കനയ്യ-മേവാനി ദ്വയങ്ങളാല്‍ രക്ഷപ്പെടുമോ കോണ്‍ഗ്രസ്?
ജെ.എന്‍.യു തീപ്പൊരി നേതാവായിരുന്ന കനയ്യ കുമാറും ദലിത് രാഷ്ട്രീയത്തിന്റെ ഉജ്ജ്വല മുഖമായ ജിഗ്‌നേഷ് മേവാനിയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത് ദേശീയ രാഷ്ട്രീയത്തില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ച വിഷയമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പണവും പദവിയും മോഹിച്ച് കോണ്‍ഗ്രസില്‍ നിന്നു ബി.ജെ.പിയിലേക്ക് എം.എല്‍.എമാര്‍ ഒഴുകുകയായിരുന്നു. അവരെ തടഞ്ഞുനിര്‍ത്താനുള്ള 'ആസ്തി' കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ബി.ജെ.പിക്കാകട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികാടിത്തറയുള്ള പാര്‍ട്ടി എന്ന നിലക്ക് എത്ര എം.എല്‍.എമാരെ വേണമെങ്കിലും ഗുണഗണങ്ങള്‍ നോക്കി കോടികള്‍ വിലയിട്ടോ പദവികള്‍ വാഗ്ദാനം ചെയ്‌തോ രണ്ടും കൂടി നല്‍കിയോ വാങ്ങാനുള്ള ശേഷിയുണ്ടായിരുന്നു. കോര്‍പറേറ്റുകളില്‍ നിന്നു കോണ്‍ഗ്രസിന് കാര്യമായ സാമ്പത്തിക സഹായം കിട്ടിയിരുന്നുമില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ രണ്ട് യുവ തീപ്പൊരി നേതാക്കളായ കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് കടന്നുവന്നത് ആ പാര്‍ട്ടിക്ക് പുത്തനുണര്‍വും ഊര്‍ജവും നല്‍കും. ജിഗ്‌നേഷ് മേവാനി ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എ ആയതിനാല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നില്ലെന്ന സാങ്കേതികപ്രശ്‌നം മാത്രമേയുള്ളൂ. അടുത്ത് നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായ ഹാര്‍ദിക്ക് പട്ടേലിനൊപ്പം ജിഗ്‌നേഷ് മേവാനിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കും എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്. ഗുജറാത്തില്‍ ഏറെ സ്വാധീനമുള്ള പട്ടേല്‍ വിഭാഗത്തിനൊപ്പം ദലിത് രാഷ്ട്രീയത്തിന്റെ പുതിയ പ്രതീക്ഷയായ ജിഗ്‌നേഷ് മേവാനിയും കൂടി ചേരുമ്പോള്‍ പഴയതുപോലെ ബി.ജെ.പിക്ക് ഈസിവാക്കോവര്‍ കിട്ടുകയില്ല.
ഇത്തരം പ്രതീക്ഷകളൊക്കെയും ഇന്ത്യന്‍ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നല്‍കുമ്പോഴും ആ പാര്‍ട്ടി പടലപ്പിണക്കങ്ങളാല്‍ ദുര്‍ബലമാകുന്നത് കാണാതിരുന്നുകൂടാ. ഒരു സംസ്ഥാനത്തെ പാര്‍ട്ടി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് നേതൃത്വം ആശ്വാസം കൊള്ളുമ്പോഴേക്കും മറ്റൊരു സംസ്ഥാനത്ത് തമ്മില്‍ത്തല്ല് ആരംഭിച്ചിട്ടുണ്ടാവും. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ക്യാപ്റ്റന്‍ അമിരീന്ദര്‍ സിങ്ങിനെ മാറ്റി പകരം ചരണ്‍ സിങ് ചന്നിയെ അവരോധിച്ചപ്പോള്‍ അവിടുത്തെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതിയതായിരുന്നു. അമിരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ അധ്വാനിച്ച പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു തല്‍സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. സിദ്ദുവിന് പിന്തുണ നല്‍കിക്കൊണ്ട് രണ്ട് മന്ത്രിമാരും പാര്‍ട്ടി ട്രഷററും രാജിവച്ചിരുന്നു. ഗോവയിലെ പി.സി.സി പ്രസിഡന്റ് രണ്ടു ദിവസം മുമ്പ് രാജിവച്ചിരുന്നു. കേരളത്തിലും പ്രശ്‌നങ്ങള്‍ പുകഞ്ഞുകൊണ്ടേയിരിക്കുന്നു. പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനും പ്രതിപക്ഷ നേതാവായി വി.ഡി സതീശനും നിയമിതരായതു തൊട്ട് തുടങ്ങിയ കലക്കം ഇതുവരെ കോണ്‍ഗ്രസില്‍ തെളിഞ്ഞിട്ടില്ല. ഏറ്റവും അവസാനമായി വി.