സിദ്ധരാമയ്യ സർക്കാരിൻ്റെ ആറുമാസം
ബിജു കൃഷ്ണ കാഞ്ഞങ്ങാട്
ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ ആറുമാസം പിന്നിട്ടിരിക്കുകയാണ്. അഞ്ചിന വാഗ്ദാനങ്ങളുടെ ഗ്യാരന്‍ഡിയിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ വിധാന്‍സൗധയില്‍ ഭരണം തുടങ്ങിയത്. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയ താല്‍പര്യവും വിദ്വേഷചിന്തയും ആവുംപോലെ വിളയിച്ചെടുത്ത ബി.ജെ.പിയുടെ ഭരണകാലത്തില്‍ നിന്ന് വ്യത്യസ്തമായി അധികാരമേറ്റതിനുശേഷം ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ അഞ്ചിന ഗ്യാരന്‍ഡി പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള നയപരമായ തീരുമാനമെടുത്തതോടെ കന്നഡ മക്കള്‍ കോണ്‍ഗ്രസോട് കൂടുതല്‍ അടുക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് സംസ്ഥാനത്തുടനീളം സൗജന്യ യാത്രയൊരുക്കിയ ശക്തി- ഉചിത പ്രയാണ പദ്ധതിയും 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഹൃദയത്തിലേറ്റി. സര്‍ക്കാര്‍ ബസുകളിലെ യാത്രക്കാരില്‍ സ്ത്രീകള്‍ ഇരട്ടിയായി. കേന്ദ്രം അരിമുടക്കിയെങ്കിലും പത്തുകിലോ അരിയോ അരിയുടെ പൈസയോ ലഭിക്കുന്ന അന്നഭാഗ്യയും അധികാരമേറ്റെടുത്തതിന്റെ ആദ്യ നാളുകളില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കി.
കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി കൂടി പ്രാവര്‍ത്തികമായതോടെ കര്‍ണാടകയിലെ ജനമനസ് സര്‍ക്കാരിനൊപ്പമായി. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് പ്രതിമാസം ഓണറേറിയം നല്‍കുന്ന അഞ്ചാമത്തെ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണ്. അതുകൂടി യാഥാര്‍ഥ്യമാകുന്നതോടെ അഞ്ചിന വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയ സര്‍ക്കാര്‍ എന്ന ബഹുമതിയും സിദ്ധരാമയ്യ സര്‍ക്കാരിന് സ്വന്തമാകും.
സാമ്പത്തിക പ്രതിസന്ധികളെ മറികടന്നുവേണം ജനങ്ങളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കാന്‍. സംസ്ഥാനം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെങ്കിലും നികുതി വരുമാനത്തിലെ വര്‍ധനവും കുടിശ്ശിക പിരിച്ചെടുക്കാനുള്ള തീരുമാനവും സര്‍ക്കാരിന് പ്രതീക്ഷ പകരുന്നുണ്ട്. സമീപകാലത്തൊന്നും ദൃശ്യമാകാതിരുന്ന വരള്‍ച്ച, തമിഴ്‌നാടുമായുള്ള കാവേരി നദീജല തര്‍ക്കം, അതിര്‍ത്തി മേഖലകളില്‍ മഹാരാഷ്ട്രയുമായുള്ള ചില വൈകാരിക വിഷയങ്ങള്‍ തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ പ്രതിസന്ധികള്‍ കർണാടകയുടെ മുന്നിലുണ്ടെങ്കിലും അതൊന്നും സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നവയല്ല.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൂടിയാലോചിച്ചും പാര്‍ട്ടി നേതൃത്വം ഉള്‍പ്പെട്ട കോര്‍കമ്മിറ്റിയില്‍ അവതരിപ്പിച്ചുമാണ് ഭരണപരവും നയപരവുമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. ഇതിനിടയില്‍ ചില മന്ത്രിമാര്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന ആരോപണവുമായി 30 ഓളം എം.എല്‍.എമാര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും കത്തു നല്‍കുകയും ചെയ്തു. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ എം.എല്‍.എമാരെ വിളിച്ചുകൂട്ടി അവരുടെ പരാതി കേള്‍ക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും തയാറായി.
മന്ത്രിമാരുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി അവലോകനം ചെയ്യുമെന്നു നേതൃത്വം ഉറപ്പുനല്‍കിയതോടെ എം.എല്‍.എമാര്‍ ശാന്തരാവുകയും ചെയ്തു.
സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തില്‍ തന്നെ തിരിച്ചുവരവിനുള്ള പിടിവള്ളിയായിരുന്നു കോണ്‍ഗ്രസിന് കര്‍ണാടക തെരഞ്ഞെടുപ്പ് വിജയം. കര്‍ണാടക കൈവിട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ നടക്കുന്ന അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസമില്ലാതെ തപ്പിത്തടയേണ്ടി വന്നേനെ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കര്‍ണാടകയില്‍ തുടങ്ങിയ മുന്നേറ്റം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്.
Content Highlights:Six months of Siddaramaiah government
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."