HOME
DETAILS

ഗോപാലകൃഷ്ണന്‍ അഥവാ ''മോസ്‌ക്മാന്‍''

  
backup
September 25 2021 | 19:09 PM

953453456351
പി.കെ മുഹമ്മദ് ഹാത്തിഫ്
ചിത്രങ്ങള്‍: ആര്‍. മനു
 
ബിള്‍ഡിങ് കോണ്‍ട്രാക്ടറായിരുന്നു ഗോപാലകൃഷ്ണന്റെ പിതാവ് ഗോവിന്ദന്‍. തിരുവനന്തപുരം നഗരത്തിലെ ഒട്ടുമിക്ക പ്രധാന കെട്ടിടങ്ങളുടെയും കോണ്‍ട്രാക്ടെടുത്ത് പൂര്‍ത്തിയാക്കിയത് ഗോവിന്ദനായിരുന്നു. ഭാര്യ കമലാക്ഷി എല്ലാ ദിവസവും ഭര്‍ത്താവിന് വലിയ പാത്രത്തില്‍ ചോറും കറികളും കൊടുത്തയക്കാറ് അഞ്ചു മക്കളില്‍ മൂത്തവനായിരുന്ന ഗോപാലകൃഷ്ണന്റെ കൈയിലായിരുന്നു. അച്ഛന്‍ ഊണു കഴിച്ച് കഴിയുംവരെ ഗോപാലകൃഷ്ണന്‍ സൈറ്റിലെത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന രീതിയും അതിന്റെ ഘടനയും നോക്കി മനസിലാക്കും. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ മുഴുവന്‍ സമയവും അച്ഛനൊപ്പം സൈറ്റില്‍ തന്നെയായിരിക്കും. വീട്ടിലെത്തിയാല്‍ അച്ഛന്റെ മേല്‍നോട്ടത്തില്‍ പണിതുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പ്ലാന്‍ മേശപ്പുറത്ത് നിന്നെടുത്ത്, നോട്ടുപുസ്തകത്തിലെ താളുകള്‍ കീറിയെടുത്ത് തലമുടിയിലെ എണ്ണതേച്ച് അതിനു മുകളിലൂടെ പെന്‍സില്‍ കൊണ്ട് വരക്കുന്നത് പതിവായിരുന്നു. സ്വന്തമായി നോട്ടുപുസ്തകത്താളുകളില്‍ പകര്‍ത്തിയ സ്‌കെച്ചുകളുമായി പലതവണ പിതാവിന്റെ സൈറ്റിലെത്തി താന്‍ വരച്ചെടുത്ത രേഖാചിത്രം നിര്‍മാണവുമായി എപ്രകാരമാണ് സാദൃശ്യം പുലര്‍ത്തുന്നതെന്ന് നോക്കിക്കണ്ട് മനസിലാക്കും. ഈ സമയത്തുള്ള സംശയങ്ങള്‍ അച്ഛനോട് ചോദിച്ച് ദൂരീകരിക്കും. ഇതിനിടെയാണ് അച്ഛന് പ്ലാനുകള്‍ വരച്ചുകൊടുക്കുന്ന ആംഗ്ലോ ഇന്ത്യന്‍ ഡ്രാഫ്റ്റ്മാന്‍ എല്‍.എ സല്‍ഡാനയെ ഗോപാലകൃഷ്ണന്‍ പരിചയപ്പെടുന്നത്. പിന്നീടങ്ങോട്ട് സംശയങ്ങള്‍ മുഴുവന്‍ അദ്ദേഹത്തോടായിരുന്നു ചോദിച്ചിരുന്നത്. അങ്ങനെയാണ് ഗോപാലകൃഷ്ണന്‍ കെട്ടിടങ്ങളുടെ പ്ലാന്‍ വരക്കുന്നതിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്.
 
