കോൺഗ്രസുകാരേ, ഇൗ ദുർഘടപോരാട്ടത്തിന് കുറുക്കുവഴികളില്ല
എം.കെ ഷുക്കൂർ
രാഷ്ട്രശരീരത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ ഒരു പ്രത്യയശാസ്ത്രം രാഷ്ട്രീയാധികാരം നേടുകയും പ്രൊഫഷനല്‍ മികവോടെ ഭരണനിർവഹണ രീതികളെ നിയന്ത്രണത്തിലാക്കുകയും ചെയ്തിട്ട് ഒരു പതിറ്റാണ്ട് തികയ്ക്കുകയാണ്. ഭരണനിർവഹണത്തില്‍ മാത്രമല്ല, അയഞ്ഞ സാമൂഹികവ്യവസ്ഥകളിലും ഹിന്ദുത്വ മൂല്യമണ്ഡലം സർവ വ്യാപിയായിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ രാഷ്ട്രീയാധികാരം തിരിച്ചുപിടിച്ച് മതനിരപേക്ഷത പുനഃസ്ഥാപിക്കുകയെന്ന അജൻഡ അത്ര ലളിതമോ ആയാസരഹിതമോ അല്ല. അതീവ കഠിനവും ദീർഘകാലം നീണ്ടുനില്‍ക്കുന്നതുമായ ത്യാഗത്തിൻ്റെ അകമ്പടിയില്ലാതെ അത്തരമൊരു കാര്യം സാധ്യമല്ല. അധികാരമെന്ന കേവല നേട്ടം സ്വപ്നം കണ്ട് നടത്തുന്ന ത്യാഗ സന്നദ്ധതയില്ലാത്ത ചെറുത്തുനില്‍പ്പ് വൃഥാ വ്യായാമമാണെന്ന തിരിച്ചറിവ് പ്രധാനമാണ്.
ഹിന്ദുത്വവാദികളായ ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോള്‍ കൈയാളുന്ന അധികാരം നേരത്തേ കോണ്‍ഗ്രസിനുണ്ടായിരുന്ന അധികാരത്തിന് തുല്യമല്ല. സമൂഹഗാത്രത്തെ ആപാദചൂഡം ചൂഴ്ന്നുനില്‍ക്കുന്ന അധികാരമാണ് ബി.ജെ.പിയും അതുവഴി ആര്‍.എസ്.എസും ആസ്വദിക്കുന്നത്. സമൂഹത്തിൻ്റെ സമ്മതിയില്ലാതെ അധികാര ദണ്ഡുമാത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് അടിയന്തരാവസ്ഥ നടപ്പാക്കിയത്. എന്നാല്‍ നോട്ടുനിരോധനവും കശ്മിരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതും അടക്കമുള്ള മോദി സർക്കാരിൻ്റെ തീരുമാനങ്ങള്‍ക്ക് വലിയ പിന്തുണയുണ്ട്. ആ പിന്തുണ ആർ.എസ്.എസും നൂറുക്കണക്കിന് സംഘ്പരിവാർ പോഷക സംഘടനകളും ഒരു നൂറ്റാണ്ടോളം നീണ്ട പ്രചണ്ഡ പ്രചാരണത്തിലൂടെ നേടിയെടുത്തതാണ്.
