ടിത്തെറിക്കുന്നതിന്റെ ശബ്ദമാണ് മുപ്പത്തിമൂന്നിലെത്തി നിൽക്കുന്ന ഷമിയുടെ കാതുകൾക്ക് ഏറ്റവും ഇമ്പം നൽകുന്നത്. അമ്പയർമാർക്ക് ചൂണ്ടുവിരൽ തലക്ക് മുകളിലേക്ക് ഉയർത്തിപ്പിടിക്കുന്നത് ഏറ്റവും മികച്ച കാഴ്ചയും.
ഇന്ത്യ പടുത്തുയർത്തിയ 397 എന്ന സ്‌കോർ പിന്തുടരുകയെന്നത് ന്യൂസിലൻഡിന് വലിയ ഉത്തരവാദിത്വം തന്നെയായിരുന്നു. ആദ്യത്തെ അഞ്ച് ഓവറിൽ 30 റൺ നേടി നിൽക്കെയാണ് മുഹമ്മദ് ഷമി ആറാം ഓവർ എറിയാനെത്തുന്നത്. ആദ്യ പന്തിൽ തന്നെ കിവികളുടെ കോൺവേ പുറത്ത്. ശ്വാസം അടക്കിപ്പിടിച്ചു നിന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയം ഇളകിയാർത്തു. റൺസ് 40ൽ എത്തിയപ്പോഴേക്കും ന്യൂസിലൻഡിന്റെ രണ്ടാമത്തെ വിക്കറ്റ് രവീന്ദ്രയെ കൂടാരം കയറ്റിയതും ഷമി. പക്ഷെ കിവി താരം വില്യംസൺ സ്‌കോർ പടുത്തുയർത്തി 186/2 ൽ നിൽക്കെയാണ് അനായാസമായ ഒരു പന്ത് ഷമിയുടെ കൈയിൽ നിന്ന് പോയത്. വില്യംസണെ പുറത്താക്കാൻ കഴിയുമായിരുന്ന നല്ല അവസരം. കളിയുടെ ഗതി തന്നെ മാറിയേക്കാവുന്ന സംഭവം. എന്നാൽ, സ്‌കോർ 219ലെത്തിച്ച വില്യംസണെ ഷമി തന്നെയെത്തി എറിഞ്ഞു വീഴ്ത്തിയപ്പോൾ വീണ്ടും ഗാലറി ഇളകിമറിഞ്ഞു. പിന്നെയും നാലു വിക്കറ്റുകൾ പിഴുത് നാടകീയമായിത്തന്നെ ഷമി ഹീറോയായി. പ്രതിനായകനിൽ നിന്ന് ഒരു യുടേൺ.
എന്നാൽ, ഒരു കാച്ച് വിട്ട അതേ നിമിഷം സാമൂഹികമാധ്യമങ്ങളിൽ ഷമിക്ക് നേരെ രാജ്യദ്രോഹിയെന്ന വിളി വന്നു. ഈ ടൂർണമെന്റിൽ തന്നെ ക്രീസിലിറങ്ങിയപ്പോഴെല്ലാം നാലും അഞ്ചും എതിരാളികളെ കൂട്ടത്തോടെ കൂടാരം കയറ്റിയ ആളായിട്ടും ഇതേ കളിയിൽ വീണ രണ്ട് വിക്കറ്റും തന്റേതായിട്ടും രാജ്യദ്രോഹി എന്ന് വിളിക്കാൻ മടിയില്ലാത്ത ഒരു വിഭാഗത്തെ ഉണ്ടാക്കിയിട്ടുണ്ടിവിടെ എന്നത് അഹമ്മദാബാദ് ഫൈനലിലേക്ക് പോകുമ്പോൾ ആശങ്ക തന്നെയാണ്. ഇന്ന് ആഘോഷിക്കുന്ന എത്രയോ കളിക്കാർക്ക് പിഴകൾ പറ്റിയിരിക്കുന്നു. കോഹ്‌ലി ഒറ്റ റണ്ണുമില്ലാതെ മടങ്ങിയിരിക്കുന്നു. കോഹ്‌ലിക്കും രോഹിത് ശർമക്കും ബുംറക്കുമൊന്നുമില്ലാത്ത ഭാരം സിറാജിനും ഷമിക്കും ഉണ്ട്.