നിയമം അംഗീകരിക്കാത്ത 
വാസ്തുശില്‍പി
 
അന്നത്തെ പ്രീ യൂനിവേഴ്‌സിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഗോപാലകൃഷ്ണനെ എന്‍ജിനിയറാക്കാനായിരുന്നു പിതാവിന്റെ മോഹം. എന്നാല്‍ തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ്ങില്‍ എ.എം.ഐ.ഇ കോഴ്‌സില്‍ പ്രവേശനം ലഭിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ ഗോപാലകൃഷ്ണന് സാധിച്ചില്ല. അപ്പോഴേക്കും പ്ലാന്‍ പകര്‍ത്തി വരക്കുന്നതും അതിന്റെ രീതിശാസ്ത്രവും ഗോപാലകൃഷ്ണന്‍ പൂര്‍ണമായും മനസിലാക്കിക്കഴിഞ്ഞിരുന്നു. എ.എം.ഐ.ഇ കോഴ്‌സിന്റെ ആദ്യ ഒരുവര്‍ഷം പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിങ് ഡിവിഷനില്‍ അണ്‍പെയ്ഡ് അപ്രന്റീസായി സേവനം ചെയ്തു. ഇവിടെ നിന്നു ലഭിച്ച സാങ്കേതിക പരിശീലനം ഗോപാലകൃഷ്ണന് പ്ലാന്‍ വരക്കുന്നതിന്റെ വൈദഗ്ധ്യം കൂടുതല്‍ സ്വായത്തമാക്കാന്‍ സഹായിച്ചു.
 
കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഗോപാലകൃഷ്ണന് അംഗത്വമില്ല. തിരുവനന്തപുരം കോര്‍പറേഷന്റെ ലൈസന്‍സ് കിട്ടാത്തതാണ് കാരണം. വര്‍ഷങ്ങളായി ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും അത് ലഭിച്ചിട്ടില്ല. നാടാര്‍ സമുദായത്തിലെ എനിക്കെങ്ങനെ ഉന്നതമായ ഒരിടത്ത് അംഗത്വം ലഭിക്കുമെന്ന് ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. രജിസ്‌ട്രേഷന്‍ കിട്ടിയാല്‍ തന്നെ ചാള്‍സ് കൊറയയുടെ ഗണത്തില്‍ ഗോപാലകൃഷ്ണനും പെടുമല്ലോയെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനടുത്തെത്തിയപ്പോള്‍ ഗോപാലകൃഷ്ണനു കിട്ടിയ മറുപടി. ഗോപാലകൃഷ്ണന്‍ വരച്ച പ്ലാനുകള്‍ക്ക് ഇന്നും നിര്‍മാണാനുമതി ലഭിക്കാന്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ അംഗത്വമുള്ളയാളുടെ ഒപ്പുവേണം.
 
മുസംബിയും കുബ്ബ നിര്‍മാണവും
 
പഠനം നിര്‍ത്തി അച്ഛനൊപ്പം സൈറ്റില്‍ സഹായിക്കലും അച്ഛനു ലഭിക്കുന്ന നിര്‍മാണങ്ങളുടെ പ്ലാനുകള്‍ ചെറിയ തോതില്‍ വരക്കലും മാത്രമായിരുന്നു ഗോപാലകൃഷ്ണന്റെ പണി. അതിനിടയിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓടുമേഞ്ഞ പാളയം പള്ളി പുതുക്കിപ്പണിയാന്‍ കേരളപ്പിറവിക്ക് ശേഷം കേരളത്തിലെ ആദ്യത്തെ ചീഫ് എന്‍ജിനീയറായിരുന്ന ടി.പി കുട്ടിയാമുവിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചത്. കുറെ ടെന്‍ഡറുകള്‍ ക്ഷണിച്ചെങ്കിലും ഗോപാലകൃഷ്ണന്റെ പിതാവിന്റെ ടെന്‍ഡറാണ് പള്ളിക്കമ്മിറ്റി തിരഞ്ഞെടുത്തത്. 1961ല്‍ മസ്ജിദ് നിര്‍മാണം ആരംഭിച്ചു.
 
