യുവതിയുടെ ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
ചാരുംമൂട് (ആലപ്പുഴ): യുവതിയുടെ ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങളുടെ സ്വര്‍ണപ്പണയ തട്ടിപ്പ് നടത്തിയ കേസിലാണ് വള്ളികുന്നം കാമ്പിശ്ശേരിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന മീനത്ത് വിജയ(74)നെ പൊലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് വള്ളികുന്നം കടുവിനാല്‍ താളിരാടി കോതകുറ്റിയില് കോളനിയിലെ എസ്.ആര് അഞ്ജു വള്ളികുന്നം പൊലിസില്‍ പരാതി നല്‍കിയത്.
ഇവരറിയാതെ ആധാര്‍കാര്‍ഡ് ദുരുപയോഗിച്ച് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ വിജയന് സ്വര്ണംപണയംവച്ചെന്ന പരാതിയിലായിരുന്നു കേസ്. മൂന്നുവര്‍ഷം മുമ്പ് ഇയാളുടെ പണമിടപാട് സ്ഥാപനത്തില്‍ ഒരു പവന് മാല പണയംവച്ച് അഞ്ജു 26,000 രൂപ വായ്പയെടുത്തിരുന്നു. പണയം വയ്ക്കുന്നതിന് ആധാര്‍കാര്‍ഡ് കോപ്പിയും നല്കി.
ഈ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് ഉപയോഗിച്ച് കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്ന് വിജയന് 19 തവണ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം പണയംവച്ചതായി പൊലിസ് കണ്ടെത്തിയിരുന്നു. ആധാര്‍കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് ഇല്ലാതെ രണ്ടുലക്ഷം വരെ വായ്പ എടുക്കാം എന്ന വ്യവസ്ഥ ദുരുപയോഗം ചെയ്താണ് ഇയാള്‍ വായ്പ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ബാങ്കില്‍ നിന്നു അഞ്ജുവിന് നോട്ടിസ് ലഭിച്ചത്. തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."