എം സുധീരനും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എ.ഐ.സി.സിയില്‍ നിന്നും രാജിവച്ചിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ മികച്ച പ്രതിച്ഛായയുള്ള, ആദര്‍ശനിഷ്ഠയുള്ള അപൂര്‍വം നേതാക്കളില്‍ ഒരാളാണ് വി.എം സുധീരനെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രതിയോഗികള്‍ പോലും സമ്മതിക്കും. തന്റെ പേരിനെ അന്വര്‍ഥമാക്കും വിധമുള്ള രാഷ്ട്രീയ ജീവിതമാണ് അഴിമതിയുടെ കറ പുരളാതെ വി.എം സുധീരന്‍ നയിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രനും അഴിമതിയാരോപണം പുരളാത്ത നേതാവാണ്. ഇന്നലെ കോണ്‍ഗ്രസിലേക്ക് കടന്നുവന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസിന്റെ മഹത്വത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വത്തെയും കൂടിയാണ് ഓര്‍മപ്പെടുത്തിയത്. സി.പി.ഐ കുടുംബത്തിലാണ് കനയ്യ കുമാര്‍ ജനിച്ചത്. ഇന്നത്തെ രാഷ്ട്രീയപരിതസ്ഥിതിയില്‍ എതിരാളി സൂത്രശാലിയാണെന്നും അവര്‍ക്കെതിരേ ഇഴഞ്ഞാല്‍ പോരെന്നും ഓടുക തന്നെ വേണമെന്നും സി.പി.ഐയെ ഉദ്ദേശിച്ചാണ് കനയ്യ പറഞ്ഞതെങ്കിലും കോണ്‍ഗ്രസിനും അത് ബാധകമാണ്. തരം പോലെ വേഷം മാറിവരാന്‍ കഴിവുള്ള എതിരാളി ചരിത്രത്തെ വളച്ചൊടിച്ചു തമ്മില്‍ തല്ലിക്കുമ്പോള്‍ പരസ്പരം ഇടത്, വലത് എന്ന് പറഞ്ഞ് പോരടിക്കുന്നതില്‍ അര്‍ഥമില്ല.
കോണ്‍ഗ്രസ് വെറുമൊരു പാര്‍ട്ടിയല്ല, ഒരാശയമാണ്. രാജ്യത്തെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ജനാധിപത്യ പാര്‍ട്ടി. കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിയില്ല. ഗാന്ധിജിയുടെയും ഭഗത് സിങ്ങിന്റെയും അംബേദ്കറുടെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കപ്പല്‍ പോലെയാണെന്നും ഈ കപ്പല്‍ സുരക്ഷിതമായി യാത്ര തുടര്‍ന്നാല്‍ മാത്രമേ എല്ലാ ആശയങ്ങളും സംരക്ഷിക്കപ്പെടുകയുള്ളൂവെന്നുമുള്ള കനയ്യ കുമാറിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനും പാഠമാകേണ്ടതുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങളാണ് പ്രധാനമായും പാര്‍ട്ടിയെ ഉലയ്ക്കുന്നത്. പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്താനുള്ള ശ്രമം ഉണ്ടാകുന്നുമില്ല. പകരം നേതൃമാറ്റമെന്ന തൊലിപ്പുറ ചികിത്സയാണ് ഉണ്ടാകുന്നത്. നേതൃത്വം മാറണമെന്ന് ദേശീയതലത്തില്‍ നിന്ന് കപില്‍ സിബലിനെപ്പോലുള്ള, ശശി തരൂരിനെപ്പോലുള്ള നേതാക്കള്‍ ഉയര്‍ത്തിക്കഴിഞ്ഞു.
നിലപാടുകളില്‍ കണിശത പുലര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം സന്നദ്ധമാകണം. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിതുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വെള്ളിയിഷ്ടിക അയച്ചുകൊടുക്കുന്ന കമല്‍നാഥിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളെയല്ല കോണ്‍ഗ്രസിന് ആവശ്യം. കറകളഞ്ഞ മതനിരപേക്ഷതയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതൃനിരയിലക്ക് വരേണ്ടിയിരിക്കുന്നു. കനയ്യ കുമാറിനെപ്പോലുള്ള, ജിഗ്‌നേഷ് മേവാനിയെപ്പോലുള്ള മതേതരത്വത്തിന്റെ ഉറച്ചശബ്ദങ്ങളാണ് ഇന്നത്തെ കോണ്‍ഗ്രസിന് ആവശ്യം. അത്തരമൊരു യുവനേതൃത്വം കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നു എന്നത് ഇന്ത്യന്‍ മതേതര, ജനാധിപത്യത്തിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ആ പ്രതീക്ഷകളെ സഫലമാക്കുന്നതില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്വങ്ങളാണുള്ളതെന്ന് നേതൃത്വം ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."