പള്ളിയുടെ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് പള്ളിക്കു മുകളിലെ കുബ്ബ (താഴികക്കുടം) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത് ഗോപാലകൃഷ്ണന്റെ ശ്രദ്ധയില്‍പെട്ടത്. ഇത്രയും വലിയ മിനാരത്തിന്റെ പുറംഭാഗം എങ്ങനെ നിര്‍മിക്കും എന്നായിരുന്നു അച്ഛനും എഞ്ചിനിയര്‍ കുട്ടിയാമുവും തലപുകഞ്ഞ് ആലോചിച്ചിരുന്നത്. ഗോപാലകൃഷ്ണനും അവര്‍ക്കൊപ്പം ചേര്‍ന്നു. ചെലവുകുറഞ്ഞ രീതിയില്‍ 30 അടി വിസ്തീര്‍ണമുള്ള താഴികക്കുടം ചതുരക്കട്ടകള്‍ ഉണ്ടാക്കി വച്ചുപിടിപ്പിക്കാമെന്നായിരുന്നു ആലോചന. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി താഴികക്കുടത്തിന്റെ ഒരു പുറംപാളിയുണ്ടാക്കി, അതുപോലുള്ള കുറേയെണ്ണം ചേര്‍ത്തുവച്ച് നിര്‍മിക്കാമെന്ന ആശയം ഗോപാലകൃഷ്ണന്‍ മുന്നോട്ടുവച്ചു. പക്ഷേ, 'നീ ഇതിലൊന്നും ഇടപെടേണ്ട' എന്നു പറഞ്ഞ് അച്ഛന്‍ ഗോപാലകൃഷ്ണനെ എന്നെ ആട്ടിയോടിച്ചു. അപമാന ഭാരത്താല്‍ തിരിച്ചിറങ്ങിയ ഗോപാലകൃഷ്ണന്‍ പാളയത്ത് ഉന്തുവണ്ടിയില്‍ ഒരു മുസംബി വില്‍പനക്കാരനെ കണ്ടു. കൈയിലുണ്ടായിരുന്ന പണമെടുത്ത് ഒരു മുസംബിയും അടുത്ത കടയില്‍ പോയി ഒരു ബ്ലേഡും വാങ്ങി അച്ഛന്റെയടുത്തേക്ക് ഓടിച്ചെന്നു. മുസംബിയുടെ ഒരുഭാഗം കൃത്യമായി മുറിച്ചെടുത്ത് അച്ഛന് മുന്നില്‍ തന്റെ ആശയം ഗോപാലകൃഷ്ണന്‍ വിവരിച്ചു. ഒരു നിമിഷം നിശബ്ദനായ അച്ഛന്‍ ഗോപാലകൃഷ്ണനെ ചേര്‍ത്തുപിടിച്ച് ഇങ്ങനെ പറഞ്ഞു: 'ഇത്രയും കാലം എന്നെ ജീവിതത്തില്‍ ആരും തോല്‍പിച്ചിട്ടില്ല. പക്ഷേ, ഇന്ന് എന്റെ മകന്‍ എന്നെ തോല്‍പിച്ചിരിക്കുന്നു, അത് എനിക്ക് അഭിമാനമാണ്'. ഗോപാലകൃഷ്ണന്റെ ആശയപ്രകാരം തന്നെ അച്ഛന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച 30 അടി വിസ്തീര്‍ണമുള്ള മിനാരം ഇന്നും പാളയം പള്ളിക്കു മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. പിന്നീടിങ്ങോട്ട് ഗോപാലകൃഷ്ണന്‍ നിര്‍മിച്ച എല്ലാ പള്ളികളുടെയും മിനാരങ്ങള്‍ ഇതേ രീതി പിന്തുടര്‍ന്നാണ് നിര്‍മിച്ചത്.
 
'ഹിന്ദു മതവിശ്വാസികള്‍ക്ക് ആത്മീയത മാത്രമാണ്, ക്രിസ്ത്യാനികള്‍ക്ക് ഭൗതികതയും, എന്നാല്‍ മുസ്‌ലിംകള്‍ ഭൗതികത്തില്‍ ഉറച്ചുനിന്ന് ആത്മീയത തേടുന്നവരാണ്. പള്ളികളുടെ മിനാരങ്ങള്‍ ഗുരുത്വാകര്‍ഷണം കൊണ്ട് ഭൂമിയിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കുകയാണ്. ഭൗതികത്തില്‍ ഉറച്ചുനിന്ന് ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍ക്കു കീഴിലിരുന്ന് വിശ്വാസികള്‍ ആത്മീയത തേടുന്നു'- മിനാരങ്ങളുടെ മനോഹാരിതയെ ഗോപാലകൃഷ്ണന്‍ വര്‍ണിക്കുന്നു.
 
