പ്രവാസികൾ ജാഗ്രതൈ: നിയമം ലംഘിച്ച 10,197 പേരെ നാടുകടത്തി സഊദി അറേബ്യ; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 17,463 പേർ
പ്രവാസികൾ ജാഗ്രതൈ: നിയമം ലംഘിച്ച 10,197 പേരെ നാടുകടത്തി സഊദി അറേബ്യ; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 17,463 പേർ
റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി സഊദി ഭരണകൂടം. ഒരാഴ്ചക്കിടെ വിവിധ സുരക്ഷാ സേനാ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ 17,463 പേരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 16 മുതൽ 22 വരെയാണ് വിവിധ ഇടങ്ങളിൽ പരിശോധന നടന്നത്.
താമസ നിയമങ്ങൾ ലംഘിച്ചതിന് 10,856 പേരാണ് പിടിയിലായത്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് 3,934 പേരും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2,673 പേരും അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 773 പേരെ അധികൃതർ തടഞ്ഞുവച്ചു. ഇവരിൽ 44 ശതമാനം യെമൻ പൗരന്മാരും 45 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റ് രാജ്യക്കാരുമാണ്. സഊദി അറേബ്യയിൽ നിന്ന് അനധികൃതമായി കടക്കാൻ ശ്രമിച്ച 54 പേരും പിടിയിലായി.
സഊദിയിലാകെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 50,699 നിയമലംഘകർ നിലവിൽ നിയമനടപടികൾ നേരിടുണ്ട്. ഇവരിൽ 44,091 പുരുഷന്മാരും 6,608 സ്ത്രീകളും ഉൾപ്പെടുന്നു. 44,651 പേർ യാത്രാരേഖകൾക്കായി അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 1,617 പേർ യാത്രാ റിസർവേഷനുകൾക്കായി കാത്തിരിക്കുന്നു. 10,197 പേർ ഇതിനകം നാടുകടത്തപ്പെട്ടു.
അതേസമയം, നവംബർ 16 മുതൽ 22 വരെ നടന്ന പരിശോധനയിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത സൗകര്യവും അഭയവും നൽകിയ 11 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തികളുടെ അനധികൃത പ്രവേശനം, ഗതാഗതം, പാർപ്പിടം എന്നിവയ്ക്ക് ഏതെങ്കിലും വിധത്തിൽ സഹായം നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം പ്രവൃത്തികളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും ലഭിക്കും. ഇതോടൊപ്പം ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടലും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."