ഹൈദരാബാദിനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തേക്ക്
കൊച്ചി: കൊച്ചിയില്‍ ആരാധകരുടെ മനസ്സ് നിറച്ച് ഐഎസ്എല്ലില്‍ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. മിലോസ് ഡ്രിന്‍സിച്ചാണ് ഒന്നാം പകുതിയില്‍ ടീമിനായി വിജയഗോള്‍ നേടിയത്. ജയം നേടിയ ടീം പോയന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. 16 പോയന്റുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് സമ്പൂര്‍ണ ആധിപത്യമാണ് ഉണ്ടായിരുന്നത്. ആദ്യപകുതിയില്‍ പന്ത് മിക്കപ്പോഴും ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ കാലുകളിലായിരുന്നു. കളിയുടെ ഗതിക്ക് വിപരീതമായി ചില ആക്രമണങ്ങള്‍ ഹൈദരാബാദില്‍ നിന്നും ഇടയ്ക്കുണ്ടായിരുന്നു. 36ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പായി 41ാം മിനിറ്റിലാണ് പ്രതിരോധനിര താരം മിലോസ് ഡ്രിന്‍സിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ അച്ചടക്ക നടപടി നേരിട്ടതിന് ശേഷം താരം തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. തിരിച്ചുവരവില്‍ തന്നെ ഡ്രിന്‍സിച്ച് മഞ്ഞപ്പടയ്ക്കായി ഗംഭീര പ്രകടനമാണ് നടത്തിയത്.
41ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ വന്നത്. ഫ്രീകിക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ലെങ്കിലും പന്ത് ലൂണയ്ക്കാണ് ലഭിച്ചത്. താരം നല്‍കിയ പാസില്‍ നിന്നാണ് ഡ്രിന്‍സിച്ച് ഗോളടിച്ചത്. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് 10ന് മുന്നിലായിരുന്നു. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് തന്നെയാണ് കളിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഡ്രിന്‍സിച്ച് ഇത് തന്റെ ആദ്യഗോളാണ് നേടിയത്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് മോണ്ടിനെഗ്രന്‍ താരമായ ഡ്രിന്‍സിച്ചിനെ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലെത്തിച്ചത്. ഓരോ മത്സരത്തിലും താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഡ്രിന്‍സിച്ചിന് പുറമെ പ്രതിരോധ നിര താരം പ്രബീര്‍ ദാസും സസ്‌പെന്‍ഷന് ശേഷം ഹൈദരാബാദിനെതിരായ മത്സരത്തില്‍ തിരിച്ചെത്തി.
ഹൈദരാബാദിനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തേക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."