HOME
DETAILS
MAL
മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു
backup
October 21 2021 | 05:10 AM
തിങ്കളാഴ്ച മുതല്‍ വീണ്ടും ചേരും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മഴക്കെടുതികളില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു. തിങ്കളാഴ്ച മുതല്‍ സഭ വീണ്ടും ചേരും.
ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ വിങ്ങുന്ന ഹൃദയവുമായി സഭയും പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ല. ഒറ്റക്കെട്ടായി നിന്ന് നേരിടും. രക്ഷാപ്രവര്‍ത്തനത്തിലും ആശ്വാസ നടപടികളിലും ജീവിത സാഹചര്യങ്ങളുടെ പുനഃസ്ഥാപനത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.
കുടുംബങ്ങള്‍ക്കു താങ്ങും തണലുമായി നിന്ന മുതിര്‍ന്നവര്‍ മുതല്‍ ഭാവിയുടെ പ്രതീക്ഷകളായ ഇളംകുരുന്നുകള്‍ വരെ മരിച്ചരിലുള്‍പ്പെടുന്നു. ഓര്‍ക്കാപ്പുറത്തുണ്ടായ ഈ ദുരന്തങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമല്ല, നാടിനും നാട്ടുകാര്‍ക്കും തന്നെ താങ്ങാനാവാത്തതാണ്. ദുരന്തമേഖലകളില്‍ വിഷമിക്കുന്നവരോട്, അകാല മൃത്യുവിന് ഇരകളായവരുടെ ബന്ധുക്കളോട്, എല്ലാം നഷ്ടപ്പെട്ട നിരാലംബരോട് നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നു പറയാനും അവരുടെ കണ്ണീര്‍ തുടയ്ക്കാനും അവര്‍ക്കു സഹായങ്ങള്‍ എത്തിച്ചു കൊടുക്കാനുമുള്ള ഘട്ടമാണിത്. അതിനായി ഏവരും എല്ലാം മറന്ന് ഇറങ്ങണമെന്നെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രകൃതിദുരന്ത മുന്നറിയിപ്പിലെ പോരായ്മ പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിനു വേണ്ടി കെ. ബാബുവാണ് (തൃപ്പൂണിത്തുറ) സംസാരിച്ചത്. പ്രകൃതിദുരന്ത മുന്നറിയിപ്പില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് ആദരമര്‍പ്പിച്ചു. ക്വാറം തികയാല്‍ ആവശ്യമുള്ള എം.എല്‍.എമാര്‍ മാത്രമാണ് ഇന്നലെ സഭയിലെത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എം.എല്‍.എമാര്‍ എത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."