കാലിക്കറ്റ് സര്‍വകലാശാലയില്‍ തോറ്റ ബി.ടെക് വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ നീക്കം, നടപടി വൈസ് ചാന്‍സലറുടെ പ്രത്യേക അധികാരമുപയോഗിച്ച്
ഇഖ്ബാല്‍ പാണ്ടികശാലതേഞ്ഞിപ്പലം: വൈസ് ചാന്‍സലറുടെ പ്രത്യേക അധികാരമുപയോഗിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ തോറ്റ ബി.ടെക് വിദ്യാര്‍ഥികളെ പ്രത്യേക മോഡറേഷന്‍ മാര്‍ക്ക് നല്‍കി ജയിപ്പിക്കാന്‍ നീക്കം.
2014 സ്‌കീം അനുസരിച്ചുള്ള വിദ്യാര്‍ഥികള്‍ക്കാണ് സുവര്‍ണാവസരം ലഭ്യമായത്. നേരത്തെ 2009 സ്‌കീം ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് 20 മാര്‍ക്കിലധികം സ്‌പെഷല്‍ മോഡറേഷന്‍ നല്‍കി ജയിപ്പിച്ച രീതിയിലാണ് 2014 സ്‌കീമുകാര്‍ക്കും വിജയിക്കാന്‍ സാധിക്കുക. ഏതെങ്കിലും ഒരു പേപ്പറില്‍ തോറ്റവര്‍ക്ക് സപ്ലിമെന്ററി പരീക്ഷകളാണ് മറ്റു സര്‍വകലാശാലകള്‍ നടത്തുന്നത്. മാര്‍ക്ക്ദാനം റദ്ദാക്കണമെന്നും മാര്‍ക്ക് ദാനത്തിന് ഉത്തരവിട്ട വി.സിക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ബി.ടെക് പരീക്ഷയില്‍ തോറ്റവരെ 20 മാര്‍ക്ക് സ്‌പെഷ്യല്‍ മോഡറേഷന്‍ നല്‍കി ജയിപ്പിക്കാനാണ് തീരുമാനം.
എം.ജി സര്‍വകലാശാല ബി.ടെക് പരീക്ഷയില്‍ തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രിയുടെ അദാലത്തിലൂടെ അഞ്ചു മാര്‍ക്ക് ദാനമായി നല്‍കിയത് വിവാദമാകുകയും ഗവര്‍ണറുടെ നിര്‍ദേശപ്രകാരം അധിക മാര്‍ക്ക് റദ്ദാക്കുകയും ചെയ്തതിനുപിന്നാലെയാണ് 20 മാര്‍ക്ക് വരെ ദാനമായി നല്‍കിക്കൊണ്ട് കാലിക്കറ്റ് വി.സി ഉത്തരവിട്ടത്. ഇരുന്നൂറോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ മാസം 24ന് ചേരുന്ന അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും വി.സിയുടെ വിവാദ ഉത്തരവ്. യൂണിവേഴ്‌സിറ്റി നിയമപ്രകാരം വി.സിക്കോ അക്കാദമിക് കൗണ്‍സിലിനോ സിന്‍ഡിക്കേറ്റിനോ മോഡറേഷന്‍ മാര്‍ക്ക് കൂട്ടി നല്‍കാന്‍ അധികാരമില്ല.
സര്‍വകലാശാലാ ചട്ടപ്രകാരം നിയമിക്കപ്പെടുന്ന പരീക്ഷാബോര്‍ഡിനു മാത്രമേ മോഡറേഷന്‍ മാര്‍ക്ക് നിശ്ചയിക്കാന്‍ അധികാരമുള്ളൂ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ മോഡറേഷനില്‍ മാറ്റം വരുത്താനോ പരീക്ഷാഫലം മാറ്റാനോ ആര്‍ക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോര്‍ഡിന്റെ ചുമതലകളും അവസാനിക്കും. 2014 സ്‌കീമുകാര്‍ക്ക് ഇന്റേണല്‍ പരീക്ഷ വീണ്ടും നടത്താനും വി.സിയുടെ നിര്‍ദേശമുണ്ട്. ഇന്റേണലില്‍ മതിയായ മാര്‍ക്കില്ലാത്തവര്‍ക്ക് വീണ്ടും ഒരവസരം അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് വീണ്ടും ഒരവസരം കൂടി അനുവദിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി എന്‍ജിനീയറിങ് ബോര്‍ഡ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു. ഇവരുടെ ശുപാര്‍ശ പ്രത്യേക അധികാരമുപയോഗിച്ച് അംഗീകരിക്കുകയായിരുന്നു വി.സി.
അതേസമയം മാര്‍ക്ക് ദാനമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അര്‍ഹമായ മാര്‍ക്കുകള്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയുള്ളൂവെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."