ലോകകപ്പ് യോഗ്യത: കൗമാര ഗോള്‍ കീപ്പര്‍ ഡോണാരുമ ഇറ്റാലിയന്‍ ടീമില്‍
റോം: എ.സി മിലാന്റെ വണ്ടര്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡോണാരുമ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇറ്റാലിയന്‍ ടീമില്‍ ഇടംപിടിച്ചു. ടീമിലേക്കുള്ള വരവോടെ 105 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഡോണാരുമയ്ക്ക് മുന്നില്‍ വഴിമാറിയത്. യൂറോ കപ്പില്‍ ഇറ്റാലിയന്‍ ടീമിന്റെ വല കാത്ത വെറ്ററന്‍ താരം ജിയാന്‍ലൂയിജി ബുഫണിനൊപ്പമാണ് കോച്ച് ജിയാന്‍ പിയറെ വെന്ഡുറയേയും ടീമിലുള്‍പ്പെടുത്തിയത്.
17കാരനായ ഡോണാരുമ കഴിഞ്ഞ സീസണിലാണ് ഇറ്റാലിയന്‍ സീരി എയില്‍ കളിച്ചു തുടങ്ങിയത്.
16ാം വയസില്‍ മിലാനു വേണ്ടി ഗോള്‍ വല കാത്ത് ടോപ് ഡിവിഷന് ലീഗില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും ഡോണാരുമ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ടോറിനോയ്ക്കെതിരേ 3-2ന്റെ ജയം മിലാന് സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായ പെനാല്‍റ്റി സേവ് ചെയ്തതോടെയാണ് ഡോണാരുമ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.
ഫ്രാന്‍സിനെതിരേ സെപ്റ്റംബര്‍ ഒന്നിനു നടക്കുന്ന സൗഹൃദ മത്സരത്തിനു ശേഷമാണ് ഇറ്റലിയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഡോണാരുമയെ കൂടാതെ അലെസ്സിയോ റൊമാഗ്നോളി, ആന്ദ്രിയ ബെലോറ്റി, ലിയനാര്‍ഡോ പാവോലെറ്റി എന്നീ പുതുമുഖങ്ങളെയും വെന്ഡുറ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."