അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: പ്രളയസാഹചര്യം വിലയിരുത്താന്‍ ഇന്നലെ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേര്‍ന്നു. കെ.എസ്.ഇ.ബിയുടെ കക്കി, ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ ജലം അധികമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.
ഇടുക്കി, ഇടമലയാര്‍, ബാണാസുരസാഗര്‍, ഷോളയാര്‍ എന്നിവിടങ്ങളില്‍ ഉല്പാദനം ക്രമീകരിച്ച് ജലവിതാനം നിയന്ത്രിക്കാനും തീരുമാനിച്ചു. നിലവില്‍ തുറക്കേണ്ട സാഹചര്യമില്ലെങ്കിലും അതാത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് മുന്നറിയിപ്പുകള്‍ നല്കി പ്രവര്‍ത്തിക്കാന്‍ ഡാം സുരക്ഷാ വിഭാഗത്തിനും എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ക്കും യോഗം നിര്‍ദേശം നല്കി. നിലവില്‍ ചെറിയ ഡാമുകളില്‍നിന്നു മാത്രമാണ് ജലം തുറന്നുവിട്ട് ക്രമീകരണം നടത്തുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ ഏകദേശം 13.67 കോടിയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ നഷ്ടവും സംഭവിച്ചത് പത്തനംതിട്ട, പാലാ, തൊടുപുഴ സര്‍ക്കിളുകളിലാണ്.
ആകെ 3074 ട്രാന്‍സ്ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതില്‍ 60 എണ്ണത്തിന് തകരാര്‍ സംഭവിച്ചു. 339 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 1398 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായി. യുദ്ധകാലാടിസ്ഥാനത്തില്‍ തകരാറുകള്‍ പരിഹരിക്കാന്‍ ചീഫ് എന്‍ജിനിയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന ടാസ്ക് ഫോഴ്സിനും രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."