ഒറ്റയ്ക്കു നിര്‍മിച്ച ബീമാപള്ളി
 
അച്ഛനും മകനും കൂടി നിര്‍മിച്ച പാളയം പള്ളിയുടെ ശില്‍പ ചാരുത തെക്കന്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിലാണ് എന്‍ജിനിയര്‍ കുട്ടിയാമുവിന്റെയടുത്ത് ബീമാപള്ളി പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി കമ്മിറ്റി ഭാരവാഹികള്‍ എത്തിയത്. കുട്ടിയാമു തന്റെ ഓഫിസിലെ പ്ലാന്‍ വരക്കുന്നയാളുടെ സഹായത്തോടെ സ്‌കെച്ച് തയാറാക്കി നല്‍കി. എന്നാല്‍ ആ സ്‌കെച്ചില്‍ കമ്മിറ്റി ഭാരവാഹികള്‍ തൃപ്തരായില്ല. അതിനിടയിലാണ് ഗോപാലകൃഷ്ണനെ ബീമാപള്ളിയിലേക്ക് കുട്ടിയാമു പറഞ്ഞയക്കുന്നത്. അവിടെ പോയി ഒരു സ്‌കെച്ച് തയാറാക്കി നല്‍കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പരസഹായമില്ലാതെ സ്വന്തമായി ഒരു കെട്ടിടം നിര്‍മിക്കാനുള്ള ആവേശത്തിലായിരുന്നു മുപ്പത്തിയൊന്നുകാരനായ ഗോപാലകൃഷ്ണന്‍. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ഒരാഴ്ച രാത്രിയും പകലുമെന്നില്ലാതെ പ്ലാന്‍ തയാറാക്കി കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
വലിയൊരു തീര്‍ഥാടന കേന്ദ്രമാവുമെന്ന സാധ്യത മുന്നില്‍ കണ്ടുതന്നെയായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോപാലകൃഷ്ണന്‍ പ്ലാന്‍ തയാറാക്കിയിരുന്നത്. പള്ളിയും മഖാമും ഒരേ കുബ്ബയ്ക്കു കീഴില്‍ തന്നെ കൊണ്ടുവന്ന്, 132 അടിയോളം നീളമുള്ള വലിയ മിനാരങ്ങളുമായിരുന്നു അതിന്റെ പ്രത്യേകത. സ്വന്തമായി നിര്‍മിച്ച ആദ്യപള്ളി എന്ന പ്രത്യേകത മാത്രമല്ല ഗോപാലകൃഷ്ണന് ബീമാപള്ളി, മറിച്ച് ദൈവികമായ സാന്നിധ്യം അടുത്തറിഞ്ഞ പള്ളികൂടിയാണെന്ന് അദ്ദേഹം പറയുന്നു. 1964 മുതല്‍ ആരംഭിച്ച ബീമാപള്ളിയുടെ നിര്‍മാണം 1984 വരെ 18 വര്‍ഷത്തോളം നീണ്ടു. ഇതിനുശേഷം നിര്‍മിച്ച കടുവാ പള്ളി, ആലംകോട് പള്ളി, താജ്മഹല്‍ മാതൃകയില്‍ നിര്‍മിച്ച കരുനാഗപ്പള്ളി, ശബരിമലയിലെ എരുമേലി ജുമാമസ്ജിദ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നൂറാമതായി നിര്‍മിച്ചത് കോട്ടയം ജില്ലയിലെ കോട്ടാങ്കല്‍ ജമാഅത്ത് പള്ളിയാണ്. 1960 മുതല്‍ ഗോപാലകൃഷ്ണന്‍ ഏതെങ്കിലും മുസ്‌ലിം പള്ളിയുടെ നിര്‍മാണത്തിലായിരിക്കും. ബീമാപള്ളിയില്‍ തുടങ്ങിയ ദൗത്യം ഇന്ന് നൂറ്റിപ്പത്തോളം പള്ളികളില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ അരപ്പതിറ്റാണ്ടുകാലമായി ഗോപാലകൃഷ്ണന്റെ ജീവിതത്തില്‍ ഒരു മസ്ജിദിന്റെ പണിയില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ല.
 