സംഘ്പരിവാറിൻ്റെ സാമൂഹികമൂലധനംകൂടി അടിത്തറയാക്കിയാണ് മോദിയുടെ ഭരണം. നോട്ടുനിരോധനമുണ്ടായപ്പോള്‍, 'കള്ളപ്പണക്കാരായ മുസ്‌ലിംകള്‍ പാഠം പഠിക്കട്ടെ' എന്ന മനോനില ഭൂരിപക്ഷ സമൂഹത്തില്‍ വ്യാപകമായിരുന്നു. മുസ്‌ലിംകളെക്കുറിച്ച് ദീർഘകാലമായി തുടരുന്ന വിദ്വേഷ പ്രചാരണത്തിൻ്റെ വിളവെടുപ്പ് നോട്ടുനിരോധന വിഷയത്തില്‍ ബി.ജെ.പിക്ക് തുണയായി. ഏതെങ്കിലും സംസ്ഥാനത്ത് ഇടക്കാലത്ത് ഭരണനഷ്ടമുണ്ടാകുന്നെങ്കില്‍പോലും അത് അടുത്ത ഘട്ടത്തില്‍ തിരിച്ചുപിടിക്കാനുള്ള വിഭവശേഷിയും പ്രചാരണ സന്നാഹങ്ങളും ബി.ജെ.പിയുടെ കൈയില്‍ എപ്പോഴുമുണ്ട്. ത്യാഗസന്നദ്ധതതയോടെ പ്രവർത്തിക്കാന്‍ ലക്ഷക്കണക്കിന് പ്രവർത്തകരുമുണ്ട്.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വത്തെ നിരന്തരം ജ്വലിപ്പിച്ച് നിർത്തുന്ന വ്യവസ്ഥാപിത സംവിധാനമാണ് ആർ.എസ്.എസും അതിൻ്റെ ഘടകങ്ങളും. സംഘ്പരിവാറിൻ്റെ പതിറ്റാണ്ടുകളായുള്ള പ്രചാരണ പദ്ധതികള്‍ സമൂഹശരീരത്തില്‍ ആവേശിച്ചു കഴിഞ്ഞതിൻ്റെ സ്വാഭാവിക പരിണതിയാണ് വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരം പിടിച്ചത്. അതിനെ ചെറുക്കാനാണ് രാഹുല്‍ഗാന്ധി മുതല്‍ വി.ഡി സതീശന്‍ വരെയുള്ളവരുടെ പരിശ്രമം. അത്തരമൊരു പരിശ്രമം ഒരു തെരഞ്ഞെടുപ്പുകൊണ്ട് തീരുന്നതല്ല. തെരഞ്ഞെടുപ്പ് വിജയംകൊണ്ട് ആ ദൗത്യം പൂർത്തിയാകുന്നുമില്ല. അത്രക്കും വിപുലവും ത്യാഗനിർഭരവുമായ വിശാല ആശയ പ്രചാരണ പദ്ധതിയില്ലാതെ മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാനാകില്ല.
സമൂഹഗാത്രത്തില്‍ മതിനിരപേക്ഷ മൂല്യങ്ങള്‍ക്ക് മാന്യതയും അഭിമാനവും കൈവരാതെ കേവലം കേന്ദ്രഭരണം കിട്ടിയതുകൊണ്ട് ഒരു കാര്യവുമില്ല.
പ്രതിപക്ഷത്തിരിക്കുന്ന ബി.ജെ.പിക്ക് ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ സാമൂഹികമൂലധനം ഉണ്ടായിക്കൂടാ. ഭരണപക്ഷം ബി.ജെ.പിയുടെ സമ്മതത്തിന് കാത്ത് ക്ഷമാപണത്തോടെ പ്രവർത്തിക്കേണ്ടുന്ന സ്ഥിതിയും പാടില്ല. ഇത്തരമൊരു തിരിച്ചറിവിലാണ് കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യന്‍ പ്രതിപക്ഷ പാർട്ടികളുടെ ചെറുത്തുനില്‍പ്പുകളെക്കുറിച്ച് ചിന്തിക്കേണ്ടത്.