ഷമിക്ക് വേണ്ടി വാതിൽ തുറന്നു കിടക്കുകയായിരുന്നില്ല എന്നും. ഉത്തർപ്രദേശിലെ അംറോഹയിലെ സഹസ്പൂർ ഗ്രാമത്തിലെ കർഷകൻ തൗസീഫ് അലിയുടെ അഞ്ചു മക്കളിൽ ഒരാളായ മുഹമ്മദ് ഷമിയുടെ ബൗളിങ് പാടവം കണ്ട് പരിശീലനം നൽകിയത് ബദറുദ്ദീൻ സിദ്ദീഖിയാണ്. 19 വയസുകാരുടെ ക്രിക്കറ്റ് ടീമിൽ ഇടം തേടിയെങ്കിലും മറ്റു കാരണങ്ങളാൽ കിട്ടിയില്ല. അതുകൊണ്ട് ഷമിയെ ബംഗാളിലേക്ക് വിട്ടത് സിദ്ദീഖിയാണ്. അവിടെ നല്ല കൈകളിൽ തന്നെ ചെന്നു പെട്ടതുകൊണ്ടാണ് ലോക റെക്കോഡിനുടമയായ മുഹമ്മദ് ഷമി എന്ന ക്രിക്കറ്റർ ഉണ്ടായത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ദേബബ്രത ദാസിലേക്കും ബംഗാൾ സെലക്ടർ സമ്പാരൻ ബാനർജിയിലേക്കും എത്തുന്നു. സൗരവ് ഗാംഗുലിക്ക് നേരെ പന്തെറിയാനെത്തിയ ഷമി, മോഹൻ ബഗാൻ ക്രിക്കറ്റ് ടീമിലും ബംഗാളിന് വേണ്ടി രഞ്ജിയിലും അണിനിരക്കുന്നു. അന്തർ ദേശീയ മത്സരങ്ങളിലേക്ക് കടക്കുന്നത് വെസ്റ്റ്ന്റീസിനെതിരായ മത്സരത്തിലൂടെയാണ്. അതിവേഗ എറിച്ചിലുകാരെ തുണയ്ക്കാത്ത മൈതാനങ്ങളിലും ഷമി സ്വന്തം വഴി കണ്ടെത്തുകയും സ്റ്റമ്പുകൾ ഉഴുതുമറിക്കയും ചെയ്തു. രാജ്യദ്രോഹിയെന്ന വിളി ഷമിയെ തകർത്തുകളഞ്ഞതാണ്. മൂന്നു തവണ ആത്മഹത്യക്ക് ശ്രമിച്ചു. കുടുംബബന്ധത്തിലെ തകർച്ചയും ഷമിയെ വേട്ടയാടി. ഭാര്യ കൊടുത്ത ഗാർഹിക പീഡന, വാതുവയ്പ് പരാതികൾ അന്വേഷിച്ച് നിരപരാധി എന്ന് വിധിയെഴുതി.
ക്രിക്കറ്റിൽ കീപ്പർ എന്നാൽ കിർമാനിയായിരുന്നു സയിദ് മുജ്തബ ഹുസൈൻ കിർമാനി. വാതുവയ്പ്പിൽ പെട്ട അസ്ഹറുദ്ദീന് പോലും കേൾക്കേണ്ടിവന്നിട്ടില്ലാത്ത വിശേഷണമാണ് രാജ്യദ്രോഹി. രാജ്യത്തോടുള്ള കൂറ് ആവർത്തിച്ചു പ്രഖ്യാപിച്ചാലും കൈയൊന്നു പാളിയാൽ മതി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."