ജീനിയസിന്റെ പ്രതിരോധകല
ഡോ. സോമന്‍ കടലൂര്‍
സവിശേഷമായ വരയും നര്‍മം തുളുമ്പുന്ന വാക്കുകളുമായി ആറ് പതിറ്റാണ്ടുകാലം ആസ്വാദകരെ വിസ്മയിപ്പിച്ച അതുല്യപ്രതിഭയാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. ചിരിയും ചിന്തയും നിറഞ്ഞുനിന്നതായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. പത്രങ്ങളുടെ അനിവാര്യ ഭാഗമാക്കി കാര്‍ട്ടൂണിനെ മാറ്റിത്തീര്‍ക്കുന്നതില്‍ യേശുദാസന്റെ സംഭാവന നിസാരമല്ല. കാര്‍ട്ടൂണിസ്റ്റുകള്‍ നിത്യപ്രതിപക്ഷമായി എന്നും പ്രവര്‍ത്തിക്കണമെന്ന വാദക്കാരനായിരുന്നു അദ്ദേഹം. കേരളത്തിന്റെ പോയകാല നാള്‍വഴികളുടെ ദിശാവ്യതിയാനത്തെ ശ്രദ്ധയോടെ വരകളിലും വാക്കുകളും യേശുദാസന്‍ ആവാഹിച്ചു. ജനകീയവും ജനപ്രിയവുമായ വരകളിലൂടെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതിയായി അദ്ദേഹം മാറി. സമകാലിക സംഭവങ്ങളെ ഉള്‍ക്കാഴ്ചയോടെ ലളിതവും സരളവുമായ രേഖാമൊഴികളിലൂടെ വിന്യസിക്കാനും വ്യാഖ്യാനിക്കാനുമുള്ള സര്‍ഗാത്മക പരിശ്രമം മലയാളി ആസ്വാദകര്‍ക്ക് പ്രിയങ്കരമായ കലാനുഭവായി മാറി.
ദൈനംദിന രാഷ്ട്രീയ സംഭവങ്ങളെയും സാംസ്‌കാരിക ചലനങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും അവയുടെ മറുവശം നര്‍മബോധത്തോടെയും മര്‍മ്മസ്പര്‍ശിയായും അദ്ദേഹം നിരന്തരം വരച്ചു. പൊന്നമ്മ സൂപ്രണ്ട് ഉള്‍പ്പെടെ അനേകം കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ട പോക്കറ്റ് കാര്‍ട്ടൂണ്‍ ആരംഭിച്ചത് യേശുദാസനായിരുന്നു. മൗലീകമായി സ്വതന്ത്രരൂപമായി കാര്‍ട്ടൂണ്‍ നില്‍ക്കുമ്പോള്‍ തന്നെ അത് സംഭവങ്ങളോടും വാര്‍ത്തകളോടും ചേര്‍ന്ന് അവയ്ക്ക് ജനകീയവും സുതാര്യവും സത്യസന്ധവുമായ ഭാഷ നല്‍കാനും അദ്ദേഹം ശ്രമിച്ചു.
കാര്‍ട്ടൂണ്‍ വരയ്ക്കുക മാത്രമല്ല, കാര്‍ട്ടൂണ്‍ കലയെ സമുദ്ധരിക്കാനും അവയെ ജനകീയമാക്കാനും നിരവധി പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും ലളിതകലാ അക്കാദമിയുടെയും മേധാവിയായി പ്രവര്‍ത്തിച്ച കാലഘട്ടത്തിലെല്ലാം കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങളും ശില്‍പശാലകളും ഉള്‍പ്പെടെ ധാരാളം പരിപാടികള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ചു. ഭാഷയുടെ സൗന്ദര്യവും വിനിമയ ശേഷിയും തിരിച്ചറിഞ്ഞ മികച്ച എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.
യേശുദാസന്‍ ഏറ്റവും കൂടുതല്‍ വരച്ചിരുന്നത് ഇ.എം.എസിനെയാണ്. ഇ.എം.എസിനെ വരയ്ക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. കെ. കരുണാകരനും ഇ.കെ നായനാരും അദ്ദേഹത്തിന്റെ വരകളില്‍ നിറഞ്ഞുനിന്നു. ഇരുവരെയും കേന്ദ്രീകരിച്ച് വരച്ച കാര്‍ട്ടൂണുകളുടെ സമാഹാരം രണ്ട് വ്യത്യസ്ത പുസ്തകങ്ങളായി പുറത്തിറക്കിയത് വായനക്കാര്‍ താല്‍പര്യത്തോടെയാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."