കേരളത്തിലെ സി.പി.എം ചെയ്യുംപോലെ കോണ്‍ഗ്രസിനെ അപ്പാടെ റദ്ദാക്കിക്കളയുന്ന പ്രചാരണം ആത്മഹത്യാപരമാണ്. വലിയ മതേതര പ്രതിബദ്ധതയും ത്യാഗമനസുമുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. ചിലരെങ്കിലും രാപ്പകല്‍ ഓടിനടന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഒരു പാർട്ടി എന്ന രീതിയില്‍ ബി.ജെ.പിയെയും സംഘ്പരിവാർ പദ്ധതികളെയും നേരിടാനുള്ള സ്ഥിരതയുള്ള പദ്ധതിയുണ്ടോ എന്നുള്ളതാണ് പ്രതിപക്ഷ പാർട്ടികളോടുള്ള ചോദ്യം. ബി.ജെ.പിയെ എതിർക്കുന്നത് മുസ്‌ലിംകള്‍ക്കുവേണ്ടിയാണെന്ന് കരുതുന്ന നേതാക്കളും പ്രവർത്തകരും കമ്യൂണിസ്റ്റ് പാർട്ടികളില്‍ പോലുമുണ്ട്. മതനിരപേക്ഷത എന്ന പ്രയോഗത്തിനുമേല്‍ അത്രത്തോളം ചളിവാരിയെറിയാന്‍ ഹിന്ദുത്വവാദികളുടെ പ്രചാരണത്തിന് കഴിഞ്ഞതിൻ്റെ ഫലമാണത്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ മതനിരപേക്ഷതയുടെ അടിസ്ഥാന മൂല്യങ്ങള്‍ കൈയൊഴിയാതെ പോരാടുകയെന്ന ത്യാഗമാണ് വേണ്ടത്.
മതനിരപേക്ഷത എന്ന ഒറ്റ പോയിൻ്റില്‍ ഒരു ബഹുജന പാർട്ടിക്ക് ആളുകളെ സംഘടിപ്പിക്കാൻ കഴിയണമെന്നില്ല. പഞ്ചായത്ത് മെംബറാകാനും കോളജ് യൂനിയന്‍ ചെയർമാനാകാനുമൊക്കെ ആഗ്രഹിച്ച് പാർട്ടിയില്‍ പ്രവർത്തിക്കുന്നവരുണ്ടാകും. അവരെയെല്ലാം അത്തരം അജൻഡകളില്‍ മാത്രം നിലനിർത്താതെ വിശാലമായ മതനിരപേക്ഷ കാഴ്ചപ്പാടിലേക്ക് വളർത്തിയെടുക്കാനുള്ള ഫലപ്രദവും പ്രായോഗികവുമായ പരിപാടിയാണ് വേണ്ടത്. പഞ്ചായത്ത് മെംബറാകാനും കോളജ് യൂനിയന്‍ ചെയർമാനാകാനും പാർട്ടിയില്‍ പ്രവർത്തിക്കുന്നവരുടെ പിന്തുണ കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സർക്കാർ ഉണ്ടാക്കാനുള്ള വലിയ ലക്ഷ്യത്തിന് ഇന്ധനമായി മാറുന്നുണ്ട് എന്ന കാര്യത്തില്‍ തർക്കമില്ല.
ഭരണം കിട്ടിയശേഷം മതേതര സർക്കാരിന് ഫലപ്രദമായി പ്രവർത്തിക്കാന്‍ കഴിയണമെങ്കില്‍ ഇവരുടെ ചിന്തയും മനസും ഒപ്പമുണ്ടാകണം. അതിന് പാർട്ടി മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയെന്ന ആദർശത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. അല്ലാത്തപക്ഷം വോട്ട് കോണ്‍ഗ്രസിനോ സി.പി.എമ്മിനോ കൊടുത്താലും ബി.ജെ.പിയുടെ ആശയങ്ങളുടെ നിശബ്ദവാഹകരായി അവർ മാറും. ഫലത്തില്‍ മതനിരപേക്ഷ സർക്കാരിനെ തന്നെ ദുർബലപ്പെടുത്തുന്ന വലിയ അഭിപ്രായ രൂപീകരണത്തിലേക്ക് അത് വികസിക്കും.
