യുവതികളെ ലക്ഷ്യംവച്ച് കാംപസ് തീവ്രവാദം സി.പി.എമ്മിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജുകളുള്‍പ്പെടെയുള്ള കാംപസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ഈ വിഷയത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ, കാമ്പസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നീ ചോദ്യങ്ങള്‍ക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. പ്രൊഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്കു ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പില്‍ ആരോപണമുണ്ടായിരുന്നു.
ഇതിനെ തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി. ഷാഫി പറമ്പില്‍, എ.പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സജീവ് ജോസഫ്, നജീബ് കാന്തപുരം, ഡോ.എം.കെ മുനീര്‍, പി.കെ ബഷീര്‍, യു.എ ലത്തീഫ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മുഖ്യന്ത്രി ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."