'എല്ലാം ദൈവനിയോഗം'
 
ഗോപാലകൃഷ്ണന്റെ മസ്ജിദുകളെല്ലാം ശൈലീപരമായി വ്യത്യസ്തമാണ്. ഖിബ്‌ല നിശ്ചയിക്കുന്നത് മുതല്‍ മിഹ്‌റാബും അംഗശുദ്ധി വരുത്താനുള്ള ഹൗളും എല്ലാം ഗോപാലകൃഷ്ണന്റെ കണക്കില്‍പെടും. ഓരോ പ്രദേശത്തെ ആളുകളുടെ എണ്ണം കണക്കാക്കി അടുത്ത അന്‍പതു വര്‍ഷത്തേക്കുള്ള കണക്കുകള്‍ കൂട്ടിയാണ് അകംപള്ളിയുടെ വിസ്തീര്‍ണം പോലും ഗോപാലകൃഷ്ണന്‍ നിര്‍ണയിക്കുന്നത്. പുറം പള്ളിയുടെയും അകംപള്ളിയുടെയും സ്വഫുകളുടെ (നിര) ശരിപ്പെടുത്തലും കാണാപാഠമാണ്. കാലാവസ്ഥയുടെ കാഠിന്യം പ്രാര്‍ഥനയെ ബാധിക്കരുതെന്ന നിര്‍ബന്ധമുള്ളതിനാല്‍ പ്രാദേശിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പള്ളി പണിയുക. അകത്തേക്ക് എപ്പോഴും തണുത്ത കാറ്റുവീശുന്ന രീതിയിലാണ് ഗോപാലകൃഷ്ണന്‍ പ്ലാന്‍ തയാറാക്കാറുള്ളത്.
 
നിര്‍മിച്ചവയില്‍ പ്രധാനപ്പെട്ട പള്ളി എരുമേലി വാവരുപള്ളിയാണ്. എരുമേലി വാവരുപള്ളി പേട്ടതുള്ളിയെത്തുന്ന അയ്യപ്പന്‍മാരെയും നിസ്‌കരിക്കാനെത്തുന്ന മതവിശ്വാസികളേയും ഒരുമിച്ച് ഉള്‍കൊള്ളാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ ആലങ്കോട് പള്ളിയും കരുനാഗപ്പള്ളിയിലെ ഷെയ്ഖ് മസ്ജിദും താജ്മഹലിന്റെ രൂപത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കുണ്ടറയിലെ പള്ളി കേരളീയ രീതിയില്‍ ചെരിഞ്ഞ മേല്‍ക്കൂരയിലാണ്. കരുനാഗപള്ളിയിലെ കാട്ടുമുറാക്കല്‍ പള്ളി ഇന്തോ സാരസനിക് മാതൃകയിലെ ജ്യാമിതീയ രൂപങ്ങള്‍ക്കു മേല്‍ നടത്തിയ പരീക്ഷണങ്ങളാണ്. അടൂരിലെ ചന്ദനപ്പള്ളി ഗോഥിക് വാസ്തുശില്‍പ രീതിയിലാണ്. ആറ്റിങ്ങലിനടുത്ത കടുവായില്‍പള്ളി, സിയാറത്തുമ്മൂട് ജുമാ മസ്ജിദ്, കൊല്ലൂര്‍വിള മസ്ജിദ്, മുടിക്കല്‍, പറവണ്ണ, കൂട്ടായി, തക്കല, കൊല്ലം, ഇടുക്കി, മൂന്നാംകുറ്റി... ഗോപാലകൃഷ്ണന്‍ രൂപകല്‍പന ചെയ്തുതീര്‍ത്ത മസ്ജിദുകളുടെ പട്ടിക ഇനിയും നീളും. മസ്ജിദുകള്‍ക്കു പുറമെ ഗോപാലകൃഷ്ണന്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികളില്‍ പ്രധാനപ്പെട്ട ചന്ദനപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ആകൃതിയിലാണ് നിര്‍മിച്ചത്. രണ്ടു ക്ഷേത്രങ്ങളില്‍ ആദ്യം നിര്‍മിച്ച ആലുങ്കണ്ടം ഭദ്രകാളി ക്ഷേത്രത്തിന് രഥത്തിന്റെ രൂപമാണ്.
ആരാധനാലയങ്ങള്‍ ആത്മസംസ്‌കരണത്തിന്റെ ഇടമാണെന്ന അറിവാണ് ഗോപാലകൃഷ്ണനെ അരനൂറ്റാണ്ടോളം കാലം മസ്ജിദ് നിര്‍മാണത്തില്‍ പിടിച്ചുനിര്‍ത്തിയത്. 'പണത്തിനു വേണ്ടിയല്ല, ഞാന്‍ വരച്ച പ്ലാന്‍ അതിങ്ങനെ ഉയര്‍ന്നുവരുന്നതു കാണുമ്പോഴുള്ള സംതൃപ്തി... അതിനുവേണ്ടി മാത്രമെന്നാണ് ഗോപാലകൃഷ്ണന്‍ മസ്ജിദ് നിര്‍മാണത്തെ കുറിച്ചുപറയുന്നത്. 'ഞാന്‍ ജീവിച്ചതും എന്റെ മക്കളെ വളര്‍ത്തിയതും മുസ്‌ലിം പള്ളികള്‍ നിര്‍മിച്ചതിന്റെ വരുമാനം കൊണ്ടാണ്. അതുകൊണ്ട് അവര്‍ക്കും എന്റെ കുടുംബത്തിനും അതിന്റെതായ ഐശ്വര്യമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍'- ഗോപാലകൃഷ്ണന്‍ പറയുന്നു.
 