തൊഴിലാളി യൂനിയനുകളുടെ പ്രവർത്തനം പൊതുവേ ദുർബലപ്പെട്ട കാലമാണിത്. യൂനിയന്‍ നേതാക്കളില്‍ വ്യാപക അഴിമതിയാണ് പ്രധാന കാരണം. കോണ്‍ഗ്രസിൻ്റെ പോഷക സംഘടന ഐ.എന്‍.ടി.യു.സി ഏറ്റവും ദുർബല അവസ്ഥയിലാണ്. ചുമട്ടുതൊഴില്‍ രണ്ടും മൂന്നും ലക്ഷം വാങ്ങി വില്‍ക്കുന്നവരായി ഐ.എന്‍.ടി.യു.സി നേതാക്കള്‍ മാറിയിട്ടുണ്ട്. അത്തരമൊരു കാലത്ത് ഐ.എന്‍.ടി.യു.സി നിർവഹിക്കുന്ന രാഷ്ട്രീയദൗത്യം എന്താണെന്ന് കോണ്‍ഗ്രസ് ആലോചിക്കണം. യൂത്ത് കോണ്‍ഗ്രസിൻ്റെ കാര്യവും പ്രതീക്ഷയുള്ളതല്ല. ജില്ലാ കമ്മിറ്റികള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്. വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുക്കുന്ന സമരങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലകളില്‍ സംഘിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പൊലിസിന് അടിച്ചോടിക്കാവുന്ന ചെറിയ സംഘമാണവർ. പഞ്ചായത്തിലോ നഗരസഭയിലോ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയിട്ട് പത്ത് കൊല്ലമെങ്കിലും കഴിഞ്ഞു കാണും.
ശാഖാ കമ്മിറ്റികളെന്ന പരിപാടിതന്നെയില്ല എന്നുള്ളതാണ് സത്യം. ശാഖാതലത്തില്‍ നടക്കേണ്ട ആശയപ്രചാരണത്തിന് യൂത്ത് കോണ്‍ഗ്രസ് ജീവിച്ചിരിപ്പില്ല എന്നുള്ള യാഥാർഥ്യം അംഗീകരിക്കാതെ നിർവാഹമില്ല. കേരളത്തില്‍ ജീവനുള്ള ഏക കോണ്‍ഗ്രസ് സംഘടന ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസാണ്. 90 ശതമാനം വാർഡുകളിലും അവർക്ക് കമ്മിറ്റിയുണ്ട്. ഇത്തരമൊരു പരിശോധന നടത്താതെ ഇന്ത്യന്‍ മതനിരപേക്ഷതയുടെ സംരക്ഷണമെന്ന വിശാല അജൻഡയിലേക്ക് നടന്നുനീങ്ങാനാവില്ല.
ഓരോ ഗ്രാമത്തിലും വീട്ടിലും ചെന്ന് രാഷ്ട്രീയം പറഞ്ഞ് ജനങ്ങളുടെ പിന്തുണ നേടിയെടുക്കുക എന്നുള്ളതാണ് പ്രധാനം. അത്തരമൊരു ദൗത്യത്തിന് സ്വാർഥതയില്ലാത്ത സന്നദ്ധത അനിവാര്യമാണ്. വ്യാജരേഖയുണ്ടാക്കി സംഘടന പിടിച്ചെടുക്കുന്ന കുതന്ത്രങ്ങള്‍ ഇതിന് മതിയാകില്ല. ജനക്കൂട്ടത്തെ ആകർഷിക്കുന്ന എത്ര നേതാക്കളുണ്ടായാലും അടിസ്ഥാനപരമായ ആശയപ്രചാരണം വേണം. ഭാരത് ജോഡോ യാത്ര അക്കാര്യത്തില്‍ വലിയ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിൻ്റെ ആനുകൂല്യം നല്‍കാന്‍ വീട്ടിലെത്തുന്ന കോണ്‍ഗ്രസ് വാർഡ് പ്രതിനിധി രാഷ്ട്രീയംകൂടി പറയണം. അല്ലാത്തപക്ഷം ഇന്ത്യയെ വീണ്ടെടുക്കുകയെന്ന വിശാല രാഷ്ട്രീയ അജൻഡയ്ക്ക് ഒരു ചലനവുമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."