നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഖബറടക്കം ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍
കൊച്ചി: ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനു പോയി നാഗ്പൂരില്‍ മരിച്ച നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.
നിദയുടെ പിതാവ് ഷിഹാബുദ്ദീന്‍ വിമാനത്തില്‍ അനുഗമിച്ചിരുന്നു. ആലപ്പുഴയിലെത്തിച്ച മൃതദേഹം ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും. ഇതിനു മുമ്പായി 11 മണിക്ക് നീര്‍ക്കുന്നം ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊതുദര്‍ശനം.
ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരില്‍ താരങ്ങള്‍ക്ക് നാഗ്പൂരില്‍ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നിദയുടെ ജീവനെടുത്തത്. സൈക്കിള്‍പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിള്‍ ഫോളോ അസോസിയേഷന്‍ ഓഫ് കേരളയ്ക്കാണ്. ഇതിന്റെ പേരിലാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."