'ഞാന്‍ കണ്ട ഖുര്‍ആന്‍'
 
പള്ളിയുടെ മിനാരങ്ങള്‍ക്കൊപ്പം എല്ലാ പള്ളികളിലും ഗോപാലകൃഷ്ണന്‍ ഓരോ ഖുര്‍ആന്‍ വചനങ്ങളും ഗ്രാനൈറ്റില്‍ കൊത്തിവയ്ക്കും. അര്‍ഥമറിഞ്ഞുള്ള വചനങ്ങളായിരിക്കും അത്. ചിലയിടങ്ങളില്‍ അറബിയില്‍ മാത്രമായിരിക്കും. പല സ്ഥലങ്ങളിലും അതിന്റെ പരിഭാഷയും എഴുതിവയ്ക്കും. എരുമേലി പള്ളിയില്‍ ഷഹാദത്ത് കലിമയുടെ പരിഭാഷയും ആയത്തുല്‍ കുര്‍സിയുടെ മലയാളം, ഇംഗ്ലീഷ് പരിഭാഷയും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതിനുപുറമെ 49-ാം അധ്യായത്തിലെ 13-ാം സൂക്തത്തിന്റെ മലയാള പരിഭാഷയും ഗ്രാനൈറ്റില്‍ കൊത്തിവച്ചിട്ടുണ്ട്. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദില്‍ ഷഹാദത്ത് കലിമക്കൊപ്പം ആയത്തുല്‍കുര്‍സിയാണ് ആവരണം ചെയ്തിട്ടുണ്ട്. പാളയം പള്ളിയിലെ മുഖാവരണത്തില്‍ സൂറത്തുന്നൂറിലെ സൂക്തങ്ങളാണ് ആലേഖനം ചെയ്തത്. ബീമാപള്ളിയിലെ ഓരോ ജനല്‍ കട്ടിലകള്‍ക്കു മുകളിലും 11 ചെറിയ അടയാളങ്ങള്‍ വച്ചിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് ഇസ്‌ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളുമാണ്. അതിസൂക്ഷ്മമായാണ് ഗോപാലകൃഷ്ണന്‍ തന്റെ വാസ്തുകലയെ മസ്ജിദുകളുടെ ഓരോ കോണിലും ആലേഖനം ചെയ്തത്.
 
