ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത
തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയർത്തി. മൂന്നാം നമ്പര്‍ ഷട്ടറാണ് ആദ്യം തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. പിന്നാലെ നീരൊഴുക്ക് പരിഗണിച്ച് ഒരുമണിക്കൂറോളം പിന്നിട്ട് നാലാമത്തെ ഷട്ടര്‍ തുറന്നു. ഇതിനെ പിന്നാലെയാണ് രണ്ടാം നമ്പര്‍ ഷട്ടര്‍ തുറന്നത്.
ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത്, ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാം തുറക്കുന്നത്.
ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം സ്പില്‍വേയിലൂടെ പുറത്തെത്തും. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. 2397.52 അടിയാണ് അണക്കെട്ടിലെ ഇന്നലെ വൈകിട്ട് ഏഴുമണിയിലെ ജലനിരപ്പ്. 2398.86 അടിയാണ് നിലവിലെ അപ്പര്‍ റൂള്‍ ലെവല്‍.
അണക്കെട്ട് തുറന്നുള്ള ആദ്യംവെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി താലൂക്കിലെ അഞ്ച് വില്ലേജുകളിലെ 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാംപുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലെ 21 പേരെയും ഉപ്പുതോട് അഞ്ചു കുടുംബങ്ങളിലെ 15 പേരെയും വാത്തിക്കുടിയിലെ നാല് കുടുംബങ്ങളിലെ 15 പേരെയും കഞ്ഞിക്കുഴിയിലെ എട്ട് കുടുംബങ്ങളിലെ 36 പേരെയും ഇടുക്കിയിലെ 39 കുടുംബങ്ങളിലെ 136 പേരെയുമാണ് മാറ്റി പാര്‍പ്പിക്കുക. ഫയര്‍ഫോഴ്സ്, പൊലിസ്, റവന്യൂ വകുപ്പുകളും സജ്ജമാണ്.
2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക. 2018ല്‍ പ്രളയത്തിനൊപ്പം ഇടുക്കി ഡാമിലെ ഷട്ടര്‍ അപ്രതീക്ഷിതമായി ഉയര്‍ത്തിയതോടെ വന്‍ ദുരന്തമായിരുന്നു ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."