ഓരോ പള്ളികളിലും ഗ്രാനൈറ്റ് പാളികളില്‍ താന്‍കൊത്തിവച്ച ഖുര്‍ആന്‍ വചനങ്ങളുടെ അര്‍ഥം തേടിയിറങ്ങിയപ്പോഴാണ് ഖുര്‍ആനെ അടുത്തറിയണമെന്ന തോന്നല്‍ ഗോപാലകൃഷ്ണനുണ്ടായത്. റമദാനില്‍ കഴിഞ്ഞ 30 വര്‍ഷമായി നോമ്പനുഷ്ടിക്കുന്ന ഗോപാലകൃഷ്ണന്‍ ഒരു നോമ്പുകാലത്തു തന്നെയാണ് പുസ്‌കതം എഴുതിത്തുടങ്ങിയത്. 'മതസൗഹാര്‍ദവും മാനവമൈത്രിയും നിറഞ്ഞുനില്‍ക്കുന്നതാണ് ഖുര്‍ആനിലെ ഓരോ സൂക്തങ്ങളും. ഒരു മനുഷ്യനായി കണ്ട് ഖുര്‍ആന്‍ പഠിച്ചപ്പോള്‍ എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ഈ പുസ്തകത്താളുകളില്‍ കുറിച്ചുവച്ചിരിക്കുന്നത്. ഇത് ഖുര്‍ആന്റെ ഒരു പരിഭാഷയല്ല, അറബി ഭാഷ അറിയാത്ത എനിക്ക്, സുഹൃത്തുക്കള്‍ സമ്മാനിച്ച മലയാളത്തിലെയും ഇംഗ്ലീഷിലെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പഠിച്ചും, വിവിധ മതപണ്ഡിതന്‍മാരുമായി ആശയവിനിമയം നടത്തി സംശയം ദൂരീകരിച്ചും എഴുതിത്തുടങ്ങിയ ഒരു ഗ്രന്ഥം മാത്രം'- ഗോപാലകൃഷ്ണന്‍ പറയുന്നു. എട്ടു വര്‍ഷത്തിലധികമെടുത്ത് മൂന്ന് വാല്യങ്ങളിലായി 1600 ഓളം പേജിലായാണ് ഗോപാലകൃഷ്ണന്‍ 'ഞാനറിഞ്ഞ ഖുര്‍ആന്‍' എഴുതിച്ചേര്‍ത്തിരിക്കുന്നത്. പ്രസിദ്ധീകരിക്കാനായി ഒരു പ്രസാധകനെ കാത്തിരിക്കുകയാണ് അദ്ദേഹം.
 
മതങ്ങളെ അറിഞ്ഞ് ജീവിക്കുന്ന കുടുംബം
 
എല്ലാ മതങ്ങളെകുറിച്ചും എല്ലാവരും പഠിക്കണമെന്നാണ് ഹിന്ദു കുടുംബത്തില്‍ ജനിച്ച്, ക്രൈസ്തവ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച്, മുസ്‌ലിം ആരാധനാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭിച്ച ഗോപാലകൃഷ്ണന്റെ തത്വം. ഗോപാലകൃഷ്ണന്റെ വീട്ടില്‍ എല്ലാ മതങ്ങളില്‍ പെട്ടവരുമുണ്ട്. നാടാര്‍ സമുദായക്കാരനായ ഗോപാലകൃഷ്ണന്റെ ഭാര്യ ജയ ക്രിസ്ത്യന്‍ സമുദായാംഗമാണ്. മൂത്ത മകന്‍ ഗോവിന്ദ് ജൂനിയറിന്റെ ഭാര്യ, രാജശേഖന്റെയും വത്സലയുടേയും മകളായ ലക്ഷ്മി. രണ്ടാമന്‍ ശ്രീനിയുടെ ഭാര്യ അബ്ദുല്‍ കലാമിന്റെയും കൃഷ്ണകുമാരിയുടെയും മകള്‍ അനീഷ. മൂന്നാമത്തെ മകന്‍ നീനിയുടെ ഭാര്യ സനലിന്റെയും ജയയുടേയും മകള്‍ സജിന.
'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹ്' എന്ന ഷഹാദത്ത് കലിമയുടെ അര്‍ഥം 'ആരാധനക്ക് അര്‍ഹന്‍ സര്‍വ ശക്തനായ ദൈവം മാത്രമാണ്, മുഹമ്മദ് നബി ദൈവത്തിന്റെ ദൂതനാണ്' എന്ന കാര്യം അമുസ്‌ലിം സഹോദരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അവരിലുള്ള അജ്ഞത മാറി ആദരവ് പ്രകടിപ്പിക്കാറുണ്ടെന്നും മതത്തെകുറിച്ച് പലതിലുമുള്ള തെറ്റിദ്ധാരണയാണ് ഇന്നു കാണുന്ന വര്‍ഗീയ ചേരിതിരിവിന് കാരണമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. മതസൗഹാര്‍ദ സന്ദേശം പ്രചരിപ്പിക്കുന്നതിനായി 2002 മുതല്‍ യൂനിവേഴ്‌സല്‍ ബ്രദര്‍ഹുഡ് (മാനവ മൈത്രി) ചാരിറ്റബിള്‍ സൊസൈറ്